“A reader lives a thousand lives before he dies . . . The man who never reads lives only one.”
– George R.R. Martin
ഏറെ പ്രസക്തമായ ഒരു വചനമാണിത്. വായനയില്ലാത്തവർ ഒരു ജന്മം ജീവിക്കുമ്പോൾ വായിക്കുന്നവർ മരിക്കുന്നതിന് മുൻപ് ആയിരം ജന്മങ്ങൾ ജീവിക്കുന്നു. വായനാശീലമില്ലാത്തവർക്കൊരുപക്ഷേ ഇതിന്റെ അർഥം മനസ്സിലാകുകയില്ല. കാരണം അവന്റെ കാഴ്ച്ചയിൽ എല്ലാവരും ഒരു ജന്മം മാത്രമേ ജീവിക്കുന്നുള്ളൂ. ഇത് തന്നെയാണ് വായിക്കുന്നവരും വായിക്കാത്തവരും തമ്മിലുള്ള വ്യത്യാസം.
വായനയ്ക്ക് പല ഗുണങ്ങളാണുള്ളത്. വായന നമുക്ക് സന്തോഷം തരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏകാന്തവാസം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമെന്ന് പറയാം. അത് മാനസിക പിരി മുറുക്കം കുറയ്ക്കും. നല്ല ഉറക്കം തരും. ( പേടിപ്പെടുത്തുന്ന കാര്യങ്ങൾ വായിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടേക്കാം.) വർഷങ്ങളെടുത്താലും സമ്പാദിക്കുവാൻ കഴിയാത്ത ചില അറിവുകൾ നിമിഷങ്ങൾക്കുള്ളിൽ പകർന്നു തരുവാൻ വായനക്ക് കഴിയും. വായന നമ്മുടെ ഭാഷയെയും ആശയവിനിമയത്തെയും സമ്പുഷ്ടമാക്കുന്നു. നമ്മെത്തന്നെ മനസ്സിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം മനസ്സിനെയും ശുദ്ധമാക്കുന്നു. വായനയുടെ ഗുണങ്ങൾ വിരലുകളിൽ എണ്ണിത്തിട്ടപ്പെടുത്തുവാനാകില്ല.
വായന കുറഞ്ഞു വരുന്നു എന്നൊരു പരാതി അടുത്തയിടെ കേട്ടുതുടങ്ങിയിരിക്കുന്നു. പത്ര മാസികകളുടേയും, പുസ്തകക്കച്ചവടങ്ങളുടെയും കണക്കെടുത്തിട്ടാണ് ഇത്തരമൊരു അഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ടാകുക. വായന കൂടി എന്നാണെന്റെ അഭിപ്രായം. ഒരു നിസ്സാര സംശയം പോലും ഗൂഗിൾ ചെയ്തു ഉറപ്പുവരുത്തുന്ന ഒരു സംസ്കാരം ഉടലെടുത്തു കഴിഞ്ഞു. എന്തും ഏതും നമ്മുടെ വിരൽത്തുമ്പിലായി കഴിഞ്ഞുവെന്ന് സാരം. നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റ് എത്ര സ്വാധീനം കൈവരിച്ചിരിക്കുന്നു എന്നോർക്കുക.
ഇത്തരം അവസരത്തിൽ നമ്മൾ കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ഇന്ന് മിക്ക പത്ര മാധ്യമങ്ങൾക്കും ഇന്റർനെറ്റ് പതിപ്പുകൾ നിലവിലുണ്ട്. എന്തിനേറെ സ്വന്തമായി ആപ്പുകൾ നിർമ്മിച്ച് അവരുടെ വായനക്കാരെ കൂട്ടുക എന്ന നയത്തിലേക്കു മിക്ക പ്രസിദ്ധീകരണങ്ങളും എത്തിച്ചേർന്നിരിക്കുന്നു. ഇത് വായനക്കാരിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇവിടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി. അച്ചടി മാധ്യമങ്ങളിൽ നിന്നും ഓൺലൈൻ മാധ്യമൾക്കു ലഭിക്കുന്ന ചില പ്രയോജനങ്ങൾ നമുക്ക് പരിശോധിക്കാം.
വ്യാപനം അഥവാ Reach ആണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏതു മൂലയിലുള്ളവർക്കും, രാജ്യങ്ങളുടെ അതിർവരമ്പുകളില്ലാതെ, തത്സമയം വായിക്കുവാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടു തന്നെ വായനക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. ഒരിക്കലും അച്ചടി മാധ്യമത്തിന് ഇത്രയേറെ ആളുകളിലേക്കെത്തുവാൻ സാധ്യമല്ലല്ലോ? മാധ്യമം വായനക്കാരിലെത്തിക്കുവാൻ വേണ്ട ചെലവുപോലും ഓൺലൈനിൽ എത്ര നിസ്സാരം.
വായനക്കാരുടെ എണ്ണം, താൽപ്പര്യം തുടങ്ങിയവ മനസ്സിലാക്കുവാനും ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയും. വായനക്കാരോട് സംവദിക്കുവാൻ കഴിയും എന്നൊരു സവിശേഷതകൂടി ഇത്തരം മാധ്യമങ്ങൾക്കുണ്ട്. വായനക്കാർക്കു അപ്പപ്പോൾ തന്നെ എഴുത്തുകാരുമായി ആശയവിനിമയം നടത്തുന്നതിനോ അവസരം കൂടുന്നു എന്നത് എഴുത്തുകാരെയും ജാഗരൂകരാക്കും.
എഴുത്തുകാർക്കും ഇത് നല്ലൊരു വേദിയാണ്. അവരുടെ എഴുത്തുകൾ ഷെയർ ചെയ്യുക വഴി അതിവേഗം പ്രചരിപ്പിക്കുവാൻ ഇതിലും നല്ലൊരു മാധ്യമം വേറെയുണ്ടാകുകയില്ല. വായനക്കാരുമായി നേരിട്ട് സംവദിക്കുവാനും, കൃത്യമായ വിമർശനങ്ങളുൾക്കൊണ്ടു തങ്ങളുടെ സൃഷ്ടികളെ മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ മാധ്യമം ഇതു തന്നെ. വായനക്കാരെ മനസ്സിലാക്കുവാനും, മാറ്റങ്ങൾ വരുത്തുവാനും സാധിക്കും എന്നൊരു അധിക മേന്മ കൂടിയുണ്ടിതിന്.
വായനയുടെ സൗകര്യമാണ് മറ്റൊന്ന്. വാങ്ങുവാനായി ഒരിടം തേടേണ്ടതില്ല, ലഭിക്കുവാനായി കാത്തിരിക്കേണ്ടതില്ല. എവിടെയിരുന്നും വായിക്കാം. ഓഫീസിൽ, വീട്ടിൽ, യാത്രയിൽ. കയ്യിൽ സൂക്ഷിക്കേണ്ടതില്ല, മറന്നുപോകുമെന്നു ഭയപ്പെടേണ്ടതില്ല. സൗകര്യാനുസരണം ഭാഗീകമായും വായനയാവാം. ഒരു മാസിക അല്ലെങ്കിൽ ഒരു പുസ്തകം വാങ്ങുന്നതിന്റെ ചിലവുമില്ല. സ്വന്തമായി ഇന്റർനെറ്റ് ഇല്ലാത്തവർക്കു പോലും സൗജന്യമായി കിട്ടുന്ന സ്ഥലങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തു വായനയ്ക്കായി സൂക്ഷിക്കുകയുമാകാം.
ഇതിലൊക്കെയുപരി കടലാസ് ഒഴുവാക്കുന്നതു വഴി മരങ്ങൾ മുറിക്കുന്നത് കുറയ്ക്കാം. പ്രകൃതിയുടെ ഭാഗമാകാം. ഒരു ടൺ കടലാസ് നിർമ്മിക്കുവാൻ ഇരുപത്തിനാല് മരങ്ങൾ വേണമെന്നാണ് കണക്ക്. കടലാസിന്റെ പാഴ്‌ച്ചെലവ് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുവാനും ഇത്തരം മീഡിയകൾക്ക് സാധിക്കും.
ഓൺലൈൻ വായനക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നില്ല. എന്നാൽ പഠനം പോലും ഓൺലൈനിലായ ഇക്കാലത്ത് ഇത്തരം മാധ്യമങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുവാൻ കഴിയുകയില്ലല്ലോ.
ഇതിവൃത്തം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ