നീ പെരുകുന്നു
കടിഞ്ഞൂൽപേറിലെ ആയിരം
ചിലന്തികുഞ്ഞുങ്ങളെപോലെ
ഒരുവലിയ മറയ്ക്കുള്ളിൽ
നീ അവയെ മൂടിവെച്ചു
നെഞ്ചോടുചേർത്തു
കൊഞ്ചിക്കും
തന്നോളമെത്തുന്നതുവരെ.
പെട്ടെന്നൊരുനാളവരെ മേയാൻ വിടും
വിശപ്പിന്റെ ആർത്തിയാലവർ പരതും
അരികിലുള്ളതിനെയൊക്കെ
പ്രാപിക്കും
വിശപ്പകലുമ്പോൾ അടങ്ങും
വിശ്രമവേളകളൊഴിയും
മൂത്ത വിശപ്പാലവരുണരും
വലകെട്ടി ഇരകളെ വീഴ്ത്തും
ഇരകളാൽ സദ്യ ഒരുക്കും
അവരവരുടെഇണകളെ കൂട്ടും
അവർക്കും സദ്യ വിളമ്പും
ദ്രവിച്ച മജ്ജകളുടെ
അഴുകിയ വൃണങ്ങളുടെ
തുരന്ന ഹൃദയങ്ങളുടെ
പുഴുക്കുത്തേറ്റ കരളിന്റെ സദ്യ …
പതിയെ വിഴുങ്ങിത്തുടങ്ങും
കുടൽമാലകൾ കഴുത്തിലിട്ടവർ
നിവരും
കണ്ണുകൾ ചൂഴ്ന്നെടുത്തവർ പിറുപിറുക്കും
വിരലുകളറുത്തവരെറിയും
രോമകൂപങ്ങൾക്ക്‌പോലും
വിഷംതളിക്കും
മുറ്റിയ ചില്ലകളൊടിക്കും
തളിർനാമ്പുകളരിയും
മാതൃത്വം പോലുംപിഴുതെടുക്കും
സ്മരണകൾക്കുനിത്യശാന്തി ചൊല്ലും
എണ്ണത്തിനുപ്പുറമവരൊത്തുചേരും
മുള്ളുകൾപൊതിഞ്ഞ കാലുകളോടെ
ക്രൗര്യം മുറ്റിയകണ്ണുകളോടെ
പുതിയ ഇരകൾക്കായി വലകൾ നെയ്തു
വീണ്ടുമവർ കാത്തിരിക്കും
ഒരേയിലയിലുണ്ടവർമടുക്കും
ആവർത്തന വിരസതയോടെ നിന്നെ നോക്കും
പുതിയരുചികളറിയാൻ വെമ്പും
പിന്നെ നിന്നിലേക്കവർതിരിയും
നിന്നെ രുചിക്കുവാൻ……
നീ തൊടുത്തുവിട്ട അമ്പുകൾ
നിന്റെ നെഞ്ചിലേക്കെയ്യുവാൻ……..
ശരണ്യ ലക്ഷ്മി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ