2022 മാർച്ച് 3, വ്യാഴാഴ്‌ച

വിശ്വാസം നഷ്ടപ്പെടുമ്പോൾ..


 

നീതി ദേവതയുടെ

കണ്ണുകൾ കറുത്ത

കരങ്ങളാൽ

മൂടപ്പെട്ടിരിക്കുന്നു..

നിമിഷങ്ങൾക്കകം

അയാൾ

സ്വതന്ത്രനാകുന്നു..

കണ്ണുകളിൽ എല്ലാം

കീഴടക്കിയവന്റെ

അഹന്ത മിന്നി മറയുന്നു.

മൂഢർ  മധുരം വിളമ്പുന്നു..

തെല്ലിട അവന്റ

കണ്ണുകൾ

അവളിലേക്കു നീങ്ങുന്നു..

നിയമം നിഷേധിക്കപ്പെട്ട്

വിശ്വാസം മരിച്ചവൾ

പതിയെ പടിയിറങ്ങുന്നു..

എങ്ങോട്ടെന്നില്ലാതെ.

ഒറ്റയാകപ്പെടുന്നു..

ഒറ്റയ്ക്കാക്കപ്പെടുന്നു..

ഹേ ' നീതി പീഠമേ..

നിന്നെ നോക്കി

പല്ലിളിക്കുന്നു കുറ്റവാളികൾ.. '

പാരിതോഷികങ്ങൾ

പങ്കിടുന്നു അപരാധികൾ..

പലതും പുകമറയിൽ

മാഞ്ഞുപോയീടുകിൽ

ഇനിയും ഞങ്ങൾ

എന്തിനു നിന്നിൽ

വിശ്വാസം അർപ്പിക്കണം.

 

നന്ദു പാരിസ്

തിരിച്ചറിവ്


 

'യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്.'

 അനൗൺസ്മെന്റ് ശ്രുതിയെ ചിന്തയിൽ നിന്നും ഒന്നുണർത്തി. ട്രെയിൻ ഇനിയും ഒരു മണിക്കൂർ ലേറ്റ്. രാവിലെ ഒൻപത്  മണിക്ക് വന്നിരുന്നതാണ്. കിട്ടിയ വണ്ടിക്ക് 'പാലക്കാട്' എത്തണം. മറ്റൊന്നും ചിന്തിച്ചില്ല.

പ്ലാറ്റുഫോമിലേക്ക്  തിരക്ക് കൂടി കൂടി വരുന്നു. ചുറ്റുപാടും നോക്കി.  പരിചയക്കാരെ ആരേയും കാണല്ലേ എന്നു പ്രാർത്ഥിച്ചു. ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുകയാണ്.

നീതുവിന്റെ കയ്യും കാലും, വായും വെറുതെയിരിക്കില്ല. " നീതൂ .... അവിടെ ഒന്നടങ്ങിയിരിക്ക് "     ശ്രുതിയുടെ ശബ്ദം ഒന്നുയർന്നു.

 അടുത്തിരിക്കുന്ന വൃദ്ധ ദമ്പതികൾ അവരെ ഒന്നു നോക്കി. വൃദ്ധനെന്തോ മോളുടെ കുസൃതികൾ ഇഷ്ടപെട്ടില്ലെന്നു  തോന്നുന്നു. കുലീനത്വം തോന്നിക്കുന്ന മുഖത്തോടു കൂടിയ വൃദ്ധ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവർ ശ്രുതിയോടു ചോദിച്ചു.

"എവിടേക്കാ ; മോളേം കൊണ്ട് "

"പട്ടാമ്പി "

" ഒറ്റക്കേയുള്ളൂ ; മോൾടെ അച്ഛൻ ?"

"അവർക്കെന്തോ തിരക്ക് "

 എന്തോ ഭാഗ്യത്തിന് അവർ പിന്നെ ഒന്നും ചോദിച്ചില്ല. ഏതോ ഒരു ട്രെയിൻ വന്നു നിന്നു . സ്റ്റേഷൻ ഒന്നുണർന്നു.

ചായ' 'കാപ്പി' വിളികളിൽ മുഖരിതമായി ആ പരിസരം. നീതു 'പരിപ്പുവട' ക്കായി ചിണുങ്ങൽ തുടങ്ങിയിട്ട് കുറച്ചു നേരമായി. കയ്യിൽ  ഉണ്ടായിരുന്ന നൂറുരൂപയുമായി ഇറങ്ങിയതാണ്. ടിക്കറ്റ് എടുത്തതിന്റെ ബാക്കി കയ്യിലുണ്ട്. അത് ചിലവാക്കിയാൽ വീട്ടിലേക്കെത്തൽ ബുദ്ധിമുട്ടാവും. നീതുവിന്റെ ശ്രദ്ധ അതിൽ നിന്നൊക്കെ മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 പെട്ടന്ന്  ... വികൃതമായ ചെളി  കട്ടപിടിച്ച നഖങ്ങൾ ഉള്ള ഒരു മുഷിഞ്ഞ കൈ നീതുവിന്റെ മുന്നിലേക്ക് നീണ്ടു. നീട്ടി പിടിച്ച കൈകളിൽ പാതി കടിച്ച ഒരു പരിപ്പുവടയുമായി ഒരു ഭ്രാന്തൻ. കറ പിടിച്ച പല്ലുകൾ മുഴുവൻ പുറത്തേക്കു കാണിച്ച് ചിരിക്കുകയാന്നയാൾ.

 നീതുവിനെ ശ്രുതി കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു. അവൾ അയാളെ തുറിച്ചു നോക്കി. കീറി പറിഞ്ഞ ഷർട്ടും പാന്റും . കുളിച്ചിട്ട് മാസങ്ങൾ ആയിട്ടുണ്ടാവും. കാടു പിടിച്ച പോലെ മുടിയും താടിയും . കാണുമ്പോൾ തന്നെ ഭീകരതയും, അറപ്പും ഉളവാക്കുന്ന രൂപം.

 ഒരു നിമിഷം തനിച്ച് പുറപ്പെട്ട സമയത്തെ ശ്രുതി ശപിച്ചു. പക്ഷേ രാവിലെ കിട്ടിയ മുഖത്തെ പാടുകൾ മറന്നു കളയാനും അവൾക്കായില്ല. തിണർത്തു കിടക്കുന്നുണ്ട് പ്രതിപാദ്യം ഇപ്പോഴും തന്റെ ഭാഗത്തും തെറ്റുകളുണ്ട്. പക്ഷേ സമ്മതിച്ചു കൊടുക്കാനും വയ്യ.

 രണ്ടു വർഷത്തെ പ്രണയം. വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ സ്നേഹം കൊണ്ട് നിറക്കുകയായിരുന്നു ദിനേശേട്ടൻ. അന്നത്തെ ദിനങ്ങൾ എന്നാണ് തനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്. നീതുവിന്റെ വരവോടു കൂടി ദിനേശേട്ടനെ അത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. തന്നെ മനസ്സിലാക്കാൻ ഏട്ടനും ശ്രമിച്ചിട്ടില്ല.

രാവിലെ തിരക്കിട്ട പണികൾക്കിടയിലായിരുന്നു ആക്രോശം.

 " ടീ ... ചായ എടുത്തില്ലേ ഇതുവരെ? "

 ദേഷ്യം ഇരച്ചു കയറി. രാവിലെ അഞ്ച് മണിക്ക് കയറിയതാണ് അടുക്കളയിൽ . ഒന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാം മുന്നിലെത്തിക്കണം. ഒക്കത്ത് നിന്ന് മോളെ താഴെ ഇറക്കി ദേഷ്യം തീർക്കാൻ എന്ന വണ്ണം  ചായ ഗ്ലാസ്സ് ഒന്നമർത്തി തന്നെ ടീപ്പോയിൽ വച്ചു. ടീപ്പോയുടെ അടിയിൽ ഇരുന്ന മോളുടെ കയ്യിലേക്ക് ഏതാനും തുള്ളികൾ തെറിച്ചു.

 പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. ദിനേശേട്ടൻ എഴുന്നേൽക്കുന്നതും മാർദ്ദവമില്ലാത്ത ആ കരങ്ങൾ തന്റെ കവിളിൽ പതിച്ചതും ഓർമ്മയുണ്ട്. കരഞ്ഞു തളർന്ന് കുറേ നേരം കട്ടിലിൽ കിടന്നു. ദിനേശേട്ടൻ ഒന്നും കഴിക്കാതെ ഓഫീസിലേക്കു പോയെന്നു തോന്നുന്നു. കയ്യിൽ കിട്ടിയ ഡ്രസ്സുമായി ഇറങ്ങിയതാണ്. അതിനിടയിൽ മോൾക്കൊന്നും കഴിക്കാൻ കൊടുത്തുമില്ല. പാൽ കയ്യിൽ കരുതിയിരുന്നു. ശ്രുതി വേഗം പാൽക്കുപ്പി ബാഗിൽ നിന്നെടുത്ത് മോൾക്കു കൊടുത്തു.

 "അമ്മേ .... എനിച്ചു പാൽ വേണ്ടമ്മേ... പപ്പുവട മതിയമ്മേ " അവൾ വീണ്ടും ഭ്രാന്തന്റെ പരിപ്പുവട നോക്കി ചിണുങ്ങാൻ തുടങ്ങി.

 അടുത്തിരുന്ന വൃദ്ധ ദമ്പതികളിലെ വൃദ്ധൻ എന്തൊക്കെയോ പറഞ്ഞ് ഭ്രാന്തനെ ഓടിച്ചു വിട്ടു. നീതുവിന്റെ കരച്ചിൽ ഉച്ചസ്ഥാനത്തിലെത്തി. എന്തായാലും വട വാങ്ങാതെ നിവൃത്തിയില്ല. അവളുടെ കൈയ്യും പിടിച്ച് റയിൽവേ കാന്റീനിലേക്ക് നടന്നു.

 വീട്ടിലേക്കുള്ള യാത്രയിൽ ദിനേശേട്ടൻ എന്നും വാങ്ങിത്തരാറുള്ള പ്രിയപ്പെട്ട ' ഉഴുന്നുവട' ചില്ലു കൂട്ടിൽ

തന്നെ കാണാതെ വിഷമിച്ചിട്ടുണ്ടാകുമോ? ഫോണിൽ വിളിച്ചിട്ടുണ്ടാകും. കാണാതായപ്പോൾ പരിഭ്രമിച്ച് ഓടി നടക്കുന്നുണ്ടാവും. നടക്കട്ടെ കുറച്ച്. തന്റെ വിഷമം അറിയാത്ത ആളുടെ ഒപ്പം ഇനി ജീവിക്കണ്ട. എന്തൊക്കെയോ ചിന്തകൾ. കാശ് കൊടുത്ത് തിരിഞ്ഞു നോക്കിയപ്പോൾ മോളെ കാണാനില്ല.

 " നീതൂ .... മോളേ"  ശ്രുതിയുടെ ഹൃദയ താളം വേഗത്തിലായി . കണ്ഠം ഇടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി.

മോൾ പ്ലാറ്റ്ഫോമിന്റെ അറ്റത്തെത്തിയിരിക്കുന്നു. ട്രെയിൻ ചൂളം വിളിച്ച് ദൂരെ നിന്ന് വരുന്നുണ്ട്. അതാ അവൾ താഴേക്കു വീഴുന്നു.

 അത്ര മാത്രമേ ഓർമ്മയുള്ളൂ. കണ്ണു തുറക്കുമ്പോൾ പ്ലാറ്റ്ഫോമിലെ ബഞ്ചിൽ താൻ കിടക്കുന്നു. ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്. ആ വൃദ്ധ ദമ്പതികളുടെ കയ്യിൽ ഗീതു മോളും.

 " മോളേ ..." കരച്ചിലിനിടയിൽ ശബ്ദം പുറത്ത് വന്നില്ല. തുരുതുരെ ഉമ്മകൾ കൊണ്ട് നിറച്ചു. ഗീതുവിന് ശ്വാസം മുട്ടിയെന്ന് തോന്നുന്നു.

 "ആ പ്രാന്തൻ ഇല്ലായിരുന്നെങ്കിൽ ഈ കുട്ടി ഉണ്ടാവുമായിരുന്നില്ല."

"എത്ര പെട്ടന്നാ പ്രാന്തൻ താഴേക്കിറങ്ങി കുട്ടിയെ രക്ഷിച്ചേ"

 യാത്രക്കാർ ശ്രുതിയോടായി ഇങ്ങനെ എന്തൊക്കെയോ പറയുന്നു. ശ്രുതിയുടെ കണ്ണുകൾ ഭ്രാന്തനു വേണ്ടി അലഞ്ഞു. ദൂരെ പരിപ്പുവടയും പിടിച്ചു കൊണ്ട് , ആരെയോ പ്രതീക്ഷിച്ചു കൊണ്ട് അയാൾ തന്റെ വികൃതമായ പല്ലുകൾ പുറത്തു കാട്ടി ചിരിക്കുന്നു. ട്രെയിൻ കാത്തു നിൽക്കാതെ ഗീതു മോളേയും കൊണ്ട് ഓട്ടോറിക്ഷ  ലക്ഷ്യമാക്കി നടന്നു. അപ്പോഴും കരയുന്ന ദിനേശേട്ടന്റെ മുഖവും ചിരിക്കുന്ന  ഭ്രാന്തന്റെ മുഖവും മനസ്സിൽ തിരിച്ചറിവിന്റെ പാത വെട്ടിത്തെളിക്കുകയായിരുന്നു.

 

സുനിത. കെ. എൻ

പി.ബി നമ്പർ 134


 

" ഇന്നു   അവധിയല്ലേ? നീ ആ  റൂമൊക്കെ ഒന്നു വൃത്തിയാക്കൂ... ആകെ അലങ്കോലപ്പെട്ടു  കിടക്കുന്നത് കണ്ടില്ലേ?"

അച്ഛൻ  ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന എന്നെ അലോസരപ്പെടുത്താനെന്നവണ്ണം പറഞ്ഞതു കേട്ട് ഞാൻ മൗനത്തിലൊളിച്ചു. മൗനം വിദ്വാനു ഭൂഷണമാണെന്ന് പണ്ടാരോ പറഞ്ഞത് ഞാനും മനസാ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.

 " മോനെ ഇനിയിപ്പോ ഞാൻ അടുക്കിപ്പെറുക്കാൻ  നിന്റെ  മുറിക്കകത്തേക്ക്‌ വരുന്നതെങ്ങനാ, അത് ചിലപ്പോ അവർക്കിഷ്ടപ്പെട്ടില്ലെങ്കിലോ? അമ്മച്ചി നയം വ്യക്തമാക്കി എന്നെ നോക്കി പിറുപിറുത്തു.

 കല്യാണം കഴിഞ്ഞു ഒരാഴ്ച്ച ആയപ്പോഴെക്കും വീട്ടിൽ എന്റെ മേൽ  അന്യവൽക്കരണം നടന്നതു പോലെ  ഒരു മണമടിച്ചു  തുടങ്ങി. പ്രത്യേകിച്ചും 'അവരെ'ന്നുള്ള ആ  സംബോധനയിൽ നിന്നും!!!"

 "ഞാൻ  അപ്പൊഴേ പറഞ്ഞില്ലേ  മൂന്നാൻമാർ പറയുന്നതും കേട്ട്  തുള്ളരുതെന്ന്!!... ഇപ്പോ എന്തായി? പത്രത്തിൽ വന്ന എന്തോരം  ആലോചനകളിൽ നിന്ന് നല്ലൊതൊന്ന് സെലക്ട് ചെയ്ത് തന്നാൽ ഒരു മറുപടി അയക്കാൻ ഇവിടെ ആർക്കും വയ്യ!!!." അമ്മച്ചിയുടെ ശബ്ദം താഴ്ത്തിയുള്ള പരിഭവം അണ പൊട്ടാൻ തുടങ്ങിയപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു.

 റൂമിൽ    പട്ടുമെത്തയിൽ    അവൾ  മൂടി പുതച്ചു നല്ല ഉറക്കത്തിൽ തന്നെയാണ്. പ്രവർത്തി ദിവസങ്ങളും അവധിയുമൊന്നും അവളുടെ ഉറക്കത്തെ ബാധിക്കില്ലെന്നാണ് അവളുടെ പക്ഷം. ഒമ്പതു മണി കാലത്തുള്ള  ഉറക്കം ഉണരലും അടുക്കളയുടെ പരിസരത്തു പോലും പോകാത്ത സ്വഭാവവും ആണ് അമ്മച്ചിക്ക് കലിപ്പ് തോന്നിപ്പിച്ചിരിക്കുന്നത്.

 ഈ പ്രിവിലേജ് ഒക്കെ കുഞ്ഞു പെങ്ങൾ  ജാൻസിക്ക് കിട്ടുന്നില്ലെന്ന പരിഭവവും ഉണ്ട്. എന്തായാലും റൂമൊക്കെ വൃത്തിയാക്കൽ തല്ക്കാലം ഒറ്റയ്ക്കു ചെയ്യാനുള്ള ഒരു ബോധോദയം എനിക്ക്  ഉണ്ടായതു കൊണ്ട് അവളെ വിളിച്ചുണർത്താതെ റൂം വൃത്തിയാക്കാൻ ആരംഭിച്ചു.

 വാരിവലിച്ചിട്ടിരുന്ന ഫയലുകൾ അടുക്കി ഒതുക്കി  വെക്കുമ്പോഴാണ് ഒരു ബ്രൗൺ കവർ താഴെവീണത്. കൂടെ ഒരു പത്രത്തിന്റെ  കട്ടിംഗും. ഒന്നുരണ്ടു മാസം പഴക്കമുള്ള പത്രത്തിന്റെ ഒരു വൈവാഹിക  പംക്തിയുടെ  കട്ടിംഗാണ്!!.

 അമ്മച്ചിക്കിഷ്ടപ്പെട്ട  ഏതോ പരസ്യത്തിലേക്ക് അയക്കാൻ എന്റെ ബയോഡേറ്റ കവറിലിട്ട് സീൽ ചെയ്തു തന്നതാണ്!!. ഞാൻ വാങ്ങി എവിടെയോ വെച്ച് മറന്നതാണ്. പെട്ടന്ന് മനസ്സിലൊരു  ലെഡു പൊട്ടി. അമ്മച്ചി പൊരുത്തമൊക്കെ നോക്കി സെലക്ട് ചെയ്തതല്ലെ. എന്നാൽ കണ്ണനൊന്നു നോക്കിയാലോ? കസിനാണ്, എന്റെ പ്രായം തന്നെ. ഡിറ്റെയിൽസൊക്കെ അറിഞ്ഞിട്ട് അവന്റെ നാളുമായിട്ടുള്ള പൊരുത്തമൊക്കെ നോക്കുകയും ചെയ്യാം.

മറുപടി അയക്കേണ്ട പോസ്റ്റ് ബോക്സ് നമ്പർ 134 ന്റെ  പരസ്യത്തിലേക്ക് കണ്ണുകൾ നീണ്ടു. ഒരു കോൺടാക്ട് നമ്പർ തന്നിട്ടുണ്ട്. അതു മൊബൈലിലേക്ക് പകർത്തി ഡയൽ ചെയ്തു. റിങ്ങുണ്ട്, പക്ഷേ ആരും എടുക്കുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം കൂടി ഡയൽ ചെയ്തെങ്കിലും ഉത്തരം കിട്ടാത്തതിനാൽ തത്ക്കാലം കല്യാണ ആലോചന ഉപേക്ഷിച്ചു ഞാൻ  മുറി വൃത്തിയാക്കൽ തുടർന്നു. ഇതിനിടക്ക് അമ്മച്ചി മുറിയിലേക്ക് എത്തി നോക്കി പോകുന്നത് കണ്ടു. മടിയൻ മല  ചുമക്കുമെന്ന് പണ്ട് രണ്ടാം ക്ലാസിൽ പഠിച്ചതാണേലും  അമ്മച്ചി ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്നത് എന്റെ മനതാരിൽ തെളിഞ്ഞു.

 ഫോണിലെ ലാലേട്ടന്റെ ആറ്റുമണൽ പാട്ടിന്റെ റിങ്ങ്  ടോണാണ് എന്നെ ഉണർത്തിയത്. "ഹലോ ഇങ്ങോട്ട് വിളിച്ചാരുന്നോ?" പോസ്റ്റ് ബോക്സ് നമ്പർ 134 ലെ നമ്പരാ!! മറുതലക്കൽ നിന്ന് ഒരു പുരുഷസ്വരം." ഞാൻ പേപ്പർ പരസ്യം കണ്ടിട്ട് വിളിച്ചതാണ്", ഒരല്പം  പരുങ്ങലോടെ എന്റെ സ്വരം മുറിഞ്ഞു.

 "വിഷ്ണുവല്ലേ.. കഴിഞ്ഞയാഴ്ച്ചയല്ലെ കല്യാണം?, ഇതിനിടക്ക് വീണ്ടും പ്രപ്പോസലുമായി ഇറങ്ങിയതാണോ?" മറുതലക്കൽ കൂട്ടച്ചിരി ഉയരുന്നതു കേട്ടപ്പോൾ ആകെ കൺഫ്യൂഷനായി. ആരോ അറിയാവുന്നവരാണെന്ന് തോന്നുന്നു. ശബ്ദത്തിനും നല്ല പരിചയം!!. പക്ഷേ  ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല. എന്റെ കണ്ണുകൾ മെല്ലെ കട്ടിലിലേക്ക് നീണ്ടു. അവൾ കണ്ണു തുറന്നു എന്നെ നോക്കി ചോദ്യഭാവത്തിൽ കിടക്കുന്നു. "അയ്യോ ചേട്ടാ എനിക്കല്ല!!, എന്റെ കസിന്റെ കാര്യത്തിനാ..", ഞാൻ നയം വ്യക്തമാക്കി.

 വീണ്ടും മറുതലക്കൽ കൂട്ടച്ചിരി." എന്തു ചെയ്യും വിഷ്ണു, അവളെ കെട്ടിച്ചു വിട്ടു. നിങ്ങടെ നാട്ടിൽ അമ്മായിയച്ഛനെ ചേട്ടാ ന്നാണോ വിളിക്കുന്നത് മരുമോനെ?"  ഇതെന്റെ ഓഫിസിലെ ഫോണാണ്.   വീണേടച്ഛൻ  ചിരിയടക്കി പറഞ്ഞു.

 എനിക്കും  ചിരിപൊട്ടി..... അതു പക്ഷേ  അമ്മച്ചീടെ  കാര്യമോർത്തായിരുന്നു. മൂന്നാനെ(ബ്രോക്കർ) ഒഴിവാക്കിയിരുന്നാലും അമ്മച്ചിക്ക് അടിക്കാൻ വെച്ചിരുന്ന  ലോട്ടറിയാണ് എന്റെ കട്ടിലിൽ നിന്ന് കോട്ടുവാ ഇട്ടു കൊണ്ട്  അപ്പോൾ  എഴുനേറ്റിരുന്ന പിബി നമ്പർ 134  ലെ പെൺകുട്ടി!!!.

 

ഷാജി മല്ലൻ

കാളി



കാവ്യത്തിനുള്ളിലെ ലോലഭാവം

കാഴ്ച്ചക്കു വേണ്ടിയങ്ങാകരുത്

കാമം കലർത്തി വിളമ്പി നൽകാം

കാളിക്കു കുഞ്ഞു ജനിച്ച പോലെ

കാലം കടവൂ കടത്തിടുമ്പോൾ

കാണിച്ച കേളി പിഴ എങ്കിലും

കാവ്യം രചിക്കുവാനുള്ള വിത്ത്

കായൽപ്പരപ്പിൽ മുളച്ചു വന്നു

കാര്യം കഥ തന്നെയാണെങ്കിലും

കാര്യം ഗ്രഹിക്കുവാൻ ഏറെയുണ്ട്

കളിന്ദി തീരത്തു മാത്രമല്ലീ

കാളീയനാടുന്നു ഗോവുമായി

കാര്യം പറയുന്നു എന്നു കണ്ടാൽ

കാമിക്കു പോലും കലിപ്പ് തോന്നാം

കാമൻ്റെ അസ്ത്രമതിനുമുന്നിൽ

കാട്ടിക്കു പോലും അടിപതറാം

കാലൻ കയറെടുത്തെന്ന് കണ്ടാൽ

കാതുകൾ കൂർപ്പിച്ചു നിൽക്കുമാരും

കാലു പിടിച്ചു കരഞ്ഞു നിൽക്കും

കാരസ്കരവും രുചിച്ചു നോക്കും

കാൽ വിരൽ തൊട്ടു കിരീടവോളം

കാഞ്ചന വർണ്ണം പൊതിഞ്ഞെങ്കിലും

കാരിരുമ്പാണകത്തുള്ളതെങ്കിൽ

കാലത്തിൽ കാമ്പു തുരുമ്പെടുക്കും

കാഴ്ചയ്ക്കു കൗതുകം ഇല്ലെങ്കിലും

കാകൻ പരിസരം ശുദ്ധമാക്കി

കാക്കുന്നു നാടിനെ നല്ലവണ്ണം

കാലത്തുണർത്തുന്ന കുക്കുടം പോൽ

 

ജോളി കുത്തുകല്ലുങ്കൽ 

ഇന്തോന്വേഷ്യൻ ദിനങ്ങൾ


 

അധ്യായം 11: ദൈവത്തിന്റെ സ്വന്തം ദ്വീപ്

 

 ഭൂമിയിലെ പറുദീസയാണ് യാത്രോദ്ദേശ്യമെങ്കിൽ, അങ്ങനെയൊരു ദ്വീപുണ്ട്. ദൈവത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്ന ബാലിയാണത്. മനോഹരമായ മലനിരകളും, തട്ടുതട്ടായി നടത്തുന്ന നെൽക്കൃഷികളും, ആരെയും ആകർഷിക്കുന്ന ബീച്ചുകളുമുള്ള ഒരു അത്ഭുത ദ്വീപ്. ഇസ്ലാം രാഷ്ട്രമായ ഇന്തോന്വേഷ്യയിൽ ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ഒരേയൊരു ദ്വീപ്. ലോകത്തിൽ ആകെയുണ്ടായിരുന്ന ഹിന്ദു രാഷ്ട്രം നേപ്പാൾ ആയിരുന്നല്ലോ. ഇപ്പോൾ ഇന്ത്യക്കു വെളിയിൽ ഇങ്ങനെയൊരു ഹിന്ദു സംസ്കാരം നിലനിൽക്കുന്നത് ബാലിയിൽ മാത്രമാണ്. ബാലി ഒരു രാഷ്ട്രമല്ലെന്നു മാത്രം.

 വീടുകളേക്കാളധികം ക്ഷേത്രങ്ങളാണിവിടെ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുകയില്ല. മിക്ക വീടുകൾക്കും സ്വന്തമായി ഒരു ക്ഷേത്രമുണ്ടാകും ഇവിടെ.ഹിന്ദു ദൈവങ്ങളെയായാണ് ഇവർ ആരാധിക്കുന്നത്. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നിവരെയാണ് കൂടുതലായും ആരാധിക്കുന്നത്. എന്നാൽ ഇവരുടെയൊന്നും വിഗ്രഹങ്ങൾ കണ്ടിട്ട് എനിക്കവരെ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. അത്ര വിചിത്ര രൂപികളായാണ് നിർമ്മിതി. അവർ പേര് പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് അവരെയൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞത്. ബാലിയിലെ നിർമ്മാണ രീതികളും വ്യത്യസ്തമാണ്.

 ബാലി മലയാളികൾക്ക് പരിചയമുള്ള ഒരു സ്ഥലം തന്നെയാണ്. മഹാനായ യാത്രികനും, മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവുമായ ശ്രീ ശങ്കരൻ കുട്ടി പൊറ്റക്കാടിന്റെ  ‘ഇന്തോന്വേഷ്യൻ ഡയറി’ ബാലിയുടെ അന്നത്തെ കഥകൾ മലയാളികൾക്ക് പറഞ്ഞു തന്നിരുന്നു. അത് എഴുപതു വർഷത്തോളം പഴക്കമുള്ള കഥകളായിരുന്നു എന്ന് മാത്രം. അതിൽ മിക്കവരുടെയും മനസ്സിൽ പതിഞ്ഞിരുന്നത് മാറുമറയ്ക്കാത്ത സ്ത്രീകളുടെ ചിത്രമായിരുന്നു. എന്നാൽ അത്തരം സ്ത്രീകളെ കാണുവാൻ ഇന്ന് ബാലിയിൽ പോയിട്ട് കാര്യമില്ല. എന്നാൽ അൽപ്പവസ്ത്രധാരികളായ ധാരാളം വിദേശ വനിതകളെ ബാലി ബീച്ചിൽ കണ്ടുമുട്ടാനാകും. ബാലി വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്കുയർന്ന ഇന്തോന്വേഷ്യയിലെ ഏക സ്ഥലവും ബാലി തന്നെയാണ്.

 ജാവയുടെ കിഴക്കൻ മുനമ്പിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം മാറിക്കിടക്കുന്ന ഒരു ദ്വീപാണ് ബാലി. ബാലി ദ്വീപ് അത്ര വലുതുമല്ല, തീരെ ചെറുതുമല്ല. 144 കിലോമീറ്റർ നീളവും 80 കിലോമീറ്ററോളം വീതിയുമുണ്ടാകും ഈ ദ്വീപിന്. നമ്മുടെ കേരളത്തിന്റെ നാലിലൊന്നു മാത്രം വലുപ്പം.

 ഡെൻപാസർ അന്തർദ്ദേശീയ വിമാനത്താവളമാണ് അന്തർദ്ദേശീയ സഞ്ചാരികളുടെ പ്രവേശന കവാടം. ജാവയിൽ നിന്നും ബസ് മാർഗ്ഗവും ബാലിയിലെത്താം. ബസ് ഫെറിയുപയോഗിച്ചതാണ് ദ്വീപിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യക്കാർക്ക് ബാലി സന്ദർശനത്തിന് സൗജന്യ വിസയാണ്. ഇന്തോന്വേഷ്യയിലെവിടെയും നമുക്ക് വിനോദ യാത്രയ്ക്ക് സൗജന്യ വിസ തന്നെ. ആറു മാസമെങ്കിലും കാലാവധിയുള്ള ഒരു പാസ്പോർട്ടും, അതിൽ രണ്ടു കാലി പേജുകളും ഉണ്ടായിരിക്കണമെന്നത് നിർബന്ധം. മടക്ക യാത്രയുടെ വിമാന ടിക്കറ്റും, ചിലവിനുള്ള പണത്തിന്റെ രേഖകളും ചോദിച്ചാൽ കാണിക്കണമെന്നു മാത്രം.

 തിരക്കുള്ള ഒരു വിമാനത്താവളമാണ് ഡെൻപാസർ. മിക്കവാറും ഇന്തോന്വേഷ്യൻ നഗരങ്ങളിൽ നിന്നെല്ലാം ഇവിടേയ്ക്ക് വിമാന സർവീസുകളുണ്ട്. മിക്ക ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, ഓസ്ട്രേലിയയിൽനിന്നും, യൂറോപ്പിൽ നിന്നുമെല്ലാം  ഇവിടേയ്ക്ക് വിമാന സർവീസുകളുണ്ട്. ഇവിടെ നിന്നും ബാലിയുടെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന കുട്ടയിലേക്ക് അഞ്ചു കിലോമീറ്റർ മാത്രമാണ് ദൂരമെങ്കിലും തിരക്കുള്ള സമയത്ത് ഒരു മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. ബാലിയിലെ ട്രാഫിക് അത്ര ബുദ്ധിമുട്ടിക്കുന്നതാണ്.

 ബാലിയുടെ മുഖം മാറുന്നത് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ്. ഹിപ്പികളും സർഫർമാരും ബാലി ബീച്ചിനെ അവരുടെ ഒരു കേന്ദ്രമാക്കി മാറ്റുവാൻ തുടങ്ങിയതിന് ശേഷമാണ്. പിന്നീടുണ്ടായ വിനോദസഞ്ചാര വളർച്ച അത്ഭുതാവഹമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുവാൻ അധികസമയമെടുത്തില്ല എന്നത് ബാലിയുടെ വിനോദസഞ്ചാര ചരിത്രത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാണ്.

 2002 ലും 2005 ലും ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾ, ഈ വളർച്ചയെ ചെറുതായി തടസ്സപ്പെടുത്തിയെങ്കിലും ബാലി ശക്തമായിത്തന്നെ ഉയർത്തെഴുന്നേൽക്കുകയുമുണ്ടായി. ഇടക്കിടെയുണ്ടാകുന്ന അഗ്നി പർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന പുകയും പൊടിപടലവും മൂലം വിമാനത്താവളം അടക്കേണ്ടി വരുന്നത്, ചിലപ്പോഴൊക്കെ ഈ മേഖലയെ ചെറിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. പ്രത്യേകിച്ചും വിനോദ സഞ്ചാര മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക്.

 ബാലിയിൽ എനിക്ക് കൗതുകകരമായി തോന്നിയ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഇവിടത്തെ ക്ഷേത്ര പൂജാരിമാർക്ക് സർക്കാർ ശമ്പളമാണത്രേ. ബാലിയിലെ പൂജാരിമാർക്കു മാത്രമല്ല, ഏതു മതത്തിലെ പുരോഹിതർക്കും ഇന്തോന്വേഷ്യയിൽ സർക്കാർ ആണ് ശമ്പളം നൽകുക. ഇവിടെ ന്യുനപക്ഷമാണെങ്കിലും പല മതങ്ങൾ ഉണ്ടെന്നു നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ? എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും പുലർത്തുന്ന ഒരു സർക്കാർ ആണിവിടെയുള്ളത്.

 മറ്റൊരു രസകരമായ കാര്യം ഇവിടെ ആരോട് ചോദിച്ചാലും നാല് പേരുകൾ മാത്രമേ പറയുകയുള്ളൂ. വയാൻ, മെയ്ഡ്, ന്യോമൻ, കേറ്റ്യൂട്ട് എന്നാണാ നാമങ്ങൾ. ആൺ പെൺ വ്യത്യാസമില്ലാതെ ഈ പേരുകാരാണ് ഇവിടുള്ളവരെല്ലാം. ആദ്യമെനിക്കിതൊരമ്പരപ്പായിരുന്നെങ്കിലും പിന്നീടാണിതിന്റെ കാരണം മനസ്സിലായത്. വയാൻ എന്നാൽ ആദ്യത്തേക്കുട്ടി എന്നർത്ഥം. മെയ്ഡ് എന്നാൽ രണ്ടാമത്തെ കുട്ടി എന്നും ന്യോമൻ എന്നാൽ മൂന്നാമത്തെ എന്നും കേറ്റ്യൂട്ട് എന്നാൽ നാലാമത്തേതെന്നും അർഥം. ബാലിയിൽ പേരിടുന്നത് ഈ ജനനസ്ഥാനങ്ങൾ അനുസരിച്ചാണ്. അഞ്ചാമത്തെ കുട്ടികളെയാരേയും ഞാൻ ബാലിയിൽ കണ്ടെത്തിയില്ല എന്ന് വേണം കരുതാൻ.

 അത് പോലെ ഇവിടെ കേട്ടറിഞ്ഞ മറ്റൊരു കാര്യവുമുണ്ട്. കുട്ടികൾ ജനിച്ചാൽ അവരെ മൂന്നുമാസം വരെ തറയിൽ സ്പർശിക്കുവാൻ അനുവദിക്കുകയില്ല. മുഴുവൻ സമയവും മാതാപിതാക്കൾ എടുത്തുകൊണ്ടു നടക്കുമത്രെ. ഓരോ കുട്ടി ജനിക്കുമ്പോഴും അവർക്കു കാവലായി നാല് മാലാഖാമാരുണ്ടാകുമെന്നാണിവരുടെ വിശ്വാസം. കുട്ടിക്ക് നാല് വയസ്സുവരെ അവരോരോരുത്തരും ഈ കുട്ടിയെ സംരക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു. അതേപോലെ കുട്ടികളുടെ കൗമാരദശയിൽ പല്ലുകൾ രാകുക എന്നൊരാചാരമുണ്ട്. ആറു പല്ലുകളാണത്രേ ഇപ്രകാരം രാകുന്നത്. ദേഷ്യം, അസൂയ, തൃഷ്ണ, വിഭ്രാന്തി, ദുരാഗ്രഹം, മദ്യപാനാസക്തി എന്നിവയിൽ നിന്നുമുള്ള മുക്തിക്കായാണ് ഈ ആചാരം.

 ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഇന്തോന്വേഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ബാലിയെ വ്യത്യസ്തമാക്കുന്നു. കെട്ടിട നിർമ്മാണ രീതികൾ പോലും ഇവിടെ വ്യത്യസ്തമാണ്. അന്ധവിശ്വാസമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ദുർമ്മന്ത്രവാദവും ആഭിചാര കർമ്മങ്ങളുമെല്ലാം ഇവിടെ പരക്കെ നടക്കുന്നു. ഇതൊന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ ബാധിക്കാറില്ല. അവർക്കു വേണ്ട വിനോദോപാധികളെല്ലാം ബാലി ഒരുക്കിയിട്ടുണ്ട്.

 

ഡോ. സുനീത് മാത്യു