“Time spent with cats is never wasted.” – Sigmund Freud.
വലിയ ലോകകാര്യങ്ങളൊന്നും പറയുന്നില്ല. ഒന്നിനെക്കുറിച്ചും ആകുലതപ്പെടുന്നില്ല. മാർജ്ജാരമാർഗ്ഗം ഗമിക്കണമെന്നു വിചാരിക്കുന്നു. ഇടക്ക് ഇങ്ങനെയുമൊന്ന്.
പൂച്ചകൾ മനശാസ്ത്രജ്ഞരാകുന്നു! ഈ അറിവ് ഈയുള്ളവന് പകർന്നു കിട്ടിയത് ഈയിടെയാണ്. കുട്ടിക്കാലം പൂച്ചകളോടൊപ്പമാണ് വളർന്നതെങ്കിലും, ഈ രഹസ്യം മനസ്സിലാക്കാൻ. ‘ഷാഡോ’ എന്ന ആംഗലേയ നാമധാരിയായ ‘മാർജ്ജാരാജി’ വേണ്ടിവന്നു. ഷാഡോ ഞങ്ങളുടെ ജീവിതത്തിൽ ആഗതനായിട്ടു മാസം രണ്ടരയാകുന്നുള്ളൂ. രണ്ടായിരം വർഷംകൊണ്ടറിയുന്നതിലും വലിയ ജീവിത രഹസ്യങ്ങൾ ഇതിനിടയിൽ ഞങ്ങൾക്ക് പകർന്നു തന്നു കഴിഞ്ഞു. പലതും ഞാൻ ഇനിയും മനസ്സിലാക്കിയിട്ടില്ല. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ‘ഞങ്ങൾ’ എന്നത് കൊണ്ട് ദ്യോതിപ്പിക്കുന്നതു ഞാനും, എന്റെ ഭാര്യയും, പിന്നെ ആൺ പിറന്നവരായ ഞങ്ങളുടെ രണ്ടു മക്കളുമാണ്.
കുറച്ചു നാളുകളായി ഇളയ മകനൊരാഗ്രഹം. ഒരു പൂച്ചയെ വേണം. പട്ടിയായാലും മുഷിയില്ലത്രേ! പൂച്ചയാണോ പട്ടിയാണോ കേമം എന്ന തീരുമാനം ഉച്ചകോടി സമ്മേളനം നടത്തി ഊഴമിട്ടു തർക്കിച്ചെങ്കിലും, ഉച്ചക്ക് ഊണുകഴിക്കാൻ പിരിഞ്ഞതല്ലാതെ ഉത്തരമുണ്ടായില്ല. അവസാനം ഒരു ശനിയാഴ്ച ദിവസം രാവിലെ കൃത്യം 8.10 നു ഉത്തരംകിട്ടി. പൂച്ച.
വരാനുള്ളത് ട്രാഫിക് ബ്ലോക്കിലും തങ്ങില്ല എന്ന റോഡ് നിയമം പാലിച്ചു ഒൻപതു മണിക്ക് ക്യാറ്റ് അഡോപ്ഷൻ സെന്ററിൽ എത്തി. പൂച്ച അമ്മമാരും, അച്ചന്മാരും, സഹോദരങ്ങളും, ദത്തെടുക്കാനെത്തുന്നവരെയും കാത്ത്, അക്ഷമരായി നിൽക്കുന്നു, ഇരിക്കുന്നു, നടക്കുന്നു. മാർജ്ജാരമക്കൾ കൂട്ടിൽ കിടന്നു വെറുതേ ആകുലപ്പെടുന്നു. പല നിറത്തിലും തരത്തിലും പ്രായത്തിലും ഉള്ളവ. വെളുത്തവരും, കറുത്തവരും, നിറമുള്ളവരും, മിശ്രിതരും എല്ലാം വർണ്ണവെറിയില്ലാതെ പുതിയ അവകാശികളെയും നോക്കി അവശരായി കിടക്കുന്നു. ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ പഴക്കമുള്ളവർ. (പാശ്ചാത്യ പൂച്ചലോകം മനുഷ്യരുടേതുപോലെയല്ല. അവിടെ അനാഥരെമാത്രമല്ല ദത്തുകൊടുക്കുന്നത്. പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങളാൽ പൂച്ചകൾ ദത്തരാകുന്നു.)
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള, ദത്തചിത്തരായ എല്ലാ പിതാക്കൻമ്മാരെയും പോലെ ആഴ്ചകൾ മാത്രം പ്രായമുള്ള വെളുത്തു സുന്ദരനായ ഒരുത്തനിലാണ് എൻ്റെ കണ്ണുടക്കിയത്. മലയാള സിനിമകൾ കണ്ടിട്ടില്ലാത്ത മകന് ഇഷ്ടം തോന്നിയത് മൂന്നു വയസ്സുള്ള തള്ളപ്പൂച്ചയെ. ഗീസ്‌മോ. രണ്ടാമത് പെറ്റിട്ടു ആഴ്ചകളേയാകുന്നുള്ളൂ, സസ്തനി. കൂട്ടത്തിൽ കൂട്ടിൽ ആദ്യ പ്രസവത്തിലെ ഒരു വയസ്സാകുന്ന മകനും മകളും. മകന്റെ പേര് ഷാഡോ. മകളുടെ പേര് ഓർക്കുന്നില്ല. അവളെ മറവിയെന്നു വിളിക്കാം തൽക്കാലം. മൂന്നുപേരും കാക്ക കറുപ്പർ. ബോംബെ പൂച്ച എന്ന വിഭാഗത്തിൽ പെടുത്താവുന്ന സാമ്യം. ऐ दिल है मुश्किल जीना यहाँ ज़रा हट के, ज़रा बच के ये है ബോംബെ मेरी जाँ എന്നു പാടിയ ബോബൈയുമായി പേരിൽ മാത്രമേ സാമ്യമുള്ളൂ. ഇവറ്റകളെ ഇണപ്പെടുത്തിയത് (breeding) അമേരിക്കയിലോ മറ്റോ ആകുന്നു. അക്കാലത്തു ബോംബയിൽ കണ്ടുവന്ന കരിമ്പുലികളെ (black panther) നോക്കി ഉണ്ടാക്കിയതുകൊണ്ടു വന്ന പേരാണിതെന്നു മാർജ്ജാരപുരാണത്തിലെ മൂന്നാം ആദ്ധ്യായത്തിലെ നാലാം ഖണ്ഡികയിൽ പരാമർശിക്കുന്നുണ്ട്.
കഥയിലേക്ക് തിരികെ വരുമ്പോൾ ഗീസ്‌മോ സമ്പൂർണ ‘സസ്തനിയായി’ ചോരതന്നെ കൗതുകമാക്കിയ കൊതുക്കളെ തൃണവൽക്കരിച്ചമട്ടിൽ അങ്ങനെ കിടക്കുന്നു. ഷാഡോക്കും മറവിക്കും നിസ്സംഗത. മകൻ ഗീസ്‌മോയെ കോരിയെടുത്തു, ലാളിച്ചു. ഗീസ്‌മോ ശാന്തയായിരുന്നു. ഗീസ്‌മോയെ തിരികെവച്ചു ഷാഡോയെ കോരിയെടുത്തു. ഷാഡോ എൺപതുകളിലെ അമിതാഭ് ബച്ചനെപ്പോലെ അമിതമായി പ്രതികരിച്ചു. മറവിയെ എല്ലാവരും മറന്നു. ഞാൻ അപ്പോഴും വെളുത്ത സുന്ദരൻ പൂച്ചയെ നോക്കുന്നുണ്ട്. അവനാണെങ്കിൽ കൂടിനെ മറിച്ചു വയ്ക്കാൻ ശ്രമിക്കുന്ന ഭഗീരഥൻ! മൂന്ന് തലതെറിച്ചവൻമ്മാരെ പോറ്റിവളർത്തുന്ന ഭാര്യ ആ കാരണം കൊണ്ടുതന്നെ വെളുത്ത ഭഗീരഥൻ്റെ ഭാഗത്തേക്കേ നോക്കുന്നേയില്ല.
ശാന്തരും സൗമ്യരുമായ ഗീസ്‌മോയിലേക്കും ഷാഡോയിലേക്കുമാണ് ക്യാമറ ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. ഏതുവേണമെന്ന ഭീകര ചർച്ച. ഗീസ്‌മോയെ വാങ്ങിയാൽ ഷാഡോയെ സൗജന്യമായി നല്കാമെന്നായി അവരുടെ അമ്മച്ചിതള്ള. അല്ലെങ്കിൽ തിരിച്ചും ആകാമെന്ന്! ഏത്? ചുരുക്കത്തിൽ ഗീസ്‌മോ എന്ന സസ്തനിയുടേത് സൗജന്യ വിൽപ്പനയാണ്. ദയ, വാത്സല്യം, കരുണം എന്നുതുടങ്ങി തള്ളിക്കേറിവന്ന വികാരങ്ങളെ, ഇൻഷുറൻസ്, മൃഗഡോക്ടർ, മറ്റുചിലവുകൾ ആദിയായ മറുമരുന്നുകളാൽ ഒതുക്കി ഷാഡോയെ മാത്രം ദത്തെടുക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു.
ദത്തെടുക്കൽ പ്രക്രീയയുടെ ഔപചാരികതകൾ കഴിച്ചു ദത്തനെയും കൊണ്ട് തിരികെ കുടുംബത്തിൽ പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ ഷാഡോക്കായുള്ള കൂടും, കുടുക്കയും, കൂടാരവും വാങ്ങി ആധാരം പണയപ്പെടുത്തി.
ഷാഡോ കുടുംബത്തെ പുതുപുതു ഗന്ധങ്ങളെ ആവാഹിച്ചു, പിന്നെ ഏറ്റവും ഉയരമുള്ള അലമാരയുടെ മുകളിൽ കയറിയിരുന്നു വിഹഗവീക്ഷണം തുടങ്ങി. മണിക്കൂറുകൾ നീണ്ട ഇരിപ്പ്. ഇറങ്ങി വരാൻ മനസ്സില്ലെന്ന്! ഞാൻ കിരീടത്തിലെ തിലകനായി നോക്കി. പുല്ലുവില! അതേ പടത്തിലെ കീരിക്കാടൻ ജോസും ആയി ‘നോക്കി.’ വീണ്ടും അതേവില.
അവസാനം തോന്നിവാസി അവനു തോന്നിയപ്പോൾ ഇറങ്ങിവന്നു. പക്ഷെ ഇറങ്ങിവന്നത് ഞങ്ങളിൽ ഒരാളായാണ്. വീട്ടിലെ അഞ്ചാമത്തെ അംഗമായി.
ഏതു കുഞ്ഞുങ്ങളെയും പോലെ മൂന്ന് കാര്യങ്ങളാണ് ഷാഡോക്കു പ്രധാനം. ആഹാരം, ഉറക്കം, കളി. ഉറക്കവും ആഹാരവും അവനുവേണ്ടിയും. കളി വീട്ടിലെ മറ്റുള്ളവർക്കുവേണ്ടിയും.
എല്ലാവരും അവനെ കളിപ്പിക്കണം. ചെന്നില്ലെങ്കിൻ വന്നു വിളിക്കും. പരിഭവിക്കും. കളിപ്പിക്കണമെന്നു പറയും.
കളിയിലൂടെ വീട്ടിലുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഷാഡോക്ക്. ജോലിചെയ്തുപണ്ടാരമടങ്ങി വീട്ടിലെത്തുമോൾ ഷാഡോ ഒരു ഗുസ്തിക്ക് ക്ഷണിക്കുമ്പോലെ വാൽ ചോദ്യചിഹ്നമാക്കി, നടുവുപൊക്കി തുറിച്ചുനോക്കി ‘മാവൂ’ പറയും. ആ നോട്ടത്തിനും വിളിക്കും നിൽപ്പിനും ഒരർത്ഥമേയുള്ളൂ. എന്താടോ ഒരു കൈ (കളി) നോക്കുന്നോ? പിന്നെ നമുക്ക് മാനസികോല്ലാസം തരുന്ന കളികളാണ്. അവന്റെ കൂടാരത്തിൽ ടിവി റിമോട്ടുകൊണ്ട് ഉരക്കുമ്പോൾ ചാടിപ്പിടിക്കുന്നതാണ് പ്രിയപ്പെട്ട കളി. പിന്നെ അങ്ങനെ പലതും. ജോലിഭാരം മനസ്സിൽനിന്നും പോകുന്നതു വരെ തുടരണം. അല്ലെങ്കിൽ വീണ്ടും വരും. വീട്ടിലെ ഓരോ ആളോടും ഓരോ പെരുമാറ്റം. എല്ലാപേർക്കും മാനസ്സികോല്ലാസത്തിന് എന്താണുവേണ്ടതെന്ന് നന്നായി അറിയുന്നതുപോലെ.
അതാണ് തുടക്കത്തിൽ പറഞ്ഞത്. ഫ്രോയിഡും അതുപോലെന്തോ പറഞ്ഞു!
പൂച്ചകൾ മനശാസ്ത്രജ്ഞരാകുന്നു!
എൻ്റെ കാൽപ്പാദങ്ങളിരുന്നു ഉമ്മവക്കുന്ന ഷാഡോയെക്കുറിച്ചു ബഷീറിന്റെ പാത്തുമ്മ അവരുടെ ആടിനെക്കുറിച്ചു പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.
“എന്റെ ആട് (പൂച്ച) ഒരു മനുഷ്യനാണ്. അത് എന്നെ സ്നേഹിക്കുന്നു.”
പി.സ്. : ഷാഡോയിൽനിന്നും പകർന്നുകിട്ടിയ പാഠം ഉൾക്കൊണ്ട് നിങ്ങളുടെ മാനസികോല്ലാസ്സം മാത്രം മുന്നിൽ കണ്ടെഴുതിയതാണ്.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ