2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ഒരു ഫേസ്ബുക്ക് പ്രണയകഥ


 

സമയം രാത്രി പന്ത്രണ്ടു മണി….

അവൾ വരാമെന്നു പറഞ്ഞ നേരം…

അയാൾ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേറ്റു, ലൈറ്റിട്ടു….

കിടക്കയുടെ മറ്റേ അറ്റത്ത് മലാമലർക്കനെ കിടന്ന് കൂർക്കം വലിച്ചുറക്കമാണ്, സഹധർമ്മിണി….

ഹൌ…. എന്തൊരു കോലം….

ആനക്കുട്ടിപോലെ….

അയാൾക്ക്‌ അവളോട്‌ വെറുപ്പുതോന്നി….

കല്യാണസമയത്ത് അവൾക്കിത്രയും വണ്ണമൊന്നുമില്ലായിരുന്നു….

ഇതിപ്പോ വീട്ടിലിരുന്നു തിന്നുക, ഉറങ്ങുക, സീരിയലുകൾ കാണുക….

ഇതൊക്കെയല്ലേ അവളുടെ പ്രധാന ഹോബി….

ഒന്ന് എക്സർസൈസ് ചെയ്യാൻ പോലും അവൾക്ക് മടിയാ….

ശവം….

അയാൾ പിറുപിറുത്തുകൊണ്ട് ലൈറ്റ് ഓഫാക്കി, ഒച്ചയുണ്ടാക്കാതെ മുറിയുടെ വാതിൽ തുറന്നു…

പിന്നെ നേരെ ബാൽക്കണിയിലേക്ക്…

ഉറങ്ങാൻ കിടന്നാൽപ്പിന്നെ, നേരം വെളുത്താലേ അവളുണരൂ….

അതിനിടയിൽ ആരെങ്കിലും പൊക്കിക്കൊണ്ടുപോയി കടലിലിട്ടാലും അവളറിയില്ല….

അതുകൊണ്ട്, ഉണർന്ന് പിറകെ വരുമെന്ന പേടിയുമില്ല….

അയാൾ ആശ്വാസത്തോടെ ബാൽക്കണിയിലെ ചൂരൽ ഊഞ്ഞാലയിൽ ചെന്നിരുന്നു….

മോളുടെ പതിനാലാം പിറന്നാളിന് സമ്മാനമായി അയാൾ നൽകിയതാണ് ആ ഊഞ്ഞാൽ…

ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് അയാൾ മൊബൈൽ ഓണാക്കി ഫേസ്ബുക് തുറന്നു…..

പന്ത്രണ്ട് ഏഴായല്ലോ….

അവളുടെ പച്ചവെളിച്ചം കാണാഞ്ഞ് അയാൾക്കാകെ പൊറുതിക്കേടായി…

ഇനിയവളുടെയാ ഫ്രോഡ് തന്തയെങ്ങാനും ഉറങ്ങാതെ ഇരിപ്പുണ്ടോ ആവോ….

അവളുടെ തന്തപ്പടിക്ക് രാത്രിയിൽ ഉറക്കം കുറവാണത്രേ….

ഒരു ദിവസം ചാറ്റിങിനിടയിൽ അവൾ പറഞ്ഞത് അയാളോർത്തു….

ഹോ… ദാ…

അവളുടെ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു…

അയാളൊന്നുഷാറായി….

പതിവുപോലെ ചാറ്റിങ് തുടങ്ങി….

ഫേസ്ബുക്കിലെ പുതിയ പെൺസുഹൃത്താണ്…

ഇരുപത്തിമൂന്നുകാരി ക്ലാര….

പ്രൊഫൈൽ പിക്ചറായി ഒരു പൂച്ചക്കുട്ടിയുടെ ഫോട്ടോ….

അതുകണ്ടാണ് പൂച്ചപ്രേമിയായ താൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്….

മൂന്നുനാലു ദിവസത്തേക്ക് ഒരു അനക്കവുമുണ്ടായില്ല….

ഒരുദിവസം രാത്രിയിൽ, പതിവുപോലെ സ്ഥിരമായി ചാറ്റാറുള്ള നാലഞ്ചു പെൺസുഹൃത്തുക്കളുമായി ചാറ്റൽമഴ പൊഴിക്കുമ്പോഴാണ് അവൾ തന്റെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്…..

പതിയെപ്പതിയെ പഴയ കേസുകെട്ടുകളൊക്കെ വിട്ട് അവളോടുമാത്രമായി കിന്നാരം….

പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോബും ഉള്ളതുകൊണ്ട് അവൾ ഈ നട്ടപ്പാതിരാക്കേ ഫ്രീ ആവുകയുള്ളൂ….

പതിവുപോലെ കിന്നാരം തുടങ്ങി…

അവളോടിങ്ങനെ കൊഞ്ചിക്കൊണ്ടിരിക്കാൻ എന്തു രസമാണെന്നോ….

ചിലപ്പോൾ തോന്നും അവളൊരു കൊച്ചുകുട്ടിയാണെന്ന്….

ചിലപ്പോൾ തോന്നും അമ്മൂമ്മയാണെന്ന്…

എന്തായാലും അവളില്ലാതെ വയ്യെന്നായിരിക്കുന്നു…..

“എന്റെ ദേവൂട്ടനെ….

(അങ്ങനെയാണവളയാളെ വിളിക്കാറ്)

എനിക്കൊന്നു നേരിൽ കാണണം….

ഇനി സഹിക്കാൻ വയ്യ… ദേവൂട്ടാ…”

ഇക്കിളിപ്പെടുത്തുന്ന വാക്കുകൾക്കും ചുംബന സ്മൈലികൾക്കുമിടയിൽ അവൾ പറഞ്ഞു …

കുറെ ദിവസമായി ഇതാവർത്തിക്കുന്നു…

വിവാഹത്തെക്കുറിച്ചൊക്കെ അവൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു….

അവളെ പറഞ്ഞിട്ടും കാര്യമില്ല…

താനവൾക്ക് സൂര്യദേവ് ആണല്ലോ…

ഇരുപത്തേഴുകാരൻ, സുമുഖൻ, സുന്ദരൻ…..

തിരക്കുള്ള ബിസിനസുകാരൻ…

താൻ പഴയ പ്രീഡിഗ്രിക്കാരൻ സോമശേഖരനാണെന്നും, ഓട്ടോ ഡ്രൈവറാണെന്നും ഭാര്യയും രണ്ടു മക്കളുമുണ്ടെന്നും, മൂത്ത മകൾ പ്ലസ്ടു വിന് പഠിക്കുകയാണെന്നുമൊന്നും അവൾക്കറിയില്ലല്ലോ….

മറ്റൊരു ചുള്ളൻ ചെക്കന്റെ ഫോട്ടോയാണ് പ്രൊഫൈലിൽ ചേർത്തിരിക്കുന്നത്….

അതുകണ്ട് പ്രണയം മൂത്തിട്ടാ അവളിപ്പോ ഇങ്ങനെ…..

ഓർത്തപ്പോൾ, അയാൾക്ക്‌ ചിരിവന്നു….

തുടർന്നുള്ള ദിവസങ്ങളിലും ക്ലാരക്കൊപ്പമുള്ള ചാറ്റൽമഴ, പൂർവാധികം ശക്തിയോടെ പെയ്തുകൊണ്ടേയിരുന്നു….

ഇനിയും പിടിച്ചുനിൽക്കാൻ വയ്യ….

അവൾ പറഞ്ഞപോലെ നേരിൽ കാണുക തന്നെ….

അന്നത്തെ ചാറ്റിംഗിന് ശേഷം അയാളുറപ്പിച്ചു….

കാണുന്ന സ്ഥലം…

സമയം…

എല്ലാം നാളെ പറഞ്ഞുറപ്പിക്കണം….

അയാൾ മെല്ലെ കിടക്കയിലേക്ക് ചെരിഞ്ഞു….

“ഹൌ….. എന്തൊരു ശല്യം….”

തന്റെ നെഞ്ചിലേക്ക് എടുത്തിട്ട ഭാര്യയുടെ കൈ അയാൾ വെറുപ്പോടെ എടുത്തുമാറ്റി….

പിറ്റേന്ന് രാത്രിയിൽ അവർ കാണുന്ന സ്ഥലവും സമയവും പറഞ്ഞുറപ്പിച്ച് പിരിഞ്ഞു….

അന്നയാൾ നേരത്തെയുണർന്നു….

നരകയറിയ മീശരോമങ്ങളും മുടിയിഴകളും ഡൈ ചെയ്തു കറുപ്പിച്ചു…

തലേന്ന് ഫാൻസിയിൽ നിന്നും വാങ്ങിയ ക്രീം മുഖത്താകെ വാരിപ്പൊത്തി….

പൌഡറിട്ട് മുഖംമിനുക്കി…

ഇന്നലെ വാങ്ങിക്കൊണ്ടുവന്ന പുതിയ ജീൻസും ടീഷർട്ടും അലമാരയിൽ നിന്നും എടുത്തണിഞ്ഞു…

പിന്നെ ചാഞ്ഞും ചരിഞ്ഞും കണ്ണാടിയിൽ നോക്കി….

കൊള്ളാം….

ആകെയൊരു ആനച്ചന്തമൊക്കെയുണ്ട്…

പിന്നെ, കഷണ്ടി മറക്കുന്നതിനായി തൊപ്പിയെടുത്ത് തലയിലിട്ട് ആരും കാണാതെ പുറത്തിറങ്ങി….

സരോവരം പാർക്ക്‌ എന്നാണവൾ പറഞ്ഞത്….

സമയം പത്തുമണി….

അയാൾ പാർക്കിലെ വലിയൊരു മരച്ചുവട്ടിലുള്ള ബെഞ്ചിൽ ചാരിയിരുന്ന് വാച്ചിലേക്ക് നോക്കി…

പത്തുമണി കഴിഞ്ഞ് പതിനേഴു മിനിറ്റ്…

അവളിപ്പോൾ വരും….

അയാളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ട്….

കഴിഞ്ഞയാഴ്ച ഡോക്ടറെ കാണാൻ പോയപ്പോൾ ഇത്തിരി പ്രഷർ കൂടുതലാണെന്ന് പറഞ്ഞിരുന്നു….

ദൈവമേ….

എല്ലാം മിന്നിച്ചേക്കണേ…

അയാൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു….

സമയം പത്തര കഴിഞ്ഞു….

അവളിനിയും എത്തിയിട്ടില്ല….

ഒന്ന് വിളിച്ചുനോക്കാമെന്നുവച്ചാൽ നമ്പറും അറിയില്ലല്ലോ…..

അയാളുടെ പരവേശം കൂടി…

മരത്തിൽ ചാരിക്കൊണ്ട് കനാലിൽ താറാവുകൾ നീന്തുന്നതും നോക്കി അയാളിരുന്നു…

നല്ല കാറ്റ്….

ഇന്നത്തെ കൂടിക്കാഴ്ചയും സ്വപ്നം കണ്ടു കിടന്നതുകൊണ്ട് രാത്രിയിൽ ഒട്ടും ഉറങ്ങിയിരുന്നില്ല….

കാറ്റിന്റെ തഴുകലിൽ ഇടക്കിടെ കണ്ണുകൾ അടഞ്ഞുപോകുന്നു….

അയാൾ ശ്രമപ്പെട്ട് കണ്ണുകൾ അടക്കാതെ നിന്നു

പെട്ടെന്ന് പിന്നിൽ നിന്നൊരു തോണ്ടൽ….

മനസ്സിൽ കുളിർമഴ പെയ്തിറങ്ങിയ സുഖം….

അതെ,

അതവൾ തന്നെ….

അവളുടെ മഞ്ഞ നിറമുള്ള ഷാൾ കാറ്റിൽ തന്റെ മുഖത്തേക്ക് പാറിവരുന്നു….

തന്റെ വേഷത്തിന്റെ നിറം തിരിച്ചറിഞ്ഞ് അവൾ അരികിലെത്തിയിരിക്കുന്നു….

തന്നെ കണ്ടാൽ അവൾ എന്തുപറയും???

ഫോട്ടോയിൽ കാണുന്ന ആളേയല്ലല്ലോ താൻ….

പിടക്കുന്ന ഹൃദയത്തോടെ, മൂക്കിന് താഴേക്കു കെട്ടിയിരുന്ന കർച്ചീഫ് അഴിച്ചുകൊണ്ട് അയാൾ തിരിഞ്ഞു….

അവളെക്കണ്ടതും….

അയാളുടെ ഹൃദയത്തിലൂടെ കൊള്ളിയാൻ മിന്നി….

അയാളെ തിരിച്ചറിഞ്ഞ നിമിഷം….

അവളുടെ തൊണ്ടയിൽ നിന്നും ഒരു നിലവിളിയുയർന്നു….

ആ നിലവിളി മുഴുമിക്കാനാകാതെ അവൾ തിരിഞ്ഞോടി….

ഓട്ടത്തിനിടയിൽ കാലുകൾ കുഴഞ്ഞ് അവളാ പാർക്കിലെ പരുപരുത്ത നടപ്പാതയിൽ തളർന്നുവീണു….

ബോധം തെളിയുമ്പോൾ അയാൾ ആശുപത്രികിടക്കയിലായിരുന്നു….

അരികിൽ കണ്ണീരോടെ അയാളുടെ പ്രിയതമ….

എന്താ പറ്റിയേ…. സോമേട്ടാ….

നിങ്ങളെയാരാ വിളിച്ചു പറഞ്ഞേ….

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു

അവളോട്‌ എന്തു മറുപടി പറയണമെന്നറിയാതെ അയാൾ കുഴങ്ങി….

രണ്ടുപേരെയും ഒരേ വണ്ടിയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും, അവളിപ്പോൾ ഐ.സി.യു വിലാണെന്നും, ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്നും, വളരെ ക്രിട്ടിക്കലാണെന്നും അളിയൻ പറഞ്ഞു….

എന്താണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയിട്ടില്ല എന്നെനിക്ക് മനസ്സിലായി….

“ഇന്നലെ എന്നെയും കൂട്ടി പോയി വാങ്ങിച്ചതാ ഇത്… “

അവളുടെ മഞ്ഞ ഷാളും നെഞ്ചോടു ചേർത്തുകൊണ്ട് അമ്മ വിതുമ്പി….

നടക്കാമെന്നായപ്പോൾ ഞാൻ ചെന്ന്

ഐ. സി. യു വിന്റെ ഗ്ലാസ്സിലൂടെ അവളെയൊന്നു നോക്കി….

ഏതൊക്കെയോ യന്ത്രങ്ങൾക്ക് നടുവിൽ വാടിയ താമരത്താളുപോലെ കിടപ്പുണ്ട് തന്റെ സ്വന്തം….

തന്റെ ചോര….

തന്നെ ആദ്യമായി അച്‌ഛാന്നു വിളിച്ച പൊന്നുമോൾ…..

ആ കിടപ്പുകണ്ട്‌ അയാളുടെ ഹൃദയം നുറുങ്ങി….

വയ്യ….

സഹിക്കാൻ പറ്റുന്നില്ല….

ഇരുകൈകളും മുഖത്തമർത്തി അയാൾ ആർത്തുകരഞ്ഞു….

ആ കരച്ചിലിന്റെ അർത്ഥം മനസ്സിലാക്കാൻ അവിടെയുണ്ടായിരുന്ന ആർക്കും സാധിക്കുമായിരുന്നില്ലല്ലോ….



 സാബി തെക്കേപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ