എഴുതുവാനുണ്ടൊരു
കവിതയിനിയും ബാക്കി
കാത്തിരിക്കയാണിന്നുഞാൻ
ചിന്തതൻ കൂടും തുറന്ന്
വിറയാർന്ന കയ്യിലൊരു
തൂലികയും കടലാസുമായി
ഉതിർന്നുവീഴുമീ അക്ഷരങ്ങൾ , വാക്കുകൾ
വടിവൊത്തതല്ലെന്നറിയുന്നു ഞാൻ
വാർദ്ധക്യംതൂകിയ കണ്ണടയിലൂടെ
ഹേ ! കാലപ്രവാഹമേ പ്രണാമം
എന്തിനെന്നെ മോഹിപ്പിച്ചു നീ
എന്നന്തരാത്മാവിൽ മൗനം
നൊമ്പരചില്ലയാൽ കൂടുകൂട്ടും നേരം
രാത്രിയുടെ യാമങ്ങളിൽ
നിലാവിലലിഞ്ഞു ഞാൻ
സ്മരണതൻ ചെപ്പും തുറന്ന്
മിന്നുമാ താരകങ്ങളെ തിരഞ്ഞിടുന്നു
ആഗോളമാകെ ഭീതിതന്‍ നിഴലുകള്‍
മരണം പതിയിരിക്കും വഴികള്‍
ആതുരശുശ്രൂഷകര്‍, മാലാഖമാര്‍,
നിയമപാലകര്‍, ഭരണകര്‍ത്താക്കള്‍
അഹോരാത്രം അര്‍പ്പണ ബോധത്താല്‍
തീര്‍ക്കുന്നു തണലുകള്‍ രോഗമുക്തിക്കായി
എങ്കിലും ഭീതിയെന്നില്‍ വളരുന്നുവോ
പകയുടെ പുകയില്‍ അകപ്പെടുന്നുവോ നാം
ഇല്ല ഇനിയില്ല നേരമെനിക്ക്
ക്ഷണികവേഗത്തില്‍ ഞാൻ തീര്‍ത്തിടട്ടെ
പൂർത്തിയാകാത്തൊരീ കവിതകൂടി
അദൃശ്യമാം സൂക്ഷ്മാണുവെന്നേ
പുൽകിടും മുൻപേ
മൃത്യുവും ജീവിതവുമെനിക്കിന്നു
തുല്യദൂരമല്ലോ
മുരളി കാരാട്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ