2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

യശ്പാൽ


 നേരം ഇരുട്ടായി തുടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിൽ വരണ്ട കാറ്റ് വീശുന്നു. ആ ചൂടൻ സായാഹ്നത്തിൽ കുടിലിന് വെളിയിലിറങ്ങി വൃദ്ധ മലമുകളിലേക്ക് നീണ്ടു കിടക്കുന്ന ഒറ്റയടി പാതയിലേക്ക് നോക്കി നിന്നു. ആരോ നടന്നു വരുന്നത് പോലെ. വൃദ്ധ ഒന്ന് കുനിഞ്ഞ് കഴുത്ത് വളച്ച് ശ്രദ്ധയോടെ നോക്കി. നിഴല് പോലെ ഒരാൾ കുന്നിറങ്ങി വരുന്നില്ലേ. ഒന്നും വ്യക്തമല്ലെങ്കിലും അതവൻ തന്നെയെന്ന് മനസ്സിൽ കരുതി.

“മോളെ…യശോദാ…അവനാണെന്ന് തോന്നുന്നു…”

വൃദ്ധ തന്റെ കുടിലിലേക്ക് നോക്കി നീട്ടി വിളിച്ചു.

യശോദ വിളക്കുകളിൽ മണ്ണെണ്ണ നിറച്ചു വെക്കുകയാണ്. അത് നിർത്തി അവൾ പുറത്തേക്കോടി വന്നു. സാരിത്തുമ്പ് പിടിച്ച് നാലു വയസ്സുള്ള മകനും അവളുടെ കൂടെ മുറ്റത്തിറങ്ങി നിന്നു.

“ആര്”

“നോക്ക്…ആ കുന്നിറങ്ങി വരുന്നത് നമ്മുടെ യശ്പാലല്ലേ”

യശോദ മലഞ്ചെരുവിലേക്ക് നോക്കി. തെല്ലു നേരം കഴിഞ്ഞിട്ടും ഒരാളെയും കണ്ടില്ല. തിരിച്ചു നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“അവിടെ ആരുമില്ലമ്മേ… അകത്തേക്ക് വരൂ… നേരം ഇരുട്ടായി…എവിടെയും വണ്ടിയോടുന്നില്ലെന്ന് അറിയില്ലേ”

“അപ്പോ യശ്പാൽ ഇന്നും വരില്ലേ…എല്ലാം തവണയും വിത്തിടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും വരുന്നതല്ലേ എന്റെ മോൻ…”

ആ വൃദ്ധ നിറഞ്ഞ കണ്ണുകളോടെ കുടിലിനകത്തേക്ക് കയറി. യശോദ റാന്തൽ വിളക്ക് കത്തിച്ചു ഉമ്മറത്തേക്ക് നടന്നു . അത് എന്നത്തേയും പോലെ കമ്പിയിൽ തൂങ്ങി നിന്നു. കുടിലിന് പുറത്ത് ഇരുട്ടിന്റെ കനം കൂടുന്നതിനനുസരിച്ച് റാന്തൽ വെട്ടം ചെറിയ മുറ്റത്തേക്ക് പതിയെ അരിച്ചിറങ്ങി.

ഗോതമ്പ് വേവിച്ചതിൽ പഞ്ചസാര ചേർത്ത് വെച്ചിരുന്നു. അത് കുട്ടികൾക്ക് കൊടുക്കാനായി യശോദ അടുക്കളയിലേക്ക് നടന്നു. വൃദ്ധ കുട്ടികളിലൊരാളുടെ കീറിയ ഉടുപ്പ് തുന്നി ചേർക്കുന്ന പണിയിൽ മുഴുകി റാന്തൽ വെട്ടത്തിന് ചുവട്ടിലിരുന്നു. ഇടയ്ക്കിടെ ഇരുട്ടിന്റെ കട്ടി പോലെ തോന്നിക്കുന്ന മലഞ്ചെരുവിലേക്ക് തല ഉയർത്തി നോക്കി. നിരാശയോടെ സൂചിയുടെ അഗ്രത്തിലേക്ക് തന്നെ തല താഴ്ത്തുകയും ചെയ്തു.

“യശോദേ…”

വീടിന്റെ പിന്നാമ്പുറത്തു നിന്നും യശ്പാലിന്റെ അച്ഛന്റെ ശബ്ദം.

വൃദ്ധൻ മുറ്റത്ത് എത്തിയപ്പോൾ തുണിയും സൂചിയും മാറ്റി വെച്ച് വൃദ്ധ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“എത്ര കിട്ടി”

“ആയിരത്തഞ്ഞൂറ്”

“ഗതികെട്ടവരുടെ കയ്യിൽ ഒരു കുന്ന് പൊന്നുണ്ടായിട്ടെന്താണ്” വൃദ്ധയുടെ ചോദ്യത്തിന് അവഗണിക്കപ്പെട്ട മനുഷ്യരുടെ ജീവനില്ലാത്ത ശബ്ദമായിരുന്നു.

“ഉം…ചന്തയുള്ള സമയമല്ലല്ലോ. അതിവിടെ കിടന്നു ചാവുന്നതിലും നല്ലതല്ലേ” ആശ്വാസ വാക്കുകൾക്ക് ശേഷം വൃദ്ധൻ ചൂടു കാലങ്ങളിൽ മുറ്റത്തിടാറുള്ള കയർക്കട്ടിലിനു മുകളിൽ ചെന്നിരുന്നു.

യശോദ ഒരു വലിയ മൊന്ത വെള്ളം കൊണ്ടു വന്ന് വൃദ്ധനു നേരെ നീട്ടി. അയാളത് മുഴുവൻ ഒറ്റ വലിക്ക് അകത്താക്കി. ശേഷം അവളുടെ മുഖത്തേക്ക് ദയനീയ ഭാവത്തിൽ ഒരു നോട്ടമയച്ചു. അവളുടെ മുഖം കരി പിടിച്ച റാന്തൽ ചില്ലു പോലെ നിറം കെട്ടു പോയിരുന്നു.

“ടാക്കുവും മോട്ടുവും ഉറങ്ങിയോ”

“ഉറങ്ങി..മോട്ടുവിന് ഇപ്പോഴാണ് ഗോതമ്പ് വേവിച്ച് കൊടുത്തത്” യശോദ ഭർതൃപിതാവിനോട് പറഞ്ഞു.

ആ വൃദ്ധൻ നിറ കണ്ണുകളോടെ ആകാശത്തേക്ക് നോക്കി.

“ദൈവമേ… എന്തൊരു മഹാമാരിയാണിത്.”

“അച്ഛാ…നമ്മുടെ പശുവിന് എത്ര രൂപ കിട്ടി” യശോദ ചോദിച്ചു.

“ആയിരത്തഞ്ഞൂറ്”

“വെറും” യശോദക്ക് ആശ്ചര്യവും ദു:ഖവും തോന്നി. അതു പോലൊരു പശുവിന് അത്രമാത്രം നിസാര വിലയാണത്.

‘ഉം… ഈ മഹാമാരിയൊക്കെ ഒതുങ്ങി കഴിയുമ്പോൾ മൂന്നിരട്ടി പണം കൊടുക്കേണ്ടി വരും അതു പോലൊന്നിനെ കിട്ടാൻ’ വൃദ്ധൻ മനസ്സിൽ പറഞ്ഞു.

“ഫോണവിടെ കൊടുത്തില്ലേ”

മൊന്ത താഴെ വെച്ച് റാന്തലിന്റെ തിരി ഉയർത്തുന്നതിനിടെ യശോദ ചോദിച്ചു.

“കൊടുത്തു… ഞാൻ വരുന്നത് വരെയും കറന്റ് വന്നിട്ടില്ല… രാത്രി വരുമെന്നാണ് സുധീഷ് മാഞ്ചിയുടെ മൂത്ത മകൻ പറഞ്ഞത്”

യശോദ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി. യശ്പാലിന്റെ അമ്മയുടെ കയ്യിൽ തുണിയും സൂചിയും അങ്ങനെ തന്നെയുണ്ട്. അവർ തുന്നുകയോ കൈ ചലിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ മല മുകളിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.

“നീയെന്താണ് നോക്കിയിരിക്കുന്നത്”

“ഒന്നുമില്ല”

“ശരി..ഞാൻ കുളത്തിലൊന്ന് മുങ്ങിയിട്ട് വരാം..”

“യശ്പാൽ നാളെയെങ്കിലും എത്തുമോ… വിത്തിടാൻ സമയമായില്ലേ” വൃദ്ധ ചോദിച്ചു.

കുടിലിന് പിന്നാമ്പുറത്തുള്ള കുളത്തിലേക്ക് നടക്കുകയായിരുന്ന വൃദ്ധൻ അവിടെ നിന്നു.

“രാജ്യത്തെവിടെയും വണ്ടിയോടുന്നില്ല. വല്ലാത്തൊരു രോഗമാണ് പടരുന്നത്. സുധീഷ് മാഞ്ചിയുടെ മാളികയിലെ ടിവിയിൽ കാണിക്കുന്നത് കണ്ടാൽ മതി. വല്ലാത്ത ദുരിതം തന്നെ”

യശ്പാലിന്റെ അച്ഛൻ പെട്ടെന്നാണ് സംസാരം നിർത്തിയത്. ടെലിവിഷനിൽ കണ്ടതു മുഴുവൻ വശദീകരിക്കേണ്ടതില്ലെന്ന് തോന്നി. ഈയലുകളെ പോലെ മനുഷ്യർ മരിച്ചു വീഴുകയാണ്. അത് പറഞ്ഞ് അവരുടെ നെഞ്ചിലെ തീ ആളികത്തിക്കുന്നതെന്തിന്. റേഡിയോ പോലും കേടാണെന്ന് പറഞ്ഞത് അതിനു വേണ്ടിയാണല്ലോ.

“അവനെ വിളിച്ചു നോക്കിയിട്ടെന്തായി” യശ്പാലിന്റെ അമ്മ ചോദിച്ചു.

“ഇന്നലത്തെ പോലെ തന്നെ. കിട്ടുന്നില്ല. ഫോൺ മാഞ്ചിയുടെ മാളികയിൽ കറന്റ് കയറ്റാൻ വച്ചിട്ടാണ് പോന്നത്. നാളെ വിളിച്ച് നോക്കാം”

“അവനൊരു നല്ല ഫോൺ വാങ്ങിയാലെന്താണ്. എപ്പോഴും ഇങ്ങനെ തന്നെ”

രാത്രി കിടക്കാൻ നേരം യശ്പാലിന്റെ അച്ഛൻ റാന്തലിന്റെ തിരി താഴ്ത്താൻ ശ്രമിക്കുകയായിരുന്നു.

“വേണ്ട… തിരി കെടുത്തണ്ട” യശ്പാലിന്റെ അമ്മ അകത്തു നിന്നും വിളിച്ചു

പറഞ്ഞു.

“എന്തു പറ്റി”

“അവനെങ്ങാനും രാത്രി വന്നെങ്കിലോ”

“വണ്ടിയൊന്നും ഓടാതെ…” വൃദ്ധൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി.

“തിരി താഴും വരെ കത്തട്ടെ”

വൃദ്ധ നടു വളച്ച് വാതിൽ വിടവിലൂടെ ദൂരെ മലഞ്ചെരുവിലേക്ക് ഒന്നു കൂടി നോക്കി. മലയോളം കട്ടിയുള്ള ഇരുട്ടു മാത്രം. ദൂരെ ആകാശച്ചരുവിൽ മങ്ങിയ ചന്ദ്രക്കല.ആ സമയം കനത്ത ഇരുട്ടിനെ തുളച്ചു കൊണ്ട് ഉശിരൻ ചൂടു കാറ്റ് കുടിലിനകത്തേക്ക് ഇരച്ചു കയറി. റാന്തൽ കമ്പിയിലൊന്ന് തൂങ്ങിയാടി. വൃദ്ധൻ വാതിലടച്ചു. ശേഷം ചെറിയ പാനീസ് വിളക്ക് മുറിയുടെ മൂലയിലേക്ക് നീക്കി വെച്ചു.

മലഞ്ചെരുവിലെ ഒറ്റപ്പെട്ട കുടിലിനുള്ളിൽ വല്ലാത്തൊരു മൂകത. അരണ്ട വെളിച്ചത്തിൽ രണ്ടു കുട്ടികൾ മാത്രമാണ് പൂർണമായും ഉറങ്ങിയിട്ടുള്ളത്. വൃദ്ധ തന്റെ മകനെയോർത്ത് ഉറങ്ങാതെ കിടക്കുകയാണ്. യശോദക്ക് തന്റെ ഭർത്താവിനെ കുറിച്ചുള്ള മനോവിചാരത്താൽ ഉറക്കം വരുന്നില്ല. അവൾ അമ്മയെപ്പോലയല്ല. നാട്ടിൽ പടർന്നു പിടിച്ച മഹാമാരിയുടെ ഭീകരത ഏറെക്കുറെ അച്ഛനെപ്പോലെ അവൾക്കറിയാം. വൃദ്ധനാണെങ്കിൽ ഒരേ സമയം മകനെക്കുറിച്ചും ചെറിയ പണത്തിന് നഷ്ടപ്പെട്ട പശുവിനെക്കുറിച്ചും ആകുലനായി. ഒരു പക്ഷേ യശ്പാൽ ഉണ്ടായിരുന്നെങ്കിൽ വില കൂടുതൽ കിട്ടിയേനെ. ചെറുപ്പക്കാരനെന്ന നിലയിൽ അവരവന് കുറച്ചധികം വക വെച്ചു നല്കിയേനെ. അവൻ വന്നില്ലെങ്കിൽ വീട്ടു ചെലവിനെന്ത് ചെയ്യും. അവശേഷിക്കുന്നത് ആയിരത്തഞ്ഞൂറ് രൂപ മാത്രമാണ്.

പുലർച്ചെ ഒരു വയസു മാത്രമുള്ള തന്റെ ഇളയ കുഞ്ഞിന്റെ കരച്ചിൽ കേട്ട് യശോദ എഴുന്നേല്ക്കുമ്പോൾ മുറിയിൽ ഭർതൃമാതാവിനെ കാണാനുണ്ടായിരുന്നില്ല. ഭയം നിറഞ്ഞ മുഖത്തോടെ അവൾ പായയിൽ തന്നെ ഇരുന്നു. കുഞ്ഞിനെ തോളോട് ചേർത്ത് താരാട്ട് പാടി. അപ്പോഴും അവളുടെ കണ്ണുകൾ ഭീതിയോടെ വശങ്ങളിലേക്ക് ചലിച്ചു. തല തിരിച്ചു നോക്കുമ്പോൾ മുമ്പിലെ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. പുറത്ത് വെളിച്ചത്തിന്റെ നേർത്തൊരു പാട മാത്രം. റാന്തൽ ചില്ല് കരിയടിഞ്ഞ് ഒരു കറുത്ത തുണി പോലെ ആടുന്നു. കരച്ചിൽ നിർത്തിയ കുഞ്ഞിനെ കിടത്തിയ ശേഷം യശോദ പതുക്കെ പുറത്തേക്ക് നടന്നു.

ആ കാഴ്ച കണ്ടപ്പോൾ യശോദക്ക് ആശ്വാസം തോന്നി. എങ്കിലും ഒരു ഭയം അവളെ പിടിച്ചുലച്ചതു പോലെ.

“അമ്മാ…” യശോദ വിളിച്ചു.

മുറ്റത്തെ മൂലയിൽ നിന്നും മലഞ്ചെരുവിലേക്ക് നോക്കി നില്ക്കുന്ന യശ്പാലിന്റെ അമ്മ തിരിഞ്ഞു നോക്കി.

“എന്താ അവിടെ” യശോദ ചോദിച്ചു.

“യശ്പാലിനെ ഇനിയും കണ്ടില്ല… വിത്തിടാൻ സമയമായില്ലേ… ഞാൻ പറഞ്ഞില്ലേ? ഇന്നലെ രാത്രി അവനെ പോലൊരാൾ കുന്നിറങ്ങി വന്നിരുന്നു “

“ഇല്ലമ്മേ.. വണ്ടിയൊന്നും ഓടാതെ…നഗരത്തിൽ നിന്നും എങ്ങനെ വരാനാണ്”

അവൾ അമ്മയെ ചേർത്തു പിടിച്ചു.

“വാ…അമ്മേ… നേരം വെളുക്കാൻ ഇനിയുമുണ്ട്”

വീണ്ടും കുഞ്ഞ് കരഞ്ഞു. യശോദ അകത്തേക്കോടി. വളരെ വേഗം കുഞ്ഞിനെയും ഒക്കത്തിരുത്തി പുറത്തേക്ക് വന്നു. കരച്ചില് നിർത്താതെ വന്നപ്പോൾ യശോദ അവന് മുല കൊടുത്തു.

പുറത്തെ ശബ്ദം കേട്ടാണ് യശ്പാലിന്റെ അച്ഛൻ ഞെട്ടിയുണർന്നത്.

“എന്താ…” വൃദ്ധൻ ചോദിച്ചു.

യശോദ വിശദീകരിച്ചു.

“ശരി… ഞാനിപ്പോൾ തന്നെ പോകാം. സുധീഷ് മാഞ്ചിയുടെ വീട്ടിൽ നിന്നും ഫോണെടുത്ത് വരാം”

“അവരെഴുന്നേറ്റ് കാണുമോ” യശോദ ചോദിച്ചു.

“ഓ… വെളിച്ചം വീണു തുടങ്ങിയല്ലോ.. പത്തു പതിനഞ്ചു പശുക്കളുള്ള മാളികയല്ലേ… ഇപ്പോൾ അവർ തന്നെയാണ് അവറ്റകളെ കറക്കുന്നത്. മാഞ്ചിയുടെ വീട്ടുകാർ നേരത്തെ ഉണരും”

വൃദ്ധൻ ഒരു നീളൻ തോർത്തെടുത്ത് തോളിലിട്ടു. വീടിന്റെ പിന്നിലുള്ള കുളത്തിൽ ചെന്ന് കയ്യും മുഖവുമൊക്കെ കഴുകി. തോർത്ത് തലയിൽ കെട്ടി പാട വരമ്പത്തൂടെ സുധീഷ് മാഞ്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. കിഴക്കൻ ചക്രവാളത്തിൽ നിന്നും വേളിച്ചത്തിന്റെ തേരുകൾ ഭൂമിയിലേക്ക് പട നയിച്ചു. എന്നിട്ടും മലഞ്ചെരുവിലെ ആ ഒറ്റപ്പെട്ട വീടിന് മുകളിൽ അന്തരീക്ഷം ഇരുണ്ട് തന്നെ കാണപ്പെട്ടു.

സുധീഷ് മാഞ്ചിയുടെ വീട്ടിൽ ബൾബുകൾ കത്തുന്നുണ്ട്.മാഞ്ചി തൊഴുത്തിൽ നിന്നും പശുവിനെ മാറ്റി കെട്ടുകയാണ്. മറ്റു ചിലരെയും അവിടെ കാണാം. വൃദ്ധന് സമാധാനം തോന്നി.

“എന്താ ഇത്ര നേരത്തെ” മാഞ്ചി ചോദിച്ചു.

“ഫോണെടുക്കാൻ…യശ്പാലിനെ വിളിക്കാനാണ്… അവന്റെ അമ്മയുടെ സമാധാനം ഇല്ലാതായിരിക്കുന്നു”

“യശ്പാൽ ഇന്നലെ രാത്രി തിരിച്ചെത്തിയില്ലേ”

മാഞ്ചിയുടെ ചോദ്യം. അത് കേട്ടപ്പോൾ വൃദ്ധൻ ഒന്ന് ഞെട്ടി.

“വണ്ടിയൊന്നും ഓടാതെ…എങ്ങനെ”

മാഞ്ചി വിശദീകരിച്ചു.

“പലരും നടക്കുകയാണ്. നഗരത്തിൽ നിന്നും അന്യ നാടുകളിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക്. ദൂരം കുറയാൻ പുഴകളും ഒരറിവുമില്ലാത്ത പറമ്പുകളും മറി കടക്കുന്നു. സ്വന്തം വീട്ടിലെത്തുമെന്ന് പോലും നിശ്ചയമില്ലാതെ. എത്ര ദിവസമാണ് പട്ടിണി കിടക്കുക. ഈ മഹാമാരി എല്ലാം താറുമാറാക്കുകയാണ്. ”

അകത്ത് കയറി ഫോണെടുത്ത് തിരികെ എത്തിയപ്പോൾ വൃദ്ധൻ അസ്വസ്ഥതയോടെ ചോദിച്ചു.

“പറഞ്ഞു വരുന്നത്”

“യശ്പാലിന്റെ കൂടെയുള്ളവരിൽ ചിലർ ഇന്നലെ വീടെത്തിയിട്ടുണ്ടെന്ന് മകൻ പറഞ്ഞു. അറനൂറ് കിലോമീറ്ററോളം നടന്നാണ് അവർ വന്നത്. യശ്പാലും വന്നിട്ടുണ്ടാകുമെന്നാണ് കരുതിയത്.”

വൃദ്ധൻ ധൃതിയിൽ ഫോൺ മേടിച്ചു. എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. യശ്പാലിന്റെ ഫോൺ സ്വിച്ച് ഓഫ് തന്നെ. നേരം അത്രയധികം വെളുത്തിട്ടും വൃദ്ധന്റെ മനസ് തെളിച്ചമില്ലാതെ തുടർന്നു. വൃദ്ധന് കരച്ചിൽ വന്നു. എങ്കിലും കരഞ്ഞില്ല. അയാൾ അല്പനേരം സ്തംഭിച്ചു നിന്നു. സുധീഷ് മാഞ്ചി അയാളെ ആശ്വസിപ്പിക്കാൻ ചിലത് പറഞ്ഞു. അതൊന്നും ആ വൃദ്ധന്റെ ചെവികളെ തലോടിയില്ല.

അയാൾ പാട് വരമ്പൂത്തുടെ വീട്ടിലേക്ക് നടന്നു. പതുക്കെ. വളരെ വളരെ പതുക്കെ നടന്നു. ആകാശത്തു നിന്നും നോക്കിയാൽ വിശാലമായ വയലിന് നടുവിലൂടെ ദു:ഖ ഭാരത്താൽ തല കുനിഞ്ഞു പോയ ഏകനായ ഒരു മനുഷ്യനെ കാണാം.

വീട്ടിലെത്തിയപ്പോൾ രംഗം അതിനേക്കാൾ ഭയാനകമായിരുന്നു. തന്റെ കുടിലിൽ ഒരു മനുഷ്യ ജീവി പോലും അവശേഷിക്കുന്നില്ല. വൃദ്ധൻ നാലുപാടും നോക്കി. കുന്നിൻ ചെരുവിലേക്ക് നീണ്ടു കിടക്കുന്ന വഴിയിലേക്കു നോക്കുമ്പോൾ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു . അഞ്ചു വയസ്സുള്ള യശ്പാലിന്റെ മകൻ കുന്നിൻ ചരുവിലേക്ക് ഓടുന്നു. വൃദ്ധൻ തല ഉയർത്തി നോക്കി. അവനു മുന്നിൽ കുഞ്ഞിനെയും ഒക്കത്തിരുത്തി യശോദയും ഓടുകാണ്. ഏറ്റവും മുന്നിൽ കുറച്ചകലെ യശ്പാലിന്റെ അമ്മ നടന്ന് കുന്ന് കയറുകയാണ്.

അമ്മയും യശോദയും ഒരേ സമയത്താണ് കുന്നിൻ മുകളിൽ എത്തിയത്. അമ്മ ഉറക്കെ നിലവിളിച്ചു. യശോദയും കരഞ്ഞു. ആ നാലു വയസ്സുകാരൻ മുകളിലേക്ക് കയറാനാകാതെ താഴെ നിന്ന് നിലവിളിച്ചു. അവർക്ക് മുകളിൽ ആകാശത്ത് പരുന്തുകളും കാക്കകളും വട്ടമിട്ടു പറന്നു.

“മോനേ…” വൃദ്ധ കരഞ്ഞുകൊണ്ട് നിലത്ത് വീണ് കിടക്കുന്ന യശ്പാലിന്റെ ശരീരത്തെ ചേർത്തു പിടിച്ചു. വൃദ്ധ പെട്ടെന്ന് കരച്ചിൽ നിർത്തി. യശ്പാലിന്റെ ശരീരത്തിലെ അവശേഷിക്കുന്ന തുടിപ്പുകൾ അമ്മയുടെ ഉടലിന് ഊർജ്ജമേകി . മകന്റെ ജീവൻ നഷ്ടപ്പെട്ടില്ലെന്ന് ആ മാതൃഹൃദയം തിരിച്ചറിഞ്ഞു.

” വെള്ളം കൊണ്ട് വാ…നമ്മുടെ യശ്പാലെവിടേം പോയിട്ടില്ല” വൃദ്ധ യശോദയെ നോക്കി തൊണ്ടക്കുഴിയിൽ നിന്നും പാടുപെട്ടു വലിച്ചെടുത്ത ശബ്ദത്തോടെ പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് യശോദക്ക് നിശ്ചയമില്ല. അവൾ ദൂരെയുള്ള കുടിലിലേക്ക് നോക്കി. വെള്ളം കൊണ്ടു വരുമ്പോഴേക്കും തന്റെ പ്രിയപ്പെട്ടവൻ മരിച്ചു പോകുമോ എന്നവൾ ഭയപ്പെട്ടു. അവൾ കുഞ്ഞിനെ നിലത്തിരുത്തി. തന്റെ മുല യശ്പാലിന്റെ വായിലേക്ക് വെച്ചു കൊടുത്തു. കൈ കൊണ്ടല്പം അമർത്തി പാല് ചുരത്തി. നനവ് തട്ടിയപ്പോൾ അയാളുടെ നാവുകൾ ചലിച്ചു. അവൾ വീണ്ടും വീണ്ടും ചുരത്തി നല്കി. അബോധാവസ്ഥയിലും അയാൾ അമൃത് പോലെ അത് നുണച്ചിറക്കി.

താഴെ കുന്ന് കയറാൻ തുടങ്ങിയ വൃദ്ധനോട് യശ്പാലിന്റെ അമ്മ വിളിച്ചു പറഞ്ഞു.

“വേഗം പോയി വെള്ളം കൊണ്ടു വരൂ… യശ്പാൽ ഇവിടെയുണ്ട്”

വൃദ്ധൻ തിരിഞ്ഞ് വീട്ടിലേക്കോടി. യശ്പാലിന്റെ മൂത്ത മകൻ കുന്ന് കയറാനാകാതെ നിലവിളിച്ചു. യശോദ തന്റെ കുഞ്ഞിനപ്പോലെ അയാളെ പാലൂട്ടി. ആ വൃദ്ധ വ്യസനത്തോടെ കൈക്കുഞ്ഞിനെ ചേർത്ത് പിടിച്ചു.


സനീഷ് ചെന്നറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ