2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച
മുഖമൊഴി
ഭാരതത്തിന്റെ ഏറ്റവും അഭിമാനകരമായ ഒരു ദൗത്യമായിരുന്നു ചന്ദ്രയാൻ 3. അത് വളരെ കൃത്യമായി വിജയമാക്കിയ ISRO ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. ഈ വൻ വിജയത്തിലും കല്ലുകടിയായി മാറിയത് ശ്രീ സോമനാഥ് നടത്തിയ ക്ഷേത്ര ദർശനമായിരുന്നു. വിക്ഷേപണത്തിന് മുൻപ് ഒരു ശാസ്ത്രജ്ഞൻ ചെയ്യുന്ന പ്രവൃത്തിയാണോ എന്ന ചോദ്യമാണ് എന്നെ അലോസരപ്പെടുത്തിയത്.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറച്ചുപേർ ഉണ്ടാക്കിയ ഒരു ചർച്ചയായിരുന്നു അത്. അദ്ദേഹത്തിനെ കളിയാക്കിയതു പോലും നിയമപരമായി ശരിയാണെന്ന് തോന്നുന്നില്ല. ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കാൻ നിയമം നമുക്ക് അനുവാദം തരുന്നതും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്.
ശരിയായ വിശ്വാസം ശരീരത്തിലും മനസ്സിലും വ്യത്യാസങ്ങൾ ഉണ്ടാക്കും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. വിശ്വാസം ഹോർമ്മോണുകളിലും മറ്റു രാസപ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കും. ഈ വിഷയത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഓം ചാന്റിങ്ങ് നടത്തുമ്പോൾ ഡോപാമിനിക്ക് ആക്റ്റീവിറ്റി കൂടുന്നു എന്ന് ഒരു കണ്ടെത്തൽ നിംഹാൻസ് നടത്തിയിട്ടുണ്ട്. ഡോപാമിൻ പ്രവർത്തനം കൂടുന്നത് താൽക്കാലികമായാണെങ്കിലും സന്തോഷം കൂട്ടും എന്നതിൽ തർക്കമുണ്ടാകാനിടയില്ല. ശരിയായ വിശ്വാസം ആത്മവിശ്വാസം കൂട്ടുമെന്ന് പഠനങ്ങൾ ഉണ്ട്. അതും ന്യൂറോ കെമിക്കലുകളിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടാണ്.
എന്തും കൂടിപ്പോയാൽ അപകടമാണ്. അത് വിശ്വാസമായാലും ഭക്ഷണമായാലും . അത് കൊണ്ടാണ് ശരിയായ വിശ്വാസം എന്ന് എഴുതേണ്ടി വന്നത്. ഹൈപ്പർ റിലീജിയോസിറ്റി ഒരു മാനസിക പ്രശ്നമാണ്. ഇത് നമ്മുടെ എപ്പിലെപ്പ്സി പോലെയുള്ള ഒരു രോഗമാണ്. അതിന് ചികിത്സയുണ്ട്. ചികിൽസ വേണ്ട രോഗമാണ്.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന ഒരു പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ കൂടിവരുന്നുണ്ട്. അതും കൂടി ഹൈപ്പർ സയന്റിഫിസിറ്റി ഒരു രോഗമാകുന്ന നാൾ അത്ര വിദൂരമല്ല എന്ന് തോന്നുന്നു. വിശ്വാസത്തിനും ഒരു ശാസ്ത്രമുണ്ട്. അതറിയണമെങ്കിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു നല്ല അറിവ് വേണം. നമുക്കറിയുന്നതു മാത്രം ശാസ്ത്രം. അല്ലാത്തതെല്ലാം മിഥ്യ എന്ന മനോഭാവമാണ് പ്രശനം. അത് അറിവില്ലായ്മയാണ്. അതിന്റെ പുറകിലും ശാസ്ത്രം ഉണ്ടാകും.
വെറുതെ വിശ്വാസവും ശാസ്ത്രവും കൂട്ടിക്കുഴച്ചു പാഴാക്കുന്ന സമയം പുരോഗതിയുണ്ടാകുന്ന കാര്യങ്ങളും ചർച്ചകളിലും നിക്ഷേപിച്ചാൽ അതാകും സമൂഹത്തിനു കൊടുക്കുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
ഡോ. സുനീത് മാത്യു
ആനന്ദം, പ്രാഗ്നാനന്ദം
ഇന്ത്യൻ കായിക വിനോദ മേഖലയിൽ ലോകോത്തരം എന്ന് പറയാവുന്ന പ്രകടനങ്ങൾ കുറവായിരുന്നു. ഹോക്കിയിലും, ടെന്നീസിലും, ക്രിക്കറ്റിലും, ബാറ്റ്മിന്റണിലും, അത്ലറ്റിക്സിലുമൊക്കെ ചില നല്ലകാലങ്ങളുണ്ടായിരുന്നു. ഒരുകായികയിനം ഇന്ത്യ അടക്കിവാണിരുന്നു എന്ന് പറയാൻ കഴിയുന്നത് പക്ഷെ ഹോക്കിയിൽ മാത്രം. ചെസ്സും, ജാവാലിൽത്രോയും ഇന്നിൻ്റെ പ്രതീക്ഷകളാണ്. എന്നാൽ ചെസ്സ് ലോകം വിശ്വനാഥൻ ആനന്ദ് കീഴടക്കിയതുപോലൊരു വ്യക്തിഗതമികവിൻ്റെ കഥ വേറേപറയാനില്ല. ലോകത്തിൻ്റെ ബൗദ്ധിക നെറുകയിൽ വളരെനാൾ, ഒരുത്തൻ. ഇപ്പോഴും നിറം കെടാത്ത പ്രതിഭ! പുതിയൊരു ഇളമുറ രാജാവിനെ കണ്ടെത്തിയതുകൊണ്ടു ഇനി വേണമെങ്കിൽ വിരമിക്കലാം. പ്രാഗ്നാനന്ദ! പേരിൽത്തന്നെ ബുദ്ധിയും ആനന്ദവും ഉള്ളവൻ. അവൻ്റെ അമ്മയുടെ നിഷ്കളങ്കമായ ചിരിയിലുണ്ട് പ്രാഗ്നാനന്ദയുടെ ലോകം മുഴുവൻ.
പ്രാഗ്നാനന്ദ ഒരു പ്രതീകം മാത്രമാണ്. ഇന്ത്യൻ പുതുരക്തത്തിൻ്റെ, കഴിവിൻ്റെ, മികവിൻ്റെ, ഭയമില്ലായ്മയുടെ, മാത്സര്യത്തിൻ്റെ, വരാനിരിക്കുന്ന കോടി വിജയങ്ങളുടെ, പ്രതീകം.
ഇതു പുതു ഇന്ത്യയാണ്. ഇനിയുള്ള ലോകം കാണാൻ പോകുന്നത് ഇന്ത്യയുടെ കുതിപ്പാണ്. ചന്ദ്രനും, സൂര്യനും, സൗരയൂഥവും, ആകാശഗംഗയും കടന്നുള്ള പോക്ക്. പ്രാഗ്നാനന്ദമാർ ധാരാളം ഈ രാജ്യത്തു വന്നു പിറക്കുന്നുണ്ട്. അവർക്കു വേണ്ടുന്ന അവസരങ്ങൾ കൊടുത്താൽ മാത്രം മതിയാകും. അല്ലാതെ സ്വത്തെന്നും മിത്തെന്നും സയന്റിഫിക് റ്റെമ്പർ എന്നും മറ്റുമൊക്കെ പറഞ്ഞു സമയം കളയുന്നവർ, കിട്ടിയതും കൊണ്ട് സ്ഥലം കാലിയാക്കി രാജ്യം കഴിവുള്ള പുതുതലമുറക്ക് നൽകണം. നൽകിയില്ലെങ്കിൽ പിടിച്ചു വാങ്ങണം. അതിന് നിങ്ങളുടെ ഒരു വോട്ടിൽ കൂടുതൽ വേണ്ടിവരില്ല.
രാഷ്ടീയം ഏഴയലത്തു കടത്താതെ, മെരിറ്റുമാത്രം നോക്കി ജോലിക്ക് ആളെയെടുത്തു കഠിനപ്രയത്നം ചെയ്തു കുറഞ്ഞചിലവിൽ വലിയകാര്യങ്ങൾ ചെയ്യാമെന്ന് പഠിപ്പിച്ച ഇസ്രോ (ISRO) എന്ന സ്ഥാപനവും ഇന്ത്യയിലാണ്. ഇസ്രോ ചന്ദ്രനിലും സൂര്യനിലും ഒക്കെ എത്തുന്നത് ഒരു സംശയവും അതിശയവും ഇല്ലാതെ നോക്കിക്കാണാൻ പറ്റുന്നവർ തിരുവനന്തപുരത്തുകാരാണ്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (VSSC) Liquid Propulsion Systems Centre (LPSC) റുമൊക്കെ ജീവിതത്തിൻ്റെ ഭാഗമാക്കിയവർ. നിരനിരയായി പോകുന്ന VSSC യുടെയും LPSC യുടെയും ബസ്സുകൾക്കുള്ളിൽ ശാന്തരായിരുന്നു ആകാശ സ്വപ്നങ്ങൾ കാണുന്നവരെ മറക്കാനാകില്ല തിരുവനന്തപുരം നിവാസികൾക്ക്. അവർക്കിടയിൽ സുഹൃത്തുക്കളും, അഭ്യുദയകാംഷികളും, കലാകാരൻമാരും (ഉദാ: ശ്രീമാൻ സൂര്യ കൃഷ്ണമൂർത്തി), എഴുത്തുകാരും (ഉദാ: ശ്രീമാൻ വിജെ ജെയിംസ്) ഉണ്ടായിരുന്നു.
ലോകോത്തര സാങ്കേതിക വിദ്യയുടെ തികവിൽ ചിട്ടയായി മുന്നേറിയ ഇസ്രോയെ അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ലഭിച്ചത് വലിയകാര്യം. അതുനയിച്ച ചിലരോടൊപ്പം ജോലിചെയ്യാനും ഭാഗ്യം ലഭിച്ചു (എംഎസ്ആർ ദേവ്), പലരുമായിരുമായി അടുത്തിടപഴകി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം ഇസ്രോയെപ്പോലെ നടന്നിരുന്നെങ്കിൽ ഇന്ത്യ ഇരുപതു വർഷം മുൻപെങ്കിലും ഒരു വികസിത രാജ്യമാകുമായിരുന്നു, കട്ടായം.
തിരുവന്തപുരത്തു താമസിക്കുന്നവർക്ക് ചിത്രത്തിൻ്റെ മറുപുറം കൂടി കാണാതെ തരമില്ലല്ലോ! മറുവശത്തു ചട്ടപൊക്കി ചിട്ടയായി പുരോഗതിയെയും മാനത്തെയും സഹോദര്യത്തെയും സന്തോഷത്തെയും എങ്ങനെ നശിപ്പിക്കാം എന്ന ഗവേഷണത്തിന് നമ്മൾ തന്നെ തിരഞ്ഞെടുത്തു നികുതിപ്പണം നൽകി വളർത്തിയവർ, വല്ലപ്പോഴും വന്നു സർക്കസ് കളിക്കുന്ന സ്റ്റേറ്റ് സെക്രട്ടേറിയറ്റ്.
ഇസ്രോ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു ചന്ദ്രനിൽ എത്തിയപ്പോൾ മറ്റവർ അതുപൊലെതന്നെ ചിട്ടയോടും കരുതലോടും ഒരുമയോടും പണിയെടുത്തു സ്വന്തം കീശയും സ്വന്തക്കാരുടെ കീശയും വലുതാക്കി. വോട്ടു ചെയ്തു ജയിപ്പിച്ചവരെ പാതാളത്തിൽ എത്തിച്ചു. ഒന്നുയർച്ചയും മറ്റേതു താഴ്ച്ചയും. മിത്തിൻ്റെ പേരിൽ സ്വത്തുണ്ടാക്കാനും, സ്വത്തിൻ്റെ പേരിൽ മിത്തുണ്ടാക്കാനും മിടുക്കുള്ളവരെ എന്ത് പറയാനാണ്. സത്യത്തിൽ ജനങ്ങളുടെ ജീവിതമാണ് മിത്തായിക്കൊണ്ടിരിക്കുന്നതു. എന്താണ് സത്യമെന്നും മിഥ്യയെന്നും അറിയാതെ അലയുന്നു. സാധാരണ ജനങ്ങളെക്കുറിച്ചതാണ് പറഞ്ഞു വന്നത്. പ്രബുദ്ധർക്കും ബുദ്ധിജീവികൾക്കും എല്ലാം അറിയുന്നതാണല്ലോ! തടയുന്ന ചില്വാനത്തെയും ഭയത്തിനെയും പ്രതി മിണ്ടാട്ടമില്ലാത്തതു കുറ്റമല്ല. ഇല്ലാത്തതു പറയുന്നത് തെറ്റുമല്ല. എല്ലാം മിത്തിനും സയന്റിഫിക് റ്റെമ്പറിനും ഇടയിലുള്ള എന്തൊക്കയോ ഇസങ്ങളല്ലേ!
ഇനിയുള്ള പ്രതീക്ഷ പ്രാഗ്നനാന്ദമാരിലാണ്. ഇവരുടെ ബുദ്ധിയിലും യുക്തിയിലും വേണം 76 വർഷമായി ഇന്ത്യയെ കാർന്നുതിന്നുന്നവരെ, അവരുടെ പൊളിറ്റിക്കൽ മിത്തോളജിക്കളെ അടിച്ചുതകർക്കാൻ. അവർ വേണം പുതിയ ഇന്ത്യയെ നിർമ്മിക്കാൻ, ഇസ്രോയെ ഇറാൻഡലിൽ (Earendel- a star 12.9 billion light years away) എത്തിക്കാൻ.
ആനന്ദത്തിൽ നിന്നും പ്രാഗ്നാനന്ദം വരെയെത്തി, ഇനി പരമാനന്ദത്തിലേക്കെത്താൻ അധികം വൈകില്ല!
സുമേഷ് രാമചന്ദ്രൻ
നഷ്ടങ്ങളുടെ കാട്…..
അന്ന് കാട് നിറയെ
മഞ്ഞുപെയ്തിരുന്നു.
നെല്ലി പൂവിടുന്ന
മൃദു സുഗന്ധവുമായി
ഇത്തിരിക്കുഞ്ഞൻ
കാറ്റ് തിരക്കിട്ടോടി
അവൾക്കരികിലെത്തിയണച്ചു നിന്നു….
പുഴയ്ക്കരികിലെ
കരിവീട്ടിയുടെയോരം
ചേർന്ന് നിൽക്കുന്നൊരാ
നെല്ലിപ്പെണ്ണൊരായിരം
പൂക്കുഞ്ഞുങ്ങളെ പെറ്റ
കഥ പറഞ്ഞവളുടെ ചുരുൾമുടിയിൽ
തഴുകി അങ്ങേക്കാട്ടിലേക്ക് പോയി…..
പളുങ്കുമണികൾ പോലെ
ചിരിക്കുന്ന നെല്ലിക്കായ്കളിൽ മഴത്തുള്ളികൾ
ഉമ്മവച്ചോടി മറയുന്നതു നോക്കിനിൽക്കെ
എന്തിനെന്നറിയാതെയവളുടെ
മിഴിക്കോണിൽ
നീർമണികൾ തുളുമ്പി…..
രാവറുതിയിൽ പുഴമാറിലെ
ഇരുൾക്കയങ്ങളിൽ
നിന്നുയർന്നകമ്പനങ്ങളൊക്കെയും പുഴപ്പാട്ടെന്ന് പറഞ്ഞ്
കാറ്റ് പൊട്ടിച്ചിരിച്ചു.
മഴ ചൂടിയ
ഇലക്കൈകളിളക്കി
മരച്ചില്ലകളതു കേട്ടാർത്തു ചിരിച്ചു…..
ഒരു തുള്ളി നിലാവിറ്റു വീണൊരു
പാർവണ നിശീഥിനിയിൽ
നിരാസങ്ങളിൽ
വെന്തുരുകിയ ചോലക്കാടുകൾ
പെണ്ണവളിലേക്ക്
സഹതാപത്തോടാഴ്ന്നിറങ്ങി…..
മൺമറയ്ക്കുള്ളിലലിഞ്ഞു
ചേരുമ്പോഴും
പെൺമിഴികളിലൊരു നെല്ലിമരം
പൂത്തു നിന്നിരുന്നു…..
നഷ്ടങ്ങൾ ഇരുളിമ പകർന്ന
കാട്ടിലെ മരത്തലപ്പുകൾ
ചീറിയടിച്ച കാലവർഷക്കാറ്റിലും
ഇളകാനാവാതെ വിതുമ്പി നിന്നു.
അജിത.വി.അമ്പലപ്പുഴ
ശൗചം
ചെറ്റപ്പുരയിൽ നിന്നും തീ കടം വാങ്ങിയ ഒരു ബാല്യകാലം തനിക്കുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞു.
സർക്കാർ ആശുപത്രിയിൽ നിന്നും കിട്ടിയ കർപ്പൂരാദി തൈലം അഗതിമന്ദിരത്തിൻ്റെ പുറം തിണ്ണയിലിരുന്ന് കാൽവണ്ണയിൽ തടവിക്കൊണ്ടായിരുന്നു അവർ അത് പറഞ്ഞത്.
എൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
കുളത്തിലെ വെള്ളം കുടിച്ചും തോട്ടിൽ കുളിച്ചും ഒരു ബാല്യം, അയാൾ പറഞ്ഞു.
നമ്മൾക്ക് രണ്ടു കൂട്ടർക്കും പൊതുവായി ഉണ്ടായിരുന്ന ഒരു കാര്യം പറയട്ടെ? ..
പറയണം.
പറയട്ടെ?….
നാണം തോന്നുന്നുണ്ടോ?
എന്തിന്?
ഞാൻ പറയും.
പറഞ്ഞോ….
നമ്മൾ രണ്ടു കൂട്ടരും തൂറിയിരുന്നത് പറമ്പിലായിരുന്നു ..
അതുകൊണ്ടെന്താ..? അയാൾ ചോദിച്ചു.
ഒന്നുമില്ല: നമുക്കിപ്പോ … പൊതു കക്കൂസ് ഉണ്ടായി, ഒരാൾ ഇറങ്ങിയിട്ടു വേണം മറ്റൊരാൾക്കു കയറാൻ.
സർക്കാരിൻ്റെ സൗജന്യമല്ലേ… മിണ്ടാതിരുന്നു തൂറണം.
മകൾക്ക് അമേരിക്കൻ ക്ലോസറ്റാ.. വെള്ളമൊഴിക്കണ്ടാ… തന്നത്താൻ വരും., അവർ പറഞ്ഞു.
എൻ്റെ മകൻ്റെ വീട്ടിൽ ശൗരിച്ചു കൊടുക്കുന്നത് മിഷ്യനാണ്. അയാൾ പറഞ്ഞു.
ഇതൊക്കെ വന്നതിൽ പിന്നെയാണ് നമ്മളൊക്കെ തീട്ടമായത്. അവർ ദീർഘനിശ്വാസത്തോടെ അയാളുടെ മുഖത്തേക്കു നോക്കി.
ദൈന്യതയോടെ അയാൾ പറഞ്ഞു, “എനിക്ക് എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ നാലുമടല് ഓല മറച്ച് …? ”
അവർ പറഞ്ഞു “ഇല്ല ഞാൻ വരില്ല…. അവസാന കാലത്ത് മക്കൾക്ക് കൊടുക്കാൻ ഒരു ശവം ബാക്കിയുണ്ടാവണം.. ആർക്കും ഒരു ബാധ്യതയും വരുത്താതെ .. ”
അപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അയാൾ പറഞ്ഞു “ഞാൻ വെറുതെ പറഞ്ഞതാ എൻ്റെ ശരീരം പിള്ളേർക്കു പഠിക്കാൻ കൊടുക്കണം.. ഒരു പക്ഷേ.. പഠിക്കാൻ എൻ്റെ കൊച്ചുമക്കളും ഉണ്ടായിയെന്നിരിക്കും… അവർക്കു വേണ്ടി.. എന്തെങ്കിലും ചെയ്യണം.”
മണിയടിച്ചു…..
കഞ്ഞിക്കുള്ള സമയമായി.. അയാൾ അവരുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് … രണ്ടു … പാത്രവുമായി … വരാന്തയിൽ … നിരതെറ്റിക്കാതെ… നിസ്സംഗതരായി.. നിറഞ്ഞ കണ്ണോടെ ..ആരെയും പ്രതീക്ഷിക്കാതെ …..
ആർ.എസ്. പണിക്കർ
ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട ഒരു ക്യാൻവാസ് – കൊണാർക്
സൂര്യൻ അതിന്റെ സ്വർണ്ണ വർണ്ണങ്ങൾ വിതറി ഉദിച്ചു വരുമ്പോൾ അതിന്റെ വെളിച്ചതിനൊപ്പം ഉദിച്ചു വരാതെ കാലക്രമേണ അസ്തമിച്ചു പോയ ഒരു സാമ്രാജ്യത്തിന്റെ പ്രവേശന കവാടത്തിൽ കൈകൾ ചുമരുകളിൽ ചേർത്ത് നിർത്തി നോക്കി നിൽക്കുന്നു. പുരാതന അത്ഭുതങ്ങളുടെയും വാസ്തുവിദ്യാ മാതൃകയുടെയും ഈറ്റില്ലം ആയ കൊണാർക്. ഭൂതകാലത്തിന്റെ വശീകരിക്കുന്ന കഥകൾ പേറുന്ന കല്ലുകൾ, കവാടങ്ങൾ, ശില്പ ചാരുതകൾ.
കൊണാർക്കിലെ സൂര്യ ക്ഷേത്രം, ഇന്ത്യയിൽ ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യ ക്ഷേത്രം, മധ്യകാല വാസ്തുവിദ്യയുടെ അതിശയിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്. UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ നിർമ്മിതി കൂടിയാണ് ഈ സൂര്യ ക്ഷേത്രം. കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമന്റെ കാലത്ത്, പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മാർബിളുകളിൽ കൃത്യമായി ആലേഖനം ചെയ്യപ്പെട്ട ചരിത്രം യാത്രികർക്ക് വായിച്ചു മനസിലാക്കാൻ അവസരം നൽകുന്നു. അല്ലാത്തവർക്ക് വേണമെങ്കിൽ ഗൈഡ്മാരുടെ സഹായവും തേടാവന്നതാണ്. എന്തായാലും ഗൈഡ്മാരെ തത്കാലം അടുപ്പിച്ചില്ല, ചരിത്രം സ്വയം അന്വേഷിച്ചു അറിയാം എന്ന് കരുതി.
ഏകദേശം 1250 CE യിൽ നിർമ്മാണം ആരംഭിച്ച ഈ ക്ഷേത്രം പൂർത്തിയാകാൻ നീണ്ട 12 വർഷങ്ങൾ എടുത്തു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. കല്ലുകളിൽ കൊത്തിയെടുത്ത 24 ചക്രങ്ങൾ ഉള്ള ഒരു രഥം 7 കുതിരകൾ വലിക്കുന്ന മാതൃകയിൽ ആണ് സൂര്യ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യ ദേവന് സമർപ്പിച്ച ഈ ക്ഷേത്രം, സൂര്യ ദേവൻ തന്റെ രഥത്തിലൂടെ ആകാശത്തിൽ സഞ്ചരിക്കുന്ന ഒരു ചിത്രം ആണ് ഇത് നൽകുന്നത്. സൂര്യക്ഷേത്രത്തിന്റെ ചുവരുകളും തൂണുകളും മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹൈന്ദവ ആചാര കഥകൾ, മൃഗങ്ങൾ, ആകാശ ജീവികൾ, നർത്തകിമാർ അങ്ങനെ നൂറ് കണക്കിന് കൊത്തുപണികൾ ഓരോ തൂണും മനോഹരമാക്കുന്നു. മിഥുനങ്ങൾ എന്നറിയപ്പെടുന്ന ശൃംഗാര ശിൽപ്പങ്ങളാണ് ഇവയിൽ പ്രധാന ആകർഷണം. ആ കാലത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലേക്ക് ഇവ നമ്മെ നയിക്കുന്നു.
സൂര്യക്ഷേത്രത്തിന്റെ മനോഹരമായ കൽപാതകളിൽ കൂടിയും പുൽ തകിടികളിൽ കൂടിയും നടക്കുമ്പോൾ അതിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം നമ്മെ വല്ലാതെ ആലിംഗനം ചെയ്യും. ജീവനുള്ള കല്ലുകൾ ആയി കാണാം ഓരോ നിർമ്മിതിയും. ഓരോ അടി വെച്ച് ക്ഷേത്രം വലം വയ്ക്കുമ്പോൾ കരകൗശലത്തിന്റെയും അതേ സമയം ആത്മീയതയുടെയും ഒരു നിഴൽ നമ്മെ നയിക്കുന്നതായി തോന്നാം.
പത്ത് രൂപാ നോട്ടിൽ നമ്മൾ കണ്ട വലിയ കൽ ചക്രം നേരിൽ കണ്ട് ഫോട്ടോ പകർത്താൻ ഉള്ള യാത്രികരുടെ ശ്രമങ്ങൾ കാണാൻ പറ്റും. നൂറ് കണക്കിന് ആളുകൾ ഒരേ സമയം ഇതിനെ വലം വെച്ചുകൊണ്ടിരിക്കുന്നു എങ്കിലും വല്ലാത്തൊരു ശാന്തതയും സമാധാനവും അവിടെങ്ങും നിഴലിക്കുന്നുണ്ട്.
ഒപ്പം വല്ലാതെ വിഷമം തോന്നിയ ചില കാര്യങ്ങൾ പറയാതെ വയ്യ, സദാചാരത്തിന്റെ അന്ധത ബാധിച്ച മനുഷ്യർ തകർത്തു കളഞ്ഞ ചില ശിൽപ്പങ്ങൾ ഈ കൂട്ടത്തിൽ കാണാം. മനോഹരമായ സ്ത്രീ രൂപങ്ങൾ തകർത്തു വികൃതം ആക്കിയ അവസ്ഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായ ഈ ശിൽപ്പങ്ങൾ നിസ്സാരമായി നശിപ്പിച്ചു കളയാൻ എങ്ങനെ സാധിക്കുന്നു എന്ന തോന്നൽ ആണ് ഏറ്റവും സങ്കടം ഉണ്ടാക്കിയത്.
കൊണാർക്കിലെ ഈ സൂര്യ ക്ഷേത്രം ഒരത്ഭുതം ആണ്. വാസ്തു, ആത്മീയത, ശില്പചാരുത അങ്ങനെ ഓരോ ഭാഗവും ഏറ്റവും മനോഹരമായി പൂർത്തിയാക്കപ്പെട്ട ഒരു വലിയ രഥം.
ഏഴ് കുതിരകളാൽ വലിക്കപ്പെടുന്ന മഹാ രഥം.
സൂര്യക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ ലോകം ആകെ മാറുന്നതായി കാണാം. ഒരു കവാടത്തിന് ഇപ്പുറത്ത് കാണുന്ന മാറ്റങ്ങൾ വലുതാണ്. ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം പെട്ടന്ന് കച്ചവട തിരക്കുകളിലേക്കും വാഹനങ്ങളുടെ ശബ്ദങ്ങളിലേക്കും വഴി മാറും.
തിരികെ ഭുവനേശ്വർ ലക്ഷ്യമാക്കി ബസ്സ് കയറുമ്പോൾ മനസ്സിൽ ഇങ്ങനെ തോന്നുന്നു, ഒരു ദിവസത്തെ ചുരുക്കം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വലം വയ്ക്കൽ ഈ ക്ഷേത്രത്തെ മനസിലാക്കി എടുക്കാൻ പോരാതെ വരുന്നു. ഓരോ തൂണുകൾക്കും, ചുവരുകൾക്കും അവയിലെ ഓരോ ശിൽപ്പങ്ങൾക്കും ചിത്രങ്ങൾക്കും പറയാൻ കഥകൾ ഏറെയാണ്.
കൊണാർക്കിലൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ കലയുടെയും വാസ്തുവിദ്യയുടെയും പ്രകൃതിയുടെയും തടസ്സമില്ലാത്ത ബന്ധങ്ങളോടുള്ള അഗാധമായ ഒരു പ്രണയം തോന്നും. യാത്രകളിൽ കണ്ട് പോരേണ്ട വെറും ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല കൊണാർക്, ചരിത്രവും സൗന്ദര്യവും ഇഴചേർന്ന് വരയ്ക്കപ്പെട്ട മനോഹരമായ ഒരു ക്യാൻവാസ് ആണ്, അല്ലെങ്കിൽ മനോഹരമായ് ഇരുവതും കൈകോർത്ത് ആടുന്ന ഒരു നൃത്തമാണ്. കൊണാർക് ഒരു ടൈം ക്യാപ്സുൾ ആണ്. സൂര്യനെ ചുംബിക്കുന്ന ക്ഷേത്രവും അതിലെ ഓരോ ഫലകങ്ങളും പറഞ്ഞു തരുന്ന കഥകൾ നൂറാണ്. കൊണാർക്ക് സൗന്ദര്യാത്മകതയുടെ ആത്മാവിനുള്ള ഒരു നിധിശേഖരമായി തുടരുന്നു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക രേഖയുടെ ഹൃദയത്തിലേക്കുള്ള ഒരു യാത്ര.
ശേഷിക്കുന്ന കഥകൾ തേടി ഇനിയും പലയാവർത്തി കൊണാർക് തേടി വരേണ്ടതുണ്ട്.
ശ്യാം സോർബ
നീലപ്പരുന്ത് : ഹരിത ആർ.
ഈ പുസ്തകത്തിലേക്കു ഞാൻ എത്തി ചേരുവാൻ ആയി എടുത്തിട്ടുള്ളത് ഒന്നര വർഷത്തോളം സമയം ആയിരുന്നു.. കെട്ടറിഞ്ഞതു എല്ലാം തന്നെ വായനയിലേക്കു കൊണ്ടുവരുവാൻ ആയി വീണ്ടും കുറെ നാളുകൾ..
ഒടുവിൽ ഇന്ന് വായിച്ചറിഞ്ഞപ്പോൾ, ഈ നോവലിനെ കുറിച്ചു കേട്ടറിഞ്ഞ പോസറ്റിവും നെഗറ്റിവും ആയ വസ്തുതകളിൽ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റും ആയിരുന്നെന്ന് കൂടെ അറിഞ്ഞു..
പൂർണ്ണമായും ഇതൊരു സ്ത്രീ പക്ഷ നോവലോ പുരുഷ വിദ്വേഷ നോവലോ ആയിരുന്നില്ല, പകരം പ്രണയത്താൽ മുറിവേറ്റ ഒരു പെണ്ണിന്റെ തീരാ പകയുടെ ബാക്കി ചിത്രം ആയിരുന്നു.. അതിലേക്കു അവളെ നയിച്ച ഘടകങ്ങളും അവസ്ഥകളും സർവോപരി അവളിലെ സ്ത്രീത്വവും… ഒപ്പം ഒരു പറ്റം ദുരൂഹമായ കെട്ടുകഥകളും…
ഏറ്റവും അടുത്ത ഒരു സുഹൃത്ത് ഈ പുസ്തകം എനിക്ക് മുൻപേ വായിച്ചറിഞ്ഞതിനു ശേഷം പറഞ്ഞതു, ഒരു ഫെമിനിസ്റ്റ് ചിന്താഗതികാരിയുടെ എഴുത്തു രൂപം എന്നായിരുന്നു. പക്ഷെ എത്ര കണ്ടു അതു ശരിയാണെന്ന് ഞാൻ ഇപ്പൊ പറയുന്നില്ല..
പുസ്തകത്തിൽ പുരുഷ വിദ്വേഷ പരാമർശം ഉണ്ടെങ്കിൽ കൂടെ, അതു നോവലിന്റെ സുഖമമായ സഞ്ചാര പാതക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത പോലെ ആണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.. ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ ആസ്വാദനം ഉണ്ടാവുക..
അതേ സമയം അന്ധമായ പ്രണയത്തിനാൽ മുറിവേറ്റ ഒരുവളെയും ഞാൻ കണ്ടിരുന്നു..
നോവലിന്റെ സ്വഭാവം എടുത്തു വെച്ചാൽ, തീക്ഷ്ണമായ അതിനേക്കാൾ ദുരൂഹമായ ഒരു ലക്ഷ്യത്തിനു വേണ്ടി ഉള്ള ചിലരുടെ യാത്രകൾ, അതിൽ പാതി വഴിയിൽ വീണു പോയവരും, ആ വീഴ്ചയിൽ നിന്നു ഉയർത്തെഴുനേറ്റവരും ഉണ്ടായിരുന്നു.. ചിലരെല്ലാം ധൂമം പോലെ മായ്ഞ്ഞു പോയിട്ടും ഉണ്ടായിരുന്നു.. അവരിലേക്കുള്ള അന്വേഷണം എന്നു കൂടെ വേണമെങ്കിൽ പറയാം..
ഇതിക ദൂദ് എന്നു പേരുള്ള ഒരു അഭിസാരികയുടെ ജീവിതത്തെ കുറിച്ചു പഠിച്ചു പ്രബന്ധം തയ്യാറാക്കുവാൻ എത്തുന്ന കുറച്ചു കോളേജ് കുട്ടികളിൽ കൂടെ ആയിരുന്നു നോവൽ ആരംഭിക്കുന്നത്..
അവരുടെ ജീവിതത്തിൽ നിന്ന് തങ്ങൾക്കു ആവശ്യമുള്ള കണ്ടെന്റ് കിട്ടില്ല എന്നു ഉറപ്പാവുന്ന കുറച്ചു കുട്ടികൾ പാതി വഴിക്ക് വെച്ചു പിന്മാറുന്നു, എന്നാൽ നൈനിക എന്ന വിദ്യാർത്ഥി മാത്രം ആ പഠനത്തിൽ തുടർന്നും നില കൊള്ളുന്നു..
ഒരു സ്ത്രീയെ ഒരിക്കലും ഒരു പുരുഷന് പൂർണ്ണമായും മനസിലാവില്ല എന്ന തത്വത്തിൽ നിന്നും ആണ് തുടർന്നുള്ള നോവലിന്റെ യാത്ര..
അതു ചെന്നെത്തി നിൽക്കുന്നത് ലിപിക നേത്ര എന്ന ലേഖികയിലേക്കും..
അവളുടെ പ്രണയം ആയിരുന്ന അനിരുദ്ധനിലേക്കും..
അവിടെ തീവ്രമായ ഒരു പ്രണയത്തിന്റെ ചിത്രം നിർമ്മിതമാവുന്നത് കാണുകയും, ഒരേ സമയം പരിഗണിക്ക പെടാത്ത ഭാര്യ എന്ന പദവിയും, മറ്റൊരുവനാൽ പ്രണയിക്കപ്പെടുന്ന സ്ത്രീ ആയും ലിപിക ജീവിക്കുന്നു..
അവിടെ നിന്നും നൈനിക എന്ന വിദ്യാർഥിനിയിലേക്കു ചെന്നെത്തി നിന്നാൽ, അവളുടെ ഗവേഷണം എന്നതിന് പിറകിൽ കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..
ഒരു പക്ഷെ ആകാശത്തെ ചുറ്റി വട്ടമിട്ടു പറക്കുന്ന നീലപരുന്തിനെ കെണി വെച്ചു പിടിക്കുക എന്ന പോലെ..
മുറിവേറ്റ മനസിൽ നിന്നു പുറപ്പെടുന്ന തീരുമാനങ്ങളിൽ ദൈവത്തിനു പോലും കൈ കടത്താൻ അവകാശമില്ലന്നു ഓർമിപ്പിക്കുക കൂടെ ആയിരുന്നു തുടർന്നങ്ങോട്ടുള്ള നോവലിന്റെ സഞ്ചാര പാതയിൽ കൂടെ എഴുത്തുകാരി…
ഇടക്ക് മാധവി കുട്ടിയുടെ എഴുത്തുകളിലൂടെയും ചാരുലതയിൽ കൂടെയും നോവൽ സഞ്ചരിച്ചപ്പോഴും, അളവിൽ അധികമായി കടന്നു വന്ന ലൈംഗികതയും ഒട്ടും മുഷിപ്പിക്കുന്നില്ലയിരുന്നു…
പകരം അവയെല്ലാം അവളുടെ മനസിന്റെ പ്രതികാര ഭാവത്തെ ആയിരുന്നു മുൻ തൂക്കം നൽകി പ്രദർശിപ്പിച്ചത്…
ഒടുവിൽ ക്ളൈമാക്സിൽ വന്ന ട്വിസ്റ്റും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലും മികവുറ്റ അനുഭവവും തന്നെ നൽകി എന്നു പറഞ്ഞു നിർത്തട്ടെ…
ഒരു പക്ഷെ ഈ നോവൽ എനിക്ക് മുൻപ് തന്നെ നിങ്ങൾ എല്ലാരും വായിച്ചറിഞ്ഞിട്ടുണ്ടാകും, എന്നാലും ഒരാളെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അയാൾക്ക് ഈ പുസ്തകം വായിക്കുവാൻ ഈ കുറിപ്പു ഉപകാരപ്പെടുമെങ്കിൽ ….
ജാമി
ശരീരഭാഷ
ശരിയായ ആശയവിനിമയത്തിന് നമുക്ക് ഭാഷകൾ അനിവാര്യമാണ്. എന്നിരിക്കിലും അവയുടെ സഹായ ശതമാനം ഇക്കാര്യത്തിൽ വളരെക്കുറച്ചു മാത്രമേയുള്ളൂ എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല. സംസാരിക്കുവാൻ കഴിവില്ലാത്തവർ ആശയവിനിമയം നടത്തുന്നത് ഇതിനൊരുദാഹരണമാണല്ലോ? എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്ന് അധികമാർക്കും അറിയില്ല. അത് ലോകത്തിലെല്ലായിടത്തും ഒരുപോലെ തന്നെയാണ്. നമ്മൾ നമ്മളറിയാതെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
വിവരകൈമാറ്റത്തിനുപയോഗിക്കുന്ന ശാരീരിക സ്വഭാവങ്ങളാണ് ശരീര ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാൾ കൈകാട്ടി വിളിക്കുമ്പോൾ നമ്മൾ അതിനോട് പ്രതികരിക്കുന്നത് ശരീര ഭാഷ മാത്രമുപയോഗിച്ചാണ്. ഇത്തരം ചില ഭാഷകൾ നമുക്ക് പരിചിതമാണ്. അതെ, അല്ലെങ്കിൽ അല്ല, എനിക്ക് മനസ്സിലാകുന്നു എന്നെല്ലാം മുഖഭാഷയിലൂടെ നമ്മൾ ദിവസവും ആവർത്തിക്കുന്നുണ്ട്. അതല്ലാതെ നമുക്ക് മനസ്സിലാകാത്ത ചില ഭാഷകളും ശരീരം വിളിച്ചറിയിക്കുന്നുണ്ട്. അത് ശരീരഭാഷാപാണ്ഡിത്യം ഉള്ളവർക്ക് മാത്രം തിരിച്ചറിയുവാൻ കഴിയുന്നതാണ്. അത് ശരീരത്തിന്റെ അംഗ വിന്യാസമാകാം, ചേഷ്ടയാകാം, കണ്ണുകളുടെ ചലനമാകാം, സ്പര്ശനമാകാം, മുഖഭാവനകളാകാം.
മുഖഭാവങ്ങൾ എന്നാൽ മുഖത്തെ അവയവങ്ങളുടെ ആകെ പ്രവർത്തനമാണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ, മൂക്ക്, കവിളുകൾ എല്ലാം ചുറ്റുപാടുകളോട് സംവേദിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ ദേഷ്യത്തിലാണോ, സങ്കടത്തിലാണോ എന്ന് ഇവയുടെ ചലനങ്ങളിൽ നിന്നും കുട്ടികൾ പോലും മനസ്സിലാക്കിയെടുക്കാറുണ്ട്. ഒരാളുടെ ഭയവും ഇങ്ങനെ ഇങ്ങനെത്തന്നെയാണ്. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ ചിലകാര്യങ്ങളെല്ലാം കണ്ടുപിടിക്കുവാൻ മിക്കവർക്കും സാധിക്കും.
ഒരാളുടെ ഇരുപ്പോ നിൽപ്പോ എന്തുമാകട്ടെ, അത് അയാളുടെ ചില സ്വഭാവങ്ങൾ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കൈകാലുകൾ, വിരലുകൾ തുടങ്ങിയവയുടെ സ്ഥാനം, ചലനം തുടങ്ങിയവ മൂലമായിരിക്കും ഇത് സാധ്യമാകുക. ഇവയുടെ ചലനങ്ങൾ ഇച്ഛാപൂർവ്വമോ അനിച്ഛാപൂർവ്വമോ ആയിരിക്കുമല്ലോ? ഇതെല്ലാം അയാളുടെ ചില രഹസ്യങ്ങൾ മറ്റുള്ളവരോട് വിളിച്ചോതുക തന്നെയാണ്.
ഒരു സംഭാഷണത്തിൽ ഒരാൾ മടക്കിയ കൈകളോടെ നടക്കുകയോ, നിൽക്കുകയോ, ഇരിക്കുകയോ ആകട്ടെ, അയാൾക്ക് ഈ സംഭാഷണത്തിൽ താൽപര്യമില്ല അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അയാൾ മനസ്സിൽ അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണർത്ഥം. അതുപോലെ ഒരാൾ കൈകൾ ഒന്നിന് കുറുകെ ഒന്നായി ക്രോസ് ചെയ്ത് ആണ് നിൽക്കുന്നതെങ്കിൽ അയാൾക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്നോ സുരക്ഷാ കുറവുണ്ട് എന്നോ ആണ് അർത്ഥമാക്കേണ്ടത്. അതിന്റെ വ്യത്യാസം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റു ശരീര ഭാഷകളുമുണ്ടാകും.
ഒരാളുടെ ഹസ്തദാനത്തിനു പോലും പറയുവാനുണ്ട് പല കഥകളും. ഹസ്തദാനത്തിന്റെ ശക്തി, എടുക്കുന്ന സമയം, സ്പർശിക്കുന്ന ഭാഗങ്ങൾ തുടങ്ങിയവയെല്ലാം ദാതാവിന്റെ മനസ്സ് സ്വീകർത്താവിനെ അറിയിക്കുന്നുണ്ട് എന്ന് നമ്മൾ അറിയണം. നമ്മുടെ ശാസോച്ഛാസം പോലും നമ്മുടെ ചില വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറിക്കൊണ്ടിരിക്കുകയാണെന്നും ഓർക്കണം. ഒരു ഭാര്യയും ഭർത്താവും നടന്നുപോകുന്ന രീതികളിൽ നിന്നുപോലും ഒരു നിരീക്ഷകന് അവരുടെ മാനസിക അടുപ്പമോ അകൽച്ചയോ കണ്ടെത്താനാകും. അതുപോലെ തന്നെയാണ് ഒരാൾ നിക്കുന്ന അകലം, ശബ്ദത്തിന്റെ വ്യത്യാസങ്ങൾ തുടങ്ങിയവയും.
ഇത്രയും കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിച്ചത്, നാം ഓരോരുത്തരും അറിയാതെ അപരിചിതരോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ്. നമ്മുടെ ഭയം, പരിചയക്കുറവ് തുടങ്ങിയവ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും മുതലെടുക്കുവാനും കഴിയും. ഒരഭിമുഖ പരീക്ഷക്ക് പോകുമ്പോഴും നാം അറിയാതെ മനസ്സ് തുറക്കുന്നുണ്ട് എന്നും അറിയണം.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ നാമെല്ലാവരും ശരീരഭാഷയെക്കുറിച്ചു ബോധവാന്മാരാകേണ്ടിയിരിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു ശരീരഭാഷ മാറ്റുവാൻ സാധിക്കുമെങ്കിൽ ചിലർക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയില്ല. ഞാൻ ഇവിടെ വിവരിച്ചത് മാത്രമാണ് ശരീരഭാഷ എന്നര്ത്ഥമാക്കേണ്ടതില്ല. നൂറു കണക്കിന് ശരീര ഭാഷകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു.
ഡോ സുനീത് മാത്യു
2023 ഓഗസ്റ്റ് 31, വ്യാഴാഴ്ച
മുഖമൊഴി
കുട്ടികളുടെ നേർക്കുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന ആശങ്കയിലാണ് നമ്മൾ. ഇതിന്റെ ഇതുവരെ അറിഞ്ഞ അവസാനത്തെ സംഭവം നടന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പ്രതിയെ പിടിക്കുകയും ചെയ്തു.
ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ പ്രതികരണങ്ങളും ഞെട്ടലുകളും നടത്തുന്നവരാണ് നമ്മൾ. ചിലർ രാഷ്ട്രീയ മുതലെടുപ്പുകൾക്കു പോലും ഇതവസരമാക്കുന്നു. ഓരോ തവണയും ഇത് അവസാനമായിരിക്കും എന്നു കരുതുമ്പോഴും മറ്റൊരു സംഭവം നമ്മുടെ കാതിലെത്തുന്നുണ്ട് എന്നതാണ് സത്യം.
കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടുന്നുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം ഇല്ല. എല്ലാക്കാലങ്ങളിലും ഇത്തരം അതിക്രമങ്ങൾ ഉണ്ടായിരുന്നു. അന്ന് ഇത്തരം വാർത്തകൾ അറിയുവാനുള്ള സാഹചര്യം കുറവായിരുന്നു എന്നതു കൊണ്ട് നമ്മൾ അറിയുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
പീഡോഫീലിയ എന്ന് പറയപ്പെടുന്ന ഒരു മാനസിക രോഗമാണ് ഇത്. പ്രായപൂർത്തിയായ ആളുകൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളോടുണ്ടാകുന്ന ലൈംഗീക ആസക്തിയാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്നം. പതിമൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളോടുള്ള ആസക്തിയാണ് പ്രധാനമായും ഇതിന്റെ നിർവചനത്തിൽ വരിക.
ഇത്തരം രോഗികളെ തിരിച്ചറിയുക എന്നതാണ്, നമ്മുടെ കുട്ടികളെ ഇവരുടെ പിടിയിൽ നിന്നും രക്ഷിക്കുവാനുള്ള ഒരു പ്രധാന മാർഗ്ഗം. ഇവരെ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ നോക്കാം.
കുട്ടികളുടെ കാര്യങ്ങളിൽ അമിതമായ താൽപ്പര്യം പ്രകടിപ്പിക്കുക, അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കുട്ടികളെ അമിതമായി പുകഴ്ത്തിക്കൊണ്ടിരിക്കുക, ഇരയെ കണ്ടെത്തിയാൽ അവരോട് ഗാഡ്ഡബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുക, കുട്ടികളിൽ മാതാപിതാക്കളോട് ദേഷ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുക, മറ്റാരുമില്ലാത്തപ്പോൾ കുട്ടികളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുക, കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൈവശം വയ്ക്കുക എന്നിവയെല്ലാം ഇവരുടെ ലക്ഷണങ്ങൾ ആകാം. അത്തരക്കാരെക്കുറിച്ചു ബോധവാൻമാരാകുകയും, അവരെ നിരീക്ഷിക്കുകയും, സംശയം തോന്നിയാൽ അറിയിക്കണ്ടവരെ അറിയിക്കുകയും ചെയ്യുക. ഇത്തരം ആളുകളെക്കുറിച്ച് കുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ട്. നമ്മുടെ ഇടയിൽ അവരുണ്ടെന്നു മനസ്സിലായാൽ മറച്ചു വൈക്കാതിരിക്കുക.
കുട്ടികളുമായി തുറന്ന ചർച്ചയ്ക്കു തയ്യാറാവുക, ദിവസവും അവർക്കു വേണ്ടി കുറച്ചു സമയം ചിലവഴിക്കുക, കുട്ടികൾ ഇടപെടുന്നവരെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാക്കുക എന്നതെല്ലാം ഒരു പക്ഷെ കുട്ടികളെ ഇത്തരം അപകടങ്ങളിൽ നിന്നും രക്ഷിക്കുവാൻ സഹായിച്ചേക്കും.
കുറ്റകൃത്യം പിടിക്കപ്പെടുവാൻ ഏറ്റവും സാധ്യതയുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പിടിക്കപ്പെട്ടു എന്നത് കൊണ്ടു മാത്രം പ്രശനം തീരുന്നില്ല. ഇത്തരം കുറ്റവാളികളെ അതിവേഗക്കോടതികൾ വഴി ഏറ്റവും മാതൃകാപരമായി ശിക്ഷിക്കുക. കുറ്റവാളികളിൽ ഭയം ഉണ്ടാക്കുന്ന വിധത്തിൽ നിയമങ്ങൾ കർശനമാക്കുക എന്നിവയും ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായകരമാകും.
ഡോ. സുനീത് മാത്യു
ആപേക്ഷികത!
ഷേക്സ്പിയറിനെന്തും പറയാമല്ലോ! ആരെങ്കിലും മഹാന്മാരായി ജനിക്കുന്നുണ്ടോയെന്നറിയില്ല, എന്നാൽ മഹത്വം വരിക്കുന്നവരെയും, ആരോപിക്കപ്പെടുന്നവരെയും നമുക്കറിയാം. കാലത്തിനു മുൻപേ സഞ്ചരിച്ച ചിലർ മഹത്വം വരും തലമുറകൾക്ക് മറന്നു വച്ചുപോകും. മറന്നുവച്ചതു ചിലപ്പോൾ മരണം തിരികെ വച്ചുപോകും.
“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?” എന്ന് കവി ചോദിച്ചത് ചില സമയങ്ങളിലെങ്കിലും അസത്യമാകുന്നു. ചില വേടന്മാർ കപോതങ്ങളെയും വിശുദ്ധമാക്കിക്കളയും.
പക്ഷെ എനിക്കുതോന്നുന്നത് വിശുദ്ധീകരണത്തിനു കാരണം വെറും ആപേക്ഷികമാണ് എന്നതാണ്. ബ്രഹ്മാണ്ഡം മുഴുവൻ അപേക്ഷികത്തിന്റെ ഗുരുത്വാകർഷണത്തിൽ കറങ്ങുന്ന വെറും പമ്പരമാണെന്നു ആൽബർട്ട് ഐൻസ്റ്റൈനും, ഗലീലിയോയുമൊക്കെ പറഞ്ഞു തന്നതുതന്നെ കാര്യം.
ഇതേ തത്വങ്ങൾ തന്നെ ഭൂമിയിലും. മനുഷ്യർ എങ്ങനെ മണ്ണിൽ കാലൂന്നി നേർക്കുനേർ നിന്ന് പരസ്പരം കണ്ടും കൊണ്ടും കൊടുത്തും ചരിക്കുന്നത്; രാഷ്ട്രീയ തമോഗര്ത്തങ്ങളിൽ (Black holes) എത്തിപ്പെട്ടാൽ തിരിച്ചുവരാനാകാതെ ‘സംഭവ ചക്രവാളം’ (Event Horizon) കടന്ന് നശിക്കുന്നത്; കാലവും, കോലവും, ഭയവും, ഭാഗ്യവും, മതവും, മാത്സര്യവും മാറുന്നത്, മറയുന്നത്; അതൊക്കെ വെറും അപേക്ഷികമായതുകൊണ്ടാണ്.
ഐൻസ്റ്റൈൻ ഈയർത്ഥത്തിൽ ഒന്നും പറഞ്ഞിട്ടില്ലായിരിക്കാം. ഇവയൊക്കെ എൻ്റെ വ്യാഖ്യാനങ്ങൾ മാത്രം. ഈയിടെയായി എന്തെങ്കിലുമൊക്കെ വ്യഖിനിച്ചില്ലെങ്കിൽ എന്തോ ഒരിതാണ്!
വ്യാഖ്യനമില്ലാതെ വെറുതെ ചിന്തിച്ചാലും എല്ലാം ആപേക്ഷികമാണെന്ന് മനസ്സിലാകും. ചിന്തകളും, സമയവും, കാലവും, നന്മയും, തിന്മയും, സ്വന്തവും, ബന്ധവും, ഇണക്കവും, പിണക്കവും എന്നുതുടങ്ങി ഈ അണ്ഡകടാഹത്തിലെ എല്ലാം അങ്ങനെതന്നെ.
ഈ യുക്തി വച്ചുനോക്കിയാൽ, ഒരാൾ നല്ലവനെങ്കിൽ, ഒരുസാധാരണ മനുഷ്യൻ ചെയ്യുന്ന നന്മയെക്കാൾ കൂടുതൽ ചെയ്യുന്നവനെന്നേ അർത്ഥമുള്ളൂ. നിങ്ങളുടെ നാട്ടിൽ സാധാരണ ചെയ്യുന്ന നന്മകളുടെ അളവ് കുറവെങ്കിൽ ചെറിയ നന്മകൾ ചെയ്യുന്നവരും നല്ലവരായ് വാഴ്ത്തപ്പെട്ടേക്കാം. എന്തുമായി (ആരുമായി) താരതമ്യം ചെയ്യുന്നു എന്നതിലാണ് കാര്യം.
മലയാള സാഹിത്യത്തെക്കുറിച്ചു എം. കൃഷ്ണൻനായർക്ക് വലിയ അഭിപ്രായ മൊന്നും ഇല്ലാതിരുന്നത് അദ്ദേഹം നമ്മുടെ സാഹിത്യത്തെ ലോക സാഹിത്യവുമായി തുലനം ചെയ്തതുകൊണ്ടാണ്. അല്ലാതെ നമ്മുടെ ആൾക്കാർ മോശക്കാരായതുകൊണ്ടല്ല. മറ്റുപലതും (പലരും) ആയി താരതമ്യം ചെയ്യുമ്പോൾ നമ്മൾ മിടുക്കരാണ്. മികവിന്റെയും തികവിന്റെയും ‘ഗുട്ടൻസ്’ താരതമ്യങ്ങളിൽ മാത്രം!
ഇതുവരെ പറഞ്ഞത് ഒരാമുഖമായിരുന്നു. നമ്മുടെയിടയിൽ ജീവിച്ചുപോയ ഒരുനല്ലമനുഷ്യനെ ഒന്നോർക്കാൻവേണ്ടി മാത്രം. ഉമ്മൻചാണ്ടിയെക്കുറിച്ചു കൂടുതലൊന്നും എഴുതാനും, പറയാനും ഉണ്ടായിട്ടല്ല. അദ്ദേഹം വിശുദ്ധനാണെന്നോ അല്ലെന്നോ സ്ഥാപിക്കാനുമില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു യാത്രയയപ്പ് ജീവിച്ചിരുന്നപ്പോൾ അത്രക്കൊന്നും വാഴ്ത്തപ്പെടാതിരുന്ന (പക്ഷെ നീചമായി വീഴ്ത്തപ്പെട്ട) ഒരുനേതാവിന് കിട്ടിയത് എന്ന ചോദ്യത്തിന് ഒരുത്തരമായി എനിക്ക് തോന്നിയതാണ്.
ആപേക്ഷികമായിപ്പറഞ്ഞാൽ മറ്റുള്ളവർ ചെയ്തതിലും അധികം ഉപകാരം ജനങ്ങൾക്ക് ചെയ്തതുകൊണ്ടായിരിക്കാം ടിയാന് ജനങ്ങൾ മറക്കാനാകാത്ത യാത്രയയപ്പു നൽകിയത്, വാഴ്ത്തിയത്. ഇനി ഉമ്മൻചാണ്ടിയേക്കാളും കൂടുതൽ ജനനന്മ ചെയ്യുന്നൊരു രാഷ്ട്രീയക്കാരനോ രാഷ്ട്രീയക്കാരിയോ ഉണ്ടായ് വന്നാൽ അവർ ഇതുപോലെയോ ഇതിലുമപ്പുറമോ വാഴ്ത്തപ്പെട്ടേക്കാം. നിങ്ങളെ നിങ്ങളുടേ സമകാലികരുമായാണ് തുലനം ചെയ്യപ്പെടുന്നത്. ഉമ്മൻചാണ്ടിയെ ആരും മോഹൻദാസ് ഗാന്ധിയുമായി താരതമ്യം ചെയ്യുമെന്ന് തോന്നുന്നില്ല.
സാധാരണ നേതാക്കളുടെ ചിന്താരീതിയല്ല ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നു തോന്നുന്നു. നൂറുകാര്യങ്ങൾ ചെയ്താൽ അതിൽ തൊണ്ണൂറും ജനങ്ങൾക്കുപകാരമാകും എന്ന ലൈനായിരുന്നു ടിയാന്. പത്തെണ്ണം കൂടെനിൽക്കുന്ന തുരപ്പന്മാരാൽ അഴിമതിയാക്കപ്പെടും. എന്നാലും തോണ്ണൂറെണ്ണം വല്ലവർക്കും ഉപകാരമായേക്കാം. ആ പത്തിനെ പേടിച്ചു, തൊണ്ണൂറു നല്ലകാര്യങ്ങൾ ചെയ്യാതിരിക്കരുതല്ലോ എന്ന്! അതൊരുതരം അപകടംപിടിച്ച ആത്മധൈര്യമായിരുന്നു, പ്രത്യേകിച്ചും കേരളരാഷ്ട്രീയത്തിൽ. ‘ആപത്തിൻ’ പുറത്തുകേറിയവർ കാര്യങ്ങൾ കുശാലാക്കി. ആപേക്ഷികമായിപ്പറഞ്ഞാൽ ടിയാനും വലിയ അഴിമതിക്കാരനായി ഭവിച്ചു. ലളിതമായി പറഞ്ഞെന്നേയുള്ളൂ.
പക്ഷെ ഇതൊന്നും അദ്ദേഹം മരിച്ചപ്പോൾ വിഷയമായില്ല.
അതൊരു വല്ലാത്ത യാത്രയയപ്പായിരുന്നു. ഇങ്ങനെ ഇതിനുമുൻപും സംഭവിച്ചിട്ടുണ്ട്. ഇനിയുമുണ്ടാകുമായിരിക്കും!
കേരളം ആരോ ഭരിച്ചോട്ടേ. നിങ്ങൾക്ക് തോന്നുന്ന മുദ്രാവാക്യങ്ങൾ വിളിക്കുക! നിങ്ങളുടെ നേതാവിന് വേണ്ടി ഊറ്റം കൊള്ളുക! എഴുതുക! നിങ്ങളുടെ പാർട്ടിക്കുവേണ്ടി ജീവിക്കുക! മറ്റുള്ളവരെ അവഹേളിക്കുക! പൂട്ടുക! പൂട്ടിക്കുക! ആവേശം കൊള്ളുക! കൊല്ലുക! മരിക്കുക!
പക്ഷെ, ഒരുദിവസം. ഒരുദിവസം മാത്രം നിങ്ങൾ രാഷ്ട്രീയം പറയാതിരുന്നിരിക്കണം. ഒരു നേതാവിന് വേണ്ടി തപിച്ചിരിക്കണം. ആ നേതാവിന് പലപേരുകളുണ്ടാകാം. അതിൽ അവസാനത്തെ പേര് ഉമ്മൻചാണ്ടി എന്നായിരിക്കും, ഉറപ്പ്. എൻ്റെ ഓർമ്മയിൽ ഇതുപോലെ കേരളത്തിൽ മനുഷ്യർ കരഞ്ഞത് നായനാർ മരിച്ചപ്പോഴായിരുന്നു. അത് മലയാളിയുടെ കണ്ണുനീരായിരുന്നു. അതിനു നിറങ്ങളില്ലായിരുന്നു. മതങ്ങളില്ലായിരുന്നു. തരങ്ങളില്ലാരുന്നു. നിറമില്ലാത്ത ആ ദ്രാവകത്തിന് സ്നേഹം എന്നുമാത്രമായിരുന്നു പേര്.
സ്വാർത്ഥത മാറ്റിവയ്ച്ചു ഒരാൾക്കെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളും, ഞാനും വിശുദ്ധരാണ്. എല്ലാം ആപേക്ഷികമാണല്ലോ!
സുമേഷ് രാമചന്ദ്രൻ
ഓർമ്മകൾ
ആ ഇരുണ്ട മൂലയിലാണ്
ഓർമ്മകൾ ഉണക്കിയും
ഉപ്പിലിട്ടും വെച്ച സ്ഫടിക
ഭരണികൾ സൂക്ഷിച്ചിട്ടുള്ളത്.
ഉപ്പിലും മുളകിലും കിടന്ന
ഇന്നലെകൾക്ക് നല്ലരുചിയാണ്
കടിയ്ക്കുമ്പോൾ നാവിൽ
വെള്ളമിറ്റുന്ന എരിവ് കൊണ്ട്
കണ്ണ് നിറയ്ക്കുന്ന രുചി.
ഉണങ്ങിയ ഇന്നലെകൾ
കടുപ്പമുള്ളവയാണ്.
ദീർഘനേരം കണ്ണീരിൽ
കുതിർത്ത് വെയ്ക്കേണ്ടവ
കുതിർന്ന് കഴിഞ്ഞാൽ
അവയെത്ര മൃദുലമാണെന്നോ?
നാളേയ്ക്ക് വേണ്ടി ഇന്നുകളേയും
ഇന്നലെകളാക്കി ഉപ്പിലിട്ടും ,
ഉണങ്ങിയും ആരും കാണാതെ
ഇരുട്ടറകളിൽ സൂക്ഷിക്കണം.
ഒട്ടുമേ പൂപ്പല് കയറാതെ.
ലിജി സോന
കൊൽക്കത്ത സന്തോഷവും സൗന്ദര്യവും ആണ്
ഹൌറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് കൊൽക്കത്തയുടെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടായിരിക്കും. ഒരു അത്ഭുതലോകത്തേക്ക് എന്ന പോലെ ആണ് കൊൽക്കത്ത നമ്മെ വരവേൽക്കുന്നത്. അവിടെ അലഞ്ഞു തിരിയുന്ന ഓരോ ആത്മാവിനും കേൾക്കാൻ സാധിക്കും ഏകാന്തതയുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഒഴുകുന്ന ബൌൾ സംഗീതം.
ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ സകല അവശേഷിപ്പുകളും പേറുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന് ആയിരിക്കും City of Joy എന്ന കൊൽക്കത്ത.
ടാഗോറും സത്യജിത് റേയും ഒക്കെ പല മാധ്യമങ്ങളിലൂടെ, എഴുത്തിലൂടെ സിനിമയിലൂടെ ഒക്കെ കാട്ടി തന്ന ഭംഗി. ഒരുപക്ഷെ സൗന്ദര്യബോധം ഇത്രയും മനോഹരമായി പേറി നടക്കുന്ന മറ്റൊരു നഗരം ഉണ്ടെന്ന് തോന്നുന്നില്ല. കെട്ടിടങ്ങളും വഴികളും മനുഷ്യരും വണ്ടികളും അങ്ങനെ എല്ലാം വല്ലാത്തൊരു സൗന്ദര്യം വഹിക്കുന്നുണ്ട്.
ഒരുസമയത്ത് തുടർച്ചയായി ഓടിക്കൊണ്ടിരുന്ന, ഇന്ന് വല്ലപ്പോഴും മാത്രം റോടുകളിൽ കൂടെ കടന്നു പോകുന്ന ട്രാം ട്രൈനുകൾ, അവ കൊൽക്കത്തയുടെ പാരമ്പര്യം ഏറ്റികൊണ്ടാണ് ഓടി നടക്കുന്നത്. മഞ്ഞ അംബാസിഡർ കാറുകൾ, ഹാ അതൊരു ഭംഗി ആണ്…
മൺപാത്രത്തിലെ ചായയും ലസ്സിയും പിന്നെ രുചികൂട്ടുകളും കൽക്കത്ത ബിരിയാണിയും… നാവിൽ ഇങ്ങനെ കപ്പൽ ഓടും എന്നൊക്കെ പറയാറില്ലേ, ഹാ അത് തന്നെ.
ബ്രിട്ടീഷ് സ്വാധീനത്തിന്റെ പ്രതിരൂപമായ വിക്റ്റോറിയ മെമ്മോറിയൽ, ഹ്യൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം, തെരുവുകൾ, വലിയ കെട്ടിടങ്ങൾ… ഇങ്ങനെ വാസ്തുസൗന്ദര്യം കൊൽക്കത്തയുടെ മുഖരൂപമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ മ്യൂസിയം – അത് പങ്ക് വെക്കുന്ന അറിവും കൗതുകവും.
തെരുവുകളിൽ അടുക്കി വെച്ച പുസ്തകങ്ങൾ… അങ്ങനെ നീണ്ടു കിടക്കും ഈ നഗരം.
നഗരത്തിലെ വിപണികൾ ഒക്കെയും വല്ലാതെ ചടുലമായവയാണ്. ഒരു യാത്രികന് ന്യൂ മാർക്കറ്റും ഗറിയാഹത്ത് മാർക്കറ്റും ഒക്കെ താണ്ടുക എന്നതായിരിക്കും ഏറ്റവും ശ്രമകരം എന്ന് തോന്നി.
എല്ലാത്തിലും ഉപരി അവിടുത്തെ ജനങ്ങൾ, ജീവിതം, കല, സംസ്ക്കാരം ഇവയോടൊക്കെ ഉള്ള അവരുടെ അഭിനിവേശം അതിങ്ങനെ ആത്മാവിൽ നിന്ന് ആത്മാവിലേക്ക് ഒരു പകർച്ച വ്യാധി പോലെ പടരും.
വൈകുന്നേരങ്ങളിൽ പാട്ടും വരയും ചർച്ചയും ഒക്കെയായി കൂടുതൽ ഉണരുന്ന ആർട്ട് ഗാലറിയും പരിസരവും. ഓരോ കോപ്പ ചായയിലും അവിടെ ജനിക്കുന്നത് ക്രിയാത്മകതയുടെ വലിയ ആഘോഷങ്ങൾ ആണ്.
വൈകുന്നേരങ്ങളിൽ അവിടെ ഒത്ത് കൂടുന്ന മനുഷ്യർക്ക് ഒരു വല്ലാത്ത സൗന്ദര്യം ആണ്. കൊൽക്കത്തയുടെ സൗന്ദര്യബോധം എന്നെ കാണിച്ചു തന്ന ഇടം ആയിരുന്നു അത്. വസ്ത്രങ്ങളും ആഭരണങ്ങളും മനുഷ്യരും ഒക്കെ ആ സൗന്ദര്യത്തിന്റെ ഓരോ ഘടകങ്ങൾ ആണ്.
പ്രിയപ്പെട്ട നഗരമേ,
വായിച്ചും കേട്ടും അറിഞ്ഞതിൽ അപ്പുറമാണ് നീ. എന്റെ ദിവസങ്ങളിൽ നീ തന്ന ഓർമ്മകൾക്ക് നന്ദി. ഏറ്റവും മനോഹരമായി നീ തന്ന ആലിംഗനങ്ങൾക്ക് നന്ദി. നീ തന്ന രുചികൾക്ക് നന്ദി.
കൊതിയായിരുന്നു നീ, ഇന്ന് ഈ നഗരം കണ്ട് മടങ്ങുമ്പോൾ വീണ്ടും തിരിച്ചു വരാനുള്ള കൊതി പെരുകുന്നുമുണ്ട്.
“ചരിത്രവും ആധുനികതയും കൈകോർത്ത് നൃത്തം ചെയ്യുന്ന കാലാതീതമായ ഒരു ചാരുത ഉൾക്കൊള്ളുന്ന, സന്തോഷത്തിന്റെ നഗരമായ കൊൽക്കത്ത. അവിടെ അലഞ്ഞു തിരിയുന്ന ഓരോ മനുഷ്യനെയും അതിങ്ങനെ ആലിംഗനം ചെയ്യും”.
ശ്യാം സോർബ
ഐഡന്റിറ്റി : മിലൻ കുന്ദേര
“എഴുത്തുകാരനാകുകയെന്നാൽ സത്യത്തിന്റെ ഉദ്ഘോഷകനാവുക എന്നല്ല അർഥം. സത്യം കണ്ടെത്തുന്നവനാകുക എന്നാണ്.”
എഴുത്തിനെ ഈ വിധം നിർവചിച്ച ഒരു മഹാമേരു, ശരീരത്താൽ അസ്തമിച്ചിരിക്കുന്നു. തന്റെ പുസ്തകങ്ങളിലൂടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് നിർബാധം സഞ്ചരിക്കുന്ന ആ എഴുത്തുകാരന് , മിലൻ കുന്ദേരയ്ക്ക് പ്രണാമം.
മിലൻ കുന്ദേരയുടെ മെറ്റാ തീമുകളിലൂടെ കടന്നുപോകുന്ന, മികച്ച ഒരു നോവലായ “ഐഡന്റിറ്റി” യുടെ ആസ്വാദനമാണ് ഇതിൽ കുറിക്കുന്നത്. സർറിയലിസത്തിന്റെയും, സ്വപ്നാടനത്തിലേയ്ക്കും, ആസ്വാദകന്റെ മനസ്സിനെ പായിച്ചു വിടുന്ന മനോഹരമായ കൃതിയാണ് ഐഡന്റിറ്റി എന്ന് ആദ്യമേ പറയട്ടെ.
കഥ, രണ്ടുപേരിൽ തുടങ്ങുന്നു. ഷാന്റലിനും ഷോൺ മാർക്കും! അവരിൽ തുടങ്ങി, ഇടയിൽ കടന്നു വരുന്ന മനുഷ്യരെ അതിന്റെ surface ൽ മാത്രം പറഞ്ഞു വെച്ചുകൊണ്ട്, അവരിൽ തന്നെ കഥ അവസാനിക്കുന്നു.
ഷാന്റലിൻ, വിവാഹമോചിതയായ, തന്റെ കുഞ്ഞ് മരണപ്പെട്ടത് ഓർത്ത്, നീറുന്ന, ഏറ്റവും സെൻസിറ്റീവ് ആയ എന്നാൽ, ഏറ്റവും ശക്തയായ സ്ത്രീയാണ്. വയസ്സിൽ തന്നെക്കാൾ ചെറുപ്പമായ ഷോൺ മാർക്കിന്റെ മനസ്സിനെ എത്ര ഗാംഭീരമായിട്ടാണ് അവൾ കൊരുത്തിട്ടിരിക്കുന്നത്. ഷോൺ മാർക്ക് അവളെ വല്ലാതെ പ്രണയിക്കുന്നുണ്ട്. ഒരുപക്ഷേ, ഇടയിൽ എപ്പോഴോ അവൾക്ക് അവനെ മടുത്തെന്നു തോന്നിപ്പിക്കും.
അതിനുദാഹരണമാണ്, വളരെ നാളുകൾക്ക് ശേഷം, കാമുകനെ കാണുന്ന അവൾ
” ആണുങ്ങൾ, ഇപ്പോൾ എന്നെ കണ്ടാൽ നോക്കാറില്ല ”
എന്ന് അവനോട് പറഞ്ഞു വെയ്ക്കുന്നത്. തന്റെ കാമുകൻ തന്നെ പൂർണ്ണമായും പ്രണയിക്കുന്നുവെന്ന് ഉറപ്പുള്ള സ്ത്രീയ്ക്ക്, മറ്റു പുരുഷന്മാരുടെ ദർശനം തീർച്ചയായും ആവശ്യമുണ്ടായിരിക്കില്ല. അവളുടെ ആ തോന്നലിനെയാണോ, അതോ, അവൾക്ക് തന്റെ പ്രണയം മടുപ്പുളവാക്കികൊണ്ടിരിക്കുന്നുവെന്നുള്ള തോന്നലിനെയാണോ ഇവിടെ ഉദ്ദേശിക്കുന്നതെന്നു, ഷോൺ മാർക്കിനെ പോലെ, വായനക്കാരനും ചിന്തിക്കുന്നു.
ശേഷം, ഷോൺ മാർക്ക്, ഒരു അജ്ഞാതനെന്ന പോലെ അവൾക്ക് കത്തുകൾ എഴുതുന്നു. തന്റെ ബ്രായുടെ കൂമ്പാരങ്ങൾക്കുള്ളിൽ അവളത് ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട് ഷോൺ മാർക്ക് തന്നെയാണ് അതിന്റെ ഉടമസ്ഥൻ എന്ന് തിരിച്ചറിയുന്നത്, അവളെ അത്ഭുതപ്പെടുത്തുന്നു.
” ഇല്ലില്ല, ഒരു പ്രണയവും മൂകതയെ അതിജീവിക്കില്ല ”
ഈ വാചകത്തിന് നോവലിൽ ഉടനീളം പ്രസക്തിയുണ്ട്. ഇതിലെ മറ്റൊരു ഭംഗിയുള്ള കഥാപാത്രമാണ്, ഇടയ്ക്കിടെ, ആ തെരുവിൽ കാണുന്ന ഒരു പിച്ചക്കാരൻ. അയാളുടെ ലൈംഗികജീവിതം എങ്ങനെയായിരിക്കുമെന്ന് ഷാന്റലിൻ ചിന്തിക്കുന്നുണ്ട്. അത് ഷോൺ മാർക്കിനോട് പറയുന്നുമുണ്ട്. അതു കൂടാതെ അവളുടെ സ്വപ്നങ്ങൾ നെയ്തുപോകുന്നതിനെ എഴുത്തുകാരൻ, രൂപപ്പെടുത്തിയിരിക്കുന്നത് പോലും വായനക്കാരനെ ഒരു dream home ലേയ്ക്ക് കൊണ്ടുപോകുന്നതിനു തുല്യമായിട്ടാണ്.
രതിയുടെ ബിംബങ്ങളെയും പരമപ്രധാനമായി ഐഡന്റിറ്റി വിളിച്ചു പറയുന്നു. എങ്കിലും ചുണ്ടകൾക്കിടയിലെ നാവുകൾ തമ്മിൽ പരസ്പരം കെട്ടുപിണയുന്നതിനെ വെറുക്കുന്ന ഷാന്റലിൻ, തന്റെ രതിയിലുള്ള ഫാന്റസികൾ വേറെ ആണെന്ന് പറയാതെ തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
എല്ലാ സ്വപ്നാടനങ്ങൾക്കും ഒടുവിൽ,
” രാത്രി മുഴുവൻ, ഞാൻ ഈ വിളക്ക് തെളിച്ചിടാൻ പോകുന്നു മതി ഇനിയെല്ലാ രാത്രികളിലും ”
എന്ന് അവൾ പറയുന്നിടത്ത്, ഐഡന്റിറ്റി അവസാനിക്കുമ്പോൾ, വായനക്കാരനും ചിന്തിക്കും, ഏത് മനുഷ്യനാണ്, മറ്റൊരു ഐഡന്റിറ്റിയിൽ സ്വപ്നത്തിൽ എങ്കിൽ പോലും ജീവിക്കുവാൻ കൊതിക്കാത്തത് എന്ന്.
മനുഷ്യന്റെ പ്രണയത്തേയും കാമനകളേയും, ആഴത്തിൽ തൊടുന്ന, പറഞ്ഞതിലേറെ ആഴമുള്ള ചെറുനോവൽ ആണ്, ഐഡന്റിറ്റി. ഡി. സി ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ മനോഹരമായ വിവർത്തനം നടത്തിയിട്ടുള്ളത് അനൂപ് ചന്ദ്രൻ ആണ്.
ഹരിത. ആർ
വളം കടി
മഴക്കാലത്ത് നനവും ചെളിയുമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് ബാധയാണ് “വളം കടി” എന്നു നാടൻ ഭാഷയിൽ അറിയപ്പെടുന്ന അതലറ്റ്സ് ഫുട്ട് (Athlete’s foot). ഈർപ്പമുള്ള ത്വക്ക്, ഫംഗസുകളുടെ വളർച്ചയ്ക്ക് അനുകുലമാകയാൽ ഷൂസും സോക്സും ധരിക്കുന്നതുമൂലം കാലുകൾ എപ്പോഴും വിയർത്ത് ഈർപ്പത്തോടെ ഇരിക്കുന്ന കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന ഒരു രോഗമായതിനാലാണ് ഇതിനു അതലറ്റ്സ് ഫൂട്ട് എന്ന പേര് വന്നത്. റ്റീനിയ പീഡിസ് എന്നു വൈദ്യ ശാസ്ത്രത്തിൽ അറിയപ്പെടുന്ന ഈ രോഗം ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു തരം ഫംഗസാണ് ഉണ്ടാക്കുന്നത്. ഇവ കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലുണ്ടാക്കുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. വിടവില്ലാതെ വളരെ ചേർന്നിരിക്കുന്നതിനാൽ പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം തുടങ്ങുന്നത്. . മഴക്കാലത്ത് കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ശ്രദ്ധിച്ചില്ലങ്കിൽ ബാക്ടീരിയ അണുബാധയുണ്ടായി രോഗം സങ്കീർണവസ്ഥയിലാകുന്നു.
ഈ രോഗമുള്ള പ്രമേഹ രോഗികളിലും, പ്രതിരോധ ശേഷി കുറവുള്ളവരിലും വേനൽക്കാലത്തു ത്വക്ക് വരണ്ടുണങ്ങി ശൽക്കങ്ങളായി മാറാനും ഇടയുണ്ട്.
ചെളിയിലും വയലിലും മറ്റും പണിയെടുത്ത് ഈർപ്പം കാലുകളിൽ നിലനിൽക്കുന്നതു രോഗം പടരാനിടയാക്കുന്നു. രോഗം ബാധിച്ചവരുടെ കാൽ വിരലുകൾക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും വെള്ള നിറത്തിൽ ദ്രവിച്ചഴുകുകയും, ദുർഗന്ധം വമിക്കുകയും ചെയ്യാം. എന്നാൽ മഴക്കാലത്ത് കാൽ പാദത്തിൽ കാണുന്ന എല്ലാ ചൊറിച്ചിലും വളം കടിയല്ല എന്നുള്ള കാര്യം കുടി ഓർക്കണം.
ചെളി വെള്ളത്തിൽ കുടുതൽ ദിവസം നിന്നു ജോലിചെയ്യുന്നവരുടെ പാദത്തിലൂടെ കൊക്കപ്പുഴുവിന്റെയോ, മറ്റ് പരാദങ്ങളുടെയോ ലാർവകൾ കയറാൻ സാധ്യതയുണ്ട്, അവ കയറി പോകുന്ന ഭാഗത്തു നല്ല ചൊറിച്ചിലും ചുവപ്പും ഉണ്ടാവും. അവിടെ വേറെ അണുബാധ ഉണ്ടായില്ല എങ്കിൽ ഏതാനും ദിവസം കൊണ്ട് ഇത് തനിയെ മാറും.
നമ്മുടെ രക്തം ഊറ്റി കുടിച്ച് വിളർച്ചവരെയുണ്ടാക്കുന്ന കൊക്കൊപ്പുഴു, മറ്റ് വിരകളെ പോലെ വായ വഴിയല്ല, അവയുടെ ലാർവകൾ കാൽ പാദം വഴി തുളച്ചു കയറിയാണ് ശരിരത്തിൽ എത്തുന്നതെന്ന് പലർക്കുമറിയില്ല. ഈ രണ്ടു രോഗവസ്ഥകളും ഒറ്റ നോട്ടത്തിൽ വേഗത്തിൽ തിരിച്ചറിയനാകില്ല.
ഫംഗസ് കൊണ്ടുള്ള തൊലിയിലെ പ്രശ്നങ്ങൾ ഒറ്റ ദിവസം കൊണ്ട് വരില്ല. അതിനു നനവുള്ള ചുറ്റുപാടിൽ കൂടുതൽ ദിവസങ്ങൾ ചിലവഴിക്കെണ്ടിവരും എന്നാൽ ഇത്തരം പരാദ ബാധകൾ ഒറ്റ ദിവസം കൊണ്ട് വരാം.
ഇനി വളംകടി എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം?
കാൽപാദങ്ങൾ എല്ലാ ദിവസവും വൈകിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. ഉപ്പു വെള്ളത്തിൽ കഴുകിയാലും മതി. കാൽ വിരലുകൾക്കിടയിലുള്ള സ്ഥലം ജലാംശമില്ലാതെ തുടച്ച് സൂക്ഷിക്കണം.
തടി കുടുതലുള്ളവരും കാൽ വിരലുകൾ തമ്മിൽ അടുപ്പം കുടുതലുള്ളവരും, അവയ്ക്കിടയിൽ ഉണങ്ങിയ പഞ്ഞി വച്ച് കിടക്കുന്നത് നന്നായിരിക്കും. എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കണം. ഈ രോഗമുള്ളവർ വേനൽക്കാലത്ത് വിയർപ്പ് വലിച്ചെടുക്കുന്ന കോട്ടൻ സോക്സുകൾ ഉപയോഗിക്കുക. നനഞ്ഞ സോക്സുകൾ വേണ്ടേ വേണ്ട. ഇറുകിയ ഷൂസുകൾ ധരിക്കരുത്. പൊതു ശുചിമുറികളിലും വൃത്തിഹീനമായ ഇടങ്ങളിലും ചെരുപ്പുകൾ ധരിച്ച് മാത്രം പ്രവേശിക്കുക. ഷൂസ്, സോക്സ്, ടവ്വലുകൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.
ചെളിയിൽ ഇറങ്ങുന്നവർ മുട്ടുവരെ ഉയരമുള്ള ഗം ബുട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷെ ഇത്തരം ഷൂസുകൾ ഇടയ്ക്കിടെ ചുട് വെള്ളത്തിൽ കഴുകുകയും, കമഴ്ത്തി വച്ച് ജലാംശം മുഴുവന് കളഞ്ഞു വെയിലത്ത് ഉണക്കുകയും വേണം. വൃത്തിയുള്ള സ്ഥലത്ത് കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്നത് നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് വായുസമ്പർക്കം ലഭിക്കാൻ സഹായകമാവും.
ഡോ. മനോജ് കുമാർ ടി. ജി.
2023 ജൂലൈ 31, തിങ്കളാഴ്ച
മുഖമൊഴി
ഏകീകൃത സിവിൽ കോഡ് ഇന്ന് ഒരു പ്രധാന ചർച്ചയായി മാറിയിരിക്കുന്നു. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ധാരാളം. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഇത് എന്താണെന്നു പോലും വ്യക്തമായ ധാരണയില്ല. അവരും അഭിപ്രായങ്ങൾ പറയുകയും അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങൾ നൽകുന്ന അനുഭവം.
സ്ത്രീകൾക്ക് തുല്യ പ്രാധാന്യം ഉറപ്പു നൽകുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. അത്തരമൊരു ഉറപ്പു നൽകുകയാണ് ഏകീകൃത സിവിൽ കോഡ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നതും സ്ത്രീകൾക്കു തന്നെ. പലപ്പോഴും സ്ത്രീകളോട് ചില കാര്യങ്ങളിൽ നീതി പുലർത്തുവാൻ കോടതികൾക്കു പോലും കഴിയാറില്ല. നമ്മുടെ ചില നിയമങ്ങൾ ഇപ്പോഴും ജാതി മത ചട്ടക്കൂടുകളിൽ ഒതുക്കപ്പെട്ടു നിൽക്കുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന തടസ്സം.
വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ജീവനാംശം, ദത്ത് എന്നീ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പൊതു നിയമമില്ല എന്നതാണ് നമ്മുടെ കോടതികൾ നേരിടുന്ന വെല്ലുവിളി. ഇത്തരം നിയമങ്ങൾ ഓരോ മത വിഭാഗക്കാർക്കും വ്യത്യസ്തമാണ്. മതങ്ങൾ ഉണ്ടാക്കിയിട്ടുള്ള പല നിയമങ്ങളും സ്ത്രീകൾക്ക് അത്ര പ്രാതിനിധ്യം ഉള്ളതല്ല എന്നുള്ളത് ഒരു വലിയ പോരായ്മ തന്നെയാണ്.
ഇപ്പോൾ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകീകൃത സിവിൽ കോഡ്, ഈ കാര്യങ്ങളിൽ എല്ലാ മതക്കാർക്കും ഒരേ അവകാശം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുൻ നിറുത്തിയാണ്. ഭാരതീയരെന്ന നിലയിൽ നമുക്ക് ഒരേ നിയമം തന്നെയല്ലേ ഉറപ്പാക്കേണ്ടതും.
പലപ്പോഴും ഇത്തരം പുരോഗമന ആശയങ്ങൾ നടപ്പിലാകാതെ പോകുന്നതിന്റെ ഒരു കാരണം മത പുരുഷ മേൽക്കോയ്മകളും അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളുമാണ്. മഹാത്മാ ഗാന്ധി മുന്നോട്ടു വച്ചിരുന്ന നിർദേശങ്ങൾ തന്നെയാണ് ഇതെന്നും നമ്മൾ മറക്കരുത്. വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ ബലികൊടുക്കാതിരിക്കുക. സ്ത്രീ സമത്വം പറയുന്ന രാഷ്ട്രീയം വെറും വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നല്ല. അവരുടെ അവകാശങ്ങൾ പുരുഷന്മാരുടേതിന് തുല്യമാക്കുക എന്നത് ആർജ്ജവമുള്ള ഒരു സർക്കാരിന്റെ ബാധ്യത കൂടിയാണ്.
ഡോ. സുനീത് മാത്യു
ഭ്രാന്ത്

സ്നേഹമാം ഭ്രാന്തിൻറെ മൂർദ്ധന്യമൊന്നതിൽ
ശ്വാസത്തിനായ്ക്കിതയ്ക്കുന്നു പെൺകൊടി
അതിരുകളില്ലാതെയകലങ്ങൾ
താണ്ടിയങ്ങുയരുന്നു കൈവിട്ട പട്ടംപോൽ
അവ്യക്തമായെന്തൊ ഉരുവിടുംനേരം
ചിരിയും കരച്ചിലും മാറി മാറി
താമരയിലാലോലമാടുന്ന
നീർമണിമുത്തുപോൽ മെല്ലെ
ശ്വാസമായങ്ങനെ കൊണ്ടു നടന്നവൾ
ശാശ്വതമെന്നങ്ങുറച്ചു മനസ്സിലും
വിധിയുടെ വിപരീത വിളയാട്ടമതിന്നാലെ
വ്യഥയിലിന്നീവിധമുരുകുന്നുവോ
വ്രണിതമോഹത്തിൻ രക്തസാ
വികലമാനസം നിനക്കു സ്വന്തം.
ജയേഷ് പണിക്കർ
ഭയോം!
“Nothing in life is to be feared, it is only to be understood. Now is the time to understand more, so that we may fear less.” Marie Curie.
“But to run away from fear is only to increase it. One of the major causes of fear is that we do not want to face ourselves as we are.” Jiddu Krishnamurti.
മേരി ക്യൂറിയെയും ജിദ്ദു കൃഷ്ണമൂർത്തിയേയും താരതമ്യം ചെയ്യാനാകില്ല. ഒരാൾ ശാസ്ത്രത്തെയും മറ്റൊരാൾ തത്വശാസ്ത്രത്തെയും അറിഞ്ഞവരാണ്. പക്ഷെ രണ്ടുപേരും ഭയത്തിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമല്ല.
ഭയം ഒരു വല്ലാത്ത ഭയങ്കരനാണ്. പരിണാമസിദ്ധാന്തപരമായി സാധൂകരിക്കാവുന്ന ഭയം എല്ലാ ജീവജാലങ്ങളുടെയും ജനിതക ഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അതിജീവനത്തിനുവേണ്ടി കുറച്ചൊക്കെ ഭയക്കുന്നത് നന്നാകും. വനയാത്രക്കിടയിൽ മുന്നിൽ എത്തിപ്പെടുന്ന പുലിയുടെ സൗന്ദര്യം കണ്ടു കണ്ണുനീർ പൊഴിക്കുന്നതും കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുന്നതും കാല്പനികരുടെ കവിതക്ക് പ്രതിപാദ്യം. ജീവിതത്തിൽ, പണ്ട് ജീവനുംകൊണ്ടോടിയ കാനനവാസികളുടെ പിൻതലമുറക്കാരാണ് ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും.
ചെറിയ ഭയപ്പെടുത്തലുകൾ നല്ലതാണുതാനും. ചെറുപ്പകാലത്തു നിങ്ങൾക്ക് (എനിക്കും) കിട്ടിയ ചൂരൽ കഷായം തന്നെ ഉദാഹരണം. രാജ്യത്തിൻറെ നിയമങ്ങളോടും ഭരണഘടനയോടും രാജ്യതാല്പര്യങ്ങളോടും ഭയഭക്തിബഹുമാനമാകാം. ദൈവഭയമാകാം. എല്ലാം കണക്കിനും പാകത്തിനുമാണെങ്കിൽ മാത്രം.
എന്നാൽ മനുഷ്യരുടെ (മൃഗങ്ങളുടെയും) ഭയത്തിന്റെ ഗുപ്തവിജ്ഞാന-ജീനെഴുത്തുകളെ (DNA encryption) പ്രതി ജീവിതം കഴിക്കുന്ന ചിലരുണ്ട്. തെളിച്ചു പറഞ്ഞാൽ മറ്റുള്ളവരെ ഭയപ്പെടുത്തി തഞ്ചത്തിൽ സ്വന്തം കാര്യം നടത്തുന്നവർ. ഭയം വില്പനച്ചരക്കാക്കിയവർ. യുക്തിരഹിതമായ ഭയം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നവർ (fearmongering). ഇക്കൂട്ടത്തിൽ ‘മഹത്തായ’ വ്യവസായശൃഖലകൾ ഉണ്ടാകാം, ഭരണകൂടങ്ങളുണ്ടാകാം, പത്രസ്ഥാപനങ്ങൾ ഉണ്ടാകാം, നിങ്ങളുടെ നാട്ടിലെ ഗുണ്ടയും അയൽക്കാരുമുണ്ടാകാം. വേറെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് നിങ്ങളോ ഞാനോ തന്നെയുമായേക്കാം. ഇൻഷുറൻസ് കമ്പനികളും, പഞ്ചനക്ഷത്ര ആശുപത്രികളും, മരുന്ന് വ്യവസായികളുമൊക്കെ തഴച്ചുവളരുന്നത് നമ്മുടെ ഭയത്തിൻറെ വളക്കൂറിലാണ്. മഷ്യനെയും മൃഗങ്ങളെയും മെരുക്കുവാനായി കാലാകാലമായി ഉപയോഗിക്കുന്ന ഒറ്റമൂലി തന്നെയാണ് ഭയം.
കൂടുതലും ഇത്തരക്കാർ ഉന്നം വയ്ക്കുന്നത് സ്വന്തമായി ചിന്തിക്കാൻ മടിച്ചു, ആരെങ്കിലും നമുക്കുവേണ്ടിയൊന്നു ചിന്തിച്ചു കാര്യങ്ങൾ പറഞ്ഞുതന്നാൽ അതപ്പടി വിഴുങ്ങി വികാരം കൊള്ളാൻ കാത്തിരിക്കുന്നവരെയാണ്. ഇത്തരക്കാരുടെ മനഃശാസ്ത്രമറിയുന്നവർ മുതലെടുത്താൽ കുറ്റം പറയുക വയ്യ. എവിടെയാണ് രാഷ്ട്രീയപാർട്ടികളുടെയും, ബഹുരാഷ്ട്ര കമ്പനികളുടെയും, കുത്തക പത്രങ്ങളുടെയും, ഒരു പരിധിവരെ മതങ്ങളുടെയും ചൂഷണങ്ങൾ ഉണ്ടാകുന്നത്. ആപ്പിളും (Buy the latest iPhone and you’ll not appear to be poor), നൈക്കിയും (Get this pair of Nike shoes and you’ll be cool), വോൾവോയും (Drive Safely with Volvo) ഒക്കെ നിങ്ങളുടെ ഭയത്തെ മുതലെടുത്തു വളർന്നവരാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രകടന പത്രികകളും നിഷ്പക്ഷമായി നിരീക്ഷിച്ചാൽ ഇതുമനസ്സിലാകും. ഭയത്തെ മുതലെടുക്കാത്ത ഒരുപത്രവും ഞാൻ വായിച്ചിട്ടില്ല, വാർത്താമാധ്യമങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. കോവിടിന്റെ തുടക്കകാലത്തിറങ്ങിയ പത്രവാർത്തകൾ ഒന്ന് തിരികെപ്പോയി വായിച്ചാൽ മനസ്സിലാകും. നിഷ്പക്ഷമായി നിരീക്ഷിക്കണം എന്നുമാത്രം. നിങ്ങൾ പക്ഷം പിടിക്കുന്നതുതന്നെ ഭയത്തിൽ അധിഷ്ഠിതമാണെന്നു ഞാൻ പറയും. അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെട്ടുപോയാലോ അല്ലേ? ഭയം വളരെ ആഴത്തിലുള്ള മാനസികതലമാണ് എന്നതാണ് സത്യം.
നല്ലഭരണത്തിനായി (Good governance) ഭയത്തിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ചിലരാജ്യങ്ങളുണ്ട്. ഉദാഹരണം സിംഗപ്പൂർ. അവിടെ നിങ്ങൾ നല്ലവരാണെങ്കിൽ സ്വതന്ത്രരായി സന്തോഷവാന്മാരായി ജീവിക്കാം . കയ്യിലിരിപ്പ് മോശമെങ്കിൽ ഭയന്ന് പണ്ടാരമടങ്ങിപ്പോകും. ഒരുകുപ്പ അറിയാതെ കയ്യിൽനിന്നും വീണുപോയവർ അറിയും വേറൊരു സിംഗപ്പൂരിനെ. ഭീകരമായ ഫൈൻ. കുറ്റം ആവർത്തിച്ചാൽ ചിലപ്പോൾ ജയിലിൽ തന്നെപോകേണ്ടിവരും. ചെറിയ കുറ്റങ്ങൾക്കുപോലും വലിയ ശിക്ഷ. തെറ്റുകൾ ഭരണകൂടം പൊറുത്തെന്നു വരില്ല, അതാരുടെ തെറ്റുകളാണെങ്കിലും. അവിടെ വേർതിരിവുകളില്ല. അതുകൊണ്ട് ആരെയും ഭയക്കാതെ ഏതുപാതിരാത്രിയും എവിടെയും പോകാം. ലോകത്തിലേക്കും ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂരിനെ മാറ്റുന്നത് മറ്റൊന്നല്ല. ഭയത്തിനെ അമിതമായി ജനങ്ങളെ അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കുന്ന രാജ്യങ്ങളുമുണ്ട്. ഉ.ദാ. ഉത്തര കൊറിയ. കൂടുതൽ പറയാൻ അറിയില്ല. പറയുന്നതിൽ കാര്യവുമില്ല. ആ രാജ്യത്തെ ജനതയ്ക്ക് ഒരു പഴുതുകിട്ടിയാൽ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാൻ അധികം പഴക്കമില്ലാത്ത ചരിത്ര പുസ്തകങ്ങൾ നോക്കിയാൽ മതിയാകും.
അന്യായമായി ഭയത്തിനെ ചൂഷണത്തിനും, സ്വാർത്ഥതാൽപ്പര്യങ്ങൾക്കും, തട്ടിപ്പിനും വെട്ടിപ്പിനും മാത്രം ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഭയപ്പെടുത്തുന്നവനാണ് ഭയപ്പെടുന്നവരെക്കാളും ഭയഗ്രസ്തർ എന്നാണ് തോന്നുന്നത്. മറ്റുള്ളവരെ ഭയപ്പെടുത്തി സ്വന്തം ഭയം ഇല്ലാതാക്കാൻ നോക്കുന്നവർ. അവസാനം സ്വന്തം ഭയത്തിൻ്റെ തീച്ചൂളയിൽ എരിഞ്ഞുതീരാൻ വിധിക്കപ്പെട്ടവർ. മാക്ബെത്തിനെയാണ് പെട്ടെന്ന് ഓർത്തുപോകുന്നത്. ചരിത്രത്തിലേക്കുവന്നാൽ, ഹിറ്റ്ലറിനെ ഓർക്കാം. കുറച്ചുകൂടി അടുത്തുവന്നാൽ, ഡോണൾഡ് ട്രംപിനെയും വേണമെങ്കിൽ ഓർക്കാം. നിർബന്ധമില്ല.
ഭയത്തിനൊരുകുഴപ്പമുണ്ട്. കൂടുതൽ മനസ്സിലായാൽ വല്ലാതെ കുറഞ്ഞുപോകുന്ന സാധനമാണത്. എന്താണ് ഭയമെന്നും എന്തിനാണ് ഭയക്കുന്നതെന്നും കൂടുതൽ യുക്തിയുക്തമായി അപഗ്രഥിച്ചാൽ ഉള്ള ഭയംകൂടി പോയിക്കിട്ടും. നിങ്ങളുടെ ഭയം (അത് എന്ത് തരമായാലും) ഓടിപ്പോകാതെ തിരിഞ്ഞു നിന്നുനേരിട്ടാൽ, മണ്ടിമടുക്കുന്നതു ഭയം തന്നെയായിരിക്കും. കേൾക്കുമ്പോൾ ‘ചാരുകസേര-തത്വശാസ്ത്രം’ (armchair philosophy) ആണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല. ഇതുതന്നെയാണ് മേരി ക്യൂറിയും കൃഷ്ണമൂർത്തിയും പറഞ്ഞത്.
അതുകൊണ്ട് മറ്റൊരാളെ ഭയപ്പെടുത്തുമ്പോൾ സൂക്ഷിക്കണം. അധികമായിപ്പോയാൽ വിപരീത ഫലം കണ്ടുകളയും. ഭയമില്ലാത്തവരെയാണ് ഏറ്റവും ഭയപ്പെടേണ്ടത്!
ഇതൊക്കെ പറഞ്ഞാലും സ്വന്തം ജീവൻ ഭീഷണിയിലായാൽ ഓടിക്കോളണം. അത് ഭീരുത്വമല്ല, വിവേകമാണ്. അല്ലെങ്കിൽ പത്തുനൂറ് വർഷം കഴിഞ്ഞു ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതാനും വായിക്കാനും ആളുകാണില്ല. പക്ഷെ അതല്ലാത്ത ഒന്നിനെയും ഭയന്നിട്ടു കാര്യമില്ല. ചുമ്മാ ഒന്ന് തിരിഞ്ഞുനിൽക്കണം, ഹേ! വാലും ചുരുട്ടിയോടുന്ന ഭയത്തെക്കാണാൻ നല്ല ചേലായിരിക്കും.
“Be just, and fear not.” William Shakespeare
സുമേഷ് രാമചന്ദ്രൻ
വീടു പുതുക്കിയപ്പോൾ
വീടു പുതുക്കിയപ്പോൾ
അമ്മിയെടുത്ത് പുറത്തിട്ടു.
‘ഗ്രൈന്ററും മിക്സിയുമൊക്കെയുള്ളപ്പോൾ
ഇനിയൊരമ്മിയെന്തിന്,
നിന്നുതിരിയാൻ വീട്ടിലിടവുമില്ല.
ചളിയും മാറാലയും പിടിച്ച അമ്മിയും കുട്ടിയും
മണ്ണില് പുതഞ്ഞുകിടന്നു.
അതു നോക്കിയിരിയ്ക്കേ,
അമ്മയിരുന്ന് മുളകരച്ചതും
മല്ലിയരച്ചതും മീനിനരച്ചതും
കണ്ണില് തെളിഞ്ഞു വന്നു.
അരച്ചരച്ച് അമ്മി കുഴിഞ്ഞിട്ടുണ്ട്,
അമ്മിക്കുട്ടി മെലിഞ്ഞിട്ടുമുണ്ട്.
‘വല്ലാതെ മെലിഞ്ഞല്ലോ’ എന്ന്
കാണുമ്പോഴൊക്കെ അമ്മ സങ്കടപ്പെടാറുണ്ട്.
അമ്മിമേല് അമ്മിക്കുട്ടി അനങ്ങാതെ കിടന്നു,
ആരോ മുറുകേ പിടിക്കും പോലെ.
അമ്മ പോയിട്ട് വര്ഷങ്ങളായി.
അമ്മിയൊന്ന് പൊക്കിയെടുക്കാൻ
പലരേയും വിളിച്ചു.
ആരും തിരിഞ്ഞുനോക്കിയില്ല,
ഒന്നു വിളികേട്ടുപോലുമില്ല.
വലിച്ചു നിരക്കി ഒരുവിധം
ഇറയത്തു കേറ്റിവെച്ചു.
അമ്മിക്കുട്ടിയെടുത്ത്
അമ്മിയുടെ മാറിലും വെച്ചു.
അതവിടെ ചേര്ന്നു കിടന്നു,
ചത്താലും പിരിയില്ലെന്ന പോലെ.
ഇ എസ് സതീശൻ
ബാല്യത്തിന്റെ തിരുശേഷിപ്പുകൾ
ഉമ്മാന്റെ മയ്യിത്തു കട്ടിലും ചുമന്നുകൊണ്ട് തക്ബീറും ചൊല്ലി അവർ പള്ളിക്കാട്ടിലേക്കു നടക്കുമ്പോൾ നേരം ത്രിസന്ധ്യയോടടുത്തിരുന്നു. ഇരുളിൽ മയങ്ങാൻ തയ്യാറായി നിൽക്കുന്ന മൈലാഞ്ചിച്ചെടിക്കടുത്തു നിന്ന് ഞാനെന്റെ തണുത്ത കൈവെള്ളകൾ കൊണ്ട് പാവാടക്കിരുവശവും തെരുപ്പിടിച്ചു. മരവിച്ച നിശ്ശബ്ദത കെട്ടി നിൽക്കുന്ന സന്ധ്യാനേരം എന്റെ സങ്കടത്തിന് ആക്കം കൂട്ടി. കരയാൻ പോലും വയ്യാത്ത പോലെയൊരു നോവ് എന്നുള്ളിൽ ഉറഞ്ഞു കൂടി എനിക്ക് ശ്വാസം മുട്ടി. ഞാനാ വെറും നിലത്തേക്ക്, തണുത്ത മണ്ണിലേക്ക് തലയും കുമ്പിട്ട് തളർന്നിരുന്നു.
“അക്കച്ചീ… ”
വ്യക്തമാകാത്ത ഭാഷയിൽ എന്നെ വിളിച്ചു കൊണ്ട് മൂന്നു വയസ്സുള്ള കുഞ്ഞനിയൻ നിരങ്ങിവന്നെന്റെ കാലിൽ തൊട്ടു. അടക്കാനാകാത്ത സങ്കടത്തോടെ ഞാനവനെ എന്നിലേക്ക് ചേർത്തു. പിന്നെ ഞങ്ങളുടെ ഉമ്മ ചെയ്യുന്നത് പോലെ അവന്റെ നിവർന്നു നിൽക്കാൻ ശേഷിയില്ലാത്ത രണ്ടു കാലുകളിലും അതി ഭയങ്കരമായ ദെണ്ണത്തോടെ തഴുകി. അന്ന് ആ നിമിഷം എന്നിലെ ബാല്യത്തിന്റെ കളിചിരികൾ എന്റെയുള്ളിൽ നിന്നും തേങ്ങലോടെ ഇറങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. ഏഴാം വയസ്സിൽ ആരും പറയാതെ തന്നെ ഉമ്മ മരിച്ചുപോയ ആ സന്ധ്യാനേരത്ത് ഞാനൊരു മുതിർന്ന കുട്ടിയായി എന്റെ അനിയനെ എന്നിലേക്ക് ചേർത്തു പിടിച്ചു. അകലെ നീലിക്കുന്നിൽ ഇരുൾ പരന്നു തുടങ്ങിയപ്പോൾ ആരോ വന്ന് ഞങ്ങളെ വീടിന് അകത്തേക്ക് കൂട്ടി.
ഉമ്മയില്ലാത്ത വീട്…
ഉമ്മയില്ലാത്ത വീടുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരു പക്ഷേ നിങ്ങളുടെ കണ്ണു നിറയുമായിരിക്കും… അത്ര മാത്രം!
പക്ഷേ അനുഭവിച്ചാൽ നിങ്ങളുടെ കണ്ണു നിറയില്ല. പകരം നെഞ്ചിലൊരു നെരിപ്പോടിങ്ങനെ കെടാതെ കത്തും. ഈ ഭൂമിയിൽ യാതൊന്നും നിങ്ങളെ സന്തോഷിപ്പിക്കില്ല. മറ്റൊന്നും നിങ്ങളെ കരയിപ്പിക്കുകയുമില്ല. കരയാനും ചിരിക്കാനും നിങ്ങൾ മറന്നു പോകും.
ഉമ്മയില്ലാത്ത വീടും തൊടിയും… അവിടെ പ്രഭാതങ്ങൾക്കും പ്രദോഷങ്ങൾക്കും യാതൊരു വ്യത്യാസവുമില്ല. അവിടെ ഗ്രീഷ്മത്തിനും വസന്തത്തിനും യാതൊരു തെളിച്ചവുമില്ല, സുഗന്ധവുമില്ല.
ആ വീട്ടിൽ നേരമെത്ര പുലർന്നാലും, വെയിൽ എത്ര തെളിഞ്ഞാലും രാവിന്റെ നിശ്ശബ്ദത അവശേഷിക്കും. അവിടുത്തെ മുറികളിൽ ഗ്രീഷ്മത്തിലെ ഏത് നട്ടുച്ചക്കും ഇരുട്ട് പതിയിരിപ്പുണ്ടാകും. അവിടെ
ചക്രവാളത്തിൽ ചുമപ്പ് പടരുന്ന സന്ധ്യാനേരങ്ങളിൽ ഉമ്മറത്തു നിന്നും അടുക്കി വച്ച തേങ്ങലുകൾ ഉയരും. ഉമ്മയില്ലാത്ത വീട്ടിലെ തുടർന്നുള്ള എല്ലാ രാവുകളിലും പേടിപ്പിക്കുന്ന മൂകത വിഷവായു പോലെ അവിടമാകെ തങ്ങി നിൽക്കും.
ഞാൻ അവനെ എന്റെ കുഞ്ഞുടലിലേക്ക് വാരി കൂട്ടി എടുത്തുകൊണ്ട് മുറിയിലെ കട്ടിലിലേക്കിരുന്നു. മുറിയിലെ അഴയിൽ ഉമ്മ ഇന്നലെ അഴിച്ചിട്ട അടിപ്പാവാട. അതിനടുത്തായി ഇന്നെനിക്കു സ്കൂളിൽ കൊണ്ടു പോകാനായി ഉമ്മ കഴുകിയിട്ടിരിക്കുന്ന എന്റെ യൂണിഫോം. അതിനപ്പുറം ഇന്ന് കുഞ്ഞുവിനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ ഉടുക്കാനായി ഉമ്മ മാറ്റിവച്ച വെള്ളയിൽ നീല പൂക്കളുള്ള മങ്ങിയ കോട്ടൺ സാരി. ഞാൻ ആ സാരി വലിച്ചെടുത്ത് എന്റെ മുഖത്തേക്ക് അമർത്തി. ഉമ്മയുടെ ഗന്ധം… കുഞ്ഞുവിന്റെ മരുന്നിന്റെ മണം. കുഞ്ഞു പിറന്നതിനു ശേഷം ഉമ്മയുടെ വസ്ത്രങ്ങൾക്കെന്നും കുഞ്ഞുവിന്റെ മരുന്നിന്റെ മണമാണ്. എനിക്ക് സങ്കടം വന്നു… ഞാനാ സാരിയിലേക്ക് മുഖം പൂഴ്ത്തി നെഞ്ചുപൊട്ടി തേങ്ങിക്കരഞ്ഞു. ചങ്കു പൊട്ടിയാണ് ഉമ്മ മരിച്ചതെന്ന് ഇന്നലെ കുഞ്ഞാമിനത്ത ആരോടോ പറഞ്ഞത് ഞാനോർത്തു.
പിറ്റേന്ന് ഉച്ചയോടു കൂടി വീട്ടിൽ അവശേഷിച്ച സ്വന്തക്കാരും പടിയിറങ്ങി. പോകുമ്പോൾ ചിലർ നോക്കിയ തണുത്ത നോട്ടത്തിൽ നിന്നും ഞങ്ങളുടെ നിസ്സഹായാവസ്ഥയുടെ ആഴം ഞാൻ മനസ്സിലാക്കി. ഉപ്പ എന്നെ തീർത്തും നിശ്ശബ്ദനായി നോക്കി.
ഞാൻ അകത്തേക്ക് നടന്നു.
കുഞ്ഞുവിന്റെ മൂത്രത്തുണികൾ കഴുകാനുണ്ട്. ഉപ്പ അടുപ്പിലേക്ക് തീ കൂട്ടുമ്പോൾ ഞാൻ ഉമ്മ കഴുകാറുള്ള പോലെ അവന്റെ മൂത്രം നാറുന്ന തുണികൾ ചെമ്പിൽ നിറച്ച വെള്ളത്തിൽ തലങ്ങും വിലങ്ങും അലമ്പിയെടുത്തു. അകത്ത് കുഞ്ഞുവിന്റെ കരച്ചിൽ… ഞാൻ തുണികൾ അവിടെയിട്ട് അകത്തേക്കോടി… ആ നിമിഷം എന്നിലെ ഏഴു വയസ്സുള്ള ബാലിക ഒരു മൂന്നു വയസ്സുകാരന്റെ ഉമ്മയാകുന്നത് ഞാൻ അറിഞ്ഞു. ഉമ്മയില്ലാത്ത മക്കൾ അങ്ങനെ എന്തെല്ലാം എന്തെല്ലാം തിരിച്ചറിയും?
“പോയോരു പോയി… ഓനെങ്ങനെ ജീവിക്കും? ഇത്തിരിപ്പോന്ന രണ്ട് പിള്ളേരും. പോരാത്തേന് ആ ചെക്കൻ കൊച്ചാണെങ്കിൽ നടുക്കുകേമില്ല, മിണ്ടോമില്ല. മൂന്നു വയസ്സായിട്ടും ഒരു വയസ്സിന്റെ പോലും ബുദ്ധീമില്ല ”
ഉമ്മ മരിച്ച് ആഴ്ച്ച രണ്ടു തികയുന്നേനും മുന്നേ ഒരു വൈകുന്നേരം വെല്യ മൂത്തുമ്മ ഉമ്മറത്തിരുന്ന് പറയുമ്പോൾ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് മരുന്ന് ഒഴിച്ചു കൊടുക്കുകയായിരുന്നു. ഉമ്മയുള്ളപ്പോൾ മൂത്തുമ്മ എന്നും വൈകിട്ട് ഇവിടെ വന്ന് അല്പനേരം സൊറ പറഞ്ഞിരിക്കും. ഞാൻ അന്നേരം അപ്പുറത്തെ ഷാനയുടേയും സുമയുടേയും കൂടെ അക്കു കളിക്കുകയോ കൊത്തങ്കല്ലു കളിക്കുകയോ ആയിരിക്കും. ഞാൻ ജനലിൽ കൂടി പുറത്തേക്കു നോക്കി. അവിടെ അവരിപ്പോഴും കളിക്കുന്നുണ്ട്. ഉമ്മ മരിച്ചതിൽ പിന്നെ ഞാൻ കളിക്കാനേ പോയിട്ടില്ല. ഉമ്മയില്ലാത്ത മക്കൾക്ക് ബാല്യമേയില്ല എന്നു ഞാൻ ഉരുകുന്ന നോവോടെ മനസ്സിലാക്കി. എനിക്കൊന്നു ഉറക്കെ കരയണമെന്ന് തോന്നി. ഞാൻ കരയുന്നേനും മുന്നേ കുഞ്ഞു കരച്ചിൽ തുടങ്ങി. ഞാനെന്റെ കരച്ചിലിനെ പാടെ അവഗണിച്ച് കുഞ്ഞുവിന്റെ കരച്ചിലിലേക്ക് അലിഞ്ഞു ചേർന്നു.
പിന്നെയും രണ്ടാഴ്ച കഴിഞ്ഞ് ഒരു നട്ടുച്ചക്ക് ഞങ്ങളുടെ അടുക്കളയിൽ ആരൊക്കെയോ ചേർന്ന് അല്പം നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാക്കി. ഇന്ന് ഉപ്പാന്റെ നികാഹാണ്. അങ്ങ് ദൂരെ നാട്ടീന്ന് കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിക്കാത്ത ഒരു പെണ്ണിനെ തന്നെ ആരോ ഉപ്പാക്ക് വേണ്ടി കണ്ടുപിടിച്ചു. ഉപ്പാന്റെ കൂടെ മുൻവശത്തിരിക്കുന്ന മണവാട്ടിയെ കണ്ട് എനിക്ക് ചങ്കെരിഞ്ഞു. ചൂടുള്ള അടുക്കളയിൽ നിന്നും മുറിയിലാകെ പരക്കുന്ന നെയ്ച്ചോറിന്റേം കോഴിക്കറീടേം മണമടിച്ച് എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.
“നീയെന്താ ഇങ്ങനെ അന്തം വിട്ട് നിൽക്കുന്നത്. ആ കൊച്ചിന് ഇത്തിരി ചോറെടുത്ത് വാരി കൊടുക്ക് ”
നിക്കാഹിനു വന്ന ഉപ്പാന്റെ ഇളയ പെങ്ങൾ എന്നെ നോക്കി നെറ്റി ചുളിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്നും ബാല്യം ഇനിയും എന്നിൽ നിന്നും വിട്ടകന്നിട്ടില്ല എന്നും ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന സങ്കടത്തോടെ ഞാൻ കുഞ്ഞുവിന്റെ വായിലേക്ക് ഞങ്ങളുടെ ഉപ്പാന്റെ കല്യാണച്ചോറിന്റെ ആദ്യത്തെ ഉരുള വെച്ചു കൊടുത്തു. അവനത് ആർത്തിയോടെ ചവച്ചരച്ചു. എനിക്ക് തൊണ്ട പൊട്ടും വരെ ഛർദ്ദിക്കണമെന്ന് തോന്നി.
രാത്രിയായി… ഞങ്ങൾക്ക് വീട്ടിലേക്കൊരു ആളെ തന്നതിന്റെ ആശ്വാസത്തിലും വല്ലപ്പോഴുമെങ്കിലും ഇനിയും ഞങ്ങളുടെ കാര്യങ്ങൾ തിരക്കി ഇങ്ങോട്ട് വരേണ്ടതില്ലല്ലോ എന്ന സന്തോഷത്താലും എല്ലാരും യാത്ര പറഞ്ഞിറങ്ങി. അവർ യാത്ര പറഞ്ഞിറങ്ങിപ്പോയ ഇരുട്ടും മൗനവും കട്ട പിടിച്ചു നിൽക്കുന്ന മുറ്റത്തേക്കു നോക്കി അല്പസമയം ഞാൻ നിന്നു. പിന്നെ കുഞ്ഞുവിനെ താങ്ങി മുറിയിലേക്ക് നടക്കുമ്പോഴേക്കും ഞങ്ങൾക്ക് മുന്നിൽ ഉപ്പയുടെ മുറിയുടെ വാതിൽ അടഞ്ഞിരുന്നു. അടച്ചിട്ട മുറിക്കു പുറത്ത് തികച്ചും നിശ്ശൂന്യയായി കുഞ്ഞുവിനെയും ചേർത്തു പിടിച്ച് ഒരു നിമിഷം ഞാൻ നിന്നു. നോവിന്റെ ഒരു ഹിമാലയം എന്റെ കുഞ്ഞു മനസ്സിൽ ഉറഞ്ഞുകൂടുന്നത് ഞാൻ അറിഞ്ഞെങ്കിലും എനിക്കപ്പോൾ കരയാൻ തോന്നിയില്ല. പകരം ദേഷ്യമാണ് വന്നത്… ഞങ്ങളുടെ ഉമ്മയോട്,ഈ ലോകത്തോട്, ഇതെല്ലാം പടച്ചവനോട് പിന്നെ എന്നോട് തന്നെ. അതികഠിനമായ ദേഷ്യം കൊണ്ട് എന്റെ കുഞ്ഞു ശരീരം വിറക്കുന്നത് ഞാനറിഞ്ഞു. അതേ നിമിഷം തന്നെ ശേഷിക്കുന്ന എന്റെ ബാല്യവും പെരുവിരലൂന്നി എന്നിൽ നിന്നും നടന്നുപോകുന്നതും ഞാനറിഞ്ഞു.
പുത്തൻ പെണ്ണ് രാവിലേ തന്നെ അടുക്കളയിൽ കയറി. അവർ എന്റെ നേരെ നോക്കി. ഞാൻ തിരിച്ചും. അന്നും പിറ്റേന്നും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.
“ഓള്… സ്കൂളീ പോയാൽ ഈ ചെക്കന്റെ കാര്യം ആരു നോക്കും. എനിക്ക് പറ്റില്ല മൂത്രോം തീട്ടോമൊക്കെ കഴുകിക്കാനും എല്ലാറ്റിനും കൂടെ വെച്ചുണ്ടാക്കാനും”
മൂന്നിന്റെയന്ന് സ്കൂളിൽ പോകാനിറങ്ങിയ എന്നെ കണ്ട് അവർ ഉപ്പാനോട് ശബ്ദമുയർത്തി. ഞാൻ വാതിലിനു പുറത്ത് ഉപ്പയുടെ മറുപടിക്ക് കാതോർത്തു. പുതിയ ഭാര്യയുടെ നിത്യ രോഗിയായ വാപ്പ നൽകിയ സ്ത്രീധനകാശ് എണ്ണി നോക്കിക്കൊണ്ടിരുന്ന ഉപ്പ അന്നേരം മൗനം പാലിച്ചു. അതൊരു തുടക്കമായിരുന്നു… ഞങ്ങളോടുള്ള ഉപ്പയുടെ നീണ്ട മൗനത്തിന്റെ തുടക്കം!
പകലുകൾ എനിക്ക് കൂടുതൽ തിരക്കുള്ളതായി. അനേകം ജോലികൾ… ചെയ്താലും തീരാത്ത അത്രയും. രാത്രികൾ എനിക്ക് നിദ്രയറ്റതായി. കുഞ്ഞുവിന്റെ കരച്ചിലിനും അപ്പുറത്തെ മുറിയിലെ അവ്യക്തമായ സീൽക്കാരങ്ങൾക്കിടയിലും ഞാൻ ഉറങ്ങാതെ ഇരുട്ടിലേക്ക് കണ്ണുമിഴിച്ചിരുന്നു.
വർഷമൊന്നുതികഞ്ഞില്ല ഉപ്പാന്റെ പുതിയ ഭാര്യ പെറ്റു. ആൺകുഞ്ഞ്. ചായ്പിൽ പെറ്റു കിടക്കുന്ന ഉമ്മയുടേയും കുഞ്ഞിന്റേയും കൂടി ജോലികൾ എന്റേതായി. അല്ലെങ്കിലും എന്റെ ഉമ്മ മരിച്ച അന്നു വൈകുന്നേരത്തോടെ ബാല്യം എന്നുള്ളിൽ നിന്നും ഒരു തേങ്ങലോടെ ഇറങ്ങി ഓടിപ്പോകുകയും ഞാനൊരു മുതിർന്നയാളാകുകയും ചെയ്തിരുന്നല്ലോ?
വർഷങ്ങൾ അഞ്ചു കഴിഞ്ഞിരിക്കുന്നു. കൊടിയ അവഗണനകളുടെയും വിശപ്പിന്റെയും വേദനയുടെയും സർവ്വോപരി ഉമ്മയില്ലായ്മയുടെയും അഞ്ചു വർഷങ്ങൾ. ഓഹ്… എത്ര വേഗം കാലം കഴിഞ്ഞുപോയെന്ന് ചിലർ പോയ വർഷങ്ങളെ നോക്കി ആശ്ചര്യപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എനിക്കീ കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും എല്ലാമെല്ലാം നൂറ്റാണ്ടുകൾ പോലെയായിരുന്നു.
ഇക്കാലം കൊണ്ട് എന്റെ പന്ത്രണ്ടാം വയസ്സിൽ സമാനതകൾ ഇല്ലാത്ത പീഡനങ്ങളിൽ കൂടി സഞ്ചരിച്ച് അകവും പുറവും പാകപ്പെട്ട് ഞാനൊരു ഒന്നാന്തരം അടുക്കളക്കാരിയും അടിച്ചുതെളിക്കാരിയും ആയിത്തീർന്നിരുന്നു. ഉപ്പാന്റെ പുതിയ ഭാര്യയിൽ രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. ഞാൻ അവരെ അപ്പി കഴുകിക്കുകയും അവരുടെ മൂക്കിള തുടക്കുകയും അവരെ കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പക്ഷേ ഞാൻ അവരുടെ നേരെ നോക്കാറില്ല… ചിരിക്കാറുമില്ല. അവരുടെയെന്നല്ല കുഞ്ഞുവിന്റെ മുന്നിൽ അല്ലാതെ മറ്റാരോടും ഞാൻ ചിരിക്കാറില്ല. ഉപ്പ തീർത്തും അവരുടേത് മാത്രമായി ഞങ്ങൾക്കിടയിൽക്കൂടി സമാന്തരമായി ജീവിച്ചു പോന്നു.
കുഞ്ഞുവിന് ഏഴു വയസ്സ്. അവനെപ്പോഴും വിശപ്പാണ്. പലപ്പോഴും വലിയ ശബ്ദത്തിൽ കാരണമില്ലാതെ അവൻ കരയും. അതു കേൾക്കുന്നതേ അവർക്ക് കലിയാണ്. ഞാൻ പനിച്ചുകിടന്ന ഒരു പകൽ നേരം. കുഞ്ഞുവിന്റെ അലറിയുള്ള കരച്ചിൽ കേട്ട് ഞാൻ പാതി മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. നിമിഷനേരം കൊണ്ട് ചാടി എഴുന്നേറ്റ് ഞാൻ ചെല്ലുമ്പോഴേക്കും പഴുത്ത ചട്ടുകം അവർ കുഞ്ഞുവിന്റെ തുടയിലേക്ക് അമർത്തിപ്പിടിച്ചിരുന്നു.
ഞാൻ ചുറ്റും നോക്കി… കയ്യിൽ കിട്ടിയത് അടുപ്പിൻ തറയിൽ ചാരിവെച്ചിരുന്ന ഇറച്ചി വെട്ടാനെടുക്കുന്ന മരകഷണമാണ്. ആദ്യത്തെ അടി അവരുടെ തലയുടെ പിൻഭാഗത്ത് പതിച്ച ആ നേരം തന്നെ അവർ കമിഴ്ന്ന് കുഞ്ഞുവിന്റെ കാൽ ചുവട്ടിൽ വീണു. ഇന്നോളം എന്നുള്ളിൽ ഞാൻ അടക്കിപ്പിടിച്ച എല്ലാ ദേഷ്യവും നോവും വേദനകളും ഓർമ്മയിലേക്ക് ഇരച്ചു കയറിയതും ഞാൻ ഭ്രാന്തിയായി. വന്യമായ ക്രൗര്യത്തോടെ ഞാൻ അവരെ മലർത്തിക്കിടത്തി നെറ്റിയിലേക്ക് വീണ്ടും ശക്തിയിൽ പ്രഹരിച്ചു. എന്റെ മുഖത്ത് തെറിച്ച ചോരപ്പാടുകൾ ഞാൻ ആർത്തിയോടെ തുടച്ചു. എന്നിട്ട് അവർക്ക് മേൽ കവച്ചു നിന്നുകൊണ്ട് ഞാൻ കുഞ്ഞുവിനെ വാരിയെടുത്തു. അവന്റെ ഗുഹ്യഭാഗത്തു നിന്നും പൊള്ളി വെന്ത ഒരു മാംസകഷണം എന്റെ കയ്യിലൂടെ നിലത്തേക്ക് വീണു. ഞാൻ ഉറക്കെയുറക്കെ അലറി.
ചുറ്റും ആരൊക്കെയോ ഓടിക്കൂടി. അതിൽ എന്റുപ്പയും ഉണ്ടായിരുന്നു. ഞാൻ അങ്ങേരുടെ തല തല്ലി പൊട്ടിക്കുന്നതിന് വേണ്ടിയാ മരകഷണം തിരഞ്ഞു. ആരൊക്കെയോ എന്നെ ബലമായി പിടിച്ചുവെച്ചു. കുഞ്ഞുവിനെ കൊണ്ട് ചിലർ ആശുപത്രിയിലേക്ക് ഓടി. മണിക്കൂറൊന്ന് തികയുന്നേനും മുന്നേ പോലീസെത്തി. ഞാൻ കൂസലില്ലാതെ അവരോടൊപ്പം വണ്ടിയിൽ കയറുകയും ക്ഷണ നേരം കൊണ്ട് വാഹനം നഗരത്തിരക്കിലേക്ക് കുതിക്കുകയും ചെയ്തു. പൊരിവെയിലിൽ സിഗ്നലും കാത്ത് വാഹനമൊന്നു കിതപ്പാറ്റിയ നേരത്ത് ഞാൻ പുറത്തേക്കു നോക്കി. കാൽനടക്കാർക്കായി തിരിച്ച ഭാഗത്ത് ഒരു കൂട്ടം ഭിക്ഷക്കാരുടെ ഇടയിൽ മുഷിഞ്ഞ വേഷവും പാറിപ്പറന്ന തലമുടിയുമായി ഒരമ്മ. അരികിൽ അവരുടെ മടിയിൽ തലവെച്ച് വാടിയുറങ്ങുന്ന അവരുടെ മകൾ. അവൾക്കെത്ര വയസ്സ് കാണും… ആറ് അല്ലെങ്കിൽ ഏഴ്. എന്റെ നെഞ്ച് പിടച്ചു. പനിച്ചൂടിൽ ഞാനൊന്ന് വിയർത്തു. ഞാനെന്റെ ഉമ്മയെ ഓർത്തു… ഉമ്മയുടെ ഗന്ധം ഓർത്തു… ഉമ്മ എന്നെ തഴുകിയ അനേകം ഇടനേരങ്ങൾ ഓർത്തു… വർഷങ്ങൾക്കും മുന്നേ എന്നിൽ നിന്നും പടിയിറങ്ങിപ്പോയെന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ ബാല്യത്തിന്റെ തിരുമുറിവുകളിൽ നിന്നും രക്തം പൊടിയുന്നതും അതെന്റെ നെഞ്ചിലാകവേ പരക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു… ഏങ്ങലടിച്ച് ഉറക്കെയുറക്കെ കരഞ്ഞു…
സൗമ്യ മുഹമ്മദ്
അങ്കോർ എന്ന ചരിത്ര വിസ്മയം
ഖമർ രാജ്യത്തിൻറെ 9 ആം നൂറ്റാണ്ടുമുതൽ 15 ആം നൂറ്റാണ്ടു വരെയുള്ള ചരിത്രവും കഥകളുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിനു പറയുവാനുള്ളത്. നാനൂറു ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. നിരവധി ക്ഷേത്രങ്ങളും വനങ്ങളുമെല്ലാമുള്ള പ്രദേശം, ഇന്ന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശമായി സംരക്ഷിച്ചു നിറുത്തിയിരിക്കുന്നു. ഇന്നിത് കംബോഡിയായുടെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രവുമാണ്.
സേം റെപ് (Siem Reap) എന്നറിയപ്പെടുന്ന ഒരു നഗരമാണ് ഇതിന്റെ കവാടം. അവിടേക്കു വിമാനമടക്കം എല്ലാ വിധ യാത്രാ സൗകര്യങ്ങളുമുണ്ട്. താമസത്തിനാകട്ടെ, എണ്ണിയാലൊടുങ്ങാത്ത ഹോട്ടലുകളും ഹോസ്റ്റലുകളും. ഒരു സഞ്ചാരിയെ ഉൾക്കൊള്ളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സേം റെപ്പിലുണ്ട് എന്ന് പറയാതെ വയ്യ. രാത്രിജീവിതം ഉള്ള ഒരു അതി മനോഹരമായ നഗരമാണ് ഇത്. എവിടെയും പബ്ബുകളും ബാറുകളും, റെസ്റ്റോറെന്റുകളും, മസ്സാജ് പാർലറുകളും. ഉത്സവങ്ങളുടെ രാത്രികളാണിവിടെ.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമൊഴികെ, അല്പം ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. ഈ ചൂടിലൂടെയാണ് ആയിരക്കണക്കിന് സഞ്ചാരികൾ ഇത് കാണാനെത്തുന്നത്, എന്നത് തന്നെ ഇതിനെ ലോകാശ്ചര്യങ്ങളിലൊന്നാക്കി മാറ്റുന്നു. ഇത് പൂർണ്ണമായും കണ്ടെടുക്കുവാൻ ദിവസങ്ങളോ, ആഴ്ചകളോ വേണ്ടി വരും. കൂടുതൽ പേരും ഒരു ദിവസം കൊണ്ട് പത്തിൽ താഴെ മാത്രം ക്ഷേത്രങ്ങൾ കണ്ടു മടങ്ങുന്നവരാണ്. അവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളും. ചരിത്രത്തിലും, ക്ഷേത്ര പഠനങ്ങളിലും, വാസ്തുശില്പ കലയിലുമെല്ലാം താത്പര്യമുള്ളവർ ദിവസങ്ങളോളം ഇവിടെ തങ്ങാറുണ്ട്. ഒരു ദിവസത്തെ പാസിന് 37 ഡോളറും ( Rs: 2500/- ) മൂന്നു ദിവസത്തെ പാസിന് 60 ഡോളറുമാണ് അങ്കോർ പുരാക്ഷേത്രോദ്യാനത്തിന്റെ പ്രവേശന ഫീസ്. അതിരാവിലെ 5 മണിക്കുതന്നെ ഇവിടെ പ്രവേശനം അനുവദിച്ചു തുടങ്ങും. അങ്കോർ വാറ്റിന്റെ പുറകിലായി ഉദിച്ചുയരുന്ന സൂര്യബിംബം ഒരു അനുഭവം തന്നെയാണ്. ഇത് കാണുവാനായി ആയിരിക്കണക്കിനു സഞ്ചാരികൾ ഇവിടെ കാത്തിരിക്കുന്നുണ്ടാകും.
അങ്കോർ വാറ്റ് ആണ് ഇതിൽ ഏറ്റവും പ്രധാനാകർഷണം. 12 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് ഇത് പണികഴിപ്പിച്ചത്. വാറ്റ് എന്നാൽ കമ്പോഡിയൻ, തായ് ഭാഷകളിൽ ക്ഷേത്രം എന്നാണർത്ഥം. ഈ ക്ഷേത്രം ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതായിരുന്നു എന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. അക്കാലങ്ങളിൽ അവിടെയെല്ലാം ഹിന്ദു മതം നിലനിന്നിരുന്നു. ഇൻഡോന്വേഷ്യയിലെ ബാലി ഇന്നും ഇതിനൊരു ഉദാഹരണമാണല്ലോ. എന്നാൽ രാജാവിന്റെ മരണശേഷം ഇതദ്ദേഹത്തിന്റെ ശവകുടീരമായി (Mausoleum) മാറിയെന്നും പറയപ്പെടുന്നു. എന്നാൽ 12 ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഇതൊരു ബുദ്ധക്ഷേത്രമായി മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രവും ഇതുതന്നെ.
ദേവേന്ദ്രന്റെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം സൂര്യവർമ്മൻ നിർമ്മിച്ചതെന്നും, അദ്ദേഹം തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നുവെന്നും, മാത്രമല്ല ഒറ്റ രാത്രികൊണ്ട് പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നുപോലുമുള്ള കെട്ടുകഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ മുപ്പതോ നാൽപ്പതോ വർഷങ്ങളെടുത്തിരിക്കും ഈ കൂറ്റൻ ക്ഷേത്രം നിർമ്മിക്കുന്നതിനെന്നാണ് വിദഗ്ധ മതം.
സൂര്യവർമ്മന്റെ കാലശേഷം ഈ ക്ഷേത്രത്തിന് പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ക്ഷേത്ര പൂജകൾ പോലും ഇല്ലാതായ ഈ ക്ഷേത്രം പിന്നീട് കണ്ടെടുക്കപ്പെടുന്നത് 1840 ൽ മാത്രമാണ്. ഹെൻറി മോത്ത് (Henri Mouhot) എന്ന ഫ്രഞ്ച് പരിവേഷകനാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെക്കുറിച്ച് ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നത്.
ദേവലോകത്തിന് സാദൃശ്യമുള്ള സുമേരു പർവ്വതത്തിന്റെ (Mount Meru) രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മേരു പർവ്വതത്തിന്റെ അഞ്ചു കൊടുമുടികളാണ്, ഇവിടത്തെ അഞ്ചു ഗോപുരങ്ങൾ എന്നാണ് സങ്കൽപ്പം. മേരു പർവ്വത രൂപത്തിൽ പ്രപഞ്ചത്തെ തന്നെയാണ് ഇവിടെ ശില്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുവിലെ ഗോപുരം മേരുവിലെ പ്രധാന കൊടുമുടിയായ പ്രപഞ്ച കേന്ദ്രത്തെയും, മറ്റു അഞ്ചു ഗോപുരങ്ങൾ മെരുവിലെ മറ്റു അഞ്ചു കൊടുമുടികളെയും, പതിനഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ഭൂമിയുടെ അവസാന ഭാഗങ്ങളെയും, ചുറ്റുമുള്ള ജലാശയങ്ങൾ സമുദ്രങ്ങളെയും സൂചിപ്പിക്കുന്നു.
ചുറ്റുമതിലിനുള്ളിൽ 200 ഏക്കറുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം അക്കാലത്തെ ഖമർ ക്ഷേത്രശില്പകലയുടെ ഔന്നിത്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഭിത്തിയിലുടനീളം ഹിന്ദു ചരിത്രകഥകൾ കൊത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. യുദ്ധങ്ങൾ മുതൽ, ഭൂമികുലുക്കങ്ങൾ വരെ അതിജീവിച്ച ഈ ക്ഷേത്രത്തിന് ചില കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി നിമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നാം നിലയിൽ നിന്നും നോക്കിയാൽ ആ പ്രദേശം ഒന്നായി ദൃശ്യമാകും.
അങ്കോർ തോം ആണ് രണ്ടാമത്തെ പ്രധാനാകർഷണം. ഇത് 12 ആം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ജയവർമ്മൻ ഏഴാം രാജാവ് നിർമ്മിച്ചതാണ്. ഖമർ രാജ്യവംശത്തിന്റെ ആസ്ഥാനമായിട്ടാണ് അങ്കോർ തോം പണികഴിപ്പിച്ചത്. ഒൻപതു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടിതിന്. ഖമർ രാജ്യത്തിന്റെ ആസ്ഥാനം ഇതിനു മുൻപ് ഇതായിരിക്കുവാനിടയില്ല. യശോദാപുരയായിരിക്കണം ഇതിനു മുൻപുള്ള രാജ്യ തലസ്ഥാനം. പിന്നീട് തലസ്ഥാനം അങ്കോർ തോമിൽ നിന്നും നമ്പൻ (Phnom Penh) എന്ന ഇപ്പോഴത്തെ കംബോഡിയ തലസ്ഥാനത്തേക്ക് മാറ്റുകയുമുണ്ടായി. കുറച്ചു കാലങ്ങൾ മാത്രമായിരിക്കണം അങ്കോർ തോം അതിന്റെ പ്രൗഢി നിലനിറുത്തിയിരിക്കുക.
സേം റെപ്പ് നദിയുടെ കരയിലാണ് അങ്കോർ തോം പണികഴിപ്പിച്ചത്. അങ്കോർ വാറ്റിൽ നിന്നും രണ്ടു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിൽ. അങ്കോർ തോമിലേക്കു പ്രവേശിക്കുന്ന കവാടം തന്നെ അതി മനോഹരമായ ഒരു നിർമ്മിതിയാണ്. ഒരു കൂറ്റൻ മനുഷ്യ മുഖം കൊത്തിയ ഇരുപത്തിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഗോപുരത്തിന്റെ ഉള്ളിലൂടെ വേണം നഗരപ്രവേശനം.
ഇതിനുള്ളിൽ ചില ക്ഷേത്രങ്ങൾ 11 ആം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും, ജയവർമ്മൻ തന്റെ രാജ്യ ക്ഷേത്രമായി നഗര മധ്യത്തിൽ പണിതുയർത്തിയതാണ് ഇവിടത്തെ മറ്റൊരു പ്രധാനാകർഷണമായ ബെയാൺ (Bayon) ക്ഷേത്രം. ആ നൂറ്റാണ്ടിൽ തന്നെ വികസനം കൈവരിച്ചിരുന്ന ഒരു നഗരമായിരുന്നു അങ്കോർ തോം. വെള്ളം കൊണ്ടുവരുന്നതിനുള്ള കനാലുകളും, റോഡുകളും, എന്തിനേറേ നാല് ആശുപത്രികൾ പോലും അന്നിവിടെ ഉണ്ടായിരുന്നത്രേ. ബെയാൺ ക്ഷേത്രത്തിന്റെ ഗോപുരങ്ങളിലും ഭിത്തികളിലുമെല്ലാം മുഖങ്ങൾ കൊത്തി വച്ച ശില്പങ്ങളാണ്. ഓരോന്നും കൂറ്റൻ മുഖങ്ങളാണ്. മീറ്ററുകൾ ഉയരമുള്ളത്.
ബോധി സത്വ എന്ന ലോകേശ്വരന്റേതാണ് ഈ മുഖങ്ങൾ എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ ഹിന്ദു വിശ്വാസപ്രകാരമുള്ള ബ്രഹ്മാവിന്റേതാണ് ഈ മുഖങ്ങൾ എന്ന് വാദിക്കുന്നവരും ഇല്ലാതില്ല. ഇവിടുത്തെ ക്ഷേത്രങ്ങളിൽ നാഗരാജാവായ വാസുകിയുടേതടക്കം പല ഹിന്ദു ദേവന്മാരുടെയും, പ്രതിമകളും രൂപങ്ങളും കാണുവാൻ കഴിയും. രാജ കൊട്ടാരവും, ബെയാൺ ക്ഷേത്രവും, മറ്റുചില ക്ഷേത്രങ്ങളും, അനേകം മറ്റു കെട്ടിടങ്ങളും നിറഞ്ഞതാണ് അങ്കോർ തോം.
ഇത് പോലെ നൂറോളം ചെറുതും വലുതുമായ ക്ഷേത്രക്കാഴ്ചകളുണ്ടിവിടെ. എല്ലാം കണ്ടെടുക്കുക എന്നെപ്പോലൊരാൾക്കു അസാധ്യം തന്നെയാണ്. രാവിലെ നാലരക്ക് തുടങ്ങിയ കാഴ്ചകൾ ഞാൻ വൈകുന്നേരം നാലുമണിയോടെ അവസാനിപ്പിച്ചു. പൊള്ളുന്ന വെയിൽ തന്നെയായിരുന്നു പ്രധാന പ്രശ്നം. ഏതാണ്ട് പത്തോളം പ്രധാന കേന്ദ്രങ്ങൾ കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര സ്മാരകങ്ങളാണ് ഞാൻ ഇവിടെ വിവരിച്ചത്. ഇത്രയും ശക്തമായ ഹിന്ദുമത സംസ്കാരം ഞാൻ ഇതിനു മുൻപ് ബാലിയിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നമ്മുടെ പൈതൃകം ഇത്രയേറെ മഹത്തരമാണെന്ന് അറിവോടെയായിരുന്നു ഞാൻ അങ്കോറിൽ നിന്നും മടങ്ങിയത്. നമ്മുടെ സ്വന്തം രാജ്യത്തുപോലും പൈതൃക സ്മാരകങ്ങൾ ഇത്ര നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്നത് ദുഃഖമായി എന്നിൽ അവശേഷിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ഐഹോളെ എന്നറിയപ്പെടുന്ന കർണാടകയിലെ ഒരു ക്ഷേത്ര സമുച്ചയം. അതും സംരക്ഷിക്കപ്പെട്ടാൽ ഒരു പക്ഷേ മറ്റൊരു അങ്കോർ ആയേക്കും.
ഡോ. സുനീത് മാത്യു
വിഷാദരോഗവും ഹോമിയൊപ്പതിയും
-
നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ...
-
“ഇവിടെ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാർ താമസിക്കുന്ന ഗ്രാമത്തിലേക്കുള്ള വഴിയേതാ?”. എൽവിറ വിറച്ചു കൊണ്ട് ചോദിച്ചു. ആ പരവതാനി കച്ചവടക...
-
സങ്കീർണ്ണമായ ജൈവപ്രക്രിയകളിലൊന്നിൽ കൂടെപ്പിറന്നവരെ പിന്നിലാക്കി ലക്ഷ്യത്തിലെത്തിയ ജീവകണം, അതെത്തിച്ചേർന്ന സ്നിഗ്ദ്ധതയിൽ വിലയിച്ചപ്പോൾ എന്റ...











