നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന രണ്ടു വാക്കുകളാണ് ദയയും സഹാനുഭൂതിയും. ആംഗലേയത്തിൽ kindness എന്നും compassion എന്നും പറയും. പലർക്കും ഈ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം കൃത്യമായി അറിയില്ല എന്ന് തോന്നുന്നു. നമ്മൾ ദയാലുവാകണം എന്നാണ് പലപ്പോഴും പഠിപ്പിക്കുന്നത്. എന്നാൽ സഹാനുഭൂതിയുള്ളവരാകണം എന്ന് അത്രയധികം പഠിപ്പിക്കുന്നില്ല.
എന്താണ് ഈ വാക്കുകളുടെ അർത്ഥവ്യത്യാസം എന്ന് പരിശോധിക്കാം. ഒരു പക്ഷേ ഡിക്ഷ്ണറികൾ പരിശോധിച്ചാൽ സമാനമായ അർഥങ്ങൾ തന്നെ ലഭിച്ചു എന്നും വരാം. എന്നാൽ ഈ പദങ്ങൾക്ക് വലിയ വ്യത്യാസമുണ്ട്. യഥാർത്ഥത്തിൽ ദയ എന്നത് ഒരു പ്രവൃത്തിയും സഹാനുഭൂതി എന്നത് ഒരു വികാരവുമാണ്.
ആവശ്യമുള്ള ഒരാൾക്ക് അത് നൽകുന്നത് ദയയാണ്. അത്തരമൊരു ദാനം നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽകൂടിയും, അയാളുടെ വിഷമങ്ങൾക്കൊപ്പം നിൽക്കുന്നത് സഹാനുഭൂതിയും. നമുക്കെപ്പോഴും എല്ലാവരേയും എന്തെങ്കിലും കൊടുത്ത് സഹായിക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവരോടൊപ്പം നിൽക്കുവാനും അവർക്ക് അത് ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും സഹാനുഭൂതിയുള്ളവർക്ക് കഴിയും.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു രോഗിക്ക്, സ്വാന്തനമായി കുറച്ചു പൂക്കൾ കൊടുക്കുന്നതോ, അല്ലെങ്കിൽ കുറച്ച് അവശ്യ വസ്തുക്കൾ കൊടുക്കുന്നതോ ദയ തന്നെയാണ്. എന്നാൽ അവരോടൊപ്പം നിന്ന് അവരെ പരിചരിക്കുന്നതാകട്ടെ, സഹാനുഭൂതിയും. നമ്മൾ പലപ്പോഴും കൊടുക്കുന്നത് ദയായാണ്. സഹാനുഭൂതിയുടെ കാര്യം വരുമ്പോൾ മിക്കവരും തെന്നി മാറിക്കളയും.
ദയയ്‌ക്ക് അമിതമായ വികാരം ഉണ്ടാകണമെന്നില്ല. കടമ, ചില താൽപ്പര്യങ്ങൾ, സാമൂഹിക ലക്ഷ്യങ്ങൾ തുടങ്ങി പലതുമുണ്ടാകാം. എന്നാൽ സഹാനുഭൂതിയ്‌ക്ക് ഇതൊന്നും കാരണമാകില്ല. കഷ്ടപ്പെടുന്നവനോട് മാനസികമായി ചേർന്നു നിൽക്കുവാൻ കഴിയുന്നു എന്ന് മാത്രം. ദയ നല്ലതല്ലെന്നല്ല. അവിടെ തീവ്രമായ വികാരമോ, ഒപ്പം നിൽക്കാനുള്ള മനസ്സലിവോ ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദയയിൽ സ്വാർത്ഥതയുണ്ടാകാം എന്നാൽ സഹാനുഭൂതിയിൽ നിസ്വാർത്ഥമായ പരോപകാരശീലമാണുള്ളത്.
നമ്മുടെ ഉള്ളിൽ ഉടലെടുക്കേണ്ടത് സഹാനുഭൂതിയാണ്. അവിടെ ദയ ഉണ്ടാകും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. സഹാനുഭൂതി നമ്മുടെയുള്ളിൽ ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ പക്ഷം നമ്മുടെ മനസ്സിൽ ദ്രോഹചിന്ത ഉണ്ടാകുകയില്ല. അത് തന്നെ എത്ര വലിയ കാര്യമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷികമാണ്. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ