2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച

നിങ്ങളുടെ സാഹിത്യം ബുദ്ധനോ സിദ്ധാർത്ഥനോ?

 


“ഒരു മഹാകാഥികന്റെയോ മഹാകവിയുടെയോ പുസ്തകമിറങ്ങുന്ന ദിവസം ബുക്ക്സ്റ്റാളിന്റെ മുന്നിൽ ബോക്സോഫീസ് തകർക്കാനൊരുങ്ങി നില്ക്കുന്ന ഒരു ജനക്കൂട്ടം, അവരെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ പിരിച്ചു വിടാനും ചൂരൽവടികളുമായി പോലീസുകാർ – ഇതൊന്നും ഉണ്ടായിട്ടില്ല.; ഉണ്ടാവില്ല.”         –     എം.ടി (കാഥികന്റെ പണിപ്പുര)

ഈ വാചകത്തിൽ നിന്നും ആരംഭിക്കാം. അതായത്, ഒരു പുതിയ പുസ്തകം (ഏത് എഴുത്തുകാരന്റെ ആയാലും) സമൂഹത്തിനിടയിലേക്ക് വരുന്നു എന്ന് പറയുന്നത് പ്രത്യക്ഷമായ ചലനം സൃഷ്ടിക്കുന്നില്ല എന്ന് തന്നെ അർത്ഥം. എന്റെ ചോദ്യം ആരംഭിക്കുന്നത്, എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല?? എന്നുള്ളതിൽ നിന്നുമാണ്. ശരിയായിരിക്കാം. എഴുത്തുകാരന്റെ മനോവ്യാപാരങ്ങളിൽ കുടുങ്ങുന്ന കളിമണ്ണ് പോലെ മാത്രമുള്ള അസംസ്കൃത വസ്തുക്കളെ ചേർത്ത്, ഒരു കഥ അയാൾ സൃഷ്ടിക്കുന്നതിന്റെ ആദ്യത്തെ ഉദ്ദേശമെന്നത്, ആത്മരതി തന്നെയാവാം.

എന്നാൽ അത് സഞ്ചരിക്കേണ്ട വഴി വായനക്കാരനിലൂടെ തന്നെയല്ലേ? അവന്റെ മനസ്സിലെ കെട്ടുപോയ വിളക്കിൽ ഒരു പ്രകാശമെന്നോണം തന്നെയല്ലേ സാഹിത്യം തെളിയേണ്ടത്? ഞാൻ എഴുതുന്ന ഭൂമികയിലെ മനുഷ്യർ, അത് എഴുതപ്പെട്ടത് അവർക്ക് വേണ്ടിയാണെന്ന് അറിയണമെന്ന് നിർബന്ധമില്ലാത്ത യന്ത്രമായി എഴുത്തുകാർ മാറുന്നുണ്ടോ…???

സാഹിത്യം ബുദ്ധനോ..? സിദ്ധാർത്ഥനോ?

സാഹിത്യത്തിനും കാലപരിണാമങ്ങൾ കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ, ഇന്നത്തെ സാഹിത്യം ബുദ്ധനിൽ നിന്നും സിദ്ധാർത്ഥനിലേക്ക് തിരിച്ചു നടന്നുവെന്ന് കൂടി വിശ്വസിക്കേണ്ടി വരും.

എഴുത്തുകാരനായ, ശ്രീ. അബ്ബാസ് മുഹമ്മദ് ഫേസ്ബുക്കിൽ അടുത്തിടെ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധിച്ചു. വര്ഷങ്ങളായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഒരു മനുഷ്യന് അവിടെത്തന്നെ വർഷാവർഷങ്ങളിൽ അരങ്ങേറുന്ന KLF എന്താണെന്ന് അറിയുന്നില്ല. അന്നം തേടി ഓടുന്നവന് എന്ത് സാഹിത്യം? എന്ത് KLF? അതൊക്കെ ചുമ്മാ ഇരിക്കുന്നവർക്ക് കൊള്ളാം സാറേ എന്നായിരുന്നിരിക്കുമോ അയാളുടെ ആത്മഗതമെന്ന് ഞാൻ വെറുതേ ആലോചിച്ചു നോക്കി. അതോ ഒരുപക്ഷേ, സാഹിത്യം ചുറ്റും ഭീമാകാരമായ മതിലുകളുള്ള, കാവൽക്കാരുള്ള ഒരു വലിയ മാളികയിൽ, സിദ്ധാർത്ഥനായി ( രാജാവായി )വസിക്കുകയാണോ? ഞാൻ സംശയിച്ചു.

ആർക്ക് വേണ്ടിയാണ് സാഹിത്യങ്ങൾ എഴുത്തുകാരന്റെ തൂലികയുടെ പുറംതോടുകൾ ഭേദിച്ചു പുറത്തേക്ക് വരേണ്ടത്? അമ്മയുടെ ഗർഭത്തിൽ നിന്നും പുറത്തു വരുന്നത് വരെ മാത്രമേ കുഞ്ഞ് അമ്മയുടെ സ്വകാര്യഅവകാശം ആകുന്നുള്ളൂ. അതിന് ശേഷം ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അവന്റെ നിലനിൽപ്പ് ആ സമൂഹത്തിലാണ്. അവൻ പരുവപ്പെടേണ്ടത് ആ സമൂഹത്തിലേക്ക് കൂടിയാണ്. ഇത് തന്നെയാണ് സാഹിത്യത്തിന്റെ പിറവിയിലും ഉണ്ടാവേണ്ടത്.

ഓരോ എഴുത്തുകാരനിൽ നിന്നും ഉതിർന്നു വീഴുന്ന പുസ്തകത്തെ,

” അതാ, നമുക്ക് വേണ്ടി കൂടി ” യെന്ന് സമൂഹം ചേർത്തു പിടിക്കുമ്പോഴേ അതൊരു യഥാർത്ഥ സാഹിത്യമായി മാറുന്നുള്ളൂ. സാഹിത്യത്തിനെ ഏതോ ഒരു പ്രത്യേകവിഭാഗത്തിന്റെ സംസ്കാരം എന്നുള്ളതിന് പകരം ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ ലോകത്തിന്റെ തന്റെ നിലനില്പ് എന്ന് പരിഭാഷപ്പെടുത്തുകയാണ് ഓരോ സാഹിത്യകാരന്മാരും, സാഹിത്യോത്സവങ്ങളും സാധാരണക്കാരന് വേണ്ടി ചെയ്യേണ്ടത്.


സാഹിത്യം സിദ്ധാർത്ഥനിലേക്ക് തിരിച്ചു പോയതാണോ? അതോ ഇതുവരേയും ബുദ്ധനിലേക്ക് എത്താത്തതാണോയെന്നും ഞാൻ ചിന്തിച്ചു. അതേ നിമിഷം ആ ചിന്തയുടെ അടുത്ത് ആദ്യം വന്ന പേര്, കടപ്പുറത്തെ മനുഷ്യരെ എഴുതിയ ശ്രീമാൻ തകഴിയുടെ ” ചെമ്മീൻ ” എന്നുള്ള കൃതിയാണ്.

” ആ കൃതി, കടലോര നിവാസികളായ ഞങ്ങളെ കുറിച്ചാണെന്നും അത് എഴുതിയത് തകഴി ശിവശങ്കരപ്പിള്ള ആണെന്നും അവർ അറിഞ്ഞിരിക്കുമോ? ”

ഈ സംശയത്തിന്റെ നിവാരണത്തിനായി ഞാൻ സമീപിച്ചത്, എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ, ശ്രീ. പി. ജെ. ജെ ആന്റണി സാറിന്റെ അടുത്താണ്.

” മീൻപിടുത്തക്കാരുടെ ഇടയിലാണ് എന്റെ വീട് . പഴയ തലമുറയിലെ എല്ലാവർക്കും ചെമ്മീനും തകഴിയും സുപരിചിതം. പുതുതലമുറ അത്രയും അറിയുന്നില്ല. പാപബോധം മതബോധം കുറഞ്ഞ്വരുന്നു. പ്രണയത്തെ പുനർ നിർവചിച്ചിരിക്കുന്നു സമകാലം. വള്ളത്തിൽ പോയി ഇന്ന് മീൻ പിടിക്കുന്നില്ല. ബോട്ടും ചെറുകപ്പലുകളും ഇന്ന് പ്രിയം. ”

എനിക്കുള്ളിൽ ഇതേ ഉത്തരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. സാഹിത്യത്തിനും കാലത്തിനും ഇടയിൽ ഒരുപക്ഷേ നികത്തുവാൻ കഴിഞ്ഞേക്കാവുന്ന ഒരു വിടവ് സംഭവിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. ആ വിടവ് സാഹിത്യകാരന്മാരുടേയും ഉത്തരവാദിത്വം കൂടിയാണ്. നിങ്ങൾ, നിങ്ങളെ ക്കുറിച്ച് എഴുതുന്നത്, നിങ്ങൾ അറിയാതെ പോകരുതല്ലോയെന്ന് തന്നെയാണ് പറയുന്നത്.

സാഹിത്യകാരനെ അറിഞ്ഞില്ലയെങ്കിലും സാഹിത്യത്തെ അറിയേണ്ടതുണ്ട്. നിങ്ങൾക്ക് വേണ്ടി കൂടിയാണ് എന്റെ പേന ശബ്ദിക്കുന്നതെന്ന് പറയുവാൻ, സാഹിത്യം, സിദ്ധാർത്ഥകുമാരനിൽ നിന്നുമിറങ്ങി, ബുദ്ധന്റെ ബോധോദയത്തിലേക്ക് എത്തേണ്ടത് കൂടിയുണ്ട്.

” അഷിത ” യെന്ന പേര് കണ്ടമാത്രയിൽ

” അവർ ഇസ്ലാമാണോ? ഇസ്ലാമുകൾ, ശിവേന സഹനർത്തനമെന്ന് എഴുതുമോ? അവർക്ക് അതൊക്കെ പുച്ഛമല്ലേ? ” യെന്ന് എന്നോട് ചോദിച്ച ഒരു വ്യക്തിയെ ഈ നിമിഷം ഓർക്കുന്നു.

” ശിവേന സഹനർത്തനത്തിന്, ” ഹിന്ദുവുമായിട്ടല്ല മനുഷ്യനുമായിട്ടാണ് ബന്ധമെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ നിൽക്കാതെ അയാളെ ഞാൻ ഒഴിവാക്കിയതിൽ, ലളിതമായ ഒരു യുക്തിയുണ്ട്.

” മുറിഞ്ഞാൽ ചുവന്നചോര ഒരേപോലെ വരുന്നവർ സഹജീവികൾ ആണെന്നുള്ള അവരുടെ വേദന ഒരുപോലെ തന്നെ ആയിരിക്കുമെന്നുള്ള സാമാന്യബോധം ഇല്ലാത്തവരെ ഭരിക്കുന്നത്, വെറുപ്പും വിദ്വേഷവും, മതവും ( മദം ) തീവ്രവാദമനോഭാവങ്ങളും മാത്രമായിരിക്കും. അങ്ങനെയുള്ളവരെ തിരുത്തുവാൻ കഴിയില്ല. തർക്കിക്കുവാൻ തീരെയും കഴിയില്ല. ഉപേക്ഷിക്കുവാൻ മാത്രമേ കഴിയൂ”.

മനസ്സിൽ വീണ്ടും ആർക്ക് വേണ്ടിയാണ് സാഹിത്യം ഉണ്ടാവേണ്ടത് എന്നുള്ള ചോദ്യം.

അടുക്കളയിൽ പച്ചക്കറി നുറുക്കുന്ന ഒരാൾ, പുഴയിൽ നിന്നും മത്സ്യം പിടിക്കുന്നൊരാൾ, സവാരികൾക്ക് വേണ്ടി വരുന്നവരുടെ, ജാതി, മതം, രാഷ്ട്രീയം ( പേര് പോലും ) തിരക്കാത്ത ഒരാൾ. ഇവരൊക്കെ തന്റെ ജോലികൾക്കിടയിലും കവിതകൾ മൂളുന്ന, കഥകൾ സ്വരുക്കൂട്ടുന്ന കാലം ഉണ്ടാകുമെന്നും സാഹിത്യസിദ്ധാർത്ഥൻ മാളിക വിട്ട്, ബുദ്ധനായി പരിണമിക്കുമെന്നും സാഹിത്യം അതിന്റെ പൂർവ്വകാല വേരുകളിൽ പൊട്ടിക്കിളിർക്കുമെന്നും പ്രത്യാശിക്കാം.

ഹരിത. ആർ.

നന്ദി : ഈ ലേഖനത്തെ കുറിച്ചുള്ള ചിന്ത പകർന്നു നൽകുവാൻ സഹായിച്ച, ശ്രീ. മുഹമ്മദ് അബ്ബാസ് സാറിനും. സംശയനിവാരണം നൽകിയ ശ്രീ. P.J. ആന്റണി സാറിനും.

പഠന വൈകല്യം

 


കുട്ടികൾ നന്നായി പഠിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തന്റെ കുട്ടിക്ക് കഴിയുന്നത്ര  വിദ്യാഭ്യാസം കൊടുക്കണമെന്നാഗ്രഹിക്കുന്നവർ. എന്നാൽ ചില കുട്ടികൾ നന്നായി പഠിക്കുന്നു. ചിലരാകട്ടെ പഠനത്തിൽ വിമുഖത കാണിക്കുന്നു. മറ്റുചിലരാകട്ടെ എഴുതാനോ വായിക്കാനോ പ്രാപ്‌തിയില്ലാത്തവരും. ഇവരിൽ മിക്കവരും പഠനമൊഴികെയുള്ള മറ്റെന്തിനും മിടുക്കു കാണിക്കുന്നവരുമായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ അവരുടെ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടുന്നു. കഠിനമായ ശിക്ഷണവും സ്വകാര്യ വിദ്യാഭ്യാസവുമാണ് മിക്ക മാതാപിതാക്കളും ഇതിനു കാണുന്ന പരിഹാരം. എന്നാൽ ഇതൊരുപക്ഷേ പഠന വൈകല്യമാകാം. മറ്റു വൈകല്യങ്ങളെന്നപോലെ തലച്ചോറിലെ ഒരു വൈകല്യം എന്നർത്ഥം.

ഭാഷ, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവില്ലായ്‌മയാണ് പഠന വൈകല്യം കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് ബുദ്ധിയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പഠന വൈകല്യം ബാധിക്കുന്ന കുട്ടികൾ ചിലരെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ചു ബുദ്ധി കൂടുതലുള്ളവരുമാകാം. വായിക്കാനോ എഴുതാനോ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുക, പ്രതേകിച്ചും അവരുടെ വയസ്സിനും വിദ്യാഭ്യാസത്തിനും അനുസരിച്ചു്. വായിക്കാനോ എഴുതാനോ തന്നെ കഴിയാത്തവരും വിരളമല്ല. വായിക്കുമ്പോൾ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയാതെ വരിക, അക്ഷരതെറ്റുകൾ ധാരാളമായി വരുത്തുക, കണക്കുകൂട്ടാൻ ബുദ്ധിമുട്ടുണ്ടാകുക, അക്കങ്ങളുടെ ബന്ധം നിശ്ചയമില്ലാതെ വരിക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെ. ശ്രദ്ധ പതറുക, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക, ദിശാബോധം ഇല്ലാതെ വരിക, അച്ചടക്കമില്ലായ്‌മ തുടങ്ങിയവയും ഇവരുടെ പ്രശ്‌നങ്ങൾ ആകുന്നു.

പ്രായത്തിനനുസരണമായി ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. പ്രായാടിസ്ഥാനത്തിൽ ലക്ഷണങ്ങൾ ഇപ്രകാരമായിരിക്കും:

അഞ്ചു വയസ്സിനു മുൻപ് :

വാക്കുകൾ ഉച്ചരിക്കുവാൻ പ്രയാസം.

സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടുപിടിക്കാൻ വിഷമിക്കുക.

താളാത്‌മകമായി പാട്ടുകൾ പാടാൻ കഴിയാതിരിക്കുക.

അക്ഷരങ്ങൾ, അക്കങ്ങൾ, ആകൃതികൾ, നിറങ്ങൾ തുടങ്ങിയവ തെറ്റിപ്പോകുക.

പെൻസിൽ, ക്രയോൺസ് തുടങ്ങിയവ നിയന്ത്രിക്കാൻ കഴിയാതിരിക്കുക.

അഞ്ചു മുതൽ പത്തു വയസു വരെ:

അക്ഷരങ്ങളും അവയുടെ ഉച്ചാരണങ്ങളുമായുള്ള ബന്ധം കിട്ടാതിരിക്കുക.

അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചു വാക്കുകൾ വായിക്കാനാകാതിരിക്കുക.

നിസ്സാര വാക്കുകൾ പോലും വായിക്കുമ്പോൾ തെറ്റിപ്പോകുക.

എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, തിരിഞ്ഞു പോകുക.

ചെറിയ കണക്കുകൾ പോലും കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടുക.

പത്തു മുതൽ പതിമൂന്നു വയസുവരെ:

വായിക്കാൻ കാര്യമായ ബുദ്ധിമുട്ടനുഭവിക്കുക.

കണക്കുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെടുക.

വായനയോടും എഴുത്തിനോടും വെറുപ്പുണ്ടാകുക, കഴിയുന്നതും ഇതിൽനിന്നൊഴിയാൻ ശ്രമിക്കുക.

വൃത്തിഹീനമായ കൈയ്യക്ഷരം.

ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതാകുക.

ബോർഡിൽ നിന്നും എഴുതിയെടുക്കാനാകാതാകുക.

വാക്കുകൾ മാറ്റി തെറ്റായി ഉച്ചരിക്കുക.

പഠന വൈകല്യത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്‌തമല്ല. തലച്ചോറിന്റെ ഘടനാപരമായ വൈകല്യം തന്നെയാണിതിന്റെ പുറകിലെന്നു പറയുമ്പോഴും അതിനുള്ള കാരണങ്ങൾ ഇന്നും തേടിക്കൊണ്ടിരിക്കുന്നു. പാരമ്പര്യം, ജന്മ സമയത്തുണ്ടാകുന്ന തലച്ചോറിന്റെ പരിക്കുകൾ, തൂക്കക്കുറവ്, ഗർഭകാലത്ത് ഉപയോഗിച്ചിരുന്ന ചില മരുന്നുകൾ, മദ്യം തുടങ്ങിയവയും, ഗർഭകാലത്തെ പോഷകാഹാരക്കുറവ്, ആഹാരക്കുറവ്, മാതാവിന്റെ ശരീരത്തിലെത്തിയ ചില ലോഹാംശങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെട്ടേക്കാം.

വിവര ശേഖരണത്തിലും ഉപയോഗത്തിലുമാണ് ഇത്തരക്കാരിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വിവരങ്ങൾ അല്ലെങ്കിൽ അറിവുകൾ തലച്ചോറിൽ വിനിയോഗിക്കപ്പെടുന്നത് നാലുതരം പ്രവർത്തനങ്ങളിലൂടെയാണ്.

നിക്ഷേപണമാണ് ആദ്യ ഘട്ടം. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ പ്രത്യേകിച്ചും കാഴ്‌ച, കേൾവി വഴി ലഭിക്കുന്ന വിവരങ്ങളെ തലച്ചോറിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഏകീകരണമാണ് രണ്ടാമത്തേത്. പഞ്ചേന്ദ്രിയങ്ങൾ വഴി ലഭ്യമാകുന്ന സമാനമായ വിവരങ്ങൾ ഏകീകരിക്കുക എന്നതാണ് ഈ പ്രക്രിയ. സംഭരണമാണ് അടുത്തത്. ഓരോ ഇന്ദ്രിയങ്ങളും വിവരങ്ങൾ കൈമാറുന്നത് തലച്ചോറിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ്. കിട്ടുന്ന വിവരങ്ങൾ ഏകോപനത്തിനുശേഷം ആവശ്യത്തിന് പുറത്തെടുക്കാൻ വേണ്ടി അനുയോജ്യമായ കേന്ദ്രങ്ങളിൽ സംഭരിക്കുകയെന്ന പ്രക്രിയയാണിത്. വീണ്ടെടുക്കൽ ആണ് നാലാമത്തേത്. ആവശ്യാനുസരണം വിവരങ്ങൾ തലച്ചോറിൽ നിന്നും പുറത്തെടുക്കുന്ന പ്രക്രിയയാണിത്. പഠന വൈകല്യം ഉള്ളവരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായിരിക്കില്ല എന്നതാണ് അവർ നേരിടുന്ന വെല്ലുവിളിയും.

പഠന വൈകല്യം എന്ന് പറയുമ്പോഴും ഇത് ഒരു തരത്തിൽ മാത്രമല്ല ഉള്ളത്. പലതരത്തിലുള്ള വൈകല്യങ്ങളുണ്ട്. ഇവയിൽ  ഏതെങ്കിലുമൊന്നോ ഒന്നിലേറെയോ ആയിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പഠന വൈകല്യ വിദ്യാഭ്യാസത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവർക്കു മാത്രമേ ഇത് നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ട ടെസ്റ്റുകൾ നടത്തിയതിനു ശേഷം മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പ്രധാന പഠന വൈകല്യങ്ങൾ താഴെ പറയുന്നവയാണ്.

ഡിസ്‌ലെക്‌സിയ: എന്നത് പഠന വൈകല്യത്തിന് പൊതുവായി പറയുന്ന ഒരു പേരാണ്. 70% കുട്ടികളുടെയും പ്രശ്‌നവും ഇതുതന്നെയായിരിക്കും. റീഡിങ് ഡിസോർഡർ എന്നും ഡിസോർഡർ ഓഫ് റിട്ടൺ എക്‌സ്‌പ്രെഷൻ എന്നുമുള്ള രണ്ടു പ്രശ്‌നങ്ങൾ ചേർന്നതാണ് ഇത്.  പൊതുവായി പറഞ്ഞാൽ എഴുതാനും വായിക്കാനും ഉച്ചരിക്കുവാനുമുള്ള പ്രശ്‌നങ്ങൾ തന്നെ. എന്നിരിക്കിലും വായിക്കാനുള്ള പ്രശ്‌നങ്ങളാണ് ചില സമയങ്ങളിലെങ്കിലും ഡിസ്‌ലെക്‌സിയ കൊണ്ടുദ്ദേശിക്കുന്നത്.

ഡിസ് ഗ്രാഫിയ: എഴുതുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഡിസ് ഗ്രാഫിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിസ്‌കാൽകുലിയ: കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈകല്യമാണ് ഇത്.

പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പഠനവൈകല്യം. എന്നാൽ പഠന വൈകല്യ ചികിത്‌സയിൽ കുറെ വർഷങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ഞാൻ ചികിത്‌സക്കായി ഉപയോഗിക്കുന്നത് ഹോമിയോപ്പതി മരുന്നുകളാണ്. കൂടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ചില പഠന പരിശീലനങ്ങളും. ഇത് രണ്ടും കൃത്യമായി പാലിക്കുന്നവരിൽ എൺപതു ശതമാനത്തിലധികം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായി കരുതുന്നു.

കുട്ടികൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ അത് തനിയെ ശരിയാകും എന്ന് ചിന്തിച്ചു സമയം കളയുന്നതിനു പകരം എത്രയും വേഗം വിദഗ്ദ്ധ സഹായം തേടുക എന്നത് തന്നെയാണ് ഏറ്റവും ശരി. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും പഠിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ മാനസിക സമ്മർദ്ദം ഉയർത്താനും, തന്മൂലം പഠനം കൂടുതൽ തകരാറിലാക്കാനും മാത്രമേ ഉപകരിക്കൂ.



ഡോ സുനീത് മാത്യു

2024 ജനുവരി 29, തിങ്കളാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ജനുവരി 2024, ലക്കം 40

 


മുഖമൊഴി

 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പുതിയ വർഷം പിറന്നിരിക്കുന്നു. വർഷങ്ങൾ ചീറിപ്പാഞ്ഞു പോകുന്നു. ഇതിവൃത്തം ആരംഭിച്ചതിനു ശേഷം ഇത് നാലാമത്തെ പുതു വർഷമാണ്. ജൂലിയൻ കലണ്ടറിലും, റോമൻ കലണ്ടറിലും ഇതു തന്നെയാണ് പുതുവർഷപ്പിറവി. ഇതല്ലാതെയും ധാരാളം പുതുവർഷപ്പിറവികളുള്ള കലണ്ടറുകൾ ഉണ്ട്. മലയാളം, തമിഴ്, തെലുഗു കലണ്ടറുകൾ മാത്രമല്ല, ചൈനീസ്, ജൂത കലണ്ടറുകൾ തുടങ്ങി പല രാജ്യങ്ങൾക്കും അവരവരുടേതായ കലണ്ടറുകളും പുതുവർഷങ്ങളുമുണ്ട്. ലോകത്ത് പല പുതുവർഷപ്പിറവികളും ഒരു വർഷത്തിൽ ഉണ്ടാകുന്നുണ്ട് എന്നർത്ഥം.

പുതുവർഷം ആഘോഷിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഗ്രിഗോറിയൻ കലണ്ടർ തന്നെയാകാം. ചൈനീസ് കലണ്ടറും ഇക്കാര്യത്തിൽ അത്ര പുറകോട്ടല്ല. എന്നാൽ ലോകവ്യാപകമായ ആഘോഷങ്ങളുടെ മുൻ‌തൂക്കം ഗ്രിഗോറിയൻ കലണ്ടറിനു തന്നെ. പുതുവർഷാരംഭമായി ജനുവരി ഒന്നിനെ ഏറ്റെടുത്തിട്ട് കുറഞ്ഞത് നാലായിരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

വാതിലുകളുടെയും, കവാടങ്ങളുടെയും ദേവനായിരുന്ന ജാനസിന് രണ്ടു മുഖങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം. താഴോട്ടു നോക്കുന്ന ഒരു മുഖവും, മുകളിലേയ്ക്ക് നോക്കുന്ന ഒരു മുഖവും. കഴിഞ്ഞ വർഷത്തേയും, വരാൻ പോകുന്ന വർഷത്തേയും അഭിമുഖീകരിക്കുന്ന ഒരു മാസത്തിന് അനുയോജ്യമായ പേര് ഇതുതന്നെയാകണമല്ലോ.

നമുക്കും ഈ മാസം അത്തരത്തിൽ ഒന്നാകട്ടെ. നമ്മുടെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ വിലയിരുത്തുവാനും, ഈ വർഷത്തിലെ വരാൻ പോകുന്ന മാസങ്ങളെ രൂപീകരിക്കുവാനും നമുക്ക് ലഭിക്കുന്ന ഒരവസരമാണിത്. അത് വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ നമുക്ക് സാധിക്കട്ടെ.

എല്ലാവർക്കും മാസികയുടെ പുതുവത്സരാശംസകൾ


 

ഡോ. സുനീത് മാത്യു 

ചില ‘യുങ്ങിയൻ’ ചിന്തകൾ

 



പുതുവർഷം. പുതുതായെന്തെങ്കിലും എഴുതാൻ ഉണ്ടാകുമോയെന്നാലോചിച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നിലും നിങ്ങളിലും ഒന്നും പുതുയതായില്ലേ? എല്ലാം പഴയതു തന്നെയോ? ചിന്തകളും, പ്രവൃത്തികളും, തൊഴിലും, സുഹൃത്തുക്കളും, ബന്ധുക്കളും എല്ലാം പഴയത്. അറിയുന്നത്.

എന്നാൽ അങ്ങനെയല്ല! പഴയതെന്നു വിചാരിക്കുന്നതൊക്കെ നിങ്ങൾക്കു നിങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അറിവുള്ള കാര്യങ്ങളുടെ, അവയുടെ ഓർമ്മകളുടെ, അകെ തുക മാത്രമാണ്. ബോധപൂർവമായി അറിയുന്നവ. നിങ്ങളിലെ ‘നിങ്ങൾ‘ കൂടുതലും അബോധമനസ്സിലും, ഉപബോധമനസ്സിലുമാണെന്നു പറഞ്ഞാൽ?

ഇന്നലെ രാത്രികണ്ട സ്വപ്നത്തിൽ നിങ്ങൾ അറിയാത്തൊരു ‘നിങ്ങൾ‘ ഒളിച്ചിരിക്കുന്നുണ്ടെന്നു വന്നാൽ? നിങ്ങൾ മുൻപെങ്ങോ എഴുതിയ കവിത വളരെനാൾകഴിഞ്ഞു വീണ്ടും വായിക്കുമ്പോൾ താൻതന്നെയാണോ എഴുതിയതെന്നു തോന്നിയാൽ? സുഹൃത്തിനു കിട്ടിയ പ്രമോഷനെയോർത്തു നിങ്ങൾ ഇത്രയധികം മനഃസ്താപപെട്ടതെന്തിനെന്നറിയില്ലെങ്കിൽ! വെറുതെ നടന്നുപോയ കുഞ്ഞൻ ഉറുമ്പിനെ ഞെരിച്ചുകൊല്ലാൻ കാലോങ്ങിയതും എന്തിനെന്നറിയില്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. എനിക്കും അതുപോലെ തന്നെ. നിങ്ങൾ മനസ്സിൽസൂക്ഷിക്കുന്ന രഹസ്യങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. നിങ്ങൾക്ക് അറിയാത്ത നിങ്ങളെക്കുറിച്ചാണ്.

മനഃശാസ്ത്രത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ എത്തിയതല്ല. എന്നാലും കുറച്ചു മനഃശാസ്ത്രം ഉണ്ടുതാനും.

മനഃശാത്രമെന്നുപറയുമ്പോൾ സാധാരണക്കാരൻ്റെ മനസ്സിൽ വരുന്ന പേര് സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) എന്ന മഹാമേരുവിൻ്റെതാണ്. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ നേരായും അല്ലാതെയും മനസ്സിലാക്കി വച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇവിടെ വിഷയം അതല്ലാത്തതുകൊണ്ട് അങ്ങോട്ടേക്ക് കടക്കുന്നില്ല.

എന്നാൽ ഫ്രോയിഡിൻ്റെ സഹായിയായി വരികയും പിന്നെ എതിരാളിയായി വളരുകയും ചെയ്‌ത ഒരു മഹാനുണ്ട്. അദ്ദേഹം പറഞ്ഞു വച്ച പലകാര്യങ്ങളും വെറും സാധാരണ സംഭാഷണങ്ങളിൽ പോലും ഉൾപ്പെടുത്തുന്ന നാം, കക്ഷിയെ അങ്ങനെ ഓർക്കാറില്ല. കൂടുതൽ അറിയാൻ ശ്രമിച്ചാൽ, നിലയില്ലാ കയംപോലെ വലിച്ചെടുത്തുകളയും ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ.

പേര് കാൾ യുങ് (Carl Jung). Jung എന്ന കുലനാമത്തിന് ‘യുങ്‘ എന്നാണ് ഉച്ചാരണം.

അദ്ദേഹത്തിൻ്റെതായി ധാരാളം സംഭാവനകൾ മനഃശാത്രത്തിനും, സാമൂഹ്യശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും, പൊതുബോധത്തിലും ഉണ്ടെങ്കിലും, നമുക്കെല്ലാം കുറച്ചെങ്കിലും അറിവുള്ള ചിലകാര്യങ്ങളെക്കുറിച്ചു പറയാം.

നേരത്തെ പറഞ്ഞ നമ്മുടെ സ്വയം ധാരണകളിൽ പലതും നമ്മൾ അണിയുന്ന മുഖംമൂടികളുടേതാകുന്നു (Persona) എന്നാണ് ഇദ്ദേഹം പറയുന്നത്. പെർസോണക്ക് മുഖംമൂടി എന്നതിലും കൂടുതൽ അർത്ഥം കൽപ്പിക്കുന്നെങ്കിലും, പെട്ടെന്ന് മനസ്സിലാക്കാൻ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ജീവിതത്തിൽ പലവേഷങ്ങൾ കെട്ടിയാടേണ്ടിവരുന്നരാണല്ലോ നമ്മൾ. ഓരോരോ വേഷങ്ങൾ, മുഖംമൂടികൾ. മുഖംമൂടികൾക്കുതാഴെ നമുക്കറിയാത്ത മനസ്സിൻ്റെ ഇരുണ്ട താഴ്വരകളിൽ (Shadow) നാമറിയാത്ത നമ്മൾ വസിക്കുന്നുണ്ട്. പലരായി, പലതായി. പുരുഷനിൽ സ്ത്രീകളും (Anima), സ്ത്രീകളിൽ പുരുഷൻമാരും (Animus) ഉറങ്ങിക്കിടക്കുന്നത്രെ. ഇതിൽ കൂടുതലൊന്നും എഴുതാൻ കഴിയില്ല. അറിയണെമെങ്കിൽ യുങ്ങിനെത്തന്നെ അറിയണം. മുകളിൽ ആംഗലേയത്തിൽ ബ്രാക്കറ്റിലാക്കിയെഴുതിയ വാക്കുകൾവഴി പിടിച്ചുകേറിയാൽ കാടുകയറാം.

യുങ്ങിൻ്റെ മറ്റൊരു സംഭാവനയാണ് അന്തർമുഖത്വവും (Introversion) ബഹിർമുഖത്വവും (Extraversion). അന്തർമുഖത്വവും, ബഹിർമുഖത്വവും നമ്മൾ വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണ്. അന്തർമുഖത്വം എന്തോ മോശപ്പെട്ട സ്വഭാവമാണെന്നും ബഹിർമുഖത്വം എന്തോ കേമത്തമാണെന്നതുമാണ് പൊതുധാരണ. എന്നാൽ ഈ രണ്ടു തരംതിരിക്കലുകൾ ഒരാൾക്ക് സംതൃപ്തിലഭിക്കുന്നത് മനോവ്യാപനങ്ങളിൽനിന്നാണോ അതോ മറ്റുള്ളവരുമായുള്ള ഇടപെടലിൽനിന്നാണോ, എന്നത് മാത്രമാണ് എന്നാണ് യുങിന്റെ പക്ഷം. മാത്രവുമല്ല, പൂർണ്ണമായുള്ള അന്തർമുഖത്വവും ബഹിർമുഖത്വവും ഒരാളിൽമാത്രം കണ്ടുകിട്ടാനും പ്രയാസം. നമ്മളുടെയെല്ലാം വ്യക്തിത്വങ്ങൾ ഇതുരണ്ടിൻ്റെയും ഏതൊക്കയോതരം മിശ്രിതങ്ങളാണ് എന്നതാണ് സത്യം.

കാൾ യൂങിൻ്റെ ഇത്തരം ചിന്തകൾ (അവയിൽ പലതിനെയും സിദ്ധാന്തങ്ങൾ എന്ന് പറയുക വയ്യ) വരും തലമുറയിലെ മനഃശാസ്ത്രക്കാരെയും, തത്വശാസ്ത്രക്കാരെയും, സാമൂഹ്യശാസ്ത്രജ്ഞരെയും, എഴുത്തുകാരെയുമെല്ലാം പ്രചോദിപ്പിച്ചു എന്നതാണ് ചരിത്രം. ആർകിടൈപ്സ് (Archetypes), പെർസോണ (Persona), സൈകി (Psyche), സെൽഫ്‌ (Self), ഇൻഡിവിടുവേഷൻ (Individuation), സിൻക്രോണോസിറ്റി (Synchronicity), ആനിമ (Anima), ആനിമസ് (Animus) ഷാഡോ (Shadow), ഈഗോ (Ego) എന്നീ പ്രധാനചിന്തകളൊക്കെ കാലാതീതങ്ങളാണ്. ഇന്നും ശാത്രലോകത്തെയും, കാല്പനികലോകത്തെയും പ്രചോദിപ്പിക്കുന്നവയാകുന്നു.

മേൽപ്പറഞ്ഞവയൊന്നും മലയാളീകരിക്കാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എനിക്കറിയില്ല എന്നതാണ്. രണ്ടാമതായി, സാധാരണ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ കിട്ടുന്ന ഒരർത്ഥത്തിലല്ല യുങ് അവയെ ഉപയോഗിച്ചിരിക്കുന്നത്.

ഉദാഹരണത്തിന്, ‘സെൽഫ്‌’ എന്ന വാക്കിന് വ്യക്തിത്വമെന്നോ, സത്തയെന്നോ മലയാളീകരിക്കാമെങ്കിലും, അതിനെ മറ്റൊരുരീതിയിലാണ് യുങ് സങ്കൽപ്പിച്ചത്. സെൽഫിനെ മനസ്സിന്റെ പ്രധാനഭാഗമായി യുങ് കണ്ടു. അത് ബോധമനസ്സും (Conscious Mind), വ്യക്തിഗത അബോധവും (Personal Unconscious Mind), സാമൂഹിക അബോധവും (Collective Unconscious Mind) ഒന്നിച്ച് കൊണ്ടുവരുന്ന ഭാഗമാണ്. ഒന്നുകൂടി വിശദീകരിച്ചാൽ നമ്മിളിൽ എല്ലാം വ്യക്തിഗത ബോധമനസ്സിനെയും, വ്യക്തിഗത അബോധമനസ്സിനെയും കൂടാതെ, നമ്മൾ ലോകത്തെല്ലാവരോടും പങ്കിടുന്ന ഒരു സാമൂഹിക അബോധമനസ്സുകൂടിയുണ്ടെന്നു ചുരുക്കം. അതുകൊണ്ടാണത്രെ ലോകത്തെ എല്ലാ സംസ്‌ക്കാരങ്ങളിലും മിത്തുകളിലും, ആർക്കിടൈപ്പുകളിലും, പല വിശ്വാസങ്ങളിലും സമാനതകൾ ഉണ്ടായി വന്നതത്രെ. മറ്റൊരുരീതിയിൽപറഞ്ഞാൽ മനുഷ്യരുടെ നൂറ്റാണ്ടുകളായി കണ്ടുവരുന്ന ചിന്താധാരകളിൽ (അവ പലകാലങ്ങളിൽ, ദേശങ്ങളിൽ, ഭാഷകളിൽ ആയിരുന്നിട്ടും) ധാരാളം സമാനതകളുണ്ട്.

ധീരരായി ലക്ഷ്യങ്ങൾനേടുന്ന നായകർ, പ്രകൃതി, അമ്മ, യുക്തിമതിയായ വൃദ്ധൻ എന്ന് തുടങ്ങുന്ന പ്രതീകങ്ങൾ എല്ലാക്കാലത്തും എല്ലാ സംസ്കാരത്തിലും, ചരിത്രത്തിലുടനീളം കാണാവുന്നതാണ്. നമ്മുടെ കഥകളും, കവിതകളും, ചലച്ചിത്രങ്ങളും, ചിത്ര–ശില്പകലകളും, മിത്തുകളും എല്ലാം നോക്കിയാൽ ഈയൊരു സമാനത കാണുവാൻ കഴിയുന്നതാണ്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും സാമൂഹിക അബോധതലം കൊണ്ടുണ്ടാകുന്നതാണെന്നുമാണ് യുങ്ങിൻ്റെ മതം.

അറിയുന്നതിലും കൂടുതൽ അറിയാത്തതാണ് നമ്മിലെല്ലാം അന്തർലീനമായിരിക്കുന്നത്. “It is not I who create myself, rather I happen to myself.” എന്ന് യുങ് പറഞ്ഞുവച്ചത് എന്തിനായിരുന്നുവെന്ന് ആലോചിച്ചുനോക്കുക.

പൗരസ്ത്യതത്വചിന്തകൾ ബോധത്തെ വേറൊരുതലത്തിലാണ് കാണുന്നതെന്നുള്ളത് സത്യമെങ്കിലും, ഭാരതീയ–ബുദ്ധ തത്വചിന്തകൾക്ക് യുങ്ങിന്റെ ചിന്തകളുമായി സാമ്യമുണ്ടെന്നുള്ളത് സത്യമാണ്. അതിനെക്കുറിച്ചു ഇനിയൊരിക്കൽ ആകാം.

കാൾ യൂങ് 1875-ൽ സ്വിസ്റ്റർലാൻഡിൽ ജനിച്ചു 1961-ൽ ആ രാജ്യത്തുവച്ചുതന്നെ മരണപ്പെട്ടു. അദ്ദേഹവുമായുള്ള അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. ലോകംകണ്ട പ്രതിഭാധനനായ ചിന്തകനെ അദ്ദേഹത്തിൻ്റെതന്നെ വാക്കുകളിൽ മനസ്സിലാക്കുക എന്നത് വലിയകാര്യമാണ്. സമയവും താല്പര്യവും ഉണ്ടെങ്കിൽ കാണുക.

ചിലമഹത്തായ ചിന്തകളെ, വളരെ ചെറുതായെങ്കിലും, പരിചയപ്പെടുത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു.


സുമേഷ് രാമചന്ദ്രൻ

 



മാപ്പ്

 














ജൻമമേകിയപുണ്യമാം മാതാ –

പിതാക്കളോടക്ഷന്തവ്യ

അപരാധമായവഗണിച്ചവരേ

പടിപ്പുറത്താക്കി,വൃദ്ധസദന,

തടവറതീർത്താഹൃദയത്തിൽ –

കാരിരുമ്പുളിക്കുത്തുകളാൽ

നോവിപ്പതിൽപ്പരംകടുത്ത

ശാപാർഹമായെന്തുലകിൽ..

അരുതേയെന്നൊരുവാക്ക് –

ഉരിയാടുവാനറിയാത്ത പാവം,

കുഞ്ഞോമനപൈതങ്ങളെ-

പ്പിച്ചിച്ചീന്തികാമാഗ്നിപടർത്തി,

കത്തിച്ചാമ്പലാക്കി,

മൃഗംനാണിയ്ക്കും ക്രൂരതകൾ

നിരന്തരംചെയ്തുമനുജരിവിടം-

കടുത്തതെറ്റുകാരാവുന്നു…

ജഗൽപ്രാണനെപ്പോലുമെന്നും-

മലിനീകരിച്ചും ശുദ്ധമാം,

ഓരോതെളിനീരുമശുദ്ധമായ് –

മാറ്റിയും..മാതൃമാറിടത്തിൽ,

ചുരത്തിയമുലപ്പാൽപോരാതെ

അമ്മതൻചുടുരക്തമൂറ്റി –

ക്കുടിച്ചാനന്ദ കാട്ടാളനൃത്തം

ചവിട്ടുന്നക്രൂരരാംമാനവർ…

ആർത്തിയാലീ ഭൂമിതൽ

അവയവങ്ങളോരോന്നായ്

പിഴുതെടുത്തുതിന്നൊടുവിൽ

സ്നേഹംതുടിക്കുംനെഞ്ചുകീറി

ഹൃദയം കവർന്നെടുക്കാൻ

തുനിയവേ..ക്ഷമകെട്ടു

വസുധയിന്നുതിരിച്ചടികളേകി

ക്കൊണ്ടേയിരിക്കുന്നൂ…

സ്നേഹമയിയാം അമ്മേ…

സർവംസഹയാം ഭൂമീദേവീ…

സ്വയംനിലനിൽപ്പു പോലും –

മറന്നിവിടംചിലർനടമാടുമീ,

അപരാധങ്ങളാലീയുലകിലെ-

മാനവർക്കൊന്നാകെയും

കടുത്തശാപങ്ങളിനിയും –

ഏകാതെമാപ്പുനൽകേണമേ..


 

രഷിത്ത് ലാൽ കീഴരിയൂർ

ശുഭയാത്ര

 


കത്തുന്ന ചൂടുള്ള പതിനൊന്നു മണി ഉച്ചയിലേക്ക് അങ്ങേയറ്റം വിരസമായതെങ്കിലും വളരെ ഭാരം കുറഞ്ഞ മനസ്സോടെ മുൻവാതിൽ തുറന്ന് ഞാൻ ഇറങ്ങി. വെയിലും തണലും ഇഴ ചേർന്ന മുറ്റത്തിനോരത്ത് കഴിഞ്ഞ രാവിൽ കൊഴിഞ്ഞ ഇലകൾ തളർന്നു കിടന്നു. വലതു വശത്തെ കാപ്പി ചെടിക്കടുത്തുള്ള നന്ത്യാർവട്ട ചെടിയിൽ നിന്നുതിർന്നു വീണ വാടിയ പൂക്കൾ ചെടിയിലെ ഇളം തളിർപ്പുകളെ നോക്കി ചത്തു മലച്ചു കിടക്കുന്നു. “പഴുത്ത ഇല വീഴുമ്പോൾ പച്ചിലകൾ ചിരിക്കും “. കാലങ്ങൾക്കുമപ്പുറത്തു നിന്നുമുള്ള ഒരോർമ്മപ്പെടുത്തൽ  എന്റെ ഇടനെഞ്ചിലൂടെ തണുപ്പ് പടർത്തി കടന്നു പോയി.

ഇന്നലെ രാവിലേം കൂടി മുറ്റമടിച്ചതാണ്. എന്നിട്ടും വൈകിട്ടത്തെ ശീതക്കാറ്റിൽ എത്രമാത്രം ഇലകളാണ് വീണിരിക്കുന്നത്. പിന്നാമ്പുറത്തുള്ള കുറ്റിചൂലെടുത്ത് അതെല്ലാം തൂത്തു വരുവാൻ എന്റെ കൈ തരിച്ചു.

“നിനക്കിവിടെ എന്താണ് അവകാശം… എന്റെ ചൊല്പടിക്കു നിൽക്കാൻ പറ്റൂല്ലെങ്കിൽ ഇറങ്ങി പൊക്കോണം ഇവിടുന്ന്!”

തരിച്ചു വന്ന കൈ വിരലുകളിലെ വിയർപ്പ് ഞാനെന്റെ സാരിത്തുമ്പിൽ അമർത്തി തുടച്ചു. എനിക്കെന്തവകാശം… ഈ കൊഴിഞ്ഞ ഇലകൾ പോലും എന്റേതല്ല. ഞാൻ വെറുമൊരു കാവൽക്കരി. ഉടമയില്ലാത്തപ്പോൾ ശമ്പളമില്ലാതെ മുതൽ കാക്കുന്ന വെറുമൊരു വാല്യക്കാരി.

പൊള്ളുന്ന ചൂടാണ് പുറത്ത്. എന്റെ കൈവെള്ളകൾ വിയർപ്പിൽ കുതിർന്നിരുന്നെങ്കിലും അവ തണുത്തിരുന്നു. തണുപ്പ്…. അവസാന ജലവും വറ്റി പോയവളുടെ മരവിച്ച തണുപ്പ്.

“എങ്ങോട്ടാണ് കുഞ്ഞേ ഈ നട്ടുച്ചക്ക്… ?”

കൈത്തലം കണ്ണിനു മറയാക്കി  ഇടവഴിയിൽ എനിക്കഭിമുഖമായി നിന്നു കുഞ്ഞിച്ചെരുവ. കയ്യിൽ ഉണക്കമീൻ പൊതി. തലേന്ന് തെറിപ്പാട്ട് പാടിയ കെട്യോന് ഉച്ചക്ക് ചൂടോടെ കഞ്ഞി വിളമ്പാൻ  അരനാഴിക നടന്ന് കവലയിൽ നാരായണേട്ടന്റെ കടയിൽ നിന്നും വാങ്ങി വരുന്ന വഴിയാണ്.

ഉണക്കമീൻ കറി കൂട്ടിയിട്ടിതെത്ര കാലമായി?

ഇളയ മോനെ വയറ്റിലുണ്ടായി മൂന്നാം മാസം. കൊതി മൂത്ത് ഉണക്കയല കഷണങ്ങൾ മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഒരു ചുള കുടംപുളിയും കൂടി ചേർത്ത് അടുപ്പിൽ കയറ്റി. അല്പം തേങ്ങ നന്നേ അരച്ചു ചേർക്കണം. പൊട്ടിച്ച തേങ്ങ ചിരവിയെടുക്കാൻ  തുടങ്ങുമ്പോഴാണ് അയാൾ കയറി വന്നത്. മീൻ മണമടിച്ചതും മൂക്കിൻ തുമ്പ് വിടർന്നു. കണ്ണുകളിൽ ശൗര്യം തിളങ്ങി. കഴുത്തിലെ ഞരമ്പുകൾ വിറച്ചു പൊന്തി. ഒരലർച്ച… മൺചട്ടി രണ്ടായി പിളർന്ന് മുറ്റത്ത്. മുളക് പിടിച്ച അയല കഷണങ്ങൾ വേവ് കയറി നിവർന്നു തുടങ്ങിയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. തൊണ്ണൂറ് ദിവസം പ്രായമായ അയാളുടെ ഭ്രൂണം എന്റെ അടിവയറ്റിൽ ദിക്കുമുട്ടി പരക്കം പാഞ്ഞു. എനിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി… എങ്കിലും ഞാൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല. എന്റെ ഉയർന്ന ശ്വാസഗതി പോലും അയാളെ ഇനിയും ഭ്രാന്തനാക്കുമെന്നെനിക്കറിയാമായിരുന്നു. എന്നെ കാണുമ്പോൾ മാത്രം അയാളിൽ പൂക്കുന്ന ഭ്രാന്ത്‌!നിന്നിടത്തു തന്നെ നിന്നു ഞാൻ വിയർത്തു. പിന്നെ നിശ്ശബ്ദം കിതച്ചു.

“എനിക്കിഷ്ടമല്ലാത്തത് വെച്ചുണ്ടാക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടി…”

കത്തുന്ന അടുപ്പിലേക്ക് ഒരു കപ്പ് വെള്ളം കോരി ഒഴിച്ചിട്ട് അയാൾ എന്നെയൊന്നു നോക്കി. ഞാൻ കണ്ണുകൾ കൊണ്ട് മൊസൈക് തറയിലെ വിടവിൽപ്പെട്ടുപോയ  ഒരു കുഞ്ഞു ചെമന്ന ഉറുമ്പിനെ മാത്രം നോക്കി  നിന്നു.

കുഞ്ഞിച്ചെരുവയെ മറി കടന്ന് ഒന്നും മിണ്ടാതെ പോരുമ്പോൾ അവളുടെ കുടിലിലെ മീൻ കറി എന്നെ ഭ്രമിപ്പിക്കുകയും അതേ സമയം തന്നെ ഒരു മാത്ര എന്റെ അടുക്കളയിലെ കഴുകി കമിഴ്ത്തിവച്ചിരിക്കുന്ന മൺചട്ടിയിലെ നീളത്തിലുള്ളൊരു വിള്ളൽ എന്നെ അലോസരപ്പെടുത്തുകയും ചെയ്തു.അടുക്കളയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ അനവധി പിന്നിട്ടിരിക്കുന്നു.

റോഡരികിൽ ബസ് കാത്തു നിൽക്കുമ്പോൾ ഞാനല്പം അങ്കലാപ്പിലായിരുന്നു. കാലം ഒരുപാട് ആയിരിക്കുന്നു ഒരു ബസ് യാത്ര ചെയ്തിട്ട്. എത്രയോ വർഷങ്ങളായി പുറത്തേക്കുള്ള യാത്രകൾ കുറവാണ്. പുറത്തു പോകുന്നതെല്ലാം ഉടമയോടൊപ്പമാണ്. യാത്രയിൽ മറ്റാരുമില്ലെങ്കിൽ മാത്രം ഇടതു വശത്തെസീറ്റ്‌ എനിക്കു കിട്ടും. അല്ലെങ്കിൽ പുറകിൽ. പുറകിലും ഇടമില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്. എത്രയോ വട്ടം ഒരുങ്ങിയിറങ്ങിയ എന്നെ കൂടാതെ ആ നാലുച്ചക്ര വാഹനം പുറത്തേക്കു പോയിരിക്കുന്നു.

പൂഴിമണ്ണിൽ പൊടി പറത്തി ബസ് എന്റെ അരികിൽ വന്നു നിന്നു. വെളുത്ത പ്രതലത്തിൽ ചുമപ്പു നിറം കൊണ്ടെഴുതിയിരിക്കുന്നു… “ശുഭയാത്ര”. പറ്റിയ പേരു തന്നെ! വിശാലമായ സീറ്റിലേക്ക് ഒരു ചെറു ചിരിയോടെ ഞാൻ ഇരുന്നു.

നേരം മൂന്നു മണിയോട് അടുത്തിരുന്നു ഞാൻ മകളുടെ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോൾ. വിയർപ്പു തുള്ളികൾ കൂടിച്ചേർന്ന് എന്റെ ഇരു ചെന്നിയിലൂടെയും ചാലിട്ടിറങ്ങുന്നുണ്ടായിരുന്നു. മുൻവശത്തെ മുറ്റത്ത് നീളത്തിൽ അയകെട്ടി അവൾ അലക്കിയ തുണികൾ വിരിച്ചിട്ടിരിക്കുന്നു. എത്ര വൃത്തിയോടെ ചെയ്തിരിക്കുന്നു! ഇവൾ ഇതൊക്കെ പഠിച്ചല്ലോ! അല്ലെങ്കിലും ഏത് ഭാര്യയാണ് ഇതൊക്കെ പഠിക്കാത്തത്? അവൾ പഠിക്കാതിരുന്നതും ചെയ്യാതിരുന്നതും എന്റെ മകൾ ആയിരുന്നപ്പോൾ ആണല്ലോ!എനിക്കു ചിരി വന്നു. അതേ നിമിഷം തന്നെ ഇന്നലെ കഴുകിയ കിടക്കവിരികളും തോർത്തുകളും  മടക്കിവെച്ചില്ലല്ലോ എന്നോർത്തു വ്യസനിക്കുകയും ചെയ്തു.എത്ര പറിച്ചെറിഞ്ഞാലും എന്തിനാണ് ഇവയൊക്കെ ഇനിയുമിനിയുമിങ്ങനെ മനസ്സിലേക്ക് തിക്കിതിരക്കി കടന്നു വരുന്നത്!

സാരമില്ലെന്ന് സ്വയമാശ്വസിച്ച് കാളിങ് ബെല്ലിൽ വിരലമർത്തി. നല്ല ദാഹം… ഞാനെന്റെ കീഴ്ചുണ്ടുകൾ ഉണങ്ങിയ നാവു കൊണ്ട് തുടച്ചെടുത്തു.

“അമ്മയോ?”

അവളുടെ മുഖം പ്രസരിപ്പാർന്നതെങ്കിലും എന്നെ കണ്ടതിന്റെയൊരു തെളിച്ചക്കുറവ് ഞാൻ ക്ഷണനേരം കൊണ്ട് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു കൊല്ലങ്ങൾക്കും മുന്നേ പൊട്ടിച്ചുമാറ്റിയ പൊക്കിൾക്കൊടി തുമ്പിൽ നിന്നും ഇപ്പോഴും ചോരയിറ്റുന്നുണ്ടെന്നെ തോന്നലിൽ എന്റെ നെഞ്ചിൽ ഒരു നൊമ്പരം കനത്തു.

“അമ്മ ഇതെന്തു ഭാവിച്ചാണ്? അല്ലേലും ഈയിടെയായി അമ്മക്കൽപം തോന്ന്യാസങ്ങൾ കൂടുന്നുണ്ട്. ഇത്രേം കാലം ഈ അച്ഛനോടൊപ്പം തന്നെയല്ലേ ജീവിച്ചത്? എന്നിട്ടിപ്പോ ഈ വയസ്സാൻ കാലത്ത് പിണങ്ങി നടക്കുന്നു. അച്ചന്റെ ശീലങ്ങൾ…. അമ്മയ്ക്കല്ലാതെ ആർക്കറിയാം?ഒന്നുമല്ലെങ്കിലും ഞങ്ങൾ മക്കളുടെ ജീവിതത്തെക്കുറിച്ചെങ്കിലും ഓർക്കേണ്ടേ. ഇത് വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കാനായിട്ട്… ”

എന്റെ ദാഹവും വിശപ്പും കെട്ടു പോയി.ഞാൻ ഒന്നും മിണ്ടാതെ ദെണ്ണിച്ച കണ്ണുകളോടെ അവളെ നോക്കി.

മക്കളെക്കുറിച്ച് ഓർമ്മിക്കേണ്ടേ എന്ന്!

ആരെയും ഓർമ്മിക്കാൻ കഴിയില്ലായിരുന്നെങ്കിൽ എന്നേ ഞാൻ നിങ്ങളുടെ അച്ഛനിൽ നിന്നും രക്ഷപ്പെട്ടേനെ!

ഒന്നുകിൽ എന്റെ അടിവയറ്റിൽ ആദ്യചവിട്ടേറ്റ ആദ്യരാത്രിയിൽ. അല്ലെങ്കിൽ നിന്നെപ്പെറ്റ് ഇരുപത്തിയെട്ടാം ദിവസം ബെൽറ്റിന്റെ പാടുകൾ അടിവയറ്റിൽ തിണർത്തു പൊങ്ങിയ ദിവസം. അതുമല്ലെങ്കിൽ  സിഗരറ്റ് കുത്തി പൊള്ളിയ വടുക്കൾ പഴുത്ത് വ്രണമായ ആ ദിവസങ്ങളിൽ. ഇനി അതുമല്ലെങ്കിൽ ആണഹന്ത അരങ്ങു വാഴുന്ന നേരങ്ങളിൽ അപമാനത്തിന്റെ ഉമീത്തീയിൽ തലങ്ങും വിലങ്ങും എന്നെ പൊള്ളിച്ചെടുത്ത നേരങ്ങളിൽ. ഇനിയുമുണ്ട് അനേകം പകൽ നേരങ്ങൾ… ഒരു കൊടിച്ചി പട്ടിയെ പോലെ എന്നെ അവഗണിച്ച ലക്ഷക്കണക്കിന് വിനാഴിക നേരങ്ങൾ…

“അമ്മയെന്താണ് ഒന്നും മിണ്ടാത്തത്.. ?”

ഞാൻ അവളുടെ തോളെല്ലുകളിലേക്കു നോക്കി. ക്ഷീണമൊന്നുമില്ല പെണ്ണിന്… എന്തൊരു പെടാപാടായിരുന്നു കുഞ്ഞുനാളിൽ ഇവളെയൊന്നു തീറ്റിക്കാൻ… എന്തു കുസൃതിയായിരുന്നു ഇവൾക്ക്. അവളെ നോക്കിയിരിക്കെ എന്റെ ശുഷ്കിച്ച മാറിടങ്ങൾക്കു വീണ്ടും ജീവൻ വക്കുന്നത് പോലെനിക്ക് തോന്നി.

“അമ്മ ഒന്നോർത്തു നോക്ക് ഇവിടെ ഹർഷനും വീട്ടുകാരും ചോദിച്ചാൽ ഞാനെന്ത് പറയും? ഇപ്പോൾ തന്നെ ഇവിടെ ആരുമില്ലാത്തത് നന്നായി. ഇനി അതെല്ലാം പോട്ടെ അമ്മയില്ലാത്ത ആ വീടിനെക്കുറിച്ച്, അച്ഛനെക്കുറിച്ച് അമ്മ ഒന്നു ചിന്തിച്ചു നോക്കിയോ?അവിടെ അടുക്കളയിൽ ഏതേലും ഒരു സാധനം എവിടെയാണെന്ന് അച്ഛനറിയാമോ? ആ വീട്ടിൽ അച്ചന്റെ തുണികളും അടിവസ്‌ത്രങ്ങളും എവിടെയെന്നും ചൂലും അടിച്ചു വാരിയും എവിടെയെന്നും അച്ഛനറിയാമോ? ഒരു ഗ്ലാസ്സ് ചായ ഉണ്ടാക്കി കുടിക്കാൻ അച്ഛനറിയോ? ഇതൊക്കെ ഞാൻ പറയാതെ തന്നെ അമ്മക്ക് അറിഞ്ഞു കൂടെ?ഇത്രേം നാളും മോനും മരുമോളും കൂടിയെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആ വലിയ വീട്ടിൽ ആരുമില്ല… അച്ഛൻ തനിച്ച്. എന്നെ വിളിക്കുമ്പോൾ അദ്ദേഹം ആകെ ദേഷ്യത്തിലായിരുന്നു. എങ്കിലും ആ സ്വരത്തിലൊരു ഭീതിയുണ്ടായിരുന്നു. ഈശ്വരാ!നാട്ടുകാരോട് എന്തു പറയും. അമ്മ ലീവിൽ ആണെന്നോ അതോ യാത്രയിലാണെന്നോ അതുമല്ലെങ്കിൽ മോക്ഷം തേടി പോയെന്നോ! അമ്മേ… പ്ലീസ്.. അമ്മയൊന്നു തിരിച്ചു പോകൂ… ”

എനിക്കൊന്നാർത്തു ചിരിക്കണമെന്ന് തോന്നി.

പേടിയോ!

അയാൾക്കോ!

പേടിക്കട്ടെ… പേടിച്ചു വിറക്കട്ടെ!

ചിരിച്ചു കൊണ്ട് ഞാൻ മകളെ നോക്കി.

മക്കളിൽ നിന്നും കിട്ടിയില്ല എനിക്കൊരു മുക്തി. അച്ചന്റെ മനോരോഗം മക്കൾ വലുതാകുമ്പോൾ ചികിൽസിച്ചു ഭേദമാക്കുമെന്ന് ഞാൻ വ്യാമോഹിച്ചു. ഞാൻ നന്മകൾ മാത്രം ചൊല്ലി പഠിപ്പിച്ച മകളാണ്. വളർച്ചയെത്തിയ കാലം മുതൽ സ്വന്തം കാലിൽ നിൽക്കണമെന്ന്  നിരന്തരം ഉപദേശം കൊടുത്ത് വളത്തിയതാണ്. “വാ അമ്മേ… നമുക്ക് ഈ അച്ചന്റെയടുത്ത് നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് ” എന്നോട് കരഞ്ഞു പറഞ്ഞവളാണ്. ഞാൻ പഠിച്ചു ജോലി കിട്ടുമ്പോൾ അമ്മേനെ നോക്കാമെന്നു പറഞ്ഞെന്റെ കണ്ണീരൊപ്പിയ കുട്ടിയാണ്. എനിക്കൊന്ന് കരയണമെന്ന് തോന്നി. അതേസമയം തന്നെ ആർജ്ജവമുള്ള സ്വന്തമായി വരുമാനമുള്ള ഒരു പെണ്ണായിട്ടും സമൂഹത്തെ പേടിച്ചുള്ള അവളുടെ ചൂളിയുള്ള നിൽപ് കണ്ടപ്പോൾ അവളെ ഉറക്കെ ശകാരിച്ച് മുഖമടച്ചൊരു അടി കൊടുക്കാനും തോന്നി.

“ഞാനിത്രേം അച്ചനെക്കുറിച്ച് പറഞ്ഞിട്ടും അമ്മക്ക് തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ ”

“ഇല്ല… നിന്റെ പറച്ചിൽ കേട്ടപ്പോൾ ആ തീരുമാനം എന്നെ കൂടുതൽ ഭ്രമിപ്പിക്കുന്നു. ഞാനില്ലയ്മയിൽ അയാൾ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തനെപ്പോലെ ഉഴറി നടക്കുന്നതിന്റെ ഓർമ്മയിൽ പോലും എന്റെ ഹൃദയം തരളിതമാകുന്നു. എന്നെ കാണുമ്പോൾ മാത്രം പൊട്ടുന്ന അങ്ങേരുടെ മദം ഇനിയെന്റെ അഭാവത്തിലും  രൂക്ഷമാകുമെന്നോർക്കുമ്പോൾ എന്റെ ഞരമ്പുകൾ ത്രസിക്കുന്നു ”

ഞാൻ എഴുന്നേറ്റു.

“അമ്മ ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചില്ലല്ലോ… ”

മാതൃത്വത്തിന്റെ ഒടുങ്ങാത്ത അലിവോടെ ഞാൻ അവളെ നോക്കി. ഞാൻ എത്ര ദുർബ്ബലയായൊരു സ്ത്രീയാണ്… അമ്മയാണ്.

“വേണ്ട… എനിക്ക് ദാഹിക്കുന്നില്ല ”

പിന്തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു. നിരത്തിലേക്കിറങ്ങിയതും മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു.

“റെയിൽവേ സ്റ്റേഷൻ ”

ഞാൻ പുറത്തേക്കു നോക്കി. വെയിലാറിത്തുടങ്ങിയിരിക്കുന്നു. എങ്കിലും വായുവിൽ ചൂട് പുകയുന്നുണ്ട്. ബാഗിൽ നിന്നും വെള്ളമെടുത്ത് രണ്ടു കവിൾ കുടിച്ച് സാരിത്തലപ്പു കൊണ്ട് മുഖമൊന്നമർത്തി തുടച്ച് നഗരത്തിരക്കിലേക്കൊന്നു കണ്ണ് പായിക്കുമ്പോഴേക്കും സ്റ്റേഷൻ എത്തി.

ട്രെയിൻ രണ്ടു മണിക്കൂർ ലേറ്റാണ്. തിരക്കല്പം കുറഞ്ഞ ഒരു നീളൻ സിമെന്റ് ബെഞ്ചിലേക്ക് ടിക്കറ്റുമായി ഇരിക്കുമ്പോൾ ഞാൻ ഒരു വട്ടം കൂടി സുഗന്ധി  അമ്മായിയുടെ കത്തെടുത്ത്  വായിക്കാൻ തുടങ്ങി.

മോളേ,
നിനക്കിവിടം ഇഷ്ടമാകും. ന്റെ കുട്ടി ഇങ്ങോട്ട് വരൂ. ശേഷിക്കുന്ന ജീവിതമെങ്കിലും നീയൊന്നു സ്വച്ഛമായി ജീവിക്കൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം. ഞാനുണ്ട് കൂടെ….

ബനാറസ് പട്ടണത്തിൽ പുനർജ്ജനി ആശ്രമത്തിൽ  നിർമ്മലമായ ഹൃദയവുമായി എന്നെ കാത്തിരിക്കുന്ന സുഗന്ധി അമ്മായി. വാരാണസിയിലെ ഏതോ കല്പടവിലിരുന്നു കൊണ്ട്  പുരാതന ഗല്ലികളിലെ പെൺകുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന കാഷായ വസ്ത്രത്തിനുള്ളിലെ പെൺവാദിയെക്കുറിച്ചോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ഗംഗയിലേക്കുള്ള ഘട്ടുകളിൽ ഒന്നിൽ ശുഭ്രമായ മനസ്സോടെ തേജസ്സാർന്ന ഹൃദയത്തോടെയിരുന്ന്  നിരാലംബരായ സ്ത്രീകളുടെ കദനങ്ങൾക്ക് കാതോർക്കുകയും അവരുടെ പുഴുവരിക്കുന്ന വ്രണങ്ങൾ ശുചിയാക്കുകയും ചെയ്യുന്ന സുഗന്ധിഅമ്മായിയുടെ മാറിലേക്ക് പറ്റിചേർന്നു നിൽക്കാൻ എനിക്ക് കൊതിയായി.

ഞാൻ കത്തു മടക്കിവെച്ച് പ്ലാറ്റ്ഫോമിലേക്ക് നോക്കി. എത്ര തിരക്കാണ് ഇവിടം മുഴുവൻ!എന്തെല്ലാം തരം കാഴ്ചകളാണ് ചുറ്റും!എങ്കിലും എന്റെ മനസ്സ് ശാന്തമാണ്.

മൂന്നു രാവും രണ്ടു പകലും ഓടി തീർക്കേണ്ട യാത്രക്കു വേണ്ടിയുള്ള ഊർജ്ജം ഉള്ളിൽ നിറക്കാനായി ഞാൻ അല്പനേരമെന്റെ കണ്ണുകളടച്ചിരുന്നു. അപ്പോൾ ശുഭമായി പര്യവസാനിക്കേണ്ട ഒരു യാത്രയുടെ ലക്ഷണമെന്ന പോലെ ഒട്ടുമേ തിടുക്കമില്ലാതെ എന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു…ശാന്തമായി…. അങ്ങേയറ്റം സ്വസ്ഥമായി…

സൗമ്യ മുഹമ്മദ്‌


“Lal Qila” എന്ന ചെങ്കോട്ട

 




ഇന്ത്യൻ പതാക പ്രൗഡിയോടെ ചെങ്കോട്ടയിൽ പാറിപറക്കുമ്പോൾ നമുക്ക് തോന്നുന്ന അഭിമാനം,

ആ കോട്ട നമ്മുടെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ അല്ലെങ്കിൽ അധികാരത്തിന്റെ പ്രതീകം കൂടി ആയതുകൊണ്ടാണ്.

ചെങ്കോട്ടയുടെ ഭീമാകാരമായ മതിലുകളുടെ മുന്നിലൂടെ നടക്കുമ്പോൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷ്യപത്രമായ ഈ ഐതിഹാസിക കോട്ടയുടെ ചരിത്രം അറിയാൻ ആർക്കും ഒരു ആഗ്രഹം ഉണ്ടാകും.

1638-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.

‘അനുഗ്രഹീത കോട്ട’ എന്നർഥം വരുന്ന ‘ഖിലാ-ഇ-മുബാറക്’ എന്നാണ് കോട്ടയുടെ യഥാർത്ഥ പേര്. സമീപ പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ചെങ്കല്ല് ഉപയോഗിച്ചാണ് കോട്ട പ്രധാനമായും നിർമ്മിച്ചത്.

ചുവന്ന മണൽക്കല്ലിന്റെ ഈ സമൃദ്ധമായ ഉപയോഗം കോട്ടയ്ക്ക് “റെഡ് ഫോർട്ട്” എന്ന പേരും നൽകി.

പേർഷ്യൻ, തിമൂറിഡ്, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളിലാണ് ചെങ്കോട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് എന്ന് തന്നെ പറയാം. ഉസ്താദ് അഹമ്മദ് ലാഹോരി ആയിരുന്നു കോട്ടയുടെ മുഖ്യ ശില്പി.

ഡൽഹിയിലെ മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായാണ് ഇത് നിർമ്മിച്ചത്.

ചെങ്കോട്ട അതിന്റെ പ്രതാപകാലത്ത് മുഗൾ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. മഹത്തായ പല ചടങ്ങുകൾ, സൈനിക പരേഡുകൾ, രാജകീയ പരിപാടികൾ എന്നിവയ്ക്ക് ഇവിടം സാക്ഷ്യം വഹിച്ചു.

ചെങ്കോട്ട ഒരു ദീർഘചതുരാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ നിരവധി കവാടങ്ങളുള്ള ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രശസ്തമായത് ലാഹോർ ഗേറ്റും ഡൽഹി ഗേറ്റുമാണ്.  ഇതിനകത്ത് കൊട്ടാരങ്ങളും സദസ്സുകളും മനോഹരമായ പൂന്തോട്ടങ്ങളും ഉണ്ട്.

കോട്ടയുടെ മുന്നിലായി ആദ്യം നമ്മെ വരവേൽക്കുന്നത് മഹത്തായ ലാഹോർ ഗേറ്റ് ആണ്, അതുകടന്ന് അകത്തേക്ക് പ്രവേശിച്ചാൽ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പുകൾ കാണാം. ഇന്ത്യയുടെ കലാപരമായ പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന

കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഒരു നിര തന്നെ ഉണ്ടിവിടെ. എല്ലാം നല്ല വിലപിടിപ്പുള്ള വസ്തുക്കളാണ്. ഒരുകാലത്ത് വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ പ്രഭുക്കന്മാർക്ക് വിറ്റിരുന്ന ഈ സ്ഥലം ‘ചട്ട ചൗക്ക് ‘ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ സംഗീതജ്ഞർ ചക്രവർത്തിയുടെ വരവ് ശ്രുതിമധുരമായ ഈണങ്ങളോടെ അറിയിച്ചിരുന്ന നൗബത്ത് ഖാനയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. അതിന്റെ ചുവരുകളിൽ അലങ്കരിച്ച സങ്കീർണ്ണമായ ഫ്രെസ്കോകളും പുഷ്പ ഡിസൈനുകളും മനോഹരമായ കാഴ്ചകളാണ്.

ദിവാൻ-ഇ-ആം,  ഷാജഹാൻ ചക്രവർത്തി തന്റെ പ്രജകളുടെ പരാതികൾ കേട്ടിരുന്നത് ഇവിടെ ഇരുന്നാണ്. ചക്രവർത്തിയുടെ സിംഹാസനവും അതിന് ചുറ്റുമുള്ള അലങ്കരിച്ച തൂണുകളും ഒരു നിമിഷം നമ്മെ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകും.

കിരീടവും ചെങ്കോലും അണിഞ്ഞ ഷാജഹാൻ ചക്രവർത്തി മയൂര സിംഹാസനത്തിൽ എല്ലാ പ്രൗഡിയോടും കൂടി വിരിഞ്ഞ് ഇരിക്കുന്ന കാഴ്ച്ച ഒന്ന് സങ്കല്പിച്ചു നോക്കൂ. മുത്തുകളും പവിഴങ്ങളും രത്നങ്ങളും കൊണ്ട് അലങ്കരിച്ച കൊട്ടാരം. ഇന്ന് അതിന്റെ ഒരു പ്രൗഡിയും നമുക്ക് നേരിട്ട് കാണാൻ കഴിയില്ല എന്നുള്ളത് നിരാശജനകമായ ഒരു വസ്തുതയാണ്.

ദിവാൻ-ഇ-ഖാസ്, ചക്രവർത്തിമാർ മീറ്റിങ്ങുകൾ നടത്തിയിരുന്ന ഒരു പ്രൈവറ്റ് ഹാൾ ആണിത്. ചരിത്രത്തിന് നഷ്ടപ്പെട്ട മുഗൾ ഐശ്വര്യത്തിന്റെ മിന്നുന്ന പ്രതീകമായ പ്രസിദ്ധമായ മയൂര സിംഹാസനം ഇവിടെയാണ് ഉണ്ടായിരുന്നത്.

സ്ത്രീകൾക്കായി ഒരുക്കിയ രംഗ് മഹലിലേക്കാണ് അടുത്തതായി പോകേണ്ടത്. അവിടെ ചുറ്റുമുള്ള ഗാർഡൻ വളരെ മനോഹരമായി ഒരുക്കി വെച്ചിട്ടുണ്ട്. രംഗ് മഹലിന്റെ അകത്തളങ്ങൾ അതിമനോഹരമായ പേർഷ്യൻ ശൈലിയിലുള്ള അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. യമുനാ നദിയിലെ വെള്ളം ഒഴുകുന്നതിനായി പ്രത്യേക പാതകൾ ഇവിടെ ഒരുക്കിയിരുന്നു. ഒരു മസ്ജിദ് കൂടി ഇതിന് അടുത്തായി നമുക്ക് കാണാം.

മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ ശേഖരം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം കൂടി ചെങ്കോട്ടയിലുണ്ട്.

2007-ൽ, ചെങ്കോട്ടയുടെ ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കണക്കിലെടുത്ത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതിനെ പ്രഖ്യാപിക്കുക ഉണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ചെങ്കോട്ട ഇപ്പോൾ ഉള്ളത്.

പുതിയ 500 രൂപ കറൻസിയുടെ പിൻഭാഗത്ത് കാണുന്ന ചിത്രം ചെങ്കോട്ടയുടേത് ആണ്.

ഇന്ന് ഡെൽഹിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട.  എല്ലാ വർഷവും ഈ ചരിത്ര സ്മാരകത്തിൽ സ്വാതന്ത്ര്യ ദിനത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്താറുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമായി 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് ചെങ്കോട്ട.  ഈ ചരിത്രസംഭവം രാജ്യത്തിന്റെ കൂട്ടായ ഓർമ്മയിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണ്. അതേ സ്ഥലത്ത് പാരമ്പര്യം തുടരുന്നത് സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

റെഡ്ഫോർട്ട്‌ പ്രവേശന സമയം 9.30 am to 4.30 pm വരെയാണ്. തിങ്കളാഴ്ച്ച ദിവസം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാൾക്ക് മുപ്പത്തിയഞ്ച് രൂപയാണ്.

ഇവിടെയ്ക്ക് എത്താൻ മെട്രോ സൗകര്യം ലഭ്യമാണ്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ Lal Quila (Violet Line), Chandni Chowk (Yellow Line) എന്നിവയാണ്.

റെഡ്ഫോർട്ടിന് അടുത്തായി കാണാൻ സാധിക്കുന്ന മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ് :

Chandni Chowk Market Jama Masjid (900 m), Raj Ghat (2 km), India Gate (7 km), Humayun’s Tomb (9 km)

 

കിഷോർ ലാൽ

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം2

 


ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഖ്യമായും പല ലൈംഗീക പ്രശ്‌നങ്ങളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്നതെന്ന് ഞാൻ മുൻ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ ലൈംഗീകത എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗീക വിനോദത്തിനോ പ്രത്യുത്‌പാദനത്തിനോ അല്ലെങ്കിൽ ഇവ രണ്ടിനുമോ വേണ്ടി സ്‌ത്രീ പുരുഷന്മാർ ഇണ ചേരുന്നതിനെയാണ് ലൈംഗീക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും താത്‌പര്യങ്ങളും അനിവാര്യവുമാണ്.

ലൈംഗീക ബന്ധത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ആകെ സെക്ഷ്വൽ റെസ്‌പൊൺസ് സൈക്കിൾ എന്ന് പറയും. ഇത് നാല് വിവിധ ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിലെ എല്ലാ ഘട്ടങ്ങളും ഒരു സംതൃപ്‌ത ലൈംഗീക ബന്ധത്തിന് തുല്യ പ്രാധാന്യം ഉള്ളവ തന്നെയാണ്. ഇതിൽ ഏതു ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ ലൈംഗീക മാനസിക ആരോഗ്യത്തിൽ പ്രതിഫലിക്കാവുന്നതു തന്നെയാണ്.

എക്സയിറ്റ്മൻറ് അഥവാ ആവേശം എന്നതാണ് ആദ്യ ഘട്ടം. ഇത് ഏതാനും മിനുട്ടുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരെ നീണ്ടു നിന്നേക്കാം. ഇതിന്റെ സമയ ദൈർഘ്യം കൂടുന്നതനുസരിച്ചു ലൈംഗീക സംതൃപ്‌തിയും കൂടുന്നതായിരിക്കും. ശരീരത്തിലെ മസിലുകൾ മുറുകുക, ഹൃദയ നിരക്ക്, ശ്ശ്വാസോച്‌വാസം എന്നിവ കൂടുക, ലൈംഗീകാവയവങ്ങളിലേക്കു രക്‌ത സംക്രമണം അധികരിക്കുക, മുലക്കണ്ണുകൾ ദൃഢമാകുക, സ്‌ത്രീകളുടെ യോനീച്ഛദം (ക്ലിറ്റോറിസ്), യോനിച്ചുണ്ടുകൾ തുടങ്ങിയവയ്ക്കും പുരുഷ ലിംഗത്തിനും ഉദ്ധാരണമുണ്ടാകുക, യോനിസ്രവങ്ങൾ ഉണ്ടാകുക, പുരുഷന്മാരിൽ വൃഷണങ്ങൾ വീർക്കുക, സ്രവങ്ങളുൽപാദിപ്പിക്കുക, സ്‌ത്രീകളിൽ മാറിടങ്ങൾ വീർത്തു വരിക തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങൾ.

രണ്ടാമത്തെ ഘട്ടം പ്ലാറ്റോ (plateau)എന്നാണറിയപ്പെടുന്നത്. ഒന്നാം ഘട്ടമായ എക്സയിറ്റ്മൻറ് തീവ്രത കൂടിയ ഘട്ടമാണിത്. യോനി കൂടുതൽ വികസിക്കുകയും വീർക്കുകയും ചെയ്യും.യോനീഭിത്തികൾ ഇരുണ്ട പർപ്പിൾ നിറത്തിലാകും. യോനിച്ഛദം കൂടുതൽ സൂക്ഷ്‌മ സംവേദന ക്ഷമതയുള്ളതാകുന്നു. ഹൃദയ നിരക്ക്, ശ്വാസ നിരക്ക്, രക്‌ത സമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയരുന്നതും, കാൽ പാദങ്ങളിലെയും കൈകളിലെയും മുഖത്തെയും മസിലുകൾ വലിഞ്ഞു മുറുകുന്നതും ഈ ഘട്ടത്തിലാണ്.

മൂന്നാമത്തെ ഘട്ടമാണ് ഓർഗാസം അഥവാ രതിമൂർച്ഛ എന്നറിയപ്പെടുന്നത്. ഇത് തന്നെയാണ്  സെക്ഷ്വൽ റെസ്‌പോൺസ് ചക്രത്തിന്റെ മൂർദ്ധന്യം എന്നറിയപ്പെടുന്നതും. ഹൃദയ, ശ്വാസ നിരക്കുകൾ, രക്‌തസമ്മർദം എന്നിവ അതിന്റെ മൂർദ്ധന്ന്യത്തിലെത്തുന്നതും ഇതിൽത്തന്നെ. ലൈംഗീക പിരിമുറുക്കത്തിൽ നിന്ന് മുക്‌തിപ്രാപിക്കുന്നതു രതിമൂർച്ഛയിലൂടെയാണ് . സ്‌ത്രീകളിൽ യോനിയും ഗർഭാശയവും പ്രത്യേക താളത്തിൽ സങ്കോചിക്കുകയും അപൂർവമായ ഒരു സുഖാവസ്ഥയിലേക്കു നയിക്കപ്പെടുകയും ചെയ്യും.പുരുഷൻമാരിൽ ലിംഗത്തിന്റെ അടിഭാഗത്തുള്ള മസിലുകൾ താളാത്‌മകമായി സങ്കോചിക്കുകയും സ്ക്കലനം നടക്കുകയും ചെയ്യും. പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖകരമായ അവസ്ഥ നൽകുന്ന ഒന്നാണ് സ്ക്കലനം.

നാലാമത്തെ ഘട്ടമാണ് റെസൊല്യൂഷൻ (resolution) എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലാണ് ശരീരം അതിന്റെ പൂർവകാല പ്രവർത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇത് സുഖത്തിന്റെയും അടുപ്പത്തിന്റെയും ക്ഷീണത്തിന്റെയും സമ്മിശ്രമായ ഒരു ഘട്ടമാണ്. സ്‌ത്രീകളിൽ ചിലർക്ക് ഈ ഘട്ടത്തിൽ നിന്ന് വീണ്ടും പെട്ടെന്ന് തന്നെ വീണ്ടുമൊരു രതിമൂർച്ഛാ ഘട്ടത്തിലേക്ക് മടങ്ങുവാൻ സാധിക്കും. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും റെസൊല്യൂഷൻ ഘട്ടങ്ങൾ വ്യത്യസ്‌തമാണ്. സ്‌ത്രീകൾക്ക് ഒന്നിലധികം രതിമൂർച്ഛകൾ സാധ്യമാണെങ്കിലും പുരുഷനിൽ റെസൊല്യൂഷൻ ഘട്ടം ദീർഘമായാണ് കണ്ടുവരുന്നത്. അതിനു റിഫ്രാക്ടറി പീരീഡ് എന്നാണ് പറയുന്നത്. ഈ സമയത്തു വീണ്ടുമൊരു രതിമൂർച്ഛ പുരുഷന് അപ്രാപ്യമാണ്. പ്രായം കൂടുംതോറും റിഫ്രാക്ടറി സമയം കൂടിക്കൊണ്ടിരിക്കും.

സ്‌നേഹവും ദൃഢമൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന ഒരു ഘട്ടമാണ് റെസൊല്യൂഷൻ എന്നതാണ് ഇതിന്റെ പ്രാധാന്യം. സ്‌ത്രീ എപ്പോഴും പുരുഷന്റെ കരുതൽ ഇഷ്‌ടപ്പെടുന്നു എന്നത് തർക്കമില്ലാത്ത ഒരു സത്യമാണ്. പുരുഷന്റെ ലൈംഗീകത രതിമൂർച്ഛയിലൂടെ തിരശീലയിടപ്പെടുന്നു. അതിനു ശേഷം ലൈംഗീക ചേഷ്‌ടകളോ സ്‌പർശനം പോലുമോ ഇഷ്‌ടപ്പെടാത്തവർ ധാരാളമുണ്ടാകും. എന്നാൽ സ്‌ത്രീക്ക് ഈ ഘട്ടം അങ്ങനെയല്ല. രതിമൂർച്ഛക്കു ശേഷമുള്ള ലൈംഗീക ചേഷ്‌ടകളും ഭാവങ്ങളും അവരെ വീണ്ടും രതിമൂർച്ഛയിലെത്തിച്ചേക്കാം. ഈ ഘട്ടത്തിലുള്ള പുരുഷന്റെ തലോടലോ, കെട്ടിപ്പിടിക്കലോ സ്‌ത്രീകളിൽ തൃപ്‌തിയും സ്‌നേഹവും വർധിപ്പിക്കാൻ കാരണമാകും എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്‌ത്രീ അതാഗ്രഹിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത്തരം പ്രവർത്തികൾ സ്‌ത്രീകളിൽ ഇണയോടുള്ള സ്‌നേഹവും അടുപ്പവും വിശ്വാസവും വർധിക്കുന്നതിന് കാരണമാകുമെന്ന് പുരുഷന്മാരും മനസിലാക്കിയിരിക്കേണ്ടതാണ്.

ലൈംഗീകതയുടെ രസതന്ത്രം

ലൈംഗീക ബന്ധത്തിനും ലൈംഗീകതക്കും സഹായിക്കുന്ന വിവിധ ഹോർമോണുകൾ നമ്മുടെ ശരീരം സൃഷ്‌ടിക്കുമെങ്കിലും ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ, പ്രൊലാക്ടിൻ എന്നിവയാണ് ഇതിൽ മുഖ്യസ്ഥാനം വഹിക്കുന്നത്. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണും ഈസ്ട്രോജൻ സ്‌ത്രീ ഹോർമോണുമാണ്. പാൽ ഉത്‌പാദനമാണ് പ്രൊലാക്ടിൻറെ മുഖ്യ ധർമ്മം. ഈ ഹോർമോണുകളെല്ലാം വ്യത്യസ്ഥ അളവുകളിൽ സ്‌ത്രീ പുരുഷന്മാരിലുണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലും ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. സ്‌ത്രീകളിലാകട്ടെ നേരേ മറിച്ചും. ഈസ്ട്രജൻ കൂടുതലും ടെസ്റ്റോസ്റ്റിറോൺ കുറവുമായിരിക്കും.

അതുപോലെ തന്നെ സ്‌ത്രീയുടെ ലൈംഗീക വികാരങ്ങളെ കുറക്കുന്ന മറ്റൊരു ഹോർമോൺ ആണ് പ്രൊജസ്റ്റീറോൺ. സാധാരണയായി ആർത്തവ ചക്രത്തിലെ അണ്ഡോത്‌പാദന സമയത്ത്, അതായത് ആർത്തവമായി പത്തു മുതൽ പതിനെട്ടു വരെയുള്ള ദിവസങ്ങളിൽ ഈസ്ട്രജന്റെ അളവ് കൂടുതലും പ്രൊജസ്ട്രോജന്റെ അളവ് കുറവുമായിരിക്കും. ഇക്കാലഘട്ടങ്ങളിൽ ആരോഗ്യവതികളായ സ്‌ത്രീകളിൽ ലൈംഗീക വികാരം കൂടുതലായിരിക്കും. ഇത് പ്രത്യുൽപ്പാദനത്തിന്റെ പ്രകൃതി നിയമവുമാണ്.

ലൈംഗീകതയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഹോർമോണുകളാണ് ഓക്‌സിടോസിനും വാസോപ്രെസ്സിനും. മനുഷ്യരെത്തന്നെ അടുപ്പിക്കുകയും സ്‌നേഹിപിക്കുകയും ചെയ്യിപ്പിക്കുക എന്നതാണ് ഓക്‌സിടോസിന്റെ പ്രധാന ധർമ്മം. ഈ ഹോർമോൺ തന്നെയാണ് പ്രസവ സമയത്തു ഗർഭപാത്രത്തിന്റെ സങ്കോചമുണ്ടാക്കുന്നതും. സ്ക്കലനസമയത്ത് ഈ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും എന്നതും ഇണയോടുള്ള ബന്ധത്തിന് തീവ്രത നൽകുന്നു. വാസോപ്രെസ്സിൻ പുരുഷന്മാരിൽ ലൈംഗീക വികാരം വർധിപ്പിക്കുകയും ഉദ്ധാരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് സ്‌ത്രീകളിൽ ലൈംഗീക വികാരം കുറയ്ക്കുകയാണ് ചെയുക.

ആർത്തവവിരാമവും ലൈംഗീകതയും

ആർത്തവവിരാമത്തിൽ ലൈംഗീക ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നു എന്നത് വാസ്‌തവംതന്നെ. അതുകൊണ്ടുതന്നെ അവരുടെ ലൈംഗീകതയിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ലൈംഗീകമായി ഉണരുന്നതിൽ കാലതാമസമുണ്ടാകുക, സ്‌പർശനങ്ങൾക്ക് വികാരമുണർത്തുന്നതിൽ മുൻപുണ്ടായിരുന്ന തീവ്രത നഷ്‌ടപ്പെടുക തുടങ്ങിയവയെല്ലാം ആർത്തവവിരാമത്തോടടുപ്പിച്ചു കുറച്ചുകാലം ഉണ്ടാകാനിടയുണ്ട്. ഇത് മാറിയ ഹോർമോണുകളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം മാത്രമാണ്. ശാരീരികവും മാനസികവുമായ മറ്റസ്വസ്ഥതകളും ഇക്കാലത്തുണ്ടാകും. എന്നാൽ ലൈംഗീകതക്ക് ആർത്തവവിരാമവുമായി വലിയ ബന്ധമൊന്നുമില്ല. ലൈംഗീകതക്ക് പ്രായം വലിയ പ്രശ്‌നമൊന്നുമല്ല എന്നർത്ഥം. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ അവരെ അലട്ടിയേക്കാം. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ആയിരിക്കും അവ. ഈസ്ട്രജന്റെ കുറവ് യോനിയിലേക്കുള്ള രക്‌തപ്രവാഹം കുറക്കുകയും തൻമൂലം യോനീസ്രവങ്ങൾ കുറയുകയും ലിംഗപ്രവേശനം ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ലേപനങ്ങൾ ഇന്ന് ലഭ്യമാണ്. പലർക്കും ഇക്കാലങ്ങളിലെ ലൈംഗീക ബന്ധങ്ങൾ പഴയതിനേക്കാൾ ആസ്വാദ്യകരമാണെന്നാണ് യാഥാർഥ്യം. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയുന്ന ശസ്‌ത്രക്രിയകൾ വഴിയുള്ള  നിർബന്ധിത ആർത്തവ വിരാമമാണ് പൊതുവെ ലൈംഗീക വികാരം കുറയ്ക്കുന്നതായി കാണപ്പെടുന്നത്. മനസിനും ശരീരത്തിനും ആർത്തവവുമായി പൊരുത്തപ്പെടാനാകാത്തതാണ് ഇതിന്റെ കാരണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കൂടുതൽ ഇക്കൂട്ടരിൽ തന്നെ. ഇത്തരം ശസ്‌ത്രക്രിയകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആവശ്യകത കൂടി മനസിലാക്കുന്നത് നന്നായിരിക്കും.

സ്‌ത്രീകളിലെ ആർത്തവവിരാമം പോലെ അപൂർവമെങ്കിലും പുരുഷന്മാരിലും ഒരു വിരാമമുണ്ട്. ഇതിനെ ആൻഡ്രെപ്പോസ് എന്നാണ് വിളിക്കുന്നത്. ഇതിനു കൃത്യമായ പ്രായപരിധിയൊന്നുമില്ല. മുപ്പതു ശതമാനം അമ്പതു വയസിനു മുൻപുള്ളവരെയും പത്തു ശതമാനം മുപ്പത്തിനു മുകളിൽ പ്രായമുള്ളവരെയും ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സമർത്ഥിക്കുന്നു. എന്നാൽ എൺപതു വയസിനു മുകളിൽ ഇത് ബാധിക്കാത്തവരുമുണ്ട്. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഹോമോസെക്ഷ്വാലിറ്റി

ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗീക ആകർഷണമാണ് ഹോമോസെക്ഷ്വാലിറ്റി. സ്‌ത്രീകൾ സ്‌ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും മാനസികവും ശാരീരികവുമായ ആകർഷണം ഉണ്ടാകുന്ന ഒരു അവസ്ഥ. ഇത് മുൻകാലങ്ങളിൽ ഒരു രോഗാവസ്ഥയായിട്ടാണ് കണ്ടിരുന്നതെങ്കിലും ഇപ്പോൾ ഇത് ഒരു അവസ്ഥ മാത്രമാണ്. രോഗമല്ല എന്നർത്ഥം. പല രാജ്യങ്ങളും ഇത്തരം വിവാഹങ്ങൾക്ക് നിയമ സാധുത വരെ നൽകി കഴിഞ്ഞിരിക്കുന്നു. ഹോമോസെക്ഷ്വൽ ആയ സ്‌ത്രീകളെ ലെസ്ബിയൻ എന്നും പുരുഷന്മാരെ ഗേയ് എന്നും സാധാരണ ഭാഷയിൽ പറഞ്ഞുവരുന്നു. ഇത്തരക്കാർക്ക് എതിർ ലിംഗത്തിൽ പെട്ടവരോട് ലൈംഗീകാകർഷണം ഉണ്ടാകാറില്ല. സാധാരണ വിവാഹബന്ധങ്ങൾ നിലനിർത്തുക എന്നതുതന്നെ ഇവർക്ക് സാധ്യമാകുകയില്ല. ഏതു ലിംഗത്തിൽപ്പെട്ടവരോടും ലൈംഗീകാകർഷണമുള്ളവർ ബൈസെക്ഷ്വൽസ് എന്നാണറിയപ്പെടുന്നത്. ഇത്തരക്കാർക്ക് സ്വന്തം ലിംഗത്തിൽ പെട്ടവരോ എതിർ ലിംഗത്തിൽ പെട്ടവരോ അല്ലെങ്കിൽ ഭിന്നലിംഗത്തിൽ പെട്ടവരോ ആയി ആനന്ദകരമായ ലൈംഗീക ബന്ധം സാധ്യമാകുന്നു.

ലൈംഗീക താൽപര്യങ്ങൾ മുതൽ ലൈംഗീക സ്വഭാവം വരെ നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറ്റവും പ്രധാന ലൈംഗീക അവയവം ഏതാണെന്നു ചോദിച്ചാൽ തലച്ചോർ ആണെന്നേ ഞാൻ പറയുകയുള്ളൂ. മാനസിക പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും ലൈംഗീകതയിൽ സാരമായ വ്യതിയാനം സൃഷ്‌ടിക്കാനാകും. അതുകൊണ്ടുതന്നെ ലൈംഗീക പ്രശ്‌നങ്ങൾ സ്വന്തം ഇണയോട് തുറന്നുപറയാനുള്ള ആർജവം ഉണ്ടാക്കുക എന്നതും ആവശ്യമുണ്ടെങ്കിൽ വിദഗ്ദ്ധരെ സമീപിക്കുക എന്നതും സന്തോഷകരമായ ഒരു ദാമ്പത്യ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

 

ഡോ. സുനീത് മാത്യു

2023 ഡിസംബർ 29, വെള്ളിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഡിസംബർ2023, ലക്കം 39

 


മുഖമൊഴി

 

നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന രണ്ടു വാക്കുകളാണ് ദയയും സഹാനുഭൂതിയും. ആംഗലേയത്തിൽ kindness എന്നും compassion എന്നും പറയും. പലർക്കും ഈ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം കൃത്യമായി അറിയില്ല എന്ന് തോന്നുന്നു. നമ്മൾ ദയാലുവാകണം എന്നാണ് പലപ്പോഴും പഠിപ്പിക്കുന്നത്. എന്നാൽ സഹാനുഭൂതിയുള്ളവരാകണം എന്ന് അത്രയധികം പഠിപ്പിക്കുന്നില്ല.

എന്താണ് ഈ വാക്കുകളുടെ അർത്ഥവ്യത്യാസം എന്ന് പരിശോധിക്കാം. ഒരു പക്ഷേ ഡിക്ഷ്ണറികൾ പരിശോധിച്ചാൽ സമാനമായ അർഥങ്ങൾ തന്നെ ലഭിച്ചു എന്നും വരാം. എന്നാൽ ഈ പദങ്ങൾക്ക് വലിയ വ്യത്യാസമുണ്ട്. യഥാർത്ഥത്തിൽ ദയ എന്നത് ഒരു പ്രവൃത്തിയും സഹാനുഭൂതി എന്നത് ഒരു വികാരവുമാണ്.

ആവശ്യമുള്ള ഒരാൾക്ക് അത് നൽകുന്നത് ദയയാണ്. അത്തരമൊരു ദാനം നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽകൂടിയും, അയാളുടെ വിഷമങ്ങൾക്കൊപ്പം നിൽക്കുന്നത് സഹാനുഭൂതിയും. നമുക്കെപ്പോഴും എല്ലാവരേയും എന്തെങ്കിലും കൊടുത്ത് സഹായിക്കുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവരോടൊപ്പം നിൽക്കുവാനും അവർക്ക് അത് ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാനും സഹാനുഭൂതിയുള്ളവർക്ക് കഴിയും.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു രോഗിക്ക്, സ്വാന്തനമായി കുറച്ചു പൂക്കൾ കൊടുക്കുന്നതോ, അല്ലെങ്കിൽ കുറച്ച് അവശ്യ വസ്തുക്കൾ കൊടുക്കുന്നതോ ദയ തന്നെയാണ്. എന്നാൽ അവരോടൊപ്പം നിന്ന് അവരെ പരിചരിക്കുന്നതാകട്ടെ, സഹാനുഭൂതിയും. നമ്മൾ പലപ്പോഴും കൊടുക്കുന്നത് ദയായാണ്. സഹാനുഭൂതിയുടെ കാര്യം വരുമ്പോൾ മിക്കവരും തെന്നി മാറിക്കളയും.

ദയയ്‌ക്ക്‌ അമിതമായ വികാരം ഉണ്ടാകണമെന്നില്ല. കടമ, ചില താൽപ്പര്യങ്ങൾ, സാമൂഹിക ലക്ഷ്യങ്ങൾ തുടങ്ങി പലതുമുണ്ടാകാം. എന്നാൽ സഹാനുഭൂതിയ്‌ക്ക്‌ ഇതൊന്നും കാരണമാകില്ല. കഷ്ടപ്പെടുന്നവനോട് മാനസികമായി ചേർന്നു നിൽക്കുവാൻ കഴിയുന്നു എന്ന് മാത്രം. ദയ നല്ലതല്ലെന്നല്ല. അവിടെ തീവ്രമായ വികാരമോ, ഒപ്പം നിൽക്കാനുള്ള മനസ്സലിവോ ഉണ്ടാകണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ദയയിൽ സ്വാർത്ഥതയുണ്ടാകാം എന്നാൽ സഹാനുഭൂതിയിൽ നിസ്വാർത്ഥമായ പരോപകാരശീലമാണുള്ളത്.

നമ്മുടെ ഉള്ളിൽ ഉടലെടുക്കേണ്ടത് സഹാനുഭൂതിയാണ്. അവിടെ ദയ ഉണ്ടാകും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. സഹാനുഭൂതി നമ്മുടെയുള്ളിൽ ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ പക്ഷം നമ്മുടെ മനസ്സിൽ ദ്രോഹചിന്ത ഉണ്ടാകുകയില്ല. അത് തന്നെ എത്ര വലിയ കാര്യമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഹാനുഭൂതിയുള്ള ഒരു തലമുറ വളർന്നു വരേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷികമാണ്. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


 

ഡോ. സുനീത് മാത്യു 

പിരമിഡുകളുടെ അടിയിൽ വസിക്കുന്നവർ!

 



ഈയടുത്തയിടെ ഓസ്‌ട്രേലിയയിലെ മെൽബൺ നഗരം സന്ദർശിക്കാനിടയായി. ഒരു കോൺഫറൻസ്. പതിമൂന്നു വർഷം മുൻപ് രണ്ടു വർഷം ജീവിച്ച നഗരമാണ്. ഇഷ്ടനഗരം. ഒരിഷ്ട നായികയെപ്പോലെ മനോഹരിയായിരുന്നു കക്ഷി. പത്തുവർഷത്തിലേറെയാകുന്നു നഗരത്തിൽ തിരികെ വന്നിട്ട്. പക്ഷെ ഇപ്പോൾ കാണുമ്പോൾ മനോഹരിയായ നായികയെ കടന്നാക്രമിക്കാൻ വന്നടുക്കുന്ന അതിക്രൂരനായ ഒരു വില്ലൻറെ മുഖമാണ് മനസ്സിൽ വന്നത്.

പത്തുവർഷം കൊണ്ട് നഗരത്തിലെ തിരക്ക് പതിൻമടങ്ങു വർദ്ധിച്ചത് പോലെ. അടങ്ങാത്ത ത്വരയോടെ നഗരം എങ്ങോട്ടോ ഓടിപ്പോകുന്നു. നിരത്തുകളിൽ തലങ്ങിനും വിലങ്ങിനും മനുഷ്യർ മാത്രം. കറുത്ത വെള്ളിയാഴ്ച (Black Friday) തന്നെ നഗരത്തിൽ നടക്കാനിറങ്ങിയത് യാദ്യശ്ചികമായാണ്. കറുത്ത വെള്ളിയാഴ്ച ഇവിടെ കിഴിവ് വില്പ്പനകളുടെ മാമാങ്കസമയമാണ്. കോൺഫെറെൻസിനിടയിലും ജോലിത്തിരക്കായിരുന്നതിനാൽ ഇതൊന്നും നോക്കിവെയ്ക്കാൻ സമയം കിട്ടിയിരുന്നില്ല.

മനുഷ്യർ ഇത്രയുമൊക്കെ വാങ്ങിക്കൂട്ടേണ്ടതിൻ്റെ ആവശ്യകത്തെക്കുറിച്ചു വെറുതെ ചിന്തിച്ചു. വേണ്ടതും, വേണ്ടാത്തതും. കണ്ടതും, കാണേണ്ടതും, പണം കൊടുത്തതും കടമെടുത്തും വാങ്ങിക്കൂട്ടുന്നു. എന്തിനുവേണ്ടി? ജീവിക്കാൻ വേണ്ടി മാത്രമല്ല. പലതിനും വേണ്ടിയാണ്.കാണാനും, കാണിക്കാനും,അഭിമാനിക്കാനും.അങ്ങനെ പലതും. ലോകത്തെവിടെയും ഇതുതന്നെ സ്ഥിതി. എല്ലുമുറിയെ പണിയെടുത്തു പല്ലുമുറിയെ തിന്നുന്ന കാലമൊക്കെ കഴിഞ്ഞു. പലകാരണങ്ങളാൽ തിന്നാൻ കഴിയാത്തതുകൊണ്ടാണോ എന്നറിയില്ല, സാധനങ്ങൾ വാങ്ങിക്കൂട്ടുവാനാണ് പുതിയകാലത്തിൻറെ ഉപഭോക്താവിനു താല്പര്യം.

ഉപഭോഗസംസ്കാരം മറ്റെല്ലാസംസ്കാരങ്ങളെയും തൃണവൽക്കരിച്ചുതുടങ്ങിയിട്ടു നൂറ്റാണ്ടുകളാകുന്നു.ഒരു കച്ചവടക്കാരനെ സംബന്ധിച്ചു ഓരോ മനുഷ്യനും ഉപഭോഗത്തിൻ്റെ സുവർണ്ണ ഖനിയാകുന്നു. അത് പണമുള്ളവനായാലും, ഇല്ലാത്തവനായാലും, കടമുള്ളവനായാലും, ഇല്ലാത്തവനായാലും കണക്കാണ്. വികസിത രാജ്യങ്ങളിൽ മാത്രമല്ല കച്ചവട സാധ്യത. ദരിദ്രരാജ്യങ്ങളിലും കച്ചവടങ്ങൾ നന്നായി നടക്കുന്നുണ്ട്. കയ്യിൽ പണം വേണമെന്നുപോലുമില്ലല്ലോ, കടം കൊടുക്കാൻ ബാങ്കുകളും തയ്യാർ.

കുറച്ചുമാത്രം പണമുള്ളവൻ്റെ കീശയെങ്ങനെ കീറാം എന്നതിനെ മാത്രം മനസ്സിലാക്കാൻ സിദ്ധാന്തങ്ങൾ വരെയുണ്ട്. പിരമിഡിൻറെ അടിഭാഗതന്ത്രം (Bottom of the Pyramid Strategy) എന്നോമറ്റോ മലയാളത്തിൽ പറയാം, അതിലെ ഒരെണ്ണം. ഹിന്ദുസ്ഥാൻ യൂണിലിവർ, പി&ജിയുമൊക്കെ (Procter & Gamble) ചെറിയ പാക്കറ്റുകളിൽ സോപ്പും ഷാംപൂവുമൊക്കെ എത്തിക്കുന്നത് നിങ്ങളുടെ ഒഴിഞ്ഞ പോക്കറ്റുകളെ കൂടുതൽ ഒഴിപ്പിക്കാനാണ്, കുടിയൊഴിപ്പിക്കാൻ. പിരമിഡിന്റെ അടിഭാഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് പട്ടിണിപാവങ്ങളെയാണ്. കീശ വലിപ്പത്തിന്റെ പിരമിടാണ്. ഒന്നുമില്ലാത്ത പട്ടിണിപ്പാവങ്ങൾ അടിയിലും, മടിയിൽ കനമുള്ള വഴിയിൽ പേടിയുള്ളവരൊക്കെ മുകളിലും. മടിയിൽ കനമോ, മടിയോ തന്നെയില്ലാത്ത മണ്ടൻമാരൊക്കെ അതിനടിയിൽ ആകുമ്പോൾ പണക്കൊഴുപ്പുകൊണ്ട് കനത്തവരുടെ ഭാരം കൊണ്ട് മിക്കപ്പോഴും നെരിഞ്ഞമർന്നുപോകും. ഞെരിഞ്ഞും, കരഞ്ഞും, കരിഞ്ഞും മരിക്കുന്നതുവരെ സാഷേകളിലെത്തുന്ന (Sachets) ചെറിയ ചെറിയ സന്തോഷങ്ങൾ വാങ്ങി ഭുജിച്ചും സേവിച്ചും ജീവിച്ചോളണം.

പിരമിഡിൻറെ അടിയിൽ നടക്കുന്ന കച്ചവടത്തിന്റെ വലിപ്പം കേട്ടാൽ നിങ്ങൾ ഞെട്ടും. നാനൂറു കോടിയിലധികം മനുഷ്യർ വസിക്കുന്ന ഈ അടിത്തട്ടിൽ ഒരുവൻറെ കയ്യിൽ ഒരു രൂപ മുടക്കാനുണ്ടെങ്കിലും നാനൂറുകോടി കയ്യിൽ വരും. ഈ കച്ചവടമൂല്യമാണ്, ഹിന്ദുസ്ഥാൻ യൂണിലിവറിന്റെയോ, P&G യുടെയോ, റിലൈൻസിന്റെയൊ അദാനിയുടെയോ മറ്റു വ്യവസായ ഭീമരുടെയോ അടിത്തറ. എന്ന് പറഞ്ഞാൽ ലോകത്തിലെ സമ്പത്തിന്റെയും, സാമ്പത്തിക വളച്ചയുടെയും, രാഷ്ട്രീയ വളർച്ചയുടെയും ഒക്കെ അടിത്തറ. ആംആദ്മി! വെറും സാധാരണക്കാർ! സാദാരണക്കാരന്റെ ആസാദാരണത്വം അവർക്കു തന്നെ അറിയിയാത്തതുകൊണ്ടു നടക്കുന്നതാണ് മേൽപ്പടി വളച്ചകൾ.

ഇന്ത്യയിലൊക്കെ നൂറുകോടിയിൽ അധികം വരുന്ന സാധാരണക്കാർ ഒന്നുമറിയാതെ, ഇല്ലാത്ത കാശുമുടക്കുന്നു. തലമുറകളായി ദരിദ്രരായി വ്യവസായങ്ങൾ വളർത്തുന്നു. രാജ്യത്തെ വളർത്തുന്നു. രാഷ്ട്രീയപാർട്ടികളെ വളർത്തുന്നു. ഇല്ലാത്തവന്റെ പിച്ചച്ചട്ടിയെ ഉന്നം വച്ച് ഇവരെല്ലാം തന്ത്രങ്ങൾ മെനയുന്നു. ഇന്ത്യയിൽ മാത്രമല്ല. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുതന്നെ ഗതി.

പാവപ്പെട്ടവരെ കൊണ്ട് എങ്ങനെ കാശുണ്ടാക്കാം എന്ന് ഗവേഷണം നടത്തി ലേഖനവും പുസ്തകവുമെഴുതിയതു ഇന്ത്യക്കാരനായിരുന്ന അമേരിക്കൻ പ്രൊഫസർ സി. കെ. പ്രഹ്ളാദും(C.K.Prahalad) അദ്ദേഹത്തിന്റെ ഗവേഷണസഹകാരിയുമായിരുന്ന സ്റ്റുർട്ട് ഹാർട്ടും (Stuart L. Hart) ചേർന്നാണ്, രണ്ടായിരത്തിരണ്ടാമാണ്ടിൽ (The Fortune at the Bottom of the Pyramid എന്ന പേരിലാണ് ലേഖനവും പുസ്‌തകവും വെളിച്ചം കണ്ടത്). പക്ഷെ അവരുടെ ഉദ്ദേശം നന്നായിരുന്നു. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തി ഇതുവഴി ദാരിദ്രം നിർമ്മാർജ്ജനം ചെയ്യാം എന്നവർ വിലയിരുത്തി. ഈ ചിന്ത പുറത്തുവന്നു ഇരുപതു വർഷം കഴിയുമ്പോൾ ‘തീവ്രമായി ആശിക്കുന്ന ദരിദ്രരെ’ (aspiring poor) നന്നാക്കിയോ? ഈ ഉപായം (Strategy) വഴി ആരുടെ ജീവിതനിലവാരമാണ് ഉയർന്നതെന്നു നിങ്ങൾ തീരുമാനിക്കുക.

പാവപ്പെട്ടവൻ്റെ ജീവിതനിലവാരം ഉയർത്തുവാൻ വെമ്പുന്നവർ അവൻ്റെ ഇല്ലാത്ത പണം പിടിച്ചുപറിച്ചു ആവശ്യം ഇല്ലാത്ത ഉപഭോഗവസ്തുക്കൾ അടിച്ചേൽപ്പിക്കുയല്ല വേണ്ടത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ആണ് നന്നാകേണ്ടത്. ആരോഗ്യവും വിദ്യാഭാസവും സ്ത്രീസമത്വവും, സുരക്ഷിതത്വവും ഉറപ്പു വരുത്തണം. ഭ്രൂണഹത്യകൾ ഇല്ലാതാകണം. പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണം. സ്കൂളുകളിൽ പോഷകാഹാരം വിതരണം ചെയ്യണം. സാധാരണക്കാരന് തൊഴിലും ഉചിതമായ വേതനവും ഉറപ്പുവരുത്തണം. പാർപ്പിടവും, സുരക്ഷയും, വെള്ളവും വെളിച്ചവും ഉറപ്പുവരുത്തണം. ഇതൊക്കെയുണ്ടെങ്കിൽ ഉപഭോഗം താനേയുണ്ടാകും. ഉചിതമായ, ആവിശ്യത്തിനുമാത്രമുള്ള, പ്രകൃതിയെ മറക്കാതെയുള്ള ഉപഭോഗവും, ഉപഭോഗസംസ്കാരവും ഉണ്ടായ്‌ വരും. ഇത്തരം ശക്തമായ അടിത്തറയുള്ള പിരമിഡുകൾ ഈജിപ്റ്റിലേതുപോലെ കാലാതിവർത്തികളാകും.

ദരിദ്രരെ ഉപഭോക്താക്കളും വോട്ടുബാങ്കുകളും ആയി മാത്രം കാണുന്നവർ ഓർക്കണം, ദുർബലമായ അടിത്തറയുള്ള ഇത്തരം പിരമിഡുകൾ ചീട്ടുകൊട്ടാരം പോലെ നിലം പതിക്കാൻ അധികം സമയം വേണ്ടിവരില്ല. അതുസംഭവിച്ചാൽ ഏറ്റവും ഊക്കോടെ വീണു പൊട്ടിത്തകരുന്നത്, പിരമിഡുകളുടെമുകളിൽ കെട്ടിയുണ്ടാക്കിയ ദന്തഗോപുരങ്ങളാകും.

“The Master said, “If your conduct is determined solely by considerations of profit you will arouse great resentment.”
― Confucius

സുമേഷ് രാമചന്ദ്രൻ

മരുഭൂമിയിലെ വെള്ളിരോമങ്ങൾ

 


“ഏഴ് ” അവൾ വെള്ള രോമങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി പറിച്ചെടുത്ത രോമവും കൂട്ടിചേർത്തു. എണ്ണം നിർത്തിയ അപ്പുവിനെ നോക്കി അവൾ ചിരിച്ചു. അപ്പുവിന് പത്തുവരെ എണ്ണാനെ അറിയാവുള്ളൂ. പത്തുവരെ എണ്ണിതീർന്നാൽ, വീണ്ടും ഒന്നിൽനിന്ന് തുടങ്ങും. പാൽപ്പല്ലുകൾ കൊഴിഞ്ഞുപോയ മോണകാട്ടി അവൻ ചിരിച്ചു.

“ഇതാ അച്ഛാ.. ഇതുംകൂടി ചേർത്തു ഏഴ് ” താഴെയിറങ്ങിവന്ന വട്ടകണ്ണട നേരെയാക്കി അവൾ പറഞ്ഞു.

തിണ്ണയിൽ മദ്യലഹരിയിൽ മത്തുപിടിച്ചു മലർന്ന് കിടക്കുന്ന അയാൾ ആർത്തു ചിരിച്ചു. ഉടുത്തുണിക്കിടയിൽ ഒതുക്കിവെച്ച കെട്ടഴിച്ച് കാശുകൂട്ടത്തിൽനിന്നും പത്തുരൂപനോട്ട് അവൾക്ക്നേരെ നീട്ടി.

അവളും അപ്പുവും പരസ്പരം നോക്കി പുഞ്ചിരിച്ചു. കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കമായിരുന്നു.

“ഇന്ന് എന്തായാലും വത്സൻ മാമേടെ കടയീന്ന് വാടകക്ക് സൈക്കിൾ എടുക്കണം ” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

തന്റെ കയ്യിൽ നിന്നും പത്തുരൂപ നോട്ട് തട്ടിയെടുത്ത അപ്പു ധൃതിപിടിച്ച് പുറത്തെ പശുതൊഴുത്തിലേക്ക് ഓടിചെന്നു.

“അമ്മേ ദേ..” തൊഴുത്തിൽ പണിയിലേർപ്പിട്ടിരുന്ന അമ്മയ്ക്ക് നേരെ നോട്ട് ഉയർത്തിക്കാട്ടി.

അപ്പുവിനെ കണ്ടതും അമ്മ മുഖത്തു ചിരി വരുത്തി !

അവന് സംശയംമുളപൊട്ടി.

ക്ഷീണിച്ച മുഖം.കണ്ണുകൾ ചുവന്നിരുന്നു. കണ്ണ്കൾക്ക് താഴെ നീർച്ചാലുപോലെ അഴുക്ക് പറ്റിയിരിക്കുന്നു.

അവന്റെ ചിരിയുടെ ആയുസ്സ് പെട്ടെന്നൊടുങ്ങി.

അമ്മ കരയുകയാണോ?

“അപ്പു..” അവൾ നീട്ടി വിളിച്ചു തൊഴുത്തിനരികിൽ നിന്ന അപ്പുവിനോട് അമ്മ അവളുടെ പക്കലേക്ക് നീങ്ങാൻ ആംഗ്യം കാണിച്ചു . അപ്പു തലകുനിച്ച് അവളെ അനുഗമിച്ചു.

ചെമ്പൻ പാറകെട്ടുകളിലൂടെ അവർ നിരപ്പിലേക്ക് നടന്നുനീങ്ങി. അപ്പോഴും അപ്പുവിന്റെ മനസ്സിൽ അമ്മയായിരുന്നു.. അമ്മ അമ്മ അവൻ പിറുപിറുത്തു. അവൾ അവനെ തന്നോട് ചേർത്തു. ദൂരെ പാറനിരപ്പിൽ മുങ്ങിപോകുന്ന കൂരയിലേക്ക് അവൻ തിരിഞ്ഞു നോക്കി. അകലെ ഉച്ചവെയിലിന്റെ മൃഗതൃഷ്ണയിൽ വീടും അമ്മയും മാഞ്ഞുപോയി .

ടാർ പാകിയ പാത കടന്ന്, ചെമ്മണ്ണ് നടന്നു നീങ്ങിയാൽ വത്സൻ മാമേടെ സൈക്കിൾ ഷാപ്പ് കാണാം. രണ്ടു രൂപയാണ് സൈക്കിൾ വാടകക്ക് എടുക്കാനുള്ള തുക. പത്തുരൂപയുടെ നോട്ട്, രണ്ട് രൂപ കഴിച്ചാൽ ബാക്കി എട്ടുരൂപ. വേനൽ അവധി ആയതിനാൽ ഇനിയും നാല് ദിവസം കൂടി സൈക്കിൾ വാടകക്ക് എടുക്കാം.

അവൾ എല്ലാം മനസ്സിൽ ഒന്നൂകൂടി ദൃഡപ്പെടുത്തി.

കഴിഞ്ഞ തവണ കാശൊത്തു വന്നപ്പോൾ സൈക്കിളുകളൊക്കെ വാടകക്ക് പോയിതീർന്നിരുന്നു. ഇത്തവണ കിട്ടും ഉറപ്പ്. മൂന്നു സൈക്കിളുകൾ. നിരയിൽ രണ്ടാമത്തേത് താരതമ്യേനെ ചെറുത്. തനിക്ക് പാകം. കൂടാതെ പിൻ സീറ്റുമുണ്ട്.

അപ്പു അവളുടെ ഉള്ളൻകയ്യിൽ ചെറുതായി ഒരു നുള്ള്കൊടുത്തു. തന്റെ നേരെ മുഖംമുയർത്തി മോണകാട്ടി ചിരിക്കുന്ന അപ്പുവിനെ കണ്ടതും അവൾ സമ്മതം മൂളി. രണ്ട് രൂപ നൽകി സൈക്കിൾ കടമെടുത്തു.

“വൈകിട്ട് ഏല്പിച്ചേക്കണേ മക്കളെ” കടക്കാരൻ മറുപടി നൽകി. അവർ സൈക്കിൾ ചവിട്ടി നീങ്ങി.

അപ്പു പിൻസീറ്റിൽ ഇരുന്ന് അവളെ ചേർത്തുപിടിച്ചു. തങ്ങളോടൊപ്പം വളഞ്ഞു പുളഞ്ഞു നീങ്ങുന്ന മേഘകൂനകളെ കണ്ട് അവനു കൗതുകം തോന്നി. കണ്ണുകൾ ചെറുതായി ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി. മേഘതുണ്ടുകൾ തുരന്നുവരുന്ന സൂര്യകിരണങ്ങൾ മറ്റൊരു കളിക്കോമരമായിയവന് തോന്നി.

“അപ്പു മുറുകെ പിടിച്ചേക്കണേ ചേച്ചി വേഗം കൂട്ടുവാ ” അവൾ ശക്തിയോടെ ചവിട്ടിതുടങ്ങി.

ഏതു ദിശയിലേക്ക് നീങ്ങണം! നേരെ നീങ്ങിയാൽ സ്കൂൾ ഗ്രൗണ്ട്, വലതുവശത്തുള്ള റോഡ് വഴി പഴയ ഡാമിലെത്താം. അപ്പു ഇതുവരെ ഡാംകണ്ടില്ല അതുപോലെ ചെറുമ്പംപാലത്തിനു തൊട്ട് താഴെയാ ഞാവൽപുര!

ഒരു പഴയ പുരയിടം ആൾതാമസമില്ല. പക്ഷെ വീടിന്റെ മുറ്റത്തായി ഒരു ഞാവൽ മരമുണ്ട്. ഒരു തവണ അമ്മാളുവിന്റെ കൂടെ വന്നപ്പോൾ ഞാവൽപ്പഴം പൂത്തിരിപ്പുണ്ടായിരുന്നു. പലപ്പോഴായി വിചാരിക്കുന്നു,പഴുത്ത ഞാവൽപ്പഴം എറിഞ്ഞു വീഴിത്തി അപ്പുവിനും അമ്മയ്ക്കും കൊടുക്കണമെന്ന്. ചുവന്ന ഞാവൽപ്പഴത്തിനകത്ത് വെള്ളക്കായ കാണാം, കായ്കൾ എടുത്തുവെച്ച് വീട്ടുവളപ്പിൽ നാട്ടുപിടിപ്പിക്കണം. അങ്ങനെ ഞാവൽപ്പഴം വിറ്റ് കാശുണ്ടാക്കി അപ്പുവിന് ഒരു പുത്തൻ സൈക്കിൾ വാങ്ങണം. അങ്ങനെ ആണേൽ രണ്ട് രൂപ വാടകകൊടുക്കണ്ടല്ലോ..മനസ്സ് അനിയന്ത്രിതമായി എന്തൊക്കെയോ ചിന്തകൾ മെനയുന്നു.

ആഗ്രഹങ്ങളുടെ വിരോധാഭാസം!

ഡാമിനരികിലുള്ള ഇടവഴിയിലൂടെ നാവൽപ്പുരയിലെത്തി. ആദ്യകാഴ്ച്ചയിൽ, ചുവന്ന ഞാവൽപഴങ്ങൾകൊണ്ട് മേഞ്ഞ പുരയിടംപോലെയാണ് തോന്നുക. പഴുത്ത ഞാവൽപ്പഴങ്ങളുടെ ഗന്ധം ചുറ്റുംവിഹരിക്കുന്നു. അപ്പുവിന് അതൊരു പുതിയ കാഴ്ചയായിരുന്നു. ഞാവൽപുരയും അസംഗ്യം ഞാവൽപഴങ്ങളും ഇളംമനസ്സിനെ ദിവാസ്വപ്നത്തിലേക്ക് കൂപ്പുകുത്തിച്ചു.

നിലത്തു വീണ പഴങ്ങൾ കഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ ശകാരിച്ചു. മരത്തിൽനിന്ന് താഴ്ന്നു കിടന്നിരുന്ന പഴക്കുല പകുത്തെടുത്തു, അതിലൊരെണ്ണം തൊലിനീക്കി ചുണ്ടിൽ വെച്ച് വലിച്ചു കാണിച്ചുകൊടുത്തു. ഒരു പ്രതേക ശബ്ദത്തോടെ ഞാവൽപ്പഴം നാക്കിലെത്തുന്നത് അവനും മതിയാവോരം ആസ്വദിച്ചു.

പുരയിടത്തിന് താഴെയായി നിസ്സംഗമായി ഒഴുകുന്ന പുഴയോരത്തു അവർ ഞാവൽപ്പഴങ്ങളുമായി ഇരുന്നു. അവൾ അപ്പോഴും അപ്പുവിനെ ചേർത്ത് പിടിച്ചു. അമ്മയെ ഓർത്തു. പശുതൊഴുത്തിലെ വേല കഴിഞ് അടുക്കളയിലെത്തിക്കാണും. അച്ഛമ്മയുടെ കുത്തുവാക്കുംകെട്ട് അടുപ്പിലെ പുകയൂതുകയാവും.കഴിഞ്ഞ ദിവസം രാത്രിയും അച്ഛന്റെ കരവിരുത് കാരണം മുഖം നീരുവെച്ചു വീർത്തിരുന്നു. ഉറക്കം പകുതിയോടടുക്കുമ്പോൾ അമ്മ തന്നെ ചേർത്ത് പിടിച്ച് കിടക്കും, കഴുത്തിലേക്ക് ചൂടുള്ള കണ്ണുനീർ ഒലിച്ചിറങ്ങുബോൾ, അമ്മയുടെ കൈകളെ മാറോട് ചേർത്തു പിടിക്കും. അമ്മയും കെട്ടിപ്പുണരും. അമ്മയുടെ ശ്വാസവും തന്റെ ശ്വാസവും ഇടകലർന്നു ഉറക്കത്തിലേക്കാഴും…

“ചേച്ചി കണ്ടോ ആ മേഘകൂനയിൽ നമുക്ക് പോയി താമസിക്കണം. ഞാനും ചേച്ചിയും അമ്മയും അച്ഛമ്മയും..”

ആകാശത്തിലേക്ക് വിരൽചൂണ്ടി ഒരു ഞാവൽപ്പഴം വായിൽകരുതി അവൻ പറഞ്ഞുതീർത്തു.

ആ കൂട്ടത്തിൽ അച്ഛനെ ചേർക്കാൻ അവൻ മറന്നതാണോ അതോ ബോധപൂർവം ഉപേക്ഷിച്ചതാണോ. അവന്റെ ബോധതലങ്ങൾ അച്ഛനെ വെറുത്തുകാണും!

മദ്യാഹ്നം മെല്ലെ സന്ധ്യയെ തേടുന്നു.നീർച്ചാലുകളിൽ സ്വർണനിറം പൂശിയതുപോലെ.. അപ്പുവിന് അപ്പോഴും ഞാവൽപ്പഴങ്ങളുടെ ഗന്ധം. അവൻ കണ്ണുകളിറുക്കി നരച്ച ആകാശത്തിലേക്ക് നോക്കിയിരുന്നു. സന്ധ്യ പകുതി കടന്നപ്പോൾ അവർ തിരിച്ചു. സൈക്കിൽ തിരിച്ചേൽപ്പിച്ച് ചെമ്മണ്ണ് കയറുമ്പോൾ അവൾ വീണ്ടും ചിന്തയിലേക്ക്കൂപ്പികുത്തി.

മരുഭൂമിയിലെ വെള്ളി രോമങ്ങൾക്കിപ്പോൾ ഞങ്ങളുടെ സ്വപ്നത്തിന്റെ വിലയാണ്. അവൾ വെറുതെ ചിരിച്ചു!

“അങ്ങേരു ഒരു മരുഭൂമിയാണ് വല്യേച്ചി.. ഒരു വികാരവും വിചാരവും ഒന്നുമില്ലാത്ത ഒരു മരുഭൂമി”

ഒരിക്കൽ അമ്മ മൂത്തമ്മയോട് പറഞ്ഞതോർക്കുന്നു.

പാറനിരകൾക്കപ്പുറത്തു വെട്ടംകാണാം. അച്ഛൻ എത്തിക്കാണില്ല. അപ്പു വീട്ടിലേക്ക് ഓടിയടുത്തു. അമ്മ പതിവുപോലെ വഴക്ക് പറഞ്ഞു. അവൻ ട്രൗസറിന്റെ രണ്ട് കീശകളിൽ നിന്നും കൈനിറയെ ഞാവൽപഴങ്ങൾ അമ്മയ്ക്ക് നീട്ടി. കഴിച്ചു കഴിഞ്ഞു അമ്മയോട് നാക്ക് നീട്ടാൻ ആവശ്യപ്പെട്ടു. നാക്ക് ചുവന്നിരുന്നു. അവൾ അമ്മയെ ശ്രദ്ദിച്ചു. കഴുത്തിലും കവിളിലും ചുവന്ന പാടുകൾ.കഴുത്തിനു താഴെയായി രക്തം കല്ലിച്ചപ്പാടുകൾ. അമ്മ അപ്പോഴും ഞാവൽപ്പഴം വരുത്തിയ ചുവന്ന നാക്കുകാട്ടി അവനെ നോക്കി ചിരിച്ചു!

നിലാവ് പരന്നു. ഇരുട്ടിനു കനംതൂങ്ങി. അപശബ്ദങ്ങളില്ലാത്ത ശൂന്യമായ രാത്രി. ഉറക്കപ്പായയിൽനിന്നും അവളെ അമ്മ ഉണർത്തി. അപ്പുവും അമ്മയുടെ തോളിലുണ്ടായിരിന്നു. എപ്പോഴും കണ്ണട കരുതാൻ നിർബന്ധിച്ചിരുന്ന അമ്മ അന്നവളോട് ഒന്നും പറഞ്ഞില്ല. കുടിയിൽ അച്ഛനെ തിരക്കി എങ്ങും കാണാനില്ല. വന്നുകാണില്ല.

നടന്നു പാറ നിരകൾ കടന്ന് ചെമ്മണ്ണ് കടന്ന് നടന്നു.

ഉറക്കചടവിൽ മങ്ങിയ കാഴ്ച്ചയിൽ വഴി മനസ്സിലാക്കിഎടുക്കുക എന്നത് ക്ലേശകരമായിരുന്നു. എന്നാലും വത്സൻമാമയുടെ സൈക്കിൽ കടയിലേക്കുള്ളതല്ല!, മൂത്തമ്മയുടെ വീട്ടിലേക്കുള്ളതുമല്ല. തീർത്തും അപരിചിതമായ വഴിപോലെ തോന്നി. പഴയ ഒരു ടോർച്ചിന്റെ അരണ്ട മഞ്ഞവെളിച്ചം പരത്തുന്ന വഴികളിലൂടെ അമ്മ നടക്കുന്നു. അമ്മയുടെ ഇടതുകയ്യിൽ തന്റെ കൈകൾ ഭദ്രവും. മഞ്ഞവെളിച്ചം തെളിച്ചു പോവുന്നു വഴിത്താരയുടെ അന്ത്യമെത്തിയതുപോലെ തോന്നി. കാലുകൾ ഉയരന്ന നിരപ്പിലേക്ക് നീങ്ങുന്നു.മൺനിരപ്പല്ല, കല്ലുകളാണ്, അവൾ സ്ഥലം ഗ്രഹിച്ചെടുക്കാൻ ശ്രമപെട്ടു.

ചീവുടുകളെ ശബ്ദകോലാഹലങ്ങളെ കൊന്നൊടുക്കിയുള്ള നീളൻ ചൂളൻ വിളി ഉയർ ന്നപ്പോൾ അവൾ ഭയപ്പെട്ടു. അമ്മയുടെ കൈ അകറ്റാൻ ശ്രമപ്പെട്ടു. ബലംകൊടുത്തു തന്റെ ശ്രമങ്ങളെ നിഷ്ഫലമാക്കി അപ്പഴും അമ്മ തന്നെ ചേർത്ത്പിടിച്ചു. അമ്മയുടെയും തന്റെയും ശ്വാസം ഇഴക്കിചേരുമ്പോലെ.

ഇരമ്പിവരുന്ന യന്ത്രചക്രങ്ങൾക്കനേരെ അവർ എടുത്ത് ചാടി! ശൂന്യതയിൽ, അനന്തതയിൽ, ഞാവൽപഴങ്ങൾ മേഞ്ഞ പുരയിടത്തിനകത്തിരുന്ന്, ആരോടേനില്ലാതെ അവളും അപ്പുവും,മലർന്നുകിടന്ന് മരുഭൂമിയിലെ വെള്ളിരോമങ്ങൾ എണ്ണി .. ഒന്ന്.. രണ്ട്.. മൂന്ന്..!


അഷ്കർ അലി

ആസാദി : അരുന്ധതി റോയി

 



ആസാദി : അരുന്ധതി റോയി

സ്വാതന്ത്ര്യം .. ഫാസിസം.. സാഹിത്യം ..

വിവർത്തനം : ജോസഫ്.കെ.ജോബ്.


(അരുന്ധതി റോയിയുടെ ലേഖന സമാഹാരമായ ആസാദിക്കു നാൽപ്പത്തി അഞ്ചാമതു യൂറോപ്യൻ എസേ പ്രൈസ് ലഭിച്ചു. പുസ്തകത്തിൻ്റെ ഫ്രഞ്ചു പരിഭാഷയ്ക്കാണ് അംഗീകാരം.)


 ഒരു മനുഷ്യൻ സ്വതന്ത്രമാക്കപ്പെടേണ്ടത് എന്തിൽ നിന്നൊക്കെയാണ്? തന്നെ ബന്ധിച്ചിടുന്ന എന്തിൽ നിന്നും! എൻ്റെ ജാതി, എൻ്റെ മതം.. എൻ്റെ ഭാഷ.. എൻ്റെ രാജ്യം .. ഇതിൽ നിന്നെല്ലാം വിടുതൽ നേടി വിശ്വമാനവികതയിലേക്ക് മനുഷ്യൻ ഉയരണം. ഈ പുസ്തകത്തിലെ ആദ്യ ലേഖനം ഭാഷാഭിമാനത്തിനെതിരെ ഉയർത്തുന്ന ചില ചോദ്യങ്ങളാണ്.

ആദ്യ നോവൽ ഗോഡ് ഓഫ് സ്മോൾ തിങ്സ് പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ ചോദിച്ചു: എന്തുകൊണ്ട് ആദ്യ നോവൽ മാതൃഭാഷയിലെഴുതിയില്ല? ഏതാണെൻ്റെ മാതൃഭാഷ ?അരുന്ധതി റോയി കുഴങ്ങിയിട്ടുണ്ടാകണം. ആദ്യ വാക്കുകൾ ഉച്ചരിക്കാൻ പഠിച്ചത് അസമിലെ തോട്ടം തൊഴിലാളികളിൽ നിന്നാണ്‌.ശ്ലീലമല്ലാത്ത വാക്കുകൾ.. ലൈംഗികാവയവങ്ങളുടെ പേരു ചൊല്ലിയുള്ള തെറി വാക്കുകൾ ഒക്കെ കുട്ടിക്കാലത്തു പഠിച്ചു വെച്ചു. അച്ഛൻ്റെ ഭാഷ ബംഗാളിയും അമ്മയുടെ മാതൃഭാഷ മലയാളവും അവരുടെ സംസാരഭാഷ ഇംഗ്ലീഷും.മലയാളം പഠിക്കാനുള്ള ശ്രമത്തിൽ നിന്ന് തെന്നിമാറി ഹിന്ദിയിലേക്കു കടന്നു.വിദേശത്ത് താമസമാക്കിയതോടെ ഇംഗ്ലീഷിൻ്റെ നിയന്ത്രണത്തിലായി.

ഏതാണ് ശ്രേഷ്ഠ ഭാഷ എന്നു ചോദിച്ചാൽ നമ്മുടെ മനസിലെ വികാരം ഏറ്റവും വ്യക്തമായി മറ്റൊരാളിലേക്കു പകരാൻ കഴിയുന്നതാണ് ശ്രേഷ്ഠ ഭാഷ എന്നു പറയേണ്ടി വരും.അതൊരു മൃദുമന്ദഹാസമാകാം, നിറകണ്ണുകളാകാം ഒരു കുഞ്ഞിൻ്റെ ചുണ്ടിൽ വിടരുന്ന ആദ്യ വാക്കുകളാകാം. ആയിരം മൃതവാക്കുകളെ സൂക്ഷിച്ചു വെച്ചു എന്നതുകൊണ്ട് ഒരു ഭാഷ ശ്രേഷ്ഠമാകുന്നില്ല.

മനുഷ്യനിർമ്മിത അതിരുകൾക്കുള്ളിൽ രാജ്യ സ്നേഹത്തെ വളർത്തിയെടുത്ത് അഹങ്കരിക്കുകയാണ് മനുഷ്യർ. അതിരുകൾ മാറുന്നില്ലായിരിക്കാം എങ്കിലും അവിടെ വസിക്കുന്നവർ മാറിക്കൊണ്ടേയിരിക്കും. എൻ്റേതാണെന്ന ചിന്ത മരണത്തോടെ അവസാനിക്കുന്നു. എൻ്റേതാണെന്നു കരുതിയിരുന്നതെല്ലാം പിന്നീടു മറ്റു പലരുടേതുമായി മാറുന്നു.

പുസ്തകത്തിലെ ചില ഇഷ്ടഭാഗങ്ങൾ ..

“ഒരേ ഭാഷ സംസാരിക്കുന്നവരെല്ലാം പരസ്പരം മനസിലാക്കുന്നവരായിരിക്കണം എന്നില്ല.”

“നമുക്ക് ഭാഷയ്ക്കു പുറത്തു താമസിക്കാൻ കഴിയുമോ? ഈ ചോദ്യം വാക്കുകളായോ വാക്യമായോ അവളിലേക്കു വന്നതല്ല. നിശബ്ദമായ, അവികസിതമായ രോദനമായി അവളിലേക്ക് അതു വന്നു ചേർന്നു.”

“പീഡിത നഗരങ്ങളുടെ മേൽ ഏതു ഭാഷയിലാണ് മഴ പെയ്യുന്നത്? ചോദ്യം പാബ്ലോ നെരൂദയുടേതാണ്.”

ആദ്യ ലേഖനം കഴിഞ്ഞാൽ പിന്നീടുള്ള വ രാഷ്ട്രീയ അപഗ്രഥനങ്ങളാണ്. അറിഞ്ഞു കൊണ്ടു തന്നെ ഞാനതിൽ നിന്നു വിട്ടു നിൽക്കുന്നു. എങ്കിലും വാചക ഭംഗികൊണ്ട് ആകർഷിച്ച ഏതാനും വാചകങ്ങൾ ..

“നോട്ടു നിരോധനം വെറുമൊരു സാമ്പത്തിക കാര്യമായിരുന്നില്ല. അതൊരു വിധേയത്വപരീക്ഷണമായിരുന്നു.മഹാനായ നേതാവ് നടത്തിയ ഒരു സ്നേഹപരീക്ഷ! നാം അദ്ദേഹത്തെ അനുഗമിക്കുമോ .. എന്തു വന്നാലും അദ്ദേഹത്തെ നാം സ്നേഹിക്കുമോ എന്നതിൻ്റെ യൊക്കെ പരീക്ഷണം. വർണച്ചിറകുവിരിച്ച് നാം നമ്മുടെ സ്നേഹാ തിരേകം പ്രകടിപ്പിച്ചു നോട്ടു നിരോധനത്തെ കൈ നീട്ടി സ്വീകരിച്ച് സ്വേച്ഛാധിപത്യത്തിനു മുന്നിൽ അരുമക്കിടാങ്ങളായി നാം മുട്ടുകുത്തി നിന്നു.”

“അവകാശങ്ങൾക്കു വേണ്ടിയുള്ള അവകാശമാണ് പൗരത്വമെന്ന് ഹന്നാ ആ റെൻഡ്”

“കാശ്മീർ തുറക്കപ്പെട്ട നിലയ്ക്ക് ഇനി നമുക്ക് അവിടെ നിന്നു പുത്രവധുക്കളെ കൊണ്ടുവരാം.” ഒരു രാഷ്ട്രീയ നേതാവിൻ്റെ അഭിപ്രായ പ്രകടമാണ്.ഈ ആഭാസത്തിമിർപ്പുകളുടെ ആരവങ്ങൾക്കിടയിലും ഉയർന്നു കേൾക്കുന്നത് ഒരു ജനതയുടെ നിശബ്ദതയാണ്.പുത്രവധുക്കളായി വരണമോ എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യം ഭയം കൊണ്ട് നിശബ്ദമാക്കപ്പെടുന്നു….


വിലാസിനി രാജീവൻ

ലൈംഗീകാരോഗ്യം, പ്രശ്നങ്ങൾ, പരിഹാരങ്ങൾ – ഭാഗം1

 


നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ. ഇവ നാലും ശരിയായവിധത്തിലാണെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. ഇതിൽ ഏതിലെങ്കിലും മാറ്റമുണ്ടായാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

നല്ലൊരു ശതമാനം ആളുകൾ ലൈംഗീക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗീക വിദ്യാഭ്യാസമോ അവബോധമോ വളർത്തുന്നതിൽ വിദ്യാലയങ്ങൾ പരാജയപ്പെടുന്നത് തന്നെയാണിതിന്റെ മുഖ്യ ഹേതു. അതിന്റെ ഭാഗമായി തന്നെയാകാം ലൈംഗീകതക്ക് ഒരു രഹസ്യ സ്വഭാവമുണ്ടായത്.

ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കുവാനും തുറന്നുപറയുവാനും മിക്കവരും തയ്യാറല്ല. ഭക്ഷണവും വ്യായാമവും ഉറക്കവും പോലെതന്നെയാണിതെന്നു പലരും ഓർക്കാറുപോലുമില്ല. ശരിയായ ലൈംഗീക വിദ്യാഭ്യാസം ലൈംഗീക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മാത്രമല്ല പല മാനസിക പ്രശ്നങ്ങളും രോഗങ്ങൾ തന്നെയും പ്രതിരോധിക്കുന്നതിൽ തികച്ചും ഫലപ്രദമാണ്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെയാണിത് തുടങ്ങേണ്ടത് എന്നതാണ് ശരിയായ രീതി. ലൈംഗീക അവയവങ്ങളുടെ ഘടന, വ്യത്യാസം, വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ കുട്ടികൾ മനസിലാക്കിയിരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഋതുമതി ആകുന്നതിനെക്കുറിച്ചും മാസമുറകളെക്കുറിച്ചും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്.

ശാരീരിക വളർച്ചയെന്നപോലെ ലൈംഗീക വളർച്ചയും ആൺ പെൺ കുട്ടികളിൽ വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളിലുള്ള അവബോധം പരസ്പര ബഹുമാനത്തിനും ആരോഗ്യകരമായ സ്ത്രീ പുരുഷബന്ധങ്ങൾക്കും സഹായകരമാകും. കുട്ടികളുടെ ഇത്തരം സംശയങ്ങളെ അസഹിഷ്ണുതയോടെയാണ് മാതാപിതാക്കളും അധ്യാപകരും കാണുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നു മാത്രമല്ല നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രശ്നവും കൂടിയാണ്.

ലൈംഗീക പ്രശ്നങ്ങൾ:

ലൈംഗീക പ്രശ്നങ്ങൾ നമുക്ക് രണ്ടായിത്തിരിക്കാം. പുരുഷന്മാരുടെ പ്രശ്നങ്ങൾ എന്നും സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നും. ലൈംഗീക അവയവങ്ങളെ പോലെതന്നെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയാറില്ല. വിദേശങ്ങളിൽ പലപ്പോഴും ലൈംഗീകതയെക്കുറിച്ചു പറയാൻ അവർക്കു അവസരം കിട്ടാറുണ്ട്. എന്നാൽ സംസ്കാരത്തെക്കുറിച്ചു ഊറ്റംകൊള്ളുന്ന നമ്മുടെയിടയിൽ അത് അശ്ലീലമായിമാറുന്നു. ഈ മനോഭാവമാണ് മാറേണ്ടത്.

പുരുഷന്മാരുടെ പ്രധാന പ്രശ്നങ്ങളായി നാംകണ്ടുവരുന്നത് ഉദ്ധാരണക്കുറവും ശീഘ്രസ്കലനവുമാണ്. എന്നാൽ ഇതല്ലാതെയും ചില പ്രശ്നങ്ങൾ പുരുഷന്മാർക്കുണ്ടാകുന്നുണ്ട്. സ്കലനം നടക്കാതിരിക്കുക, വേദനയോടു കൂടിയ ഉദ്ധാരണം, താത്പര്യമില്ലായ്മ, അമിത താത്പര്യം തുടങ്ങിയവയാണവ.

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ, ചില രോഗങ്ങൾ, ചില മരുന്നുകൾ, പുകവലി, മദ്യപാനം തുടങ്ങി വിഷാദം, ദാമ്പത്യത്തിലെ അലോസരങ്ങൾ, ചെറുപ്പത്തിലെ ലൈംഗീക പീഡനങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, സ്വന്തം ലൈംഗീക പ്രവൃത്തിയിലുള്ള ആകാംഷ എന്നിങ്ങനെ പലതാണ് ഇത്തരം പ്രശ്നങ്ങളുടെ പുറകിൽ.

സ്ത്രീകളുടെ പ്രശ്നങ്ങൾ ഇതിൽനിന്നു കുറച്ചുകൂടി വ്യത്യസ്തമാണ്. ലൈംഗീക വികാരം ഉണ്ടാകാതിരിക്കുക, ലൈംഗീക ബന്ധത്തിൽ താത്പര്യം കുറയുക, രതിമൂർച്ച ഉണ്ടാകാതിരിക്കുക, യോനിയിലെ വേദന കാരണം ബന്ധപ്പെടൽ ദുസ്സഹമാകുക തുടങ്ങിയവയാണ് ഇവരിൽ കണ്ടു വരുന്നത്. ഇതോരോന്നിന്റെയും കാരണങ്ങൾ വ്യത്യസ്തമാണ്. ഇതിൽ വേദനയുടെ കാരണം ശാരീരികമായിരിക്കാനാണ് കൂടുതൽ സാധ്യത. അണുബാധ എൻഡോമെട്രിയോസിസ്, അണ്ഡാശയമുഴകൾ, തുടങ്ങി യോനീ പേശികളുടെ സങ്കോചംവരെയാകാം ഇതിന്റെ കാരണങ്ങൾ.

ലൈംഗീകതയിലുള്ള അജ്ഞാനം, ഹോർമോണുകളുടെ വ്യത്യാസം, വിഷാദം, അനീമിയ, ആകാംഷാ രോഗങ്ങൾ, ഗാർഹീക പീഡനങ്ങൾ, ജീവിത സാഹചര്യങ്ങൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ സ്ത്രീയുടെ ലൈംഗീകതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ലൈംഗീക പ്രശ്നങ്ങൾ എന്തുമാകട്ടെ, ഏതുലിംഗവുമാകട്ടെ അത് ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സേവനം തേടുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈംഗീകരോഗ ചികിത്സകനോ മനഃശാസ്ത്രജ്ഞനോ വളരെയെളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നവയാണ് മിക്ക പ്രശ്നങ്ങളും. ചില പ്രശ്നങ്ങൾക്ക് ഔഷധ ചികിത്സയും ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. മരുന്നിനോടൊപ്പം കൗൺസിലിംഗ്, ബിഹേവിയറൽ ചികിത്സകളും ആവശ്യമായിവന്നേക്കാം.


(തുടരും)


 

ഡോ. സുനീത് മാത്യു

2023 നവംബർ 29, ബുധനാഴ്‌ച

ഇതിവൃത്തം മലയാള സാംസ്കാരിക മാസിക, നവംബർ 2023, ലക്കം 38

 


മുഖമൊഴി

 

നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കുവാൻ പാടില്ല. ഉറക്കെ കരയാൻ പാടില്ല. കാലങ്ങളായി നമ്മൾ കേൾക്കുന്നതും, പെൺകുട്ടികളെ ശാസിക്കുന്നതുമായ വാചകങ്ങളാണ്. ലിംഗനീതിയില്ലാത്ത വാചകങ്ങൾ തന്നെ. ആൺകുട്ടികൾക്ക് ഇതൊക്കെയാകാം എന്ന് നമ്മൾ ചിന്തിക്കുന്നതോടൊപ്പം ഈ തോന്നൽ ആൺ കുട്ടികളിലും പെൺ കുട്ടികളിലും ഒരു പോലെ സ്വാധീനിക്കപ്പെടുന്നു. ഇതൊരു നല്ല ഉപദേശമായാണ് പലരും കാണുന്നത്. എന്നാൽ ഇത് പെൺ കുട്ടികളോട് ചെയ്യുന്ന വലിയ ചതിയാണ്.

എങ്ങനെയൊക്കെ ഇതിന്റെ സ്വാധീനം പെൺകുട്ടികളെ ചതിക്കുന്നു എന്ന്  നോക്കാം. ആൺകുട്ടികളേക്കാൾ താഴ്ന്ന ഒരാളാണ് ഞാൻ എന്ന ചിന്തയുണ്ടാകുന്നു. അവർ ചെയ്യുന്ന പലകാര്യങ്ങളും തങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന തോന്നൽ അപകർഷതാ ബോധത്തിലേയ്ക്കും, അടിമത്വ മനോഭാവത്തിലേക്കും നയിക്കുന്നു.

അടുത്ത വലിയ പ്രശനം, ഉറക്കെ കരയാനോ, ശബ്ദമുണ്ടാക്കാനോ ശീലമില്ലാത്തവർ, അവർക്കു അപകടമോ ദുരനുഭവമോ ഉണ്ടാകുമ്പോൾ പകച്ചു പോകുന്നു. പ്രതികരണശേഷി ഇല്ലാതാകുന്നു. ആ സാഹചര്യം മറ്റുള്ളവരെ അറിയിച്ചു രക്ഷപെടാനുള്ള അവസരം ഇല്ലാതാകുന്നു. പല സ്ത്രീകളും അവർക്കു നേരെയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കാത്തതിന്റെ കാരണവും ഇത് തന്നെ.

അത് പോലെ തന്നെയാണ് നല്ല/ ചീത്ത സ്പർശനങ്ങൾ. ഇത് പെൺകുട്ടികളും ആൺകുട്ടികളും അറിഞ്ഞിരിക്കണം. തെറ്റായ ഒരു സ്പർശ്ശനം തടയാൻ അവർക്കു കഴിയണം. തന്റെ സമ്മതമില്ലാതെ ഒരാൾ തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് തടയാൻ വാക്കുകൾ കൊണ്ടോ ഒരു നോട്ടം കൊണ്ടോ പോലും കഴിയും. അതിനു പ്രോത്സാഹനം നൽകേണ്ടത്, മാതാപിതാക്കളാണ്, കുടുംബമാണ്, അധ്യാപകരാണ്, സമൂഹമാണ്.  

ഇത്രയും എഴുതേണ്ടി വന്നത്, കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയക്കാരനായ സിനിമാനടനും,  മാധ്യമപ്രവർത്തകയായ ഒരു സ്ത്രീയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ്. തന്റെ ശരീരം തന്റെ അവകാശമാണെന്ന് അവർക്ക് അപ്പോൾ തന്നെ ബോധ്യപ്പെടുത്താമായിരുന്നു. എങ്കിൽ പ്രശ്നങ്ങൾ ഇത്ര സങ്കീർണ്ണമാകുമായിരുന്നില്ല. അതിനു പറ്റാതെ പോയ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്.

നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കട്ടെ. ഉച്ചത്തിൽ പറയട്ടെ. അതവരുടെ അവകാശമാണ്.


 

ഡോ. സുനീത് മാത്യു

ഛായാരൂപൻ

 


“Time spent with cats is never wasted.” – Sigmund Freud.


വലിയ ലോകകാര്യങ്ങളൊന്നും പറയുന്നില്ല. ഒന്നിനെക്കുറിച്ചും ആകുലതപ്പെടുന്നില്ല. മാർജ്ജാരമാർഗ്ഗം ഗമിക്കണമെന്നു വിചാരിക്കുന്നു. ഇടക്ക് ഇങ്ങനെയുമൊന്ന്‌.

പൂച്ചകൾ മനശാസ്ത്രജ്ഞരാകുന്നു! ഈ അറിവ് ഈയുള്ളവന് പകർന്നു കിട്ടിയത് ഈയിടെയാണ്. കുട്ടിക്കാലം പൂച്ചകളോടൊപ്പമാണ് വളർന്നതെങ്കിലും, ഈ രഹസ്യം മനസ്സിലാക്കാൻ. ‘ഷാഡോ’ എന്ന ആംഗലേയ നാമധാരിയായ ‘മാർജ്ജാരാജി’ വേണ്ടിവന്നു. ഷാഡോ ഞങ്ങളുടെ ജീവിതത്തിൽ ആഗതനായിട്ടു മാസം രണ്ടരയാകുന്നുള്ളൂ. രണ്ടായിരം വർഷംകൊണ്ടറിയുന്നതിലും വലിയ ജീവിത രഹസ്യങ്ങൾ ഇതിനിടയിൽ ഞങ്ങൾക്ക് പകർന്നു തന്നു കഴിഞ്ഞു. പലതും ഞാൻ ഇനിയും മനസ്സിലാക്കിയിട്ടില്ല. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ‘ഞങ്ങൾ’ എന്നത് കൊണ്ട് ദ്യോതിപ്പിക്കുന്നതു ഞാനും, എന്റെ ഭാര്യയും, പിന്നെ ആൺ പിറന്നവരായ ഞങ്ങളുടെ രണ്ടു മക്കളുമാണ്.

കുറച്ചു നാളുകളായി ഇളയ മകനൊരാഗ്രഹം. ഒരു പൂച്ചയെ വേണം. പട്ടിയായാലും മുഷിയില്ലത്രേ! പൂച്ചയാണോ പട്ടിയാണോ കേമം എന്ന തീരുമാനം ഉച്ചകോടി സമ്മേളനം നടത്തി ഊഴമിട്ടു തർക്കിച്ചെങ്കിലും, ഉച്ചക്ക് ഊണുകഴിക്കാൻ പിരിഞ്ഞതല്ലാതെ ഉത്തരമുണ്ടായില്ല. അവസാനം ഒരു ശനിയാഴ്ച ദിവസം രാവിലെ കൃത്യം 8.10 നു ഉത്തരംകിട്ടി. പൂച്ച.

വരാനുള്ളത് ട്രാഫിക് ബ്ലോക്കിലും തങ്ങില്ല എന്ന റോഡ് നിയമം പാലിച്ചു ഒൻപതു മണിക്ക് ക്യാറ്റ്‌ അഡോപ്ഷൻ സെന്ററിൽ എത്തി. പൂച്ച അമ്മമാരും, അച്ചന്മാരും, സഹോദരങ്ങളും, ദത്തെടുക്കാനെത്തുന്നവരെയും കാത്ത്, അക്ഷമരായി നിൽക്കുന്നു, ഇരിക്കുന്നു, നടക്കുന്നു. മാർജ്ജാരമക്കൾ കൂട്ടിൽ കിടന്നു വെറുതേ ആകുലപ്പെടുന്നു. പല നിറത്തിലും തരത്തിലും പ്രായത്തിലും ഉള്ളവ. വെളുത്തവരും, കറുത്തവരും, നിറമുള്ളവരും, മിശ്രിതരും എല്ലാം വർണ്ണവെറിയില്ലാതെ പുതിയ അവകാശികളെയും നോക്കി അവശരായി കിടക്കുന്നു. ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ പഴക്കമുള്ളവർ. (പാശ്ചാത്യ പൂച്ചലോകം മനുഷ്യരുടേതുപോലെയല്ല. അവിടെ അനാഥരെമാത്രമല്ല ദത്തുകൊടുക്കുന്നത്. പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങളാൽ പൂച്ചകൾ ദത്തരാകുന്നു.)

സിനിമകളിൽ മാത്രം കണ്ടിട്ടുള്ള, ദത്തചിത്തരായ എല്ലാ പിതാക്കൻമ്മാരെയും പോലെ ആഴ്ചകൾ മാത്രം പ്രായമുള്ള വെളുത്തു സുന്ദരനായ ഒരുത്തനിലാണ് എൻ്റെ കണ്ണുടക്കിയത്. മലയാള സിനിമകൾ കണ്ടിട്ടില്ലാത്ത മകന് ഇഷ്ടം തോന്നിയത് മൂന്നു വയസ്സുള്ള തള്ളപ്പൂച്ചയെ. ഗീസ്‌മോ. രണ്ടാമത് പെറ്റിട്ടു ആഴ്ചകളേയാകുന്നുള്ളൂ, സസ്തനി. കൂട്ടത്തിൽ കൂട്ടിൽ ആദ്യ പ്രസവത്തിലെ ഒരു വയസ്സാകുന്ന മകനും മകളും. മകന്റെ പേര് ഷാഡോ. മകളുടെ പേര് ഓർക്കുന്നില്ല. അവളെ മറവിയെന്നു വിളിക്കാം തൽക്കാലം. മൂന്നുപേരും കാക്ക കറുപ്പർ. ബോംബെ പൂച്ച എന്ന വിഭാഗത്തിൽ പെടുത്താവുന്ന സാമ്യം. ऐ दिल है मुश्किल जीना यहाँ ज़रा हट के, ज़रा बच के ये है ബോംബെ मेरी जाँ എന്നു പാടിയ ബോബൈയുമായി പേരിൽ മാത്രമേ സാമ്യമുള്ളൂ. ഇവറ്റകളെ ഇണപ്പെടുത്തിയത് (breeding) അമേരിക്കയിലോ മറ്റോ ആകുന്നു. അക്കാലത്തു ബോംബയിൽ കണ്ടുവന്ന കരിമ്പുലികളെ (black panther) നോക്കി ഉണ്ടാക്കിയതുകൊണ്ടു വന്ന പേരാണിതെന്നു മാർജ്ജാരപുരാണത്തിലെ മൂന്നാം ആദ്ധ്യായത്തിലെ നാലാം ഖണ്ഡികയിൽ പരാമർശിക്കുന്നുണ്ട്.

കഥയിലേക്ക് തിരികെ വരുമ്പോൾ ഗീസ്‌മോ സമ്പൂർണ ‘സസ്തനിയായി’ ചോരതന്നെ കൗതുകമാക്കിയ കൊതുക്കളെ തൃണവൽക്കരിച്ചമട്ടിൽ അങ്ങനെ കിടക്കുന്നു. ഷാഡോക്കും മറവിക്കും നിസ്സംഗത. മകൻ ഗീസ്‌മോയെ കോരിയെടുത്തു, ലാളിച്ചു. ഗീസ്‌മോ ശാന്തയായിരുന്നു. ഗീസ്‌മോയെ തിരികെവച്ചു ഷാഡോയെ കോരിയെടുത്തു. ഷാഡോ എൺപതുകളിലെ അമിതാഭ് ബച്ചനെപ്പോലെ അമിതമായി പ്രതികരിച്ചു. മറവിയെ എല്ലാവരും മറന്നു. ഞാൻ അപ്പോഴും വെളുത്ത സുന്ദരൻ പൂച്ചയെ നോക്കുന്നുണ്ട്. അവനാണെങ്കിൽ കൂടിനെ മറിച്ചു വയ്ക്കാൻ ശ്രമിക്കുന്ന ഭഗീരഥൻ! മൂന്ന് തലതെറിച്ചവൻമ്മാരെ പോറ്റിവളർത്തുന്ന ഭാര്യ ആ കാരണം കൊണ്ടുതന്നെ വെളുത്ത ഭഗീരഥൻ്റെ ഭാഗത്തേക്കേ നോക്കുന്നേയില്ല.

ശാന്തരും സൗമ്യരുമായ ഗീസ്‌മോയിലേക്കും ഷാഡോയിലേക്കുമാണ് ക്യാമറ ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. ഏതുവേണമെന്ന ഭീകര ചർച്ച. ഗീസ്‌മോയെ വാങ്ങിയാൽ ഷാഡോയെ സൗജന്യമായി നല്കാമെന്നായി അവരുടെ അമ്മച്ചിതള്ള. അല്ലെങ്കിൽ തിരിച്ചും ആകാമെന്ന്! ഏത്? ചുരുക്കത്തിൽ ഗീസ്‌മോ എന്ന സസ്തനിയുടേത്‌ സൗജന്യ വിൽപ്പനയാണ്. ദയ, വാത്സല്യം, കരുണം എന്നുതുടങ്ങി തള്ളിക്കേറിവന്ന വികാരങ്ങളെ, ഇൻഷുറൻസ്, മൃഗഡോക്ടർ, മറ്റുചിലവുകൾ ആദിയായ മറുമരുന്നുകളാൽ ഒതുക്കി ഷാഡോയെ മാത്രം ദത്തെടുക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു.

ദത്തെടുക്കൽ പ്രക്രീയയുടെ ഔപചാരികതകൾ കഴിച്ചു ദത്തനെയും കൊണ്ട് തിരികെ കുടുംബത്തിൽ പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ ഷാഡോക്കായുള്ള കൂടും, കുടുക്കയും, കൂടാരവും വാങ്ങി ആധാരം പണയപ്പെടുത്തി.

ഷാഡോ കുടുംബത്തെ പുതുപുതു ഗന്ധങ്ങളെ ആവാഹിച്ചു, പിന്നെ ഏറ്റവും ഉയരമുള്ള അലമാരയുടെ മുകളിൽ കയറിയിരുന്നു വിഹഗവീക്ഷണം തുടങ്ങി. മണിക്കൂറുകൾ നീണ്ട ഇരിപ്പ്. ഇറങ്ങി വരാൻ മനസ്സില്ലെന്ന്! ഞാൻ കിരീടത്തിലെ തിലകനായി നോക്കി. പുല്ലുവില! അതേ പടത്തിലെ കീരിക്കാടൻ ജോസും ആയി ‘നോക്കി.’ വീണ്ടും അതേവില.

അവസാനം തോന്നിവാസി അവനു തോന്നിയപ്പോൾ ഇറങ്ങിവന്നു. പക്ഷെ ഇറങ്ങിവന്നത് ഞങ്ങളിൽ ഒരാളായാണ്. വീട്ടിലെ അഞ്ചാമത്തെ അംഗമായി.

ഏതു കുഞ്ഞുങ്ങളെയും പോലെ മൂന്ന് കാര്യങ്ങളാണ് ഷാഡോക്കു പ്രധാനം. ആഹാരം, ഉറക്കം, കളി. ഉറക്കവും ആഹാരവും അവനുവേണ്ടിയും. കളി വീട്ടിലെ മറ്റുള്ളവർക്കുവേണ്ടിയും.

എല്ലാവരും അവനെ കളിപ്പിക്കണം. ചെന്നില്ലെങ്കിൻ വന്നു വിളിക്കും. പരിഭവിക്കും. കളിപ്പിക്കണമെന്നു പറയും.

കളിയിലൂടെ വീട്ടിലുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഷാഡോക്ക്. ജോലിചെയ്തുപണ്ടാരമടങ്ങി വീട്ടിലെത്തുമോൾ ഷാഡോ ഒരു ഗുസ്തിക്ക് ക്ഷണിക്കുമ്പോലെ വാൽ ചോദ്യചിഹ്നമാക്കി, നടുവുപൊക്കി തുറിച്ചുനോക്കി ‘മാവൂ’ പറയും. ആ നോട്ടത്തിനും വിളിക്കും നിൽപ്പിനും ഒരർത്ഥമേയുള്ളൂ. എന്താടോ ഒരു കൈ (കളി) നോക്കുന്നോ? പിന്നെ നമുക്ക് മാനസികോല്ലാസം തരുന്ന കളികളാണ്. അവന്റെ കൂടാരത്തിൽ ടിവി റിമോട്ടുകൊണ്ട് ഉരക്കുമ്പോൾ ചാടിപ്പിടിക്കുന്നതാണ് പ്രിയപ്പെട്ട കളി. പിന്നെ അങ്ങനെ പലതും. ജോലിഭാരം മനസ്സിൽനിന്നും പോകുന്നതു വരെ തുടരണം. അല്ലെങ്കിൽ വീണ്ടും വരും. വീട്ടിലെ ഓരോ ആളോടും ഓരോ പെരുമാറ്റം. എല്ലാപേർക്കും മാനസ്സികോല്ലാസത്തിന് എന്താണുവേണ്ടതെന്ന് നന്നായി അറിയുന്നതുപോലെ.

അതാണ് തുടക്കത്തിൽ പറഞ്ഞത്. ഫ്രോയിഡും അതുപോലെന്തോ പറഞ്ഞു!

പൂച്ചകൾ മനശാസ്ത്രജ്ഞരാകുന്നു!

എൻ്റെ കാൽപ്പാദങ്ങളിരുന്നു ഉമ്മവക്കുന്ന ഷാഡോയെക്കുറിച്ചു ബഷീറിന്റെ പാത്തുമ്മ അവരുടെ ആടിനെക്കുറിച്ചു പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.
“എന്റെ ആട് (പൂച്ച) ഒരു മനുഷ്യനാണ്. അത് എന്നെ സ്നേഹിക്കുന്നു.”

പി.സ്. : ഷാഡോയിൽനിന്നും പകർന്നുകിട്ടിയ പാഠം ഉൾക്കൊണ്ട് നിങ്ങളുടെ മാനസികോല്ലാസ്സം മാത്രം മുന്നിൽ കണ്ടെഴുതിയതാണ്.

സുമേഷ് രാമചന്ദ്രൻ