ഈയിടെ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് ഫെമിനിസം. പലർക്കും ഈ വാക്ക് പരിചയത്തിനപ്പുറം എന്താണെന്ന് കൃത്യമായ അറിവുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഫെമിനിസ്റ്റ് എന്നറിയപ്പെടുവാൻ ശ്രമിക്കുന്നവരെങ്കിലും അതറിഞ്ഞിരിക്കണം.
ഫെമിനിസം ഒരു പുതിയ വാക്കല്ല. 1870 കളിൽ അതായത്, 130 വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഈ വാക്ക് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഫ്രാൻസിലും നെതർലാൻഡ്സിലുമായിരുന്നു തുടക്കം. 1900 ആയതോടെ ഇത് ബ്രിട്ടണിലേക്കും വടക്കേ അമേരിക്കയിലേക്കുമെല്ലാം വ്യാപിച്ചു.
ആദ്യകാലങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിയ്ക്കുക എന്നതായിരുന്നു ഫെമിനിസ്റ്റുകളുടെ ആവശ്യം. 1960 കളിൽ അത് സാമൂഹികവും നീതിപരവുമായ തുല്യതയ്ക്കു വേണ്ടിയുള്ളതായി. അടുത്ത കാലങ്ങളിൽ പ്രത്യേകിച്ചും 2012 നു ശേഷം ലൈംഗീക അതിക്രമങ്ങൾക്കും, പീഢനങ്ങൾക്കും എതിരായി സോഷ്യൽ മീഡിയകളിൽ നടത്തിയ ‘മീ റ്റൂ’ മൂവ്മെന്റു വഴി വീണ്ടും ശ്രദ്ധയാകർഷിച്ചു.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആശയപരവുമായ തുല്യത തേടുന്ന ഒരു മൂവ്മെന്റാണ് യഥാർത്ഥത്തിൽ ഫെമിനിസം. വോട്ടവകാശത്തിൽ തുടങ്ങി, ജോലി, തുല്യ ശമ്പളം, സ്വന്ത സമ്പാദ്യം, വിദ്യാഭ്യാസം, വിവാഹത്തിൽ തുല്യത തുടങ്ങി പലതായിരുന്നു ഈ മൂവ്മെന്റുകളുടെ ലക്ഷ്യങ്ങൾ.
ധാരാളം ഫെമിനിസ്റ്റ് മൂവ്മെന്റുകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. പലതിനും പല ലക്ഷ്യങ്ങളും ആശയങ്ങളുമായിരുന്നു എന്ന് മാത്രം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ലോകത്തെവിടെയും സ്ത്രീകളുടെ പ്രശ്നങ്ങൾ ഏതാണ്ട് ഒരു പോലെ തന്നെയായിരുന്നു.
ഫെമിനിസം പല തരത്തിലുണ്ട്. ലിബറൽ ഫെമിനിസം, റാഡിക്കൽ ഫെമിനിസം, കൺസർവേറ്റീവ് ഫെമിനിസം, ലിബറട്ടേറിയൻ ഫെമിനിസം, സെപ്പറേറ്റിസ്റ്റ് ഫെമിനിസം, ലെസ്ബിയൻ ഫെമിനിസം തുടങ്ങി ഇനിയുമേറെയുണ്ട് വകഭേദങ്ങൾ.
സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ശാരീരികവും മാനസികവുമായ കഴിവുകൾ കുറവാണെന്ന ചിന്തയും അക്കാലങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് അത്തരം മേഖലകളിൽ അവസരങ്ങൾ ലഭിക്കാറുമില്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നവരായിരുന്നു ലിബറൽ ഫെമിനിസ്റ്റുകൾ. പുരുഷൻമാരുടെ ആധിപത്യത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ ശബ്ദമുയർത്തിയിരുന്നവർ റാഡിക്കൽ ഫെമിനിസ്റ്റുകൾ . സ്വവർഗ്ഗ ബന്ധങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി 1970 കളിൽ പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും രൂപപ്പെട്ടതാണ് ലെസ്ബിയൻ ഗ്രൂപുകൾ.
ഓരോ കാലഘട്ടങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങൾ വ്യത്യസ്ഥമായിരുന്നു. അതുകൊണ്ട് തന്നെ ഫെമിനിസ്റ്റ് മൂവ്മെന്റുകളും വ്യത്യസ്ഥങ്ങളായിരുന്നു. സ്ത്രീകളുടെ അവകാശം എന്നതു മാത്രമായിരുന്നു പലപ്പോഴുള്ള പൊതു സ്വഭാവം.
ഏറ്റവും രസകരം ഇവർ തമ്മിൽപ്പോലും കലഹങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗീക സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടും അതിനെ എതിർത്തുകൊണ്ടും ഫെമിനിസ്റ്റ് ലൈംഗീക യുദ്ധങ്ങൾ (Feminist Sex War) വരെയുണ്ടായിട്ടുണ്ട്. അവർ യഥാക്രമത്തിൽ സെക്സ് പോസിറ്റീവ് ഫെമിനിസ്റ്റുകളെന്നും, ആന്റി പോൺ ഫെമിനിസ്റ്റുകളെന്നും അറിയപ്പെടുന്നു. ഇവർ തമ്മിലുള്ള തർക്കങ്ങളും വാഗ്വാദങ്ങളും രസകരമായിരുന്നു.
നമ്മുടെയിടയിൽ ഫെമിനിസ്റ്റുകളേക്കുറിച്ച് ധാരാളം അബദ്ധ ധാരണകളുണ്ട്. അതിൽ ചിലതിന്റെ ശരി തെറ്റുകൾ പരിശോധിച്ചു നോക്കാം.
ഫെമിനിസ്റ്റുകൾ പുരുഷ വിരോധികളാണ് എന്നൊരു തെറ്റിദ്ധാരണ ചിലരെങ്കിലും വച്ചുപുലർത്തുന്നുണ്ട്. അത് ശരിയല്ല. യഥാർത്ഥ ഫെമിനിസ്റ്റുകൾ അവരുടെ ലിംഗ തുല്യതയ്ക്കും നീതിയ്ക്കും മാത്രം പരിശ്രമിക്കുന്നവരാണ്. അവർ പുരുഷ സമൂഹത്തെയാകെ ശത്രുക്കളായി കാണുന്നില്ല. വ്യവസ്ഥിതികളെ മാത്രമാണ് മാറ്റുവാൻ ശ്രമിയ്ക്കുന്നത്. നമ്മുടെ ചില ഫെമിനിസ്റ്റുകൾ ഇതെങ്കിലും അറിഞ്ഞിരിക്കണം.
ഫെമിനിസ്റ്റുകൾ പുരുഷൻമാരുടെ മേൽ ആധിപത്യം ആഗ്രഹിക്കുന്നു. ഹീനമായ ഒരു ആരോപണമാണിത്. യഥാർത്ഥ ഫെമിനിസ്റ്റുകൾ തുല്യതയ്ക്കു വേണ്ടി മാത്രമാണ് ശബ്ദമുയർത്തുന്നത്.
ഫെമിനിസ്റ്റുകൾ വിവാഹമോ ഗർഭദ്ദാരണ മോ ഇഷ്ടപ്പെടുന്നില്ല. ഇതും തെറ്റാണ്. വിവാഹിതർക്കും, അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. കുടുംബ ബന്ധങ്ങളിൽ തുല്യത ഉറപ്പാക്കുവാൻ ശ്രമിക്കുന്നവരുമാണിവർ.
ഫെമിനിസ്റ്റ് എന്നാൽ സ്ത്രീകൾ മാത്രമാണ്. സമാന ചിന്താഗതിയുള്ള ഏതു ലിംഗക്കാർക്കും ഫെമിനിസ്റ്റുകളാകാം.
ലൈംഗീക അരാജകത്ത്വമാണ് ഫെമിനിസം. ലൈംഗീകത സംസാരിക്കണം. എഴുതണം, പ്രചരിപ്പിക്കണം. ഒരു ഫെമിനിസ്റ്റായാൽ ഇങ്ങനെയൊക്കെയാകണം എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ചില ഫെമിനിസ്റ്റുകളടക്കം പലരും. സഭ്യമായ ഭാഷ, ചിന്ത, പ്രവൃത്തി എന്നതാണ് യഥാർത്ഥ ഫെമിനിസ്റ്റ് രീതി. അവർ നല്ല പങ്കാളികളും നല്ല മാതാക്കളും ആയിരിക്കും. മക്കളേയും, പങ്കാളിയേയും, സ്ത്രീകളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പ്രേരിപ്പിക്കുന്നവരുമായിരിക്കും.
എന്തും വെട്ടിത്തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം. ഒരിക്കലുമല്ല എന്നതാണ് ശരിയായ ഉത്തരം. നല്ല രീതിയിൽ കാര്യങ്ങളവതരിപ്പിക്കുക, ബഹുമാനമാർജ്ജിക്കുക എന്നതാണ് ശരിയായ ഫെമിനിസ്റ്റ് രീതി.
ഇനി ഫെമിനിസത്തിന്റെ ആവശ്യമില്ല. വിദ്യാഭ്യാസം, വോട്ടവകാശം, ജോലി എല്ലാം നേടിക്കഴിഞ്ഞു. ഇതും തെറ്റാണ്. വളരെ ത്യാഗങ്ങളിലൂടെയും പുരുഷ ഫെമിനിസ്റ്റുകളുടെ സഹായത്താലും നല്ലൊരു നേട്ടം ഉണ്ടാക്കുവാൻ സാധിച്ചു എന്നത് ശരിയാണ്. എന്നാൽ ഇന്നും പലയിടങ്ങളിലും ഈ തുല്യത കടലാസ്സിൽ മാത്രമായി നിലകൊള്ളുന്നു. രാഷ്ട്രീയം തന്നെ ഇതിന് നല്ലൊരു ഉദാഹരണം.
ഫെമിനിസം എന്നും മഹത്തരമായ ആശയങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഇടയിൽ ചില അപവാദങ്ങളുമുണ്ടായിരിക്കാം. ഇന്നും ഇത് സംഭവിക്കാറുണ്ട്. വ്യക്തമായ ആശയമില്ലായ്മയാണ് ഇക്കൂട്ടരുടെ പ്രധാന പ്രശ്നം. ഇതല്ല ശരിയായ ഫെമിനിസം എന്നു നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
സ്ത്രീകളെ ബഹുമാനിയ്ക്കുന്ന, സ്നേഹിക്കുന്ന, തുല്യാവകാശങ്ങൾക്കായി കരുതലോടെ പ്രവർത്തിക്കുന്ന ഫെമിനിസ്റ്റുകൾ എല്ലാ വീടുകളിലും, എല്ലാ ലിംഗക്കാരിലും ഉണ്ടാകട്ടെ എന്ന് നമുക്കാഗ്രഹിക്കാം.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ