2022 ജൂലൈ 28, വ്യാഴാഴ്‌ച

ജമന്തിപ്പൂക്കൾ

 


രണ്ടു ദിവസത്തെ ലീവ് എടുത്താണ് ദീപുശങ്കർ  ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്.

എല്ലാ വർഷവും മാർച്ച് 23ന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടിയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ് ഇരുവരും.

ഒറ്റപ്പാലത്ത് ട്രെയിനിറങ്ങിയ ഉടൻ തന്നെ ദീപു പോയത് അവിടെയുള്ള വിനായക ഫ്ലവർ ഷോപ്പിലേയ്ക്കാണ്.

പൂവുകളുടെ വർണ്ണ പ്രപഞ്ചം.

ദീപു  രണ്ടു കെട്ട് ജമന്തി പൂക്കൾ വാങ്ങി. അവിടെ നിന്നും  ഒരു ഓട്ടോ കൂട്ടി  ഇൻഫൻ്റ് ജീസസ് ചർച്ചിൻ്റെ മുറ്റത്ത് ഇറങ്ങി. ആകാംക്ഷയോടെ ശ്യാംദേവും.

വിശാലമായ മുറ്റം കടന്ന്  പള്ളിയുടെ പിൻഭാഗത്തായി  ഒരു കൊച്ചു ഗേറ്റ് കടന്നവർ മുന്നോട്ടു പോയി. ദൂരെയൊരു മതിൽക്കെട്ടും ഗേറ്റും. ഗേറ്റിനുമുകളിലായി ‘സ്വർഗ്ഗീയപൂങ്കാവനം’ എന്നെഴുതിയ ബോർഡ്.

ബോർഡു വായിച്ചതേ  ശ്യാം ചോദിച്ചു.

“ഡാ.. ദീപൂ, ഇത് മരിച്ചവരെ അടക്കുന്ന സ്ഥലമല്ലേ?”

“അതെ.”

“ഇത് ക്രിസ്ത്യാനികളുടെ സിമിത്തേരിയല്ലേ? ഇവിടെ നീയെന്തിനാ വന്നത്?”

“നീ  വാ..ഞാനെല്ലാം പറയാം.”

ദീപു മുന്നോട്ട് നടന്നു. പിന്നാലെ അടക്കാനാവാത്ത ആകാംക്ഷയോടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ട് ശ്യാംദേവും.

 “നമ്മൾ ഇവിടെ കയറിയാൽ കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ.. ല്ലേ?”

ശ്യാം ചോദിച്ചു.

“ഏയ്‌ എന്ത് കുഴപ്പം? ഞാൻ പന്ത്രണ്ട് വർഷമായി ഇവിടെ വരുന്നു.”

ആ മതിൽക്കെട്ടിനുള്ളിൽ നിറയെ   കല്ലറകൾ ആണ്.  ചിലതൊക്കെ പല കളറിലുള്ള മാർബിൾപതിപ്പിച്ചതായിരുന്നു. അവയിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരുകൾ.  മൺകൂനയ്ക്കു മുകളിലായി കുരിശു നാട്ടിയതും, പൂക്കളാൽ അലങ്കരിച്ചതുമായ കുഴിമാടങ്ങൾ.

സിമിത്തേരിയുടെ ഒത്ത നടുക്കുള്ള വെളുത്ത മാർബിൾ ഫലകം പതിച്ച കല്ലറയ്ക്ക് മുൻപിലായ് ദീപു നിന്നു.

ആ കല്ലറയിൽ ഇന്നു വച്ചതെന്നു തോന്നുന്ന കുറേ പൂവുകൾ. നാട്ടി നിർത്തിയ മെഴുകുതിരിയും ചന്ദനത്തിരിയും. കത്തിതീരും മുൻപ്

കാറ്റത്തണഞ്ഞു പോയതാവാം.

ആ കല്ലറയുടെ മുകളിൽ എഴുതിയ പേര് ശ്യാം വായിച്ചു.

“ജെസീന്ത ഡോമിനിക്ക് “

ജനനം 11-2 -1990 മരണം 23-3 -2005

കവറിൽ നിന്നും എടുത്ത ജമന്തിപ്പൂക്കൾ ദീപു ആ കല്ലറയ്ക്കു മുകളില്ലായി വിതറി.  ആ മെഴുകുതിരികളും ചന്ദന തിരികളും അവൻ കത്തിച്ചു. കാറ്റിനെതിരെ പിടിച്ചു നിൽക്കാനാവാതെ ഉലഞ്ഞ നാളങ്ങൾ കെട്ടുപോയെങ്കിലും അവൻ വീണ്ടും ഒരു മെഴുകുതിരി  കൈയ്യിൽ പിടിച്ചു കത്തിച്ചു കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. കൈയ്യിലുള്ള മെഴുകുതിരി ഉരുകിയൊലിക്കുന്നതു പോലെ അവൻ്റെ മിഴികളും നിറഞ്ഞൊഴുകുന്നത് ശ്യാം കണ്ടു.

സിമിത്തേരിയിൽ നിന്നും ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.

“ശ്യാം..  ജസീന്തയ്ക്ക് ഏറ്റവുമിഷ്ടം ജമന്തിപ്പൂക്കളായിരുന്നു.”

 ” ജെസീന്ത ? ”

ശ്യാം അർദ്ധോക്തിയിൽ നിർത്തി.

“അതെ ജെസീന്തയ്ക്ക്… അവൾക്കു വേണ്ടി വർഷത്തിൽ ഒരു ദിവസം ഞാനിവിടെ വരും. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാനാ കഥ പറയാം.”

“നീ പറയ് ഡാ .. “

“പറയാനുള്ള എൻ്റെ ഇഷ്ടം തുറന്നു പറയാനാവാതെയും … അവളതു കേൾക്കാതെയും പോയ കഥ.”

അവർ നടന്ന് പള്ളിയുടെ മുറ്റത്തെത്തിയിരുന്നു. പള്ളിമുറ്റത്തെ വാകമരത്തണലിലുള്ള സിമിൻ്റു ബെഞ്ചിൽ വീണു കിടന്ന പൂവി തളുകൾ തട്ടിക്കളഞ്ഞ് അവർ ഇരുന്നു. വാകമരമാകെ  ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളും മൊട്ടുകളുമായി ചുവപ്പിന്‍റെ   ശോണിമയിൽ പ്രശോഭിക്കുന്നു. താഴെ നിലത്തു വിതറിയ പൂക്കള്‍.

വിദൂരതയിൽ നോക്കി ദീപു എന്തോ ആലോചിച്ചിരുന്നു.  ഓർമ്മകൾ അവനെ  ഏറെ പിന്നിലേക്ക് കൊണ്ടുപോയി.

“എൻ്റെ പ്ലെസ് വൺ  ക്ലാസ് മേറ്റായിരുന്നു ജെസീന്ത. ക്ലാസ് തുടങ്ങി ഒരു മാസത്തിനു ശേഷമാണവൾ വന്നത്. അവളുടെ ഡാഡി പട്ടാളത്തിലായിരുന്നതിനാൽ പത്തുവരെ പഞ്ചാബിലാണവൾ പഠിച്ചത്.” ദീപു പറഞ്ഞു തുടങ്ങി.

“ഏറ്റവും ഇഷ്ടപ്പെട്ട ഹോബികൾ ചിത്രം വരക്കുന്നതും, നീന്തലും, സൈക്കിളിംഗുമാണ്.  പൂക്കളും, പൂമ്പാറ്റകളും എനിക്ക് ഏറെ ഇഷ്ടമാണ്.  പുലർകാലത്ത് ഉണർന്ന് കിളികളുടെ പാട്ടുകേൾക്കുന്നതും  ഇഷ്ടമാണ് “

ടീച്ചറിൻ്റെ ചോദ്യത്തിന് മറുപടിയായി ജെസീന്ത അവളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം തുറന്നു  പറഞ്ഞു. അവളുടെ അഭിരുചികൾ എല്ലാം വ്യത്യസ്തമായിരുന്നു. മറ്റു കുട്ടികൾക്ക് ഇല്ലാത്ത ചില പ്രത്യേകതകളിൽ ഞാൻ അവളിൽ കണ്ടു.

ആദ്യ കാഴ്ചയിൽ തന്നെ അവൾ എൻ്റെ ഹൃദയത്തിൽ കയറിക്കൂടി.

മുട്ടോളമെത്തുന്ന ചുരുളൻ മുടി.

നേർത്ത ഫ്രെയിമുളള  കണ്ണട അവളുടെ മുഖത്തിൻ്റെ അഴക് കൂട്ടിയിരുന്നു.

ചുവന്നു തുടുത്ത ചുണ്ടുകൾ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ. ഇടതു കവിളിൽ ഒരു കൊച്ച് മറുക്. നെറ്റിയിൽ വീണു കിടക്കുന്ന കുറുനിരകൾ. കടഞ്ഞെടുത്ത മെയ്യഴക്.

ഒന്നു നോക്കിയാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന  സുന്ദര   രൂപം.

ആൺപെൺ വ്യത്യാസമില്ലാതെ ഏവരോടുമുള്ള  തുറന്ന സൗഹൃദം  ജെസീന്തയുടെ  മാത്രം പ്രത്യേകതയായിരുന്നു.

അതുകൊണ്ടാവാം ആൺകുട്ടികളുടെയെല്ലാം മനസ്സിൽ അവളൊരു പ്രണയിനിയായി സ്ഥാനം പിടിച്ചത്. പൂക്കൾ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടോ എന്തോ,

അടുത്തദിവസം മുതൽ ബോയ്സ് എല്ലാവരും പലയിനം പൂക്കൾ ക്ലാസിൽ കൊണ്ടുവന്നു തുടങ്ങി.

ചിലർ താമരപൂവുമായാണ് വന്നത്.    മുല്ലപ്പൂക്കൾ,  സുഗന്ധരാജൻ, ചെണ്ടുമല്ലി, ഗുൽമോഹർ.

ക്ലാസിലെ വികൃതിക്കാരനായ ജോയ് മോൻ ചെമ്പരത്തിപ്പൂവുമായാണ് വന്നത്. അഖിൽ മാധവ് റോസപ്പൂക്കളാണ് കൊണ്ടുവന്നത്. റോയ് മാത്യു ബോഗയിൽവില്ല പൂക്കൾ ഒരു കുല തന്നെ ഒടിച്ചു കൊണ്ടുവന്നിരുന്നു. പലയിനം പൂക്കളുടെ സുഗന്ധത്താൽ ക്ലാസുമുറി  നിറഞ്ഞു.

ആരുമറിയാതെ ഞാനും  കരുതിയിരുന്നു,  പോക്കറ്റിൽ ഒരു കൊച്ചു ജമന്തിപ്പൂവ്. വയനാട്ടിൽ നിന്നും കുഞ്ഞാൻ്റി വന്നപ്പോൾ കൊണ്ടെ ത്തന്നതായിരുന്നു ജമന്തിയുടെയും ഡാലിയയുടെയും തൈകൾ. പിന്നെ കുറേ ചെണ്ടുമല്ലിയുടെ വിത്തും. ജമന്തിപ്പൂക്കൾ അക്കാലത്ത് നാട്ടിൽ വിരളമായിരുന്നു. അതു മുറ്റത്ത് നട്ടതും, പരിപാലിച്ചതുമൊക്കെ ഞാനും അനുജത്തിയും കൂടിയായിരുന്നു. ജമന്തിയും, ചെണ്ടുമല്ലിയും, ഡാലിയയും തഴച്ചുവളർന്നു. ധാരാളം പൂക്കളുമായി.

പൂവ് ജെസീന്തയുടെ കയ്യിൽ കൊടുക്കണം എന്നൊരു ചിന്തയിൽ  ആ പൂവും പോക്കറ്റിൽ വച്ച്

കുറേനേരം ഞാൻ കാത്തിരുന്നു. പക്ഷേ പറ്റിയ അവസരം കിട്ടാത്തതിനാൽ  ഞാനാകെ ധർമ്മസങ്കടത്തിലായി. പോക്കറ്റിൽ കിടന്ന പൂവ്  വാടാൻ തുടങ്ങി.

അടുത്ത ദിവസങ്ങളിലെല്ലാം ഞാൻ പോക്കറ്റിൽ പൂവ് കരുതിയിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം ഞാൻ

നോക്കുമ്പോൾ അവൾ  സൈക്കിൾ

മൈതാനത്ത് വച്ചിട്ട്  തൊട്ടടുത്തുള്ള മാതാവിൻ്റെ ഗ്രോട്ടോയുടെ മുൻപിൽ പോയി പ്രാർത്ഥിക്കുന്നു. ആ സമയത്ത് ഞാൻ ആ പൂവ് ആരും കാണാതെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റിൽ ഇട്ടു. കുറേ ദൂരെ മാറി നിന്നുകൊണ്ട് അവളെ നിരീക്ഷിച്ചു.

കുറച്ചു കഴിഞ്ഞ് അവൾ  തിരിച്ചെത്തി. സൈക്കിളിൽ നിന്ന് ബാഗെടുത്തപ്പോൾ ആ ജമന്തിപ്പൂവ് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ അതെടുത്ത് വാസനിച്ചു ചുറ്റും നോക്കി.  പിന്നീടാപ്പൂവ് മുടിയിൽ തിരുകി ക്ലാസിലേയ്ക്ക് നടക്കാൻ തുടങ്ങി. ആ കറുത്ത മുടിക്കെട്ടിൽ വെൺമയുള്ള ആ പുഷ്പം  മാനത്തുദിച്ച പൗർണ്ണമി പോലെ ശോഭിച്ചു.

എൻ്റെ മനസ് ആഹ്ളാദത്താൽ തുടിച്ചു.

ദിവസങ്ങൾ കടന്നു പോകവെ  അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കളാൽ നിറഞ്ഞു തുടങ്ങി. ഞാൻ മാത്രമല്ല, കൂട്ടുകാർ എല്ലാവരും അവരുടെ പൂക്കൾ  ബാസ്ക്കറ്റിൽ നിക്ഷേപിച്ചു. എന്തുകൊണ്ടോ അവൾ എന്നും  എൻ്റെ ജമന്തിപ്പൂക്കൾ മാത്രമാണ് മുടിയിൽ ചൂടിയത്. മറ്റു പൂക്കൾ അവൾ തന്നെ മാതാവിൻ്റെ ഗ്രോട്ടോയിൽ കൊണ്ടു വെച്ചു.

 “നിനക്ക് വേണ്ടി എത്ര പൂക്കളാ ബാേയ്സ് കൊണ്ടുവരുന്നത്, എന്നിട്ട് നീയെന്താ മുല്ലപ്പൂക്കൾ മുടിയിൽ ചൂടാത്തത്?”

കൂട്ടുകാരി അപർണ്ണയുടെ ചോദ്യത്തിന് മറുപടിയായി ജെസീന്ത പറഞ്ഞു.

“ജമന്തിപ്പൂക്കളാണ് എനിക്കേറ്റവും ഇഷ്ടം.”

 “ജമന്തിപ്പൂക്കളോടുള്ള ഇഷ്ടം  ആ പൂക്കാരനോടും ഉണ്ടാവും ഇല്ലേ?”

“ഒന്നു പോടീ..ജമന്തിപ്പൂക്കൾ കൊണ്ടുവരുന്നത് ആരാണന്ന് എനിക്കറിയില്ല.”

“ഏയ്.. അതുനുണ.”

“അല്ലെടീ.. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ മാതാവിൻ്റെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ട് വരുമ്പോഴേയ്ക്കും ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കൾ കാണും.”

” ആരാണ് ആ പൂക്കൾ വയ്ക്കുന്നത് എന്ന് നിനക്ക് അറിയേണ്ടേ ?”

“അറിയണം..പക്ഷേ എങ്ങനെ?”

“അതിനൊരു വഴിയുണ്ട്.”

“എന്തു വഴി ?”

അപർണ്ണ എന്തോ സ്വകാര്യം ജെസീന്തയുടെ കാതിൽ പറഞ്ഞു.

“ശരി.. നമുക്ക് നാളെത്തന്നെ ആളെ കണ്ടു പിടിക്കാം.”

അവർ ക്ലാസിലേയ്ക്ക് പോയി. അവരുടെ സംഭാഷണം എൻ്റെ കാതിൽ പതിഞ്ഞതിനാൽ ഞാനും വളരെ ജാഗ്രതയോടെ മുന്നോട്ടു പോവാൻ തീരുമാനിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ അവരിരുവരും പൂക്കാരനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചകലെ മാറി അവർ എല്ലാം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നതും മറ്റും ഞാൻ കണ്ടു. പക്ഷേ പലരും പൂക്കൾ കൊണ്ടുവന്നു വയ്ക്കുന്നതു കാണാം എന്നല്ലാതെ ഏതു പൂക്കൾ എന്നു മാത്രം അവർക്കു മനസിലായില്ല.

“ഇത്രയും ദൂരെ നിൽക്കുന്നതാണ് പ്രശ്നം. കുറച്ചു കൂടെ അടുത്തുചെന്നു നിന്നാൽ അവർ നമ്മെ കാണും. പക്ഷേ ആ പൂക്കാരനെ കാണാൻ ഇനിയെന്താണൊരു വഴി?”

ജെസീന്ത ചോദിച്ചു.

“ഇനിയൊരു വഴിമാത്രം. പൂക്കൾ കൈയ്യിൽ തരണമെന്ന് നീ പറയുക. അപ്പോൾ ആളെ മനസിലാക്കാമല്ലോ ?”

 കൂട്ടുകാരികളുടെ സംസാരം കേട്ടതോടെ എനിക്കും ശുഭപ്രതീക്ഷയായി. പൂ കൈയ്യിൽ കൊടുക്കുമ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറയണമെന്ന് ഞാനും തീരുമാനിച്ചു.

പക്ഷേ അവൾ ആരോടും ഒന്നും പറഞ്ഞില്ല.

ഒരു ദിവസം അഖിൽ മാധവ് ഒരു റോസപ്പൂവുമായി അവളുടെ മുന്നിൽ ചെന്നു.

“ജെസീന്താ.. നിനക്കായി ഞാൻ കൊണ്ടുവന്ന ഈപനിനീർ പുഷ്പം സ്വീകരിക്കൂ..”

ഒരൽപ്പം കാവ്യാത്മകമായി പറഞ്ഞു കൊണ്ട് അവനാ പുഷ്പം അവൾക്കു നേരെ നീട്ടി.

“താങ്ക് യൂ ..മൈ ഡിയർ ബ്രോ..”

 പൂ സ്വീകരിച്ചു കൊണ്ട് അവൾ പറഞ്ഞു.

അതിനു ശേഷം ഒരിക്കൽ പോലും അഖിൽ പൂ കൊണ്ടുവന്നിട്ടില്ല.

അന്ന് ലാസ്റ്റ് പരീക്ഷയായിരുന്നു.

പൂവ് നേരിട്ട് കയ്യിൽ കൊടുത്തു എൻ്റെ ഇഷ്ടം അവളോട് തുറന്നു പറയണം എന്നു ഞാൻ തീരുമാനിച്ചു. അന്ന് ഞാൻ അല്പം വൈകിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

സ്ക്കൂളിലേയ്ക്ക് വന്ന  ഏതോ  കുട്ടിയെ  ടിപ്പർ  ഇടിച്ചുതെറിപ്പിച്ചു എന്നും, ഗുരുതര പരുക്കുള്ളതിനാൽ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നും ആരോ പറഞ്ഞറിഞ്ഞു.  ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എന്നിൽ നിറഞ്ഞുനിന്നു. ജെസീന്ത

റ്റൊരു കെട്ടിടത്തിലാണ് പരീക്ഷ എഴുതുന്നത്.  അതുകൊണ്ട് പരീക്ഷയ്ക്കു ശേഷം മാത്രമേ അവളെ കാണാൻ സാധിക്കൂ. പരീക്ഷ ഏങ്ങനേയും എഴുതി തീർത്ത് അവളെ കണ്ട് പൂവ് നേരിട്ട് കൊടുക്കണമെന്ന ചിന്തയായിരുന്നു എന്നിൽ. ഇന്ന് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഇനി രണ്ടു മാസം കാത്തിരിക്കേണ്ടി വരും.

പോക്കറ്റിൽ അന്ന് മൂന്ന് ജമന്തിപ്പൂക്കളായിരുന്നു ഞാൻ കരുതിയിരുന്നത്.

ഒരു വിധത്തിൽ എഴുതി തീർത്ത പരീക്ഷ പേപ്പർ കൊടുത്ത് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു.

“ആരും പോകരുത്. അറിയിപ്പുണ്ട് എന്ന്. “

ഞാൻ സീറ്റിൽ തന്നെ ഇരുന്നു.

ബാക്കി കുട്ടികൾ കൂടി എഴുതി തീർത്ത് പേപ്പർ കൊടുക്കണം. പഠിപ്പിസ്റ്റുകളൊക്കെ ടൈം മുഴുവൻ എടുത്ത് എഴുതും. അതു കഴിഞ്ഞേ അറിയിപ്പ് എന്തെന്ന് അറിയാൻ പറ്റൂ.

നിമിഷങ്ങളെണ്ണി ഞാൻ കാത്തിരുന്നു. ടൈമായി എന്നറിയിച്ച  ടീച്ചർ എല്ലാവരോടും പേപ്പർ വാങ്ങി.

അതിനു ശേഷം ആ അറിയിപ്പ് ടീച്ചർ    വായിച്ചു.

” ഒരു ദുഃഖ വാർത്തയുണ്ട്. നമ്മുടെ സ്കൂളിലെ ജെസീന്ത ഡോമിനിക്ക് എന്ന കുട്ടി വാഹനാപകടത്തിൽ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ജെസീന്തയുടെ ബോഡി ഉച്ചയ്ക്കുശേഷം സ്ക്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്.”

ടീച്ചറുടെ അറിയിപ്പ് കേട്ടതുമാത്രം ഓർമ്മയുണ്ട്.   തലയിലാരോ കൂടം കൊണ്ട് അടിച്ചതു പോലെ തോന്നി.  മനസാകെ  മരവിച്ച അവസ്ഥ. എനിക്കു പിന്നെ ശരിക്കുള്ള ഓർമ്മ കിട്ടിയത് ദിവസങ്ങൾക്കു ശേഷമാണ്.

പക്ഷേ അവളുടെ കണ്ണും കരളും ഹൃദയവുമൊക്കെ പലരുടേയും ശരീരത്ത് ഇന്നും ജീവിക്കുന്നു.

“എവിടാണെങ്കിലും എല്ലാ വർഷവും മാർച്ച് 23 ന്ഞാനിവിടെ വരുമെടാ.. എൻ്റെ ജെസീന്തയെ കാണാൻ.. അവൾക്കുള്ള   ജമന്തിപ്പൂക്കളുമായി.”

കളങ്കമില്ലാത്ത സ്നേഹത്തോടെ വർഷങ്ങൾക്കു ശേഷവും   തൻ്റെ കൗമാര പ്രണയിനിയ്ക്കായി ജമന്തിപൂക്കളുമായി വന്ന ദീപുവിനെ ആലിംഗനം ചെയ്തു കൊണ്ട് ശ്യാം പറഞ്ഞു.

“സ്വന്തം സുഖത്തിനു വേണ്ടി രക്ത ബന്ധങ്ങളെ ഇല്ലാതാക്കുകയും,  ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണ് നീ. നിൻ്റെ സ്‌നേഹം അറിയും മുൻപേ പറന്നകന്ന ജെസീന്തയെ  ഇന്നും ഓർമ്മിക്കുന്ന നീ   ഈ ലോകത്തിനു മുൻപിൽ നല്ലൊരു മാതൃകയാണ്.”


മോളി ജോർജ്

എങ്ങനെയാണ്…


 എങ്ങനെയാണ്

ഒന്നുതൊട്ടാൽ കൂമ്പിപ്പോവുന്നവളോട് 

തൊട്ടാവാടിയുടെ മുള്ളുതട്ടാതെ,

അതിന്റെയിലകളെത്തൊടാതെ 

പൂക്കളെയിറുക്കാൻ പറയുക?

അതിനപ്പുറം,

എങ്ങനെയാണ്

തൊട്ടാവാടിയുടെ പൂവുതന്നെ വേണമെന്ന് 

കണ്ണീരൊഴുക്കുന്ന,

ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുട്ടിയെ 

ആശ്വസിപ്പിക്കുക?

എങ്ങനെയാണ്

നോവുരുളകൾ കനലൂതി 

പൊലിപ്പിച്ചെടുത്തവളുടെ വായിലേക്ക്

എന്റെ വേദനയുടെ ചുവന്ന

കറികളിറ്റിക്കുക?

എങ്ങനെയാണ്

കുട്ടിയുടെ ജീവനിൽ

അമ്മ കഴിക്കാതെ

പോഷകങ്ങൾ പൊക്കിൾക്കൊടിവഴിയെത്തുക?

എങ്ങനെയാണ്

ശിരസ്സിൽ വെള്ളിനൂലുകളുടെ പഴക്കംപേറുന്ന

വൃദ്ധരുടെ കുത്തുവാക്കുകളിൽനിന്നും

അവളെ സംരക്ഷിക്കുക?

എങ്ങനെയാണ്

നിലാത്തുണ്ട് കടംകൊടുത്ത്

രാത്രികളിലവളെ ഒറ്റയ്ക്കാക്കാതെ കാക്കുന്ന

ആകാശത്തോട് നന്ദിപറയുക?

എങ്ങനെയാണ്

സമൂഹത്തിന്റെ അടക്കംപറച്ചിലുകളിൽനിന്ന്,

കണ്ണുവെയ്ക്കലുകളിൽനിന്ന്,

അവളെ അമ്മയാക്കുക,

രണ്ടിലകൾക്കിടയിലൊരു

പൂവുണ്ടാക്കുക?


അശ്വിൻ ആനന്ദ്

മിനിയേഴ്സ് ഡിസീസ് ഒരു തരം തലകറക്കമാണ്


 “VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” : SALMAN RUSHDIE

വീഴുന്നതിലുള്ള പേടിയ്ക്കും വീഴാനുള്ള ആഗ്രഹത്തിനും ഇടയിലുള്ള സങ്കർഷാവസ്ഥയാണു തലകറക്കമെന്ന് വിഖ്യാത എഴുത്തുകാരനായ സല്മാൻ റുഷ്ദി.

വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേർസ് ഡിസീസ് എന്നറിയപ്പെടുന്ന , ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്ന പോലുള്ള ശബ്ദവും,  ചെവിക്കായമില്ലതെ തന്നെ ചെവി നിറഞ്ഞിരിക്കുന്ന പോലുള്ള തോന്നലും ഇടയ്ക്കിടെ കേൾവിക്കുറവും ഒക്കെയാണു മറ്റ് പ്രധാന ലക്ഷണങ്ങൾ. ബോധക്കേടൊന്നുമില്ലാതെ ചിലർ പിന്നിൽ നിന്നാരോ തള്ളിയിട്ടതുപോലെ പെട്ടെന്നു വീഴുന്നു.

രോഗം ചികിൽസിക്കാതിരുന്നാൽ  ഭാവിയിൽ കേൾവി പൂർണ്ണമായും നഷ്ടപ്പെടാം. രോഗലക്ഷണങ്ങൾ പിന്നെ സ്ഥിരമായെന്നും വരാം.

സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. ഏതു പ്രായക്കാരെയും ബാധിക്കാറുണ്ടെങ്കിലും ഇരുപതു മുതൽ അമ്പതു വയസ്സുകാരെയാണു സാധാരണ ബാധിക്കുന്നത്.

ചെവിക്കുള്ളിലെ അർദ്ധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം.

എന്നാൽ ഇക്കാര്യത്തിൽ ചില ശാസ്തൃജ്ഞൻമാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്ത കുഴലുകൾ മൈഗ്രൈനിലെ പോലെ കോച്ചി ചുരിങ്ങുന്നതാണു മിനിയേർസ് രോഗം ഉണ്ടാക്കുന്നതെന്നു അവർ കരുതപ്പെടുന്നു.

വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്മൂൺ രോഗങ്ങൾ  എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതു പാരമ്പര്യമായി ചിലരിൽ കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളികളയാനാവില്ല.

രോഗാവസ്ഥ  20 മിനുട്ട് മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. പക്ഷെ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല എന്നാതാണു പ്രശ്നം.

രോഗനിർണയം

 “പ്രോസ്പെർ മിനിയെർ” എന്ന ഫ്രെഞ്ച് ഡോക്ടർ ഈ രോഗം തിരിച്ചറിഞ്ഞിട്ട് നൂറ്റമ്പതു വർഷമായിട്ടും ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോല്പാദനമാണോ അവ ഉല്പാദനത്തിനനുസരിച്ച് അധികമുള്ളത് തിരിച്ചെടുക്കാത്തതു കൊണ്ടാണൊ  ചെവിയിലിതു കൂടുതലായി പ്രശ്നമുണ്ടാക്കുന്നതെന്നു കണ്ടെ ത്താനായിട്ടില്ല.

സമാനമായ ലക്ഷണങ്ങൾ വെസ്റ്റിബുലാർ മൈഗ്രൈൻ, ട്രാൻഷിയന്റ് ഇഷീമിക് അറ്റാക്ക് എന്നീ അവഥകളിലും വരാം.

പ്രത്യേകിച്ച് ഒരു ടെസ്റ്റ്കൊണ്ടു രോഗനിർണ്ണയം സാധ്യമല്ല, രോഗലക്ഷണങ്ങൾക്കൊപ്പം തലച്ചോറിന്റെ , സി.റ്റി, എം,ആർ, ഐ എന്നിവയെടുത്ത് മ റ്റു തകരാറുകൾ ഒന്നുമില്ലന്നു ഉറപ്പിക്കുകയാണു  ഈ രോഗമാണെന്ന നിർണയത്തിലെത്തുവാൻ സാധാരണ ചെയ്യുന്നത്.

മിനിയേഴ്സ് രോഗത്തെ തന്നെ രണ്ടായിട്ട് വിഭജിച്ചിട്ടുണ്ട്. തലകറക്കം പ്രധാനമായി കാണുന്ന വെസ്റ്റിബുലാർ മിനിയേഴ്സ് രോഗമെന്നും  കേൾവിക്കുറവും ചെവിയിൽ മുഴക്കവും പ്രധാനമായ കോക്ളിയാർ   മിനിയേഴ്സ് രോഗമെന്നും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗാവസ്ഥ മിനിറ്റുകൾ മുതൽ ഒരു ദിവസം വരെ നീണ്ടു നില്ക്കാം. എന്നാൽ അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരമെന്നതു കൊണ്ടു ഒറ്റയ്ക്ക് യാത്രചെയ്യാനോ, വണ്ടി ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനവില്ല.

ചിലർക്കു  ചോക്ളേറ്റ്,  മദ്യം, ചായ , കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ, എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്.

ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

രോഗചികിൽസ

പൂർണ്ണശമനം സാധ്യമല്ലെന്നാണു ആധുനിക വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നത്.

എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്.

ചെവിയിലെ എൻഡോലിംഫിന്റെ മർദ്ദം കുറയ്ക്കാൻ മൂന്നുവിധം സർജറികളാണു ചെയ്യാറുള്ളത്, തല്ക്കാലത്തേക്ക് മർദ്ദം കുറയ്ക്കുക, ഷണ്ട് ഇട്ട് അധികമായി ഉള്ള എൻഡോലിംഫ് ഒഴുക്കികളയുക, എൻഡോലിംഫാറ്റിക് സാക് തന്നെ എടുത്തുമാറ്റുക എന്നിവയാണീ രീതികൾ.

ചിലരിൽ വെസ്റ്റിബുലാർ ന്യൂറക്റ്റമി എന്നു പേരുള്ള  ശസ്ത്രക്രിയയിലൂടെ ഞരമ്പ് മുറിച്ചു മാറ്റേണ്ടിയും വരാറൂണ്ട്. മരുന്നുകൾ മധ്യകർണ്ണത്തിൽ കുത്തിവെച്ച് ലബിരന്ത് തന്നെ നശിപ്പിക്കുന്ന ചികിൽസകളും നിലവിലുണ്ട്.

എൻഡോലിംഫറ്റിക് സാക് (ഇ.എസ്)ഷണ്ട് ഓപ്പറേഷൻ ചെയ്താൽ 60% രോഗികളിലും രോഗം കുറയാറുണ്ട്. കോക്ളിയ നശീകരണ ശസ്ത്രക്രിയകളിലെ പോലെ കേൾവി ക്കു തകരാറു സംഭവിക്കാറുമില്ല.

തലകറക്കത്തോടൊപ്പമുള്ള ഉത്കണ്ഠ മാറ്റാൻ കൗൺസലിങ്ങ് ഉപകരിക്കാറുണ്ട്.


ഡോ. ടി.ജി. മനോജ് കുമാർ

ദാമിയന്റെ അതിഥികൾ



ചോരയുടെ നനവു പടർന്ന ബലിക്കല്ലിലേക്ക് രണ്ടാമത്തെ കുട്ടിയെ പുരോഹിതൻ ചേർത്തുപിടിച്ചു. ഒരിക്കൽ കൂടി ആ ദാരുണ ദൃശ്യം കാണാൻ വയ്യാതെ മുഖം വെട്ടിച്ച പിസാരോയെ നോക്കി മെത്രാൻ അലറി.

“പിസാരോ, നിനക്ക് അറിയില്ലെന്നുണ്ടോ.. പാപത്തിന്റെ ശമ്പളം മരണമാണ്.!”

[ദാമിയന്റെ അതിഥികൾ – അരുൺ ആർഷ]

നൂറ്റാണ്ടുകൾക്ക് മുൻപുള്ള -ആയിരത്തി നാനൂറുകളിൽ- തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേഷവും കോളനിവാഴ്ചയും പശ്ചാത്തലമാക്കി അരുൺ ആർഷ എഴുതിയ ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലാണ് ‘ദാമിയന്റെ അതിഥികൾ’ മുന്നൂറ്റി അറുപതിൽപ്പരം പേജുകളിലൂടെ ത്രസിപ്പിക്കുന്നൊരു യാത്രയാണീ നോവൽ. മഹാസാമുദ്രങ്ങൾക്കിടയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന സ്വർണ്ണ മനുഷ്യരുടെ ദ്വീപ്.! അതന്വേഷിച്ച് പോവുന്ന കപ്പിത്താന്മാരും നാവികരും, അവരുടെ അതി സങ്കീർണതകളും അത്യാപത്തുകളും നിറഞ്ഞ സാഹസിക കടൽ യാത്രകളും, അവരുടെ മോഹവലയങ്ങളിൽ വീണ് അവർക്ക് വേണ്ട സകല സൗകര്യങ്ങളുമൊരുക്കുന്ന അത്യാർത്തി പൂണ്ട പ്രഭുക്കന്മാരും, അതിന്റ പേരിൽ തലമുറകളായി തുടരുന്ന പര്യവേക്ഷണങ്ങളും, കടലിനെ ചുവപ്പണിയിച്ച മഹാ യുദ്ധങ്ങളും, കരയിലും കടലിലുമായി നടന്ന കലാപങ്ങളും, ചതിയും വഞ്ചനയും പകയും കൊലപാതകങ്ങളും സമാനതകളില്ലാത്ത ക്രൂരതകളും നിറഞ്ഞ ചരിത്രങ്ങളും എല്ലാമായി.. സ്പെയിനും അറ്റ്ലാന്റിക്/പസഫിക് മഹാസമുദ്രങ്ങളും, തെക്കേ അമേരിക്കൻ ഭൂഖണ്ഡവും ഒക്കെയായി ഒരു വൈഡ് സ്പേസ് കഥാപശ്ചാത്തലമായി വരുന്നൊരു ബ്രഹ്മാണ്ട ഐറ്റമാണിത്.!

വിദേശ നോവലുകളോട് കിടപിടിക്കുന്ന അന്യായ വർക്ക്‌ ആണ് ദാമിയന്റെ അതിഥികൾ എന്ന് നിസ്സംശയം പറയാം. ഇത് ശരിക്കും ഒരു മലയാളി എഴുതിയതാണോ എന്ന് അതിശയിച്ചു പോകും. പരിഭാഷപ്പെടുത്തിയ ഒരു വിദേശ നോവൽ വായിക്കുന്ന ഫീലാണ് അനുഭവപ്പെടുക. അതേ ശൈലിയിലുള്ള അസാധ്യമായ എഴുത്ത്. ഒരു രക്ഷയും ഇല്ലാത്ത ഐറ്റം.! ശരിക്കും ഞാൻ തീരരുതേ എന്ന് ആഗ്രഹിച്ചു വായിച്ച ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്നാണിത്. മാസ്സും ക്ലാസ്സും വയലൻസും ആക്ഷനും ത്രില്ലും എല്ലാം ചേർന്ന ഒരു പിരിയഡ് ഹോളിവുഡ് ത്രില്ലർ സിനിമ കാണുന്ന പ്രതീതിയാണ് ഇതെനിക്ക് നല്കിയത്. ഒരു പത്തു പേജ് മറിക്കുമ്പോഴേക്കും addict ആവും, ഒരു ലഹരി പോലെ. പിന്നീടങ്ങോട്ട് ത്രസിപ്പിക്കുന്നൊരു യാത്രയാണ്. പിന്നെ ഇത് വായിച്ച് തീർക്കാതെ ഒരു രക്ഷയില്ലെന്ന് നിങ്ങൾ മനസ്സിലാക്കും. അത്രയും എൻഗേജിങ്.! വായിച്ചു തീർന്നാലും ആ ഹാങ്ങോവർ മാറാൻ ഒരുപാട് സമയമെടുക്കും. ഹൃദയമിടിപ്പ് കൂട്ടുന്ന ഭയങ്കര ടെൻഷൻ അടിപ്പിക്കുന്ന സന്ദർഭങ്ങളും, രക്തമുറയുന്ന ക്രൂരകൃത്യങ്ങളും, തീവ്രമായ ഭീതിയുളവാക്കുന്ന വർണ്ണനകളും, അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ആവേശം കൊള്ളിക്കുന്ന ട്വിസ്റ്റുകളും, ഉൾക്കിടിലമുണ്ടാക്കുന്ന തരത്തിൽ കഥയിൽ അപ്രതീക്ഷിതമായി വരുന്ന വഴിത്തിരിവുകളും.. എല്ലാമായി നിങ്ങൾക്കൊരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരിക്കും ഈ പുസ്തകം.!

മൂന്നു ഭാഗങ്ങളായി തിരിച്ചാണ് നോവൽ എഴുതിയിരിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അവരുടെ വളർച്ച അടയാളപ്പെടുത്തിയും, തുടർന്ന് വരുന്ന സംഭവങ്ങളിലേക്കുള്ള സൂചനകൾ അവിടവിടെ പാകിക്കൊണ്ടും ആദ്യ ഭാഗം കഥ പറയുമ്പോൾ, തുടർന്ന് വരുന്ന ഭാഗങ്ങൾ.. കടലിലെ ചോരക്കളികളും അതി സഹസികമായ യാത്രകളും യുദ്ധങ്ങളും വിവരിച്ച് വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയുടെയും മുനമ്പിൽ കൊണ്ട് നിർത്തുന്നു. ഓരോ ഭാഗവും ഒരു ഹൈ പോയന്റിൽ ചെന്ന് നിർത്തുന്നതോടെ ഓരോ അദ്ധ്യായങ്ങൾ തീരുമ്പോഴും കഥ കൂടുതൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുന്നു. ഇതിലെ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം വെൽ ഡീറ്റൈൽഡ് ആണ്. പഴയ കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ടു പോകുന്ന അസാധ്യ വിവരണവും. ഉജ്ജ്വലമായ പാത്രസൃഷ്ടിയാണ് നോവലിന്റെ മറ്റൊരു പ്രത്യേകത. മികച്ചത് എന്ന് ചൂണ്ടിക്കാണിക്കാൻ ഒരു കഥാപാത്രവും ഇതിലില്ല. കാരണം എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ്. എന്ത് ചിന്തിക്കുന്നുവെന്നോ എപ്പോൾ എന്ത് പ്രവർത്തിക്കുമെന്നോ ഒരു നിലക്കും മനസ്സിലാക്കാൻ സാധിക്കാത്ത Unpredictable ആയിട്ടുള്ള ഈ കഥാപാത്രങ്ങൾ തന്നെയാണ് നോവലിന്റെ ശക്തിയും കഥയെ പ്രവാചനാതീതമായ വഴികളിലൂടെ നടത്തിക്കുന്നതും. ആരുടെ കൂടെ നിൽക്കണമെന്ന് വായനക്കാരൻ അങ്കലാപ്പിലാവും. അനാവശ്യമായ ഒരു കഥാപാത്രമോ ഒരു സംഭവമോ ഇതിലില്ല. എല്ലാം പിന്നീടുള്ള കഥയിൽ സംഭവിക്കാൻ പോകുന്ന ഒരുപാട് നിർണ്ണായക സംഭവങ്ങളിലേക്കുള്ള വെടിമരുന്നുകളാണെന്ന് വായിച്ചു മുന്നേറവേ നിങ്ങൾ മനസ്സിലാക്കും. വായനക്കാരന്റെ പൂർണമായ ശ്രദ്ധ ഡിമാന്റ് ചെയ്യുന്നൊരു നോവലാണിത്. നോവലിന്റെ ആഖ്യാനം വ്യത്യസ്തമാണ്. ഫ്ലാഷ് ബാക്ക്‌ രീതിയിലും തിരിച്ചും കലർത്തി എഴുതിയിരിക്കുന്നത് ചില സമയങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കും. ചിലപ്പോഴേക്കെ പേജുകൾ വീണ്ടും പിന്നിലേക്ക് മറിച്ചു നോക്കേണ്ടിയും വരാം.

ഇത്രയും കിടിലനായ ഈ പുസ്തകത്തെ ‘Underrated’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്.

ഈ പുസ്തകം അർഹിക്കുന്ന പ്രശംസയൊന്നും ഇതിന് കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ കാര്യങ്ങൾ മാറിയേനെ. കൂടുതൽ പേർ ഇത് വായിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയേറെ എഴുതിയത്. ഈ പുസ്തകം നൽകുന്ന എക്സ്പീരിയൻസിന്റെ നാലിലൊന്ന് എനിക്കിവിടെ എഴുതിപ്പിടിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. നിങ്ങൾ എത്ര Expectation വെച്ച് വായിക്കാൻ ഇരുന്നാലും ഈ പുസ്തകം നിങ്ങളെ അല്പംപോലും നിരാശനാക്കാൻ സാധ്യതയില്ല. എന്റെ അനുഭവം അതാണ്.


ജസീം ജാസി

ഇന്തോന്വേഷ്യൻ ദിനങ്ങൾ


 

അധ്യായം 16: അഗ്‌നിപർവ്വതങ്ങൾക്കിടയിൽ ഒരു മനോഹര നഗരം


ജക്കാർത്തയിൽ നിന്നും നൂറ്റിനാപ്പതു കിലോമീറ്റർ ദൂരത്തിൽ സമുദ്രനിരപ്പിൽ നിന്നും എണ്ണൂറു മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമുണ്ട്. ബാണ്ടൂങ് എന്നാണീ സ്ഥലത്തിന്റെ പേര്. ഇതിന്റെ തലസ്ഥാന നഗരവും ഇത് തന്നെ. വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണിവിടെ. ജക്കാർത്തക്കാരുടെ വാരാന്ത്യ സുഖവാസ കേന്ദ്രവും കൂടിയാണിത്. അഗ്‌നിപർവ്വതങ്ങളുടെ നടുവിലാണ് മനോഹരമായ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എല്ലാവശങ്ങളിലും തീ തുപ്പുവാൻ തയ്യാറായി നിൽക്കുന്ന അഗ്‌നിമലകൾ.

ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനി ജക്കാർത്തയിൽ നിന്നും അവരുടെ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റുവാനുണ്ടായിരുന്ന ഒരു പ്രധാന കാരണം, ഇവിടത്തെ കുളിരുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയും തന്നെയാകണം. ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയാണ് ഇവിടെ തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ഇന്നിവിടത്തെ തേയിലത്തോട്ടങ്ങൾ ലോകപ്രശസ്‌തവുമാണ്. അഗ്‌നിപർവ്വതങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന ലാവ ഈ മണ്ണിനെ അതിഫലപുഷ്‌ടമാക്കിയിട്ടുണ്ടെന്നത്, ഇവിടത്തെ കാർഷിക രംഗം കണ്ടാൽ മനസ്സിലാകും. എല്ലാത്തരം കൃഷികളും ഇവിടെയുണ്ട്. നെൽകൃഷിക്കും ഈ പ്രദേശം പ്രസിദ്ധമാണ്.

ഞാൻ കഴിഞ്ഞ മാസം (ജനുവരി 2020) ബാണ്ടൂങ് സന്ദർശിച്ചിരുന്നു. ഇതെന്റെ രണ്ടാമത്തെ സന്ദർശനമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപും ഞാനിവിടെ സന്ദർശിച്ചിട്ടുണ്ട്. ഇന്തോന്വേഷ്യയുടെ നാലാമത്തെ വലിയ നഗരമാണ് ബാണ്ടൂങ്. ഡച്ച് കെട്ടിട നിർമ്മാണ ഭംഗി എവിടെയും ദർശിക്കുവാൻ കഴിയും. പഴയകാല കെട്ടിടങ്ങൾ പ്രൗഢിയോടുകൂടി നിലനിർത്തിയിരിക്കുന്നു. ഒപ്പം പുതിയ കാലഘട്ടത്തിന്റെ അംബരചുംബികളും. പല നിരത്തുകളും പാരീസിനെ ഓർമ്മപ്പെടുത്തുന്നതാണ്. ബാണ്ടൂങിന് ജാവയുടെ പാരീസ് എന്നും പേരുണ്ട്.

ജക്കാർത്തയിൽ നിന്നും ബാണ്ടൂങ്ങിലേക്കു പോകണമെങ്കിൽ പല മാർഗ്ഗങ്ങളുണ്ട്. വിമാനം, ടാക്‌സി, ബസ്, ട്രെയിൻ എന്നിവയാണ് അവ. ഇതിൽ ഏറ്റവും മനോഹരം ട്രെയിൻ യാത്ര തന്നെ. ഒട്ടും വിരസമാകാത്ത യാത്ര. മൂന്നു മണിക്കൂർ യാത്രയുണ്ടാകും. കൃഷിടങ്ങളും വനങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ മാത്രമുള്ള യാത്ര. നെൽപ്പാടങ്ങളുടെ ഭംഗിയാസ്വദിക്കുവാൻ ഏറ്റവും അനുയോജ്യം. യാത്രയിൽ ധാരാളം പാലങ്ങൾ കടന്നു പോകണം. ഒരു തുരംഗവുമുണ്ട്. കുന്നും മലകളും ഗർത്തങ്ങളുമുള്ള ഭൂപ്രകൃതി. സമയം കടന്നുപോകുന്നതറിയുകയേയില്ല.

ജക്കാർത്തയിലെ ഗംഭീർ റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ബാണ്ടൂങ്ങിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്നത്. ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന ഒരു സ്റ്റേഷൻ ആണിത്. ഒരു വിമാനത്താവളം പോലെ മനോഹരമാണിത്. ട്രെയിനുകളും മനോഹരങ്ങളാണ്. നൂതന സൗകര്യങ്ങളുള്ള ഇരിപ്പിടങ്ങൾ ഒരു വിമാനത്തിനുള്ളിലേക്കാൾ ആകർഷണീയമാണ്. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ. നമ്മുടെ നാട്ടിലും ഇപ്പോൾ ചില ട്രെയിനുകളിലൊക്കെ ഈ സൗകര്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അത് കേടാക്കുന്നതിനും വൃത്തികേടാക്കുന്നതിനും ഇവിടെ ചിലർ ഉണ്ടാകും എന്നതാണ് നമ്മുടെ പ്രധാന പ്രശ്‍നം. പൊതുമുതൽ സംരക്ഷിക്കുവാൻ നമുക്കറിയില്ല എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.

സർവകലാശാലകളുടെ നഗരമാണ് ബാണ്ടൂങ്. പതിനേഴു സർവകലാശാലകളാണ് ഇവിടെയുള്ളത്. അൻപതിലേറെ കോളേജുകളും നൂറുകണക്കിന് സ്‌കൂളുകളും ഇവിടെയുണ്ട്. എവിടെയും വിദ്യാർത്ഥികളുടെ തിരക്ക് നമുക്കനുഭവപ്പെടും. ബ്രാഗ തെരുവാണ് അതിനേറ്റവും നല്ല ഉദാഹരണം. വൈകുന്നേരമായാൽ വിദ്യാർത്ഥികളേയും സഞ്ചാരികളേയും കൊണ്ട് നിറയും. കൊളോണിയൻ കാലഘട്ടത്തിനെ ഓർമ്മപ്പെടുത്തുന്ന കെട്ടിടങ്ങൾ. പാരീസിലെ ഒരു തെരുവിലൂടെ നടക്കുകയാണെന്നേ തോന്നൂ. ഇന്നിത് കഫേകളും, ജാസ് ബാറുകളും, ഉയർന്ന റെസ്റ്റോറെന്റുകളും, ബേക്കറികളും, കേക്ക് ഷോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയും സംഗീതം. യുവജനങ്ങളുടെ ആഘോഷത്തിമിർപ്പ്. ബ്രാഗ തെരുവ് ബാണ്ടൂങിലെ ഒരു അനുഭവമാണ്.

ട്രാൻസ് സ്റ്റുഡിയോ മാൾ ആണ് ഇവിടത്തെ മറ്റൊരാകർഷണം. ഇവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണിത്. മിക്ക ബ്രാൻഡുകൾക്കും ഇതിൽ ഷോറൂമുകളുണ്ടാകും. ഫാഷന്റെ തലസ്ഥാനമെന്നാണ് ബാണ്ടൂങ് അറിയപ്പെടുന്നത്. പ്രത്യേകിച്ചും തുണിത്തരങ്ങളുടെ. ബാണ്ടൂങ്കിൽ ഷോറൂമുകളില്ലാത്ത ലോകോത്തര ബ്രാൻഡുകൾ കുറവായിരിക്കും. ആകർഷണീയമായ വിലയാണ് മറ്റൊരു പ്രത്യേകത. മലേഷ്യയിൽനിന്നും സിങ്കപ്പൂരിൽ നിന്നുമെല്ലാം ആളുകൾ തുണിത്തരങ്ങൾ വാങ്ങുവാൻ ഇവിടെയെത്താറുണ്ട്. അവരുടെ രാജ്യങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വൻ ലാഭത്തിൽ ഇവിടെ ലഭിക്കും എന്നതിനാലാണിത്. നല്ല ഗുണ നിലവാരവും ന്യായവിലയുമാണ് ബാണ്ടൂങ്ങിനെ ഈ പ്രശസ്‌തിയിലെത്തിച്ചിരിക്കുന്നത്.

ഗെഡൂങ് സെയ്റ്റ് ആണ് ഇവിടത്തെ ഏറ്റവും മനോഹരമായ കെട്ടിടം. ഡച്ച്-ഇന്തോന്വേഷ്യൻ കെട്ടിട നിമ്മാണ സമുന്വയം ആണിതിന്റെ പ്രത്യേകത. പരിപൂർണ്ണ തൃപ്‌തി നൽകുന്ന കെട്ടിടം എന്നാണ് ഈ പേരിന്റെ അർഥം. ഇന്നിത് ഇവിടത്തെ ഗവർണ്ണറുടെ വസതിയും ഓഫീസുമായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ അടിഭാഗത്ത് ഒരു മ്യുസിയവുമുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ മികവും സാധ്യതകളും പ്രകടമാക്കുന്ന ഒരു മ്യുസിയം.

വളരെ രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ മ്യുസിയത്തിനകത്തുകൂടി എങ്ങനെയോ ഗവർണ്ണറുടെ ഓഫീസിൽ എത്തിച്ചേർന്നു. പ്രവേശനമില്ലാതിരുന്ന ഏതോ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടാകും. മ്യുസിയത്തിന്റെ ഭാഗം എന്നൊരുപക്ഷേ കരുതിയിരുന്നിരിക്കാം. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരെത്തി, എങ്ങനെയിവിടെ എത്തിയെന്നാരാഞ്ഞു. പെർമിഷൻ ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇതൊരു മ്യുസിയം അല്ലേ? ടിക്കറ്റ് എടുത്തിട്ടുണ്ട്’ എന്ന് ഞാനും മറുപടി നൽകി. ‘ഇത് മ്യുസിയത്തിന്റെ ഭാഗമല്ല, ഇവിടത്തെ ഗവർണ്ണറുടെ ഓഫീസ് ആണ്. അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല’ എന്നായി അവർ. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ആ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവിടെയെത്തി. അദ്ദേഹം എന്നോട് ആരാണ്, എവിടെനിന്നും വരുന്നു, എന്താണ് ജോലി തുടങ്ങിയ കാര്യങ്ങൾ വളരെ സൗമ്യമായി തിരക്കി. എന്റെ മറുപടിയിൽ തൃപ്‌തനായതുകൊണ്ടോ അതോ അദ്ദേഹത്തിന്റെ സ്വഭാവ ഗുണം കൊണ്ടോ, ഇവിടം കാണണമെന്നുണ്ടോ എന്നന്വേഷിച്ചു. 

ഇത്ര മനോഹരമായ ഈ കെട്ടിടം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ഞാനും മറുപടി കൊടുത്തു. അദ്ദേഹം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരോട് എന്നെ എല്ലായിടവും കാണിച്ചു കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്‌തു. അവർ എന്നെ എല്ലായിടവും കൊണ്ട് നടന്നു കാണിക്കുകയും, ഫോട്ടോകൾ എടുക്കുവാൻ അനുവദിക്കുകയും ചെയ്‌തു. ഒടുവിൽ ഒരു ഹസ്‌തദാനവും നൽകി ആ ഉദ്യോഗസ്ഥൻ എന്നെ യാത്രയുമാക്കി.

ഞാനപ്പോൾ ഓർത്തത് മറ്റൊന്നായിരുന്നു. നമ്മുടെ രാജ്യത്തെ ഒരു ഗവർണ്ണറുടെ വസതിയിൽ ആയിരുന്നു ഇപ്രകാരം കയറിയിരുന്നതെങ്കിൽ, എത്ര ദിവസം ഞാൻ തടവിൽ കിടക്കേണ്ടിവരുമായിരുന്നു? എത്ര പേരുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുമായിരുന്നു? എൻ.ഐ.എ. പോലുള്ള ഏജൻസികൾ പോലും ചോദ്യം ചെയ്യലിന് പറന്നെത്തുമായിരുന്നില്ലേ? നമ്മുടെ ദൃശ്യമാധ്യമങ്ങൾ എന്തെല്ലാം കഥകൾ മിനഞ്ഞെടുക്കുമായിരുന്നു? അന്തിച്ചർച്ചകളിൽ എന്തൊക്കെ പദവികൾ ചാർത്തിത്തരുമായിരുന്നു?


ഡോ. സുനീത് മാത്യു

മധുര പനിയാരം

മിക്ക അമ്മമാരുടെയും പരാതിയാണ്, കുട്ടികൾ ഒന്നും കഴിക്കുന്നില്ല എന്നത്. എന്നാൽ അവരുടെ ഭാരം നോക്കുമ്പോൾ ശരിയായതോ കൂടുതലോ കാണിക്കുകയും ചെയ്യും. അതിനർത്ഥം അവർ ആവശ്യത്തിന് കഴിക്കുന്നുണ്ട് എന്നു തന്നെയാണ്. അമ്മമാർ ആഗ്രഹിക്കുന്ന ഭക്ഷണം അവർ കഴിക്കുന്നില്ല എന്ന് മാത്രം. കുട്ടികൾ വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവരാണ്. പലപ്പോഴും അവർക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിൽ അമ്മമാർ പരാജയപ്പെടുന്നു എന്നു വേണം കരുതാൻ. അത്തരത്തിൽ രുചികരമായതും എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതും ഗുണകരവുമായ ചില പലഹാരക്കൂട്ടുകൾ അറിഞ്ഞു വയ്ക്കുക, അതുണ്ടാക്കി കൊടുക്കുക എന്നതാണ് ഇതിനൊരു പരിഹാരം. അത്തരത്തിൽ ഒരു പലഹാരം പരിചയപ്പെടുത്തുന്നു.

പനിയാരം തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷണം ആണ്. പ്രത്യേകിച്ചും തമിഴ്‌നാട്ടിലും കർണാടകത്തിലും. അത് മിക്കയിടങ്ങളിലും സ്‌പൈസി ആയിട്ടാണുണ്ടാക്കുന്നത്. ചട്ടിണി ചേർത്ത് കഴിക്കുന്നവിധം. നമുക്ക് മധുരമുള്ള ഒരു പനിയാരം ഉണ്ടാക്കാം.

ചേരുവകൾ

ഗോതമ്പുപൊടി 1 കപ്പ്

ശർക്കര 1 കപ്പ്

ഞാലിപ്പൂവൻ പഴം 3 എണ്ണം

3 ഏലക്കായ പൊടിച്ചത്

ബേക്കിങ് സോഡ ഒരു നുള്ള്

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

പാചകം  ചെയ്യുന്ന വിധം

ശർക്കര വെള്ളം ഒഴിച്ച് കലക്കി അരിച്ചെടുത്തു മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുത്ത് അതിലേക്കു പഴം നന്നായി ഞെരടി ഇടുക. ഇതിലേയ്ക്ക് എണ്ണ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് ദോശമാവ് പരുവത്തിലാക്കി അറ മണിക്കൂർ വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പക്കാരയിൽ ഓരോ കുഴികളിലും കാൽ ഭാഗം വരുന്ന വിധം എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേയ്ക്ക് മാവ് ഒഴിച്ച്, തിരിച്ചും മറിച്ചും വറുത്തെടുക്കുക. മൃദുവും രുചികരവുമായ മധുര പണിയാരം തയ്യാർ.


ഡോ. ഷേർളി സുനീത്    

 

പ്രതികരണങ്ങൾ


 മൂന്നു കഥകൾ ആയിരുന്നു ജൂൺ ലക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നും കഥാകാരികളുടെ ആയിരുന്നു എന്നത് കൗതുകകരമായി. കഥകൾ മൂന്നും നന്നായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് മറുക് എന്ന കഥയായിരുന്നു. “അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി”. ഒരു കവിതപോലെ മനോഹരമായ തുടക്കം. നിയമപരമല്ലാത്ത സ്നേഹം നൽകുന്ന വ്യഥകളും, ആധിയുമെല്ലാം എത്ര മനോഹരമായിട്ടാണ് പറഞ്ഞു പോകുന്നത്. കുറേ നാളുകളെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന നൊമ്പരമായി നിധി. അഭിനന്ദനങ്ങൾ ഹരിത. ജിസ പ്രമോദിന്റെ അതിജീവിത എന്ന കഥയും ഈ കാലഘട്ടത്തിന് അനുയോജ്യമെന്ന് നിസ്സംശയം പറയാം. പേരും പ്രശസ്തിയുമില്ലാത്ത, ഒരിക്കൽപ്പോലും സംസാരവിഷയമാക്കാത്ത എത്രയെത്ര കാർത്തുമാർ നമ്മുടെ ഇടയിൽ ഉണ്ടാകും. ആരുടേയും സഹായമില്ലാതെ അവരിൽ മിക്കവരും അതിജീവിക്കുകയും ചെയ്യുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. അതിജീവിച്ചേ മതിയാകൂ. അത് കോലാഹലങ്ങളില്ലാതെയും ആകാം. കുറച്ചുകൂടി വൈകാരികവും മനോഹരവും ആക്കാമായിരുന്നു ഒരു കഥയാണ് ഷൈജയുടെ പാവ എന്ന് തോന്നി. എഴുത്തു ശൈലി നന്നായിരുന്നു. കവിതകളിൽ റാണി സുനിൽ എഴുതിയ പൂ(ത്ത)പ്പാത്രം മനോഹരമായിത്തോന്നി. മറ്റു കവിതകളും മോശമായിരുന്നില്ല. മാസികയ്ക്കും അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.

ജി. ഇന്ദുലേഖ, കോട്ടയം.


നല്ല കഥകളും കവിതകളും, ലേഖനങ്ങളും കോർത്തിണക്കി മനോഹരമായിരുന്നു ജൂൺ ലക്കം. ആരോഗ്യവും, സഞ്ചാരവും, പ്രദിപാദ്യവുമെല്ലാം ആസ്വാദ്യകരം. വയലറ്റ് മറുക് എന്ന കഥ വല്ലാതെ സ്പർശിച്ചു. ഗർഭ പാത്രത്തെക്കുറിച്ചുള്ള കവിതയും നല്ല നിലവാരം പുലർത്തി. പ്രതിപാദ്യം പതിവു ശൈലിയിൽ നിന്നും വ്യതിചലിക്കപ്പെട്ടോ എന്ന് മാത്രം ഒരു സംശയം. ബാലി യാത്ര ഏതാണ്ടുറപ്പിച്ചു. അത്ര ഗംഭീരമാണ് ഇന്തോന്വേഷ്യൻ ദിനങ്ങൾ.

രേണുക ശിവദാസൻ, കുഴൽമന്ദം


ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. ഓരോ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. വായിക്കാനേ അറിയൂ, എഴുതാനറിയില്ല. എന്നെപ്പറ്റി ഇങ്ങനെ പറയുന്നതാകും കൂടുതൽ ശരി. അക്കാരണം കൊണ്ടുതന്നെ ഇതിവൃത്തം ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ

മേരിക്കുട്ടി ജോസഫ്, തിരുവല്ല.


ഇതിവൃത്തം മാസികയുടെ മുഖച്ചിത്രങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഉള്ളിലെ വിഭവങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ലക്കങ്ങളിലെയും മുഖ ചിത്രങ്ങൾ. ഉള്ളടക്കങ്ങളും അങ്ങനെ തന്നെ.

സി പി ചന്ദ്രൻ, കോയമ്പത്തൂർ


മാസികയിലേയ്ക്ക് അഭിപ്രായമറിയിക്കുന്നവർക്കും വായനക്കാർക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ.

എഡിറ്റർ

2022 ജൂൺ 25, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക ജൂൺ 2022, ലക്കം 21


 

മുഖമൊഴി


 നിക്ഷേപങ്ങൾക്ക് പുറകേ ഓടുന്ന ഒരു ജനക്കൂട്ടത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. പല പല തട്ടിപ്പ് നിക്ഷേപങ്ങൾക്കും വിധേയരായിട്ടുള്ളവർ. ആട്, എമു മുതൽ മാഞ്ചിയം വരെ വളർത്തിയവരാണ് നമ്മൾ. അതുകൊണ്ട് തന്നെ കുട്ടികളെ വളർത്തുന്നതിലും ഒരു നിക്ഷേപ സാധ്യത ചിന്തിക്കുന്നതിൽ തെറ്റില്ല.

ഏറ്റവും മുന്തിയ സ്ക്കൂളുകളിൽ പഠിപ്പിച്ച്, അതിലേറെ പണം മുടക്കി ട്യൂഷനുമയച്ച് ഇരുപത്തഞ്ചോളം വർഷങ്ങൾ മുടക്കിയ പണം തിരിച്ചു പിടിയ്ക്കണമെന്ന നമ്മുടെ കച്ചവട മനസ്ഥിതി ചിന്തിച്ചാൽ ഞാൻ കുറ്റം പറയുകയില്ല.

ഒരു കാലത്ത് ആൺകുട്ടികളെ കൂടുതൽ പഠിപ്പിയ്ക്കുകയും പെൺകുട്ടികളെ പഠിപ്പിക്കുന്നതിലുണ്ടാകുന്ന നഷ്ടത്തേക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു.

പെൺകുട്ടികളും സമ്പാദിച്ചു കൊടുക്കുവാൻ തുടങ്ങിയതിനു ശേഷമാകണം, ആ ചിന്താഗതിയിലും മാറ്റങ്ങളുണ്ടായിത്തുടങ്ങി.

പണസമ്പാദനം എക്കാലത്തേയും ഒരു ജീവിതരീതിയാക്കി മാറ്റിയത് നമ്മൾ മാത്രമാണെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകില്ല. പാശ്ചാത്യ സമൂഹങ്ങളിൽ ഇത്തരം സമ്പാദ്യശീലം വളരെ കുറവാണ്. അവർ ജോലി ചെയ്യുന്നു. ആ പണം ആഘോഷങ്ങൾക്കായും, അവരുടെ സന്തോഷങ്ങൾക്കായും ചിലവഴിക്കുന്നു. നമ്മളാകട്ടെ സന്തോഷങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ആ പണം ചേർത്ത് വച്ച് വളർത്തുന്നു. സമ്പാദിക്കും തോറും സമ്പാദിക്കുവാനുള്ള ആസക്തി ഉണ്ടാക്കുന്നു.

അടുത്തയിട പലയിടങ്ങളിലും വർദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങൾ, ഒരു പക്ഷേ മക്കളിൽ നിക്ഷേപിക്കുന്ന പണം ഒരു പരാജയമാണെന്ന തോന്നൽ, ഇത്തരത്തിലുള്ള വ്യാപാരികളിൽ ഉടലെടുക്കാൻ കാരണമായിട്ടുണ്ടാകാം. അല്ലെങ്കിൽ ആസന്നഭാവിയിൽ ഉണ്ടായേക്കാം.

ഏതൊരു ബിസിനസുകാരനും ആഗ്രഹിക്കുന്നത് ലാഭം ആണല്ലോ. ഇവിടെയും ലാഭം കൊയ്യാൻ കഴിയും. കുട്ടികളെ അവരുടെ അഭിരുചിക്കനുസരണം പഠിപ്പിക്കുക എന്നതാണ് ഉത്തമ മാർഗ്ഗം. സ്നേഹമെന്ന മന്ത്രം കുട്ടികളെ പഠിപ്പിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകുന്നു. വിദ്യാഭ്യാസത്തിനോടൊപ്പം അതും പകർന്നു നൽകുക. കൂടെയുണ്ട് എന്ന വിശ്വാസം പകർന്നു നൽകുക. കച്ചവടത്തിൽ നഷ്ടം വരില്ല എന്ന് ഉറപ്പ്. സ്വാർഥത പഠനമാർഗ്ഗമാക്കുന്നവർ സ്വാർത്ഥരായി ത്തന്നെ ജീവിച്ചു തീർക്കുന്നതിൽ എന്താണദ്ഭുതം? നല്ലൊരു മനുഷ്യനാകാനുള്ള അറിവുകൾ കൂടി നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്.

എല്ലാ കച്ചവടങ്ങളും ലാഭ നഷ്ടസാധ്യതകൾ ഉള്ളതാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇപ്പോൾ പലതിലും നിയമപ്രകാരമുള്ള മുന്നറിയിപ്പായി ഇത് രേഖപ്പെടുത്തുന്നുമുണ്ട്. ഒരു കുട്ടി ജനിയ്ക്കുമ്പോൾ എടുത്തു കൊണ്ട് വന്നു കാണിക്കുന്ന ഭൂമിയിലെ മാലാഖമാർ ഇത്തൊരമൊരു മുന്നറിയിപ്പു കൂടി തരാൻ ഇടവരാതിരിക്കട്ടെ. നമ്മുടെ കുട്ടികളെയെങ്കിലും വാണിജ്യച്ചരക്കായി കാണാതിരിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാകട്ടെ.

വീണ്ടുമൊരു സ്‌കൂൾകാലം തുടങ്ങുകയായി. നമ്മൾ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു  

വന്നു. കണ്ടു. പോയി.


 വരുമെന്നറിയാമായിരുന്നു. രണ്ടുവർഷമായ കാത്തിരിപ്പായിരുന്നല്ലോ. വന്നപ്പോൾ മനസ്സിലായില്ല. വല്ലാതെ മാറിയിരിക്കുന്നു.  പഴയ തേജസ്സും പ്രസരിപ്പുമൊന്നുമില്ല. ഒരു പാവത്താൻ.

ഒരുകാര്യം മനസ്സിലാക്കി. കൊറോണ ആശാന് മാസ്കിടുന്നവരെ ഇഷ്ടമല്ല. ഉപദേശിക്കുന്നവരെ ഇഷ്ടമല്ലാത്ത കൗമാരക്കാരനെപ്പോലെ.

ജോലിസ്ഥലത്തുനിന്നാണ് കിട്ടിയത്. ഉന്നതതലസമ്മേളനം. ഞാൻ മാത്രം മാസ്‌കൻ. മറ്റുള്ളവരെല്ലാം അമാസ്‌കർ. ഒറ്റപെടണ്ടല്ലോ എന്ന് കരുതി ഞാനും മാസ്‌ക്കൂരി. ഉടനെ പിടിച്ചു. സമ്മേളനം കഴിഞ്ഞു മാസ്ക് തിരികെകേറ്റിയതാണ്. പറഞ്ഞിട്ടെന്തിനാണ്, അപ്പോഴേക്കും കിട്ടാനുള്ളത് കിട്ടിബോധിച്ചിരുന്നു.

പിന്നെയങ്ങോട്ടു ഏഴുദിവസം ജയിൽ വാസം, അഥവാ വീട്ടുതടങ്കൽ.  താഴേക്കീഴിൽ (Down Under aka Australia) രാജ്യമാണ്. കോവിഡ് ഭീകരനെ ഈയടുത്തനാൾ വരെ വരിഞ്ഞു കെട്ടിയിട്ടിരുന്നു. ഊരിവിട്ടിട്ടു കുറച്ചു നാളുകൾ ആകുന്നേയുള്ളൂ. സ്വതന്ത്രമായി ലവൻ അഴിഞ്ഞാടുന്ന സമയം.

പൂജ്യദിവസം (ഡേയ്..സീറോ)

രാവിലെ ചെറിയ ഒരു വല്ലായ്കയുണ്ടോയെന്നു വെറുതെ, ചുമ്മാ ഒരു തോന്നൽ. തൊട്ടടുത്ത് എലിപരീക്ഷണത്തിനുള്ള (Rapid Antigen Test – RAT TEST) സാമഗ്രികൾ പൊടിപിടിച്ചിരിക്കുന്നു. എടുത്തു, പൊളിച്ചു. കോലെടുത്തു (Swab)  മൂക്കിൽ  കേറ്റി പത്തുവീതം തവണ  കറക്കിയുഴിഞ്ഞു. കോല് ട്യൂബിലെ ലായനിയിൽ തണുപ്പിക്കാൻ വച്ചു. പിന്നെ എണ്ണം പറഞ്ഞ മൂന്നുതുള്ളികൾ ട്യൂബ് ഞെരിച്ചു തെന്നിത്തെറിപ്പിച്ചു.  ടെസ്റ്റ് ചീളിന്റെ (Strip) അറ്റത്തുള്ള ദ്വാരത്തിൽ മൂന്നും വീണെന്ന് ഉറപ്പു വരുത്തി. മൂന്ന് നിമിഷങ്ങൾ കഴിഞ്ഞു, റീഡിങ് വെളിച്ചംകണ്ടു.  അത്ഭുതം, ഒറ്റവര മാത്രം. സംഭവം ഇല്ലെന്നുറപ്പിച്ചു. അരമണിക്കൂർ കഴുഞ്ഞു വീണ്ടും മൂത്രമൊഴിക്കാൻ ബാത്‌റൂമിൽ കേറിയപ്പോൾ വെറുതെ അവിടിരുന്ന ടെസ്റ്റ് ചീളിനെ വീണ്ടും ഒന്ന് നോക്കിയതാണ്. വര രണ്ടായിരിക്കുന്നു! ‘ഒന്നായ നിന്ന‍െ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടള്‍ ബദമിണ്ടാവതല്ല മമ’ എന്ന കൺഫ്യൂഷനിലായിലായതുകൊണ്ട് മിണ്ടാതെ ഒന്നുകൂടി ആവർത്തിച്ചു, എലിപരീക്ഷണം. വര രണ്ട്!  ഉണ്ടെന്നുറപ്പിച്ചു.

സംസ്ഥാന ആരോഗ്യപരിപാലനവകുപ്പിനെ ഉടൻ വിവരം അറിയിച്ചു. ഏഴുദിവസം പുറത്തെങ്ങാനും കണ്ടാൽ വിവരംഅറിയും എന്ന് അവരും.

രോഗലക്ഷണം:  ദിവസം രണ്ടു ചുമ. ചുമക്കുമ്പോൾ മാത്രമുണ്ടാകുന്ന പ്രത്യേകതരം തലവേദന. മനോവേദന.

ഒന്നാം ദിവസം (പ്രഥമൻ)

ഒന്നാം ദിവസം ലവൻ കളിതുടങ്ങി. അപ്പക്കണ്ടവനെ ഡാഡീ…എന്ന ലൈൻ. ശാരീരിക ഉപദ്രവങ്ങളൊന്നുമില്ല. ഒരുതരം സൈക്കോളജിക്കൽ മൂവ്. ആത്മവിശ്വാസം വെറുതെ കേറ്റുന്നു. എനിക്ക് എല്ലാറ്റിനേം പുല്ലുവില. മാസ്കുമാറ്റി ഷോപ്പിംഗിനു പോയാലൊന്നുവരെ ആലോചിച്ചു. ലീവെടുക്കാതെ കൂടുതൽ ജോലി ചെയ്യുന്നു. ഓൺലൈൻ മീറ്റിംഗുകളിൽ താരമാകുന്നു. എന്ന് വേണ്ട, ഇപ്പോപറഞ്ഞാൽ അമേരിക്കൻ പ്രസിഡന്റ് ആകാനും തയ്യാർ എന്ന മട്ട്.

രോഗലക്ഷണം:മൂന്നു ചുമ. തലവേദനയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. മുടിഞ്ഞ ആത്മവിശ്വാസം.  

രണ്ടാം ദിവസം (ദൂസരി)

അധ്യാപനം ജോലിയായതുകൊണ്ടു ക്ലാസുകൾ എടുക്കണം. ഒന്നും ക്യാൻസൽ ചെയ്തില്ല. ഓൺലൈൻ ക്ലാസ്സുകളാണ്. മാസ്ക്കിട്ടു ക്ലാസ്സെടുത്തു (വെറും ഷോ!). ക്ലാസിനു വന്ന സായിപ്പൻമ്മാരും മദാമ്മകളും ഞെട്ടിത്തരിച്ചു. കുറ്റമറ്റ അഭ്യസനകര്‍മ്മം കണ്ട് കോരിത്തരിച്ചു. അങ്ങ് ദൂരെ ആംഗലേയനാട്ടിൽ ഹോളി ട്രിനിറ്റി ചർച്ചിലെ കല്ലറയിൽകിടന്നു ഷേക്‌സ്പിയർ പുഞ്ചിരിച്ചു. ഇംഗ്ലീഷ്  ഭാഷ രക്ഷപ്പെട്ടിരിക്കുന്നു! കമോൺട്ര…സുമേഷ് എന്ന് പറഞ്ഞു പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു തെറികൂടി വിളിച്ചു അണ്ണൻ, സ്നേഹംകൊണ്ട്.

പറ്റിയാൽ നാല് ഗീതകങ്ങൾ (Sonnets) എഴുതിവിടാം എന്ന ആത്മവിശ്വാസത്തിൽ, ഞാൻ.

രോഗലക്ഷണം:കൂടുതൽ സംസാരിച്ചാൽ നാല് ചുമ. ഇല്ലെങ്കിൽ ഇല്ല. തലവേദനയുടെ കാര്യം മറന്നു. കൊടികുത്തിയ ആത്മവിശ്വാസം.  

മൂന്നാം ദിവസം (ത്രിദീയം)

നൂറ്റിയഞ്ചു ഡിഗ്രി പനിയെന്നപോലെ നൂറ്റിയഞ്ചു ശതമാനം ആത്മവിശ്വാസം. ജോലി ഓവർടൈം ചെയ്തു മുന്നേറുന്നു. ഗവേഷക വിദ്യാർത്ഥികളെ പതിവിൽക്കവിഞ്ഞു വിരട്ടുന്നു. സഹഗവേഷക വഴികാട്ടികളെ (റിസർച്ച് ഗൈഡ്)പുച്ഛിക്കുന്നു. എന്നുവേണ്ടാ മലയാളികളായ മലയാളികളുടെയെല്ലാം സഹജമായ പുച്ഛഭാവം എന്നിൽമാത്രം ഉറഞ്ഞുകൂടിയ പുച്ഛകോടി. എന്നുപറഞ്ഞാൽ ലോകത്തിലെ ആകമൊത്തം പുച്ഛത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും എന്നിൽ! 

രോഗലക്ഷണം: ചുമ ചുമക്കാതായി. അതി കഠിനമായ പുച്ഛം.

നാലാം ദിവസം (ചതുർഥി)

വീട്ടുതടങ്കലിൽ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ പുച്ഛവും ആത്മവിശ്വാസവും വിഷാദനത്തിന്റെ നീലിമച്ഛായയിലേക്കു പതിയെ കടന്നു. ഏഴാംദിവസം എങ്ങനെയെത്തിക്കാം എന്ന് കൂലംകക്ഷമായ ചിന്തതുടങ്ങി. ഒരേ കടൽ, ഒരേ ചിന്ത. ഒരേ വിഷാദം.

രോഗലക്ഷണം: വിഷാദം.

അഞ്ചാം ദിവസം (പഞ്ചാഗ്നി)

അഞ്ചായപ്പോൾ പഞ്ചുഡയലോഗ്‌ പോലെ സംഭവം കളറായി. ഊണിന്നാശ തുടങ്ങി, നിദ്ര പകൽപോലും വന്നു തൂങ്ങാറായ്. ആർത്തിമൂത്തു പ്രാന്തായി.വയറ്റിൽ പഞ്ചാഗ്നി. വയറ്റിൽ എന്തിട്ടാലും നൊടിയിടയിൽ കത്തി ചാമ്പലാകുന്ന സവിശേഷാവസ്ഥ വന്നുഭവിച്ചു. തീറ്റ മൂന്നുനേരം എന്നുള്ളത് മുപ്പതായാലും മുഷിയില്ല ‘ന്നായി.  വിഷാദം തിന്നാത്തതിനായി. ആത്മവിശ്വാസം തിന്നുന്നതിനായി.

രോഗലക്ഷണം: തീറ്റപ്പണ്ടാരം.

ആറാം ദിവസം (ചക്ക)

തീറ്റകൊണ്ട് രോഗാവസ്ഥയിലും തടികൂടി. ഒരുദിവസം കൊണ്ട്! ആമാതിരി തീറ്റയായിരുന്നല്ലോ. അടുക്കളയടിമ. ശൗചാലയവാസി. ആറാം ദിവസം ആർത്തി കുറഞ്ഞു. ബുദ്ധി തെളിഞ്ഞു. നാളെ ഏഴാംനാൾ ആണെന്ന മനപ്പായസം വേണ്ടുവോളം കുടിച്ചു.   ഋണമുക്തനായവനെപോലെ സമ്പൂർണനായി അഹങ്കരിച്ചു.

രോഗലക്ഷണം: സന്തോഷം.

ഏഴാം ദിവസം (സപ്തമശ്രീ)

ഏഴാം ദിവസം ആരോഗ്യപരിപാലനവകുപ്പിൽ നിന്നും അറിയിപ്പെത്തി. നിങ്ങൾ ഇന്നുരാത്രി പന്ത്രണ്ട് മണി കഴിയുന്ന ശുഭമുഹൂർത്തം മുതൽ വീണ്ടും ഒരു സ്വതന്ത്രമനുഷ്യൻ ആയിരിക്കും. അനുമോദങ്ങൾ. രോഗലക്ഷണങ്ങൾ ഒന്നുപോലുമില്ലെങ്കിൽ പുറത്തിറങ്ങിൻ, ആഹ്ലാദിപ്പിൻ, ഉന്മാദിപ്പിൻ.

എലിപരീക്ഷണത്തിൻറെ (RAT TEST)കാര്യം ചിന്തിച്ചു പോകരുത് എന്ന ഭീഷണിയും. പുതുനിയമം. ഏഴാം നാൾ നെഗറ്റീവ് ആകണ്ട. ബീ പോസിറ്റീവ്. 

രോഗലക്ഷണം:ഉന്മാദം.

വാൽക്കഷണം:

ലവൻ പുലിയാണ് കേട്ടാ. ഒരു സാധാരണ വൈറസിനെ കാണുന്നതുപോലെ നിങ്ങൾ അവനെ കണ്ടുപോകരുത്. ആശാൻ ബഹുമുഖപ്രതിഭയാണ്. കളിക്കളംപോലെ കളിമാറ്റും. ഓന്തിനെപ്പോലെ നിറം മാറ്റും. കമലഹാസനെപ്പോലെ മുഖം മാറ്റും. കുറുപ്പിനെപ്പോലെ കളം മാറ്റും.

നിങ്ങൾക്ക് കോവിടിനെക്കുറിച്ചു ഒരു ചുക്കും അറിയില്ല സാർ.



സുമേഷ് രാമചന്ദ്രൻ 

പൂ(ത്ത)പ്പാത്രം

 


ധാവണി പ്രായംതൊട്ടേ

കണ്ണു നീട്ടിയെഴുതി

ചുണ്ടിൽ കടും ചുവപ്പെഴുതി

അലുക്കിട്ട കുപ്പായമിട്ട്

കറുത്ത വാവിന്

ചുവന്നു കാത്തിരിക്കുന്ന

പൂപ്പാത്രമുണ്ടവൾക്ക്.

അടിമുടി പൂത്തുനിന്ന്

സൂര്യകാന്തി പൂക്കളെമാത്രം

ഗർഭം ധരിക്കാൻ കൊതിച്ചത്.

കൂടൊരുക്കി

പട്ടുമെത്ത വിരിച്ച്

തെല്ലും മുഷിയാതെ

കാത്തിരിക്കുന്ന,

എല്ലാ വെളുത്ത വാവിനും സൂര്യകാന്തിയെ മാത്രം

ഉറ്റുനോക്കുന്ന

പൂപ്പാത്രം.

ഇരുപത്തെട്ടിന്റെ കാത്തിരിപ്പിൽ

നിലാവിന്റെ തോളുചാരി

വേലിയിറക്കത്തിൽ

നിരാശയുടെ ചുവന്ന കണ്ണീർ

ഇടക്ക് ഒഴുക്കിക്കളയുമത്.

സ്വയം  കഴുകിപ്പിഴിഞ്ഞ്

വേദനിച്ചാലും,

കാത്തിരിപ്പിലേക്ക് ഉറ്റുനോക്കി

മുറതെറ്റുന്നത് വരെ

സ്നേഹത്തിന്റെ ചാലുകീറി

പഞ്ഞിക്കെട്ട് കെട്ടും.

മാസക്കുളിയിൽ

കരഞ്ഞു  തീർക്കും.

പിന്നെ പുഴയൊഴുകാതായനാൾ

സൂര്യകാന്തി വിത്തു മുളച്ചുവെന്നറിഞ്ഞ്

മധുരം പകുക്കും.

ചുറ്റിനും വേൾപൂൾ തീർത്തു

പുഴയപ്പോൾ ചുറ്റിലും

പതുപതുത്ത കോട്ടകെട്ടും.

നട്ടു നനച്ചു തൊട്ടു തലോടി

നീന്തൽ പഠിപ്പിച്ചി-

തളുകളിൽ ഉമ്മവെച്ച്

വട്ടം കെട്ടിപ്പിടിച്ച്

സുരക്ഷിതമാക്കും.

അവളുടെ ഒത്ത നടുവിൽ

ജീവനിൽ  ചരടുകോർത്ത

ഒരു പിടിവള്ളി പൊക്കിൾക്കൊടിയിൽ

നിന്നും ഊഞ്ഞാലു കെട്ടും.

ഏറെ വളവും  നനവും കരുതും.

നിറയെ തേൻ ശേഖരിച്ചു വെയ്ക്കും.

പൂപ്പാത്രമിരിക്കുന്ന മുറിയും

നെറ്റിപ്പട്ടംകെട്ടി അതിസുന്ദരിയാവും.

വ്യാക്കൂണുകളിൽ പുളിമാങ്ങയും

മസാലദോശയും  ഇടം പിടിക്കും.

അങ്ങനെ ഒരിക്കൽ

പൂപ്പാത്രം  പൂത്തുതുടങ്ങും.

അകത്തളങ്ങളിൽ ക്ലാവ് പിടിക്കും.

ചിലപ്പോൾ ഇത്തിൾകണ്ണികളും

കൂണുകളും  പൊന്തി വരും.

ആരുമറിയാതെ

കുഞ്ഞൻ ഞണ്ടുകൾ  ഒളിച്ചിരിക്കും,

പെറ്റുപെരുകും.

അവറ്റകളെ  കണ്ടുപിടിച്ചു

പടിയടയ്ക്കുന്നത്

ബാലികേറാമലയാണ്,

മഹാ ഭാഗ്യമാണ്.

ഇടക്ക് നിലവിളിക്കുന്ന

ചുവന്ന പുഴയിലെ ചുഴിയിൽ

ജീവരക്തം വാർന്നോഴുകുമ്പോൾ

സുര്യകാന്തിപൂക്കൾ

ഇടംവലം കെട്ടിപ്പിടിക്കും.

അവസാനം,

സൂചിമുനപോലെ

വേദന തിന്നുന്ന

പൂപ്പാത്രത്തെ  ഇനി

വേണ്ടെന്നു വയ്ക്കും.

സൂര്യകാന്തി പൂത്ത പാടമാണ്.

കണ്ണടച്ചു പൂത്ത(പൂ )പാത്രം

തച്ചുടച്ചു കളയും.

“സ്വസ്ഥം!

ഇനി ഇരുപത്തിയെട്ടിന്റെ കാത്തിരുപ്പ്

വേണ്ടല്ലോ “എന്ന്

കൺകോണിൽ  ഒരു തുള്ളി

നുണ ചിരിച്ചുചിരിച്ച്

കവിളുകളെ നനയ്ക്കും.


റാണി സുനിൽ

വയലറ്റ് മറുക്


 അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി.

എന്നന്നേയ്ക്കുമായി ആ മുറിയുടെ താക്കോലാണ് കളഞ്ഞുപോയിരിക്കുന്നത്. ആ മുറിയാണ് അടഞ്ഞു പോയിരിക്കുന്നത്. അയാൾ ഇതിനു മുൻപും  ഇത്രയും ശാന്തമായി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതിന് തൊട്ടുമുൻപ് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അതൊരു വെയിൽ മങ്ങിയ ഞായറാഴ്ച പകൽ ആയിരുന്നു. ഞാൻ, അയാളുടെ ഉറച്ച ശരീരത്തിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു. അയാളുടെ കഴുത്തിൽ, രോമാവൃതമായ നെഞ്ചിനു തൊട്ടു മുകളിലായി, ഒരു വയലറ്റ് മറുക് ഉണ്ടായിരുന്നു.!

” നിനക്ക്, എന്നിൽ ഏറ്റവും ഇഷ്ടം എന്താണ്? “

” ഈ വയലറ്റ് മറുക്!”

” ഒഹ്, വയലറ്റ്! നിനക്ക് ആരോ ആ നിറത്തിൽ കൈവിഷം തന്നതാണ് പെണ്ണേ. അതല്ലാതെ മറുകുകൾ എല്ലാം കറുപ്പാണ്. “

ഞാൻ സമ്മതിച്ചു കൊടുക്കാറില്ല.

” നിങ്ങൾക്ക് അതിനെ വയലറ്റായി കാണുവാൻ കഴിയാത്തത് കൊണ്ടാണ്. “

ആ വിഷയത്തിൽ ഏതുസമയവും ആരുമായും ഞാൻ തർക്കിക്കുമായിരുന്നു.

അയാൾ എന്റെ അണിവയറിൽ വീണ്ടും അധരങ്ങളാൽ തഴുകികൊണ്ടിരുന്നു.  ഞാൻ മൗനമായി മുറിയിലെ കറങ്ങുന്ന പങ്കയിൽ  മാത്രം ദൃഷ്ടി ഉറപ്പിച്ചു. 

” നിങ്ങള്ക്ക്,  എന്നോട് പ്രണയം തോന്നുന്നുണ്ടോ..? ”

എന്റെ കണ്ണുകളിലേയ്ക്ക് അയാൾ നോക്കി.  അവ അപ്പോഴും മുകളിലേയ്ക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നു. 

” എന്ന് തിരക്കിയാൽ..?  നിന്നോട് പ്രണയം തോന്നാത്ത പുരുഷന്മാർ ഉണ്ടോ?  ശരീരം കൊണ്ട് നീ എന്തു സുന്ദരിയാണ്.  നിനക്ക് വല്ലാത്ത വശ്യതയാണ്.  എന്തുകൊണ്ട് നീ നിന്നിൽ അമരുന്ന പുരുഷന്മാരെ കൈവിടുന്നു.?  നിന്റെ പ്രണയത്തിന്റെ ഭംഗി നൽകാതെ കൈവിടുന്നു? ”

അയാൾ  നഗ്നമായ മാറിടങ്ങളിൽ ചുംബിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.

” അതിന് നിങ്ങൾക്ക് എന്നെ പ്രണയിക്കുവാൻ കഴിയുമോ? “

“എന്തോ അറിയില്ല. “

” നിങ്ങളുടെ ആദ്യകാമുകിയെയും, ഭാര്യയെയും പ്രണയിച്ചത് പോലെയാണോ? അങ്ങനെ എനിക്കൊരു പ്രണയം ആവശ്യമില്ല, വിവേക്. “

” ഒഹ്, പ്ലീസ് നിധി. ഒരു പുരുഷന് അവന്റെ ജീവിതത്തിൽ അങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ടായേക്കാം. ഒരുപാട് പേരെ പ്രണയിച്ചുവെന്നാൽ ഓരോ സ്നേഹങ്ങൾ ഓരോ തരം പ്രണയിക്കപ്പെടലുകൾ അവനിൽ ഉണ്ടെന്നല്ലേ അർഥം. എനിക്കാരുടേയും ഗുഡ് സർട്ടിഫിക്കറ്റ് ചാകുമ്പോൾ ആവശ്യമില്ല. “

” അതേയ്, ഒന്ന് മാറുവോ കുട്ടി “

ഞാൻ ഒന്ന് ഞെട്ടിയത് പോലെ ചുറ്റും നോക്കി. കത്തിതീർന്ന ചന്ദനത്തിരികൾക്ക് പകരം പുതിയൊരു കൂട് ചന്ദനത്തിരിയുമായി വന്ന പൊക്കമുള്ള ഒരാൾ ആണ്. അത്, വിവേകിന്റെ ആരാണ്? അച്ഛനോ? അമ്മാവനോ?  എനിക്ക് മനസ്സിലായില്ല.

ആ ചന്ദനത്തിരിയുടെ ഫേഗ്രൻസ് ഏതായിരിക്കുമെന്ന് മാത്രം ഞാൻ തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരുന്നു. ചില ഗന്ധങ്ങൾ, അയാൾക്ക് ഇഷ്ടമായിരുന്നില്ലല്ലോ.

 അയാളുടെ ഭാര്യ, വിളക്കിനു മുന്നിൽ ഇരിക്കുന്നുണ്ട്. അവരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? അവർ മൂക്കുപിഴിയുന്നുണ്ടോ? അവർക്ക് കഷ്ടിച്ച്, 35 വയസ്സ് പ്രായം കാണും. ഇപ്പോൾ അവർ ചിന്തിക്കുന്നത് എന്തായിരിക്കും?

എനിക്ക് അവിടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാൻ പതിയെ വീടിന്റെ അകത്തു കടന്നു. ആ വീട്ടിൽ ഇപ്പോൾ ആരും തന്നെ അപരിചിതർ അല്ല. ആർക്കും എവിടെയും കയറാം. ഞാൻ, വിവേകിന്റെ മുറി എളുപ്പം കണ്ടുപിടിച്ചു.

അവന്റെ അലമാരകളിൽ, എന്റെ വിയർപ്പുമണം ഒളിച്ചിരിക്കുന്ന സാരി ഉണ്ടായിരുന്നിരിക്കണം. ഒരിക്കൽ ബാംഗ്ലൂരിൽ വെച്ച് ഒരു വീഡിയോ കോളിൽ അവൻ എന്റെ വയലറ്റ് സാരി പുതച്ച് ഇരിക്കുന്നത് എന്നെ കാണിച്ചു തന്നിട്ടുണ്ട്.

അവന്റെ മാൽബോറോ സിഗരറ്റ് ഗന്ധം പൊടുന്നനെ എന്നെ പൊതിയുന്നത് പോലെയോ, എനിക്ക് വീണ്ടും ശ്വാസം മുട്ടുന്നത് പോലെയോ തോന്നി. ഞാൻ തിരികെ അവനെ കാണുന്ന ദൂരത്തിൽ മാറി നിന്നു. 

എനിക്കും അവൻ എന്റെ ആയിരുന്നു, എനിക്കും അവനെ നഷ്ടമായിരിക്കുന്നു. എനിക്കും അവനെ കെട്ടിപ്പിടിക്കണമായിരുന്നു. എനിക്കും അവന്റെ നെഞ്ചിൽ കിടന്നു പൊട്ടിക്കരയണമായിരുന്നു.

 അവന്റെ ഭാര്യ അകത്തു പോയി വിശ്രമിക്കട്ടെ. ഞാൻ ഇരുന്നോളാം അവന്റെ അടുത്തെന്നു ഉറക്കെ പറയണമായിരുന്നു. പക്ഷേ ഞാൻ ആരാണ്?! എനിക്കെന്ത് അവകാശം?! പണ്ടെപ്പോഴോ കൂടെ കിടന്നതോ?

അങ്ങനെയെങ്കിൽ ബാംഗ്ലൂർ നഗരത്തിലെ മുന്തിയതരം എല്ലാ പെൺകുട്ടികൾക്കും അതിനുള്ള അവകാശം ഉണ്ടായിരിക്കും. ഒന്നും ആരെയും വിശുദ്ധനാക്കുന്നില്ലല്ലോ.

” ഇനി ആരാ ഉള്ളത്? “

കാൽക്കൽ എള്ളും പൂവും സമർപ്പിക്കുവാനാണ്. ഞാൻ പതിയെ നീങ്ങി നിന്നു, അവനെ നോക്കി. അവൻ എന്നെ നോക്കുന്നുണ്ട്.

” ഇനി, എന്തിനാണ് നീ വന്നത്? “

എന്നാണോ ആ നോട്ടത്തിന്റെ അർഥം.? ഞാൻ അവനെ തന്നെ നോക്കിയിരുന്നു. അവന്റെ കഴുത്തിൽ ആ വയലറ്റ് മറുക് തെളിഞ്ഞുവന്നു. ഉടുപ്പിച്ചിരുന്ന വെള്ളയുടെ മുകളിലൂടെ വയലറ്റ് നിറം പടർന്നൊഴുകി.

” ദേ, വയലറ്റ് മറുക് “

ഞാൻ ഉറക്കെ പറഞ്ഞു. എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ പതിയെ ഒന്നും മിണ്ടാതേ ഇറങ്ങി നടന്നു. പുറകിൽ ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു.

” ഹേയ് അതൊരു ഈച്ചയാണ്. മറുകാണെന്ന് ആ കുട്ടിയ്ക്ക് തോന്നീതാവും. ശാലിനി, ആ തോർത്ത് കൊണ്ട് ഒന്ന് വീശിയേക്കൂ. “

ഞാൻ, തർക്കിക്കുവാൻ നിന്നില്ല. എനിക്ക് അല്ലെ നഷ്ടമായത്, എനിക്ക് അല്ലെ ദുഃഖമുള്ളത്. എന്നെയല്ലേ അവൻ എന്നും വേദനിപ്പിക്കുന്നത്? ആവില്ല, അത് ഈച്ച തന്നെയാകും. വയലറ്റ് മറുക് ആവില്ല.ആവുകയേ ഇല്ല.


ഹരിത. ആർ. മേനോൻ

ഇരണ്ടാം പെൺ

 


തെരുവീഥികൾ പ്രകമ്പനം കൊണ്ടു

വിറച്ചിടുമാനേരം ,

കണ്ണിൽ നിന്നുതിരുന്ന നീർത്തുള്ളികൾ

ചുടുചോര പോലാമണ്ണിൽ പതിച്ചീടവേ !

അതാ വരുന്നുണ്ടേയൊറ്റച്ചിലമ്പും

കൈയ്യിലുയർത്തി –

ക്കലിപൂണ്ടലറിക്കൊണ്ടവൾ കണ്ണകി .

പാണ്ഡ്യനാട്ടരചനിൻ മുമ്പാകെതന്നുയിർ –

കണവന്റെ ജീവൻ തിരിച്ചു വാങ്ങാൻ .

ലഭ്യമല്ലാവാഴ്‌വ് എന്നു തിരിച്ചറിഞ്ഞുടനെ

ശപിച്ചവളാ തമിഴകത്തെ !

സംഘത്തമിഴ്ദേശം മധുരൈമാവട്ടത്തെ

തീയിലെരിച്ചവളാർത്തലച്ചു.

വെന്തെരിയുന്നു മനുഷ്യദേഹങ്ങൾ .

വെന്തെരിയുന്നു വണികർവ്യാപാരങ്ങൾ.

രത്നവും മുത്തും പവിഴവുമല്ലെന്നുവേണ്ട –

പൊരുൾക്കൾ മൊത്തമഴിയുന്നു.

നെടുംചെഴിയരാജാവിൻ കൊട്ടാര സമുച്ചയം

വൻ തീഗോളമായ് നിന്നു കത്തിടുന്നു.

താൻ വാഴ്ന്ത കാലത്തിൽ കറുത്ത താളുകൾ

ചാരമായ് കാറ്റിൽ പറന്നുയരേ,

കരിഞ്ഞ ചോരയും മാംസവും

കാലിൽ പതിപ്പിച്ച്

നടന്നിടുന്നേയവൾ മധുരയിൻ നായകി.

നടന്നു മറയവേ നാശങ്ങളേറ്റവും

ദുരിതവും വന്നു വീണ മണ്ണിൽ

അത്രയും ദൂരെയല്ലെങ്കിലും കേൾക്കാം

ഒരു പെണ്ണിൻ അടക്കിയ തേങ്ങലുകൾ.

ചന്ദ്രജ്യോതിയെന്നു പുകഴ്പെറ്റ പെണ്ണവൾ

തെന്മധുരൈവണികർ

കുടുംബത്തിൽ ചേർന്നവൾ ,

വൈഗയാർക്കരയിൽ തളർന്നിരുന്ന്

തൻമകൻ പോയെന്നുറക്കെ പുലമ്പുന്നു.

“അമുതനേ നീയെങ്ങും പോയിടാതെ

അമ്മയ്ക്കു നീയെന്നും അമൃതു തന്നെ.”

വീശുമീ കാറ്റിലവന്റെ ശ്വാസം

പാറിപ്പറന്നിടും ചെറുകിളി പോൽ,

ഉയരുന്ന പുകയിലവന്റെ ഗന്ധം

ചക്രവാളത്തിൽ ചേർന്നിടുന്നു.

” അറിയുന്നു ഞാനെൻ മകനേ…… –

   അമുതനേ …..

നിൻ മനം എന്തു തവരു ചെയ്തു?

എരിയുന്ന തീയിൻ വായിലകപ്പെടാൻ

നെടുംചെഴിയരാജനാർ നിനക്ക് ?

തപ്പും തവരുമായ് ശിക്ഷ നൽകിയ

നൃപനോ പ്രാണൻ വെടിഞ്ഞു പോയി.

പാവമാം കോവലനെന്നേയുലകം വിട്ടു –

പോയെന്നാലുമെന്റെ കുഞ്ഞേ ….

നിന്റെയിളം പ്രാണനെന്തിനു വിട്ടുപോയി?”

ഇങ്ങനെ പലവിധം പുലമ്പുന്നു മാതാവ്,

തൻ വയറ്റിലടിച്ചലറിക്കരയവേ !

കളകളം പാടിയൊഴുകുന്ന വൈഗയും

അന്നു പാടി ഒടുങ്ങാത്ത ദുഃഖത്തിൻ ഗാനം.

വീണ്ടും പുലമ്പുന്നു ചന്ദ്രജ്യോതിയവൾ

“ഇനി ഞാനെന്തിനീ ധരണിയിൽ ?

ഹൃദയത്തിൽ ചൂടുവാൻ പൂക്കളില്ല ,

സ്നേഹിക്കുവാനിന്നു നീയുമില്ല.

വീടില്ല നാടില്ല നഗരമില്ല,

എന്നിൽ കുരുത്ത പ്രാണനില്ല.

ഇനിയെന്തിനു ഞാനീക്കത്തുന്ന –

മധുരയ്ക്ക് കാവലാകാനോ ?

പെൺകോപമാടിത്തിമർത്തു തകർന്ന –

നാട്ടിലൊരുണങ്ങിയ പുൽക്കൊടി പോൽക്കഴിയാൻ ,

കുഞ്ഞേ … ,നീയില്ലാതെന്നാലൊരിക്കലും

ആവില്ലയിനിയും ജീവിച്ചിടാൻ .”

എന്നും പറഞ്ഞുകൊണ്ടവൾ തന്റെ

തളർന്ന കാലുകൾ നിലത്തുരച്ച്

ഏന്തിവലിഞ്ഞങ്ങു പോകുന്നു മുന്നോട്ടു

നിതാനമൊഴുകും വൈഗയിലലിഞ്ഞിടാൻ.

അപ്പോഴേയ്ക്കണഞ്ഞു തുടങ്ങുന്നു മധുരയിൽ

കത്തിയുയരുന്ന തീജ്വാലകൾ.

അറിയില്ല, ആരുമേ പാടിയില്ല.

സംഘത്തമിഴിലും കേട്ടതില്ല.

ഔവ്വയാറിന്റെ ഭാണ്ഡത്തിൻ കെട്ടിലും

ഇളങ്കോമഹാൻ തന്റെ തൂലികത്തുമ്പിലും

കണ്ടില്ല, കേട്ടില്ല ഞാനീയമ്മ തൻ

മരിച്ച മനസിന്റെ വിങ്ങലുകൾ.


 പൗർണ്ണമി പുഷ്കരൻ

പാവ

 

പെൻഷൻ കിട്ടിയ തുകയും കയ്യിൽ ഒരു പഴയ സഞ്ചിയിൽ ഒരു ബനിയനും മുണ്ടുമെടുത്ത് ഇറങ്ങാനൊരുങ്ങിയപ്പോഴാണ് ചാക്കിൽ പഴുക്കാൻ വേണ്ടി കെട്ടി വച്ച പാളയംകോടൻ പഴത്തിൻറെ കാര്യം ഓർമ്മവന്നത്.

തിരിച്ചു പതിയെ ചായ്പ്പിലേക്ക് നടന്ന് വന്ന് ചാക്ക് തുറന്നു നോക്കിയപ്പോൾ നേരിയ മഞ്ഞപ്പ് വീണിട്ടുണ്ട്. അതിൽ നിന്ന് രണ്ട് പടല ഉരിഞ്ഞു കടലാസ്സിൽ പൊതിഞ്ഞു ആ സഞ്ചിയുടെ അടിയിൽ വച്ചു.

രണ്ടോസം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും മുഴോൻ പഴുത്ത് പോവും ലോ.. അയാൾ ആത്മഗദം പറഞ്ഞു.

ലക്ഷ്മി ഉണ്ടായിരുന്നപ്പോൾ ഒരുപാട് മാങ്ങയും ചക്കയും പഴവുമെല്ലം ചാക്കിൽ കെട്ടി തലയിലും കയ്യിലുമായി കൊണ്ടുപോകുമായിരുന്നു. അവൾ പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇന്നിപ്പോൾ അതെല്ലാം അണ്ണാനും കിളികൾക്കും മാത്രമായി. ഈ രണ്ട് പടല പഴം തന്നെ തൂക്കി പിടിക്കാൻ പ്രായം അനുവദിക്കുന്നില്ല. ഇന്നലെ മോനെയും മീനു കുട്ടിയേയും കാണാൻ ഇറങ്ങേണ്ടതായിരുന്നു. ബാങ്കിൽ നിന്ന് പെൻഷൻ തുകയുമെടുത്ത് വന്നപ്പോഴേക്കും നേരം ഉച്ചയായി. വല്ലാത്ത ക്ഷീണവും തളർച്ചയും കൊണ്ട് ഉറങ്ങിപ്പോയി.

വഴിവക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പതുക്കെ നടന്നപ്പോൾ കുസൃതിയോടെ കുലുങ്ങി കുലുങ്ങി ഒരു ഓട്ടോ വരുന്നകണ്ട് കൈകാണിച്ചു.

വലിയ ശബ്ദത്തിൽ പാട്ട്മായി വന്ന ആ ഓട്ടോ മുൻപിൽ വന്നു നിന്നു.

“എവിടേയ്ക്കാ അപ്പാപ്പാ..”

“റെയിൽവേ സ്‌റ്റേഷൻ..”

“അരമണിക്കൂർ കഴിഞ്ഞാൽ ബസ് വരും. അവിടം വരെ 60 രൂപയാവും ട്ടോ..”

“സാരമില്ല, അധികം നേരം നിൽക്കാനും വയ്യ..”

 അയാൾ അതുംപറഞ്ഞു ഓട്ടോയിൽ കേറി.

കുറച്ചു സമയത്തിനുള്ളിൽ തന്നെ തകർപ്പൻ പാട്ടും മേളവുമായി ഓട്ടോ റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്നു.

ഓട്ടോക്കാരന് പൈസ കൊടുത്ത് സ്റ്റേഷനിലേക്ക് തിരിഞ്ഞപ്പോൾ പല വർണ്ണങ്ങളിൽ മനോഹരമായ പാവകളും കളിപ്പാട്ടങ്ങളുമായി ഒരു പെട്ടിക്കടക്കാൻ നിൽക്കുന്നുണ്ട്.

മീനൂട്ടിയ്ക്ക് ഒരു പാവ വാങ്ങിയാൽ നല്ല സന്തോഷം ആവും..

കയ്യിൽ ചുരുട്ടി പിടിച്ച കാശു നോക്കി അയാൾ ഓർത്തു.

“ ഈ പാവയ്ക്ക് എത്രയാ വില..?”

“വലുത് ഒന്നിന് 230, ചെറുത് 120. പിന്നെ ഈ ലൈറ്റ് കത്തുന്നതിന് 280 വരും. പാട്ടും കൂടിയുള്ള ആടുന്ന പാവയ്ക്ക 470 രൂപ..ഏതാ വേണ്ടത്..?”

 “ചെറുത് മതി.. 120 ൻറെ. ചൊമപ്പ കളറ് എടുത്തോ..”

 വലുത് വാങ്ങാൻ ആയിരുന്നു ആഗ്രഹം. പക്ഷേ യാത്രയ്ക്കും മറ്റും കാശ് തികയാതെ വരും.

പൊതിഞ്ഞ ആ പാവയും കക്ഷത്തിൽ വച്ചു ടിക്കെറ്റ് എടുക്കാൻ കൗണ്ടറിൽ ചെന്നു.

“പാസഞ്ചർ ട്രെയിൻ എപ്പോഴാ..?

ഒരു എറണാകുളം ടിക്കറ്റ് തരൂ…”

ട്രെയിൻ വരാൻ അര മണിക്കൂർ താമസം ഉണ്ട്.

കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി അയാൾ പ്ലാറ്റ് ഫോമിലേക്ക് നടന്നു.

തെല്ലിടെ കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് ആരോ തോണ്ടി..

തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ചില്ലറ പൈസകൾ കയ്യിലിട്ട് കിലുക്കി കൊണ്ട് ഒരു പെൺകുട്ടി. ആ..മീനുട്ടിയുടെ പ്രായം കാണും.

“മോൾടെ പേരെന്താ..?”

മറുപടി പറയാതെ അവൾ മുഖത്ത് നോക്കി പൈസ കിലുക്കി കൊണ്ടിരുന്നു.

“എവിട വീട് ..?”

ചിരിച്ചുകൊണ്ട് അയാൾ വീണ്ടും ചോദിച്ചു .

അവൾ ഒരു കയ്യിലെ ചില്ലറ കിലുക്കികൊണ്ട് വയറ്റത്തടിച്ചു വീണ്ടും കൈ നീട്ടി.

പിന്നൊന്നും ചോദിക്കാതെ അയാൾ പോക്കറ്റിൽ കൈയ്യിട്ട് ഒരു നാണയം തപ്പിയെടുത്ത് അവൾക്ക് കൊടുത്ത്.

ട്രെയിൻ വന്നപ്പോൾ അവളാണ് ആദ്യം ഓടി കേറിയത്.

കേറിയപാടെ ഓരോരുത്തരോടും കയ്യിലെ ചില്ലറ പൈസ കിലുക്കികൊണ്ട് യാചിച്ചു നടന്നു.

ആ കമ്പാർട്ട്മെൻറ് മുഴുവൻ നടന്നശേഷം കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നു. ഇടയ്ക്ക് അയാളുടെ സഞ്ചിയിലേക്കും കക്ഷത്തിൽ ഇരിക്കുന്ന പൊതിയിലേക്കും മാറിമാറി നോക്കി.

അയാൾ ഒന്ന് ചിരിച്ചു.

അവൾക്ക് ഇത് പാവയാണെന്ന് അറിയാമാവോ..?

പെൺകുട്ടിയല്ലേ മനസിലായി കാണും. അവൾക്കീ പാവ വേണവോ..? എന്തിനാണ് ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നത്..?

ചിലപ്പോൾ വിശക്കുന്നുണ്ടാവും,

ഒരു പഴം എടുത്ത് കൊടുത്താലോ..?

വേണ്ട, നല്ലോണം പഴുത്തിട്ടില്ല.

ചായ വരട്ടെ, ഒരു ചായ വാങ്ങി കൊടുക്കാം.

അങ്ങനെ പലവിധ ചിന്തകളോടെ ആയാളും അവളെ തന്നെ നോക്കിയിരുന്നു.

അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി, അവൾ ആ കംപാർട്മെൻറ് വിട്ട് അടുത്തതിലേക്ക് കയറി.

കുറച്ചിടെ കഴിഞ്ഞപ്പോൾ അയാളൊന്ന് മയങ്ങി. വൈകാതെ നല്ല ഉറക്കത്തിലേക്കും.

ഇടയ്ക്കിടെ ചൂളം വിളിച്ചുകൊണ്ട് അവരെയും കൊണ്ട് ആ ട്രെയിൻ പാഞ്ഞു നീങ്ങി.

കുറച്ചു സമയത്തെ ഉറക്കത്തിന് ശേഷം അയാൾ ചാടി എണീറ്റു അടുത്തിരുന്ന ചെറുപ്പകാരനോട് ചോദിച്ചു.

“എർണാളം ആയോ..?”

“അപ്പൂപ്പന് എവിടേക്കാ പോകേണ്ടത്..?  അടുത്ത സ്റ്റേഷൻ എറണാകുളം സൗത്ത്.”

“ആ..ഉറങ്ങിപ്പോയി.. ഞാൻ ഉറങ്ങിപ്പോയി.”  അയാൾ പറഞ്ഞു.

ട്രെയിൻ ആഞ്ഞു വലിഞ്ഞുരഞ്ഞു എറണാകുളം  സൗത്ത് സ്റ്റേഷനിൽ നിർത്തി.

വലിയൊരു കോട്ടുവായിട്ട് സഞ്ചിയും തൂക്കി പതുക്കെ അയാൾ ഇറങ്ങി നടന്നു നീങ്ങി.

അയ്യോ..പാവ എടുത്തില്ല. അയാൾ തിരിച്ചു ട്രെയിനിനടുത്തേക്ക് വേഗത്തിൽ നടക്കാൻ ശ്രമിച്ചു.

ട്രെയിൻ ഇപ്പൊ വിടും ലോ..

“മോനെ.. അവിടൊരു പൊതി കിടക്കുന്നുണ്ടോന്ന് നോക്കിക്കേ..?”

അയാൾ ജനലിലൂടെ എത്തിനോക്കി അവിടെ ഇരുന്ന ആ ചെറുപ്പകാരനോട്  പറഞ്ഞു.

“ഇവിടില്ലില്ലലോ അപ്പാപ്പാ..”

ചെറുപ്പക്കാരൻ മറുപടി പറഞ്ഞു.

“ഉണ്ട് മോനെ..

ഒന്ന് താഴെ നോക്കിക്കേ..ഞാൻ  ഉറങ്ങിയപ്പോൾ താഴെ വീണ് കാണും.”

“ഇല്ലാ അപ്പാപ്പാ. ഇവിടില്ല.”

“ഒരു കടലാസ്സ് പൊതിയല്ലേ.. ഇപ്പൊ തന്നെ ആ പിച്ചക്കാരി പെണ്ണ് എടുത്ത് പോകുന്ന കണ്ടു.”

അടുത്തിരുന്ന മറ്റൊരു  സ്ത്രീ വിളിച്ചു പറഞ്ഞു.

“കള്ള കൂട്ടങ്ങളാ.. കണ്ണ് തെറ്റിയാൽ അവറ്റ കക്കും.”

അവർ കൂട്ടിച്ചേർത്തു.

“അയ്യോ.. അത് നഷ്ടപ്പെട്ടല്ലോ..”

അയാൾക്ക് വലിയ വിഷമം തോന്നി.

അവളുടെ നോട്ടം കണ്ടപ്പോൾ എന്തോ പന്തീകേട് തോന്നിയതാണ്. എന്നാലും എടുക്കുമെന്ന് വിചാരിച്ചില്ല. അസത്ത്.

അയാൾ എന്തൊക്കെയോ പിന്നെയും പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു.

ഇടയ്ക്ക് സഞ്ചിയുടെ അടിയിൽ തപ്പി നോക്കി.. ഇല്ല, പഴം എടുത്ത് കൊണ്ടുപോയിട്ടില്ല.

ട്രെയിൻ പതുക്കെ പതുക്കെ നിരങ്ങിനീങ്ങിയതും പിന്നീട് കടന്നുപോയതും അയാൾ ശ്രദ്ധിച്ചില്ല.

പെട്ടെന്ന് പിന്നിൽ നിന്ന് ഒരു തോണ്ടൽ.

അവളാണ്.. ഒരു രണ്ട് വയസുകാരനെ ഒക്കത്തിരുത്തികൊണ്ട് അവൾ ആ പൊതി അയാൾക്ക് നേരെ നീട്ടി.

ഒരു യാന്ത്രിക പാവകണക്കെ അയാളും, ആ പാവ അവളുടെ കയ്യിൽനിന്നു വാങ്ങി.

അവർക്കിടയിൽ കുറച്ചു നിമിഷം വലിയൊരു മൗനമായിരുന്നു.

പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത വിധം കുഞ്ഞിനേയും എടുത്ത് അവൾ ഒന്നും മിണ്ടാതെ നടന്നു നീങ്ങി.

നഷ്ടപ്പെട്ട പാവ തിരിച്ചു കിട്ടി. കട്ടെടുത്തതായിരിക്കില്ല.

അല്ലെങ്കിൽ തിരിച്ചു തരേണ്ട കാര്യമില്ലല്ലോ. ഇറങ്ങിയപ്പോൾ മറന്നു വച്ച പൊതി അവൾ എടുത്ത്കൊണ്ട് തന്നതുതന്നെയായിരിക്കും.

നടന്നു നീങ്ങുന്ന ആ ബാലികയെ അയാൾ ഒന്നുകൂടി.

അതേ..തൻറെ മീനുട്ടിയുടെ പ്രായം തന്നെയാണ് അവൾക്കും.

അയാൾ പിറുപിറുത്തു.

ഒരിക്കൽ പോലും അവൾ തിരിഞ്ഞു നോക്കിയില്ലെങ്കിലും ആ കുഞ്ഞു ഒക്കത്തിരുന്നുകൊണ്ട് അയാളെ നോക്കി പുഞ്ചരിക്കുകയായിരുന്നു. 


ഷൈജ എം.എസ്സ്

വർണ്ണങ്ങൾ

 

ഭാവങ്ങളേകുന്നീ വർണ്ണങ്ങളും

ഭാഗ്യമിവയെന്നു ചിലരങ്ങനെ

ഏഴു വർണ്ണങ്ങൾ തൻ ചാരുതയാൽ

ഏകുന്നൊരാ മാരിവില്ലതെന്നും

മോഹത്തിൻ തരുവിനെ

മോടിയോടെന്നും വളർത്തിടുന്നു

ഹൃദ്യമായീടുന്നതീ പ്രപഞ്ചം

എന്നുമീ വർണ്ണത്തിൻ വൈഭവത്താൽ

ആകാശനീലിമയിൽ ആഴിയിലെന്നും

ആരും കൊതിക്കുമീ നീലവർണ്ണം

ഹൃദ്യമാം കാഴ്ചകളേകുന്നിതാ

നിത്യഹരിതമീ ഭൂമിയെന്നും

വെൺമേഘജാലം ചിറകതോടെ

വിണ്ണിലങ്ങാകെ പറന്നിടുന്നു

പീതവർണ്ണത്തിലാ പൂക്കളെന്നും

പ്രീതിയതെങ്ങും നിറച്ചിടുന്നു

ശോകാർദ്രമായതാം ഭാവമോടെ

ശോണ നിറമോടെ സന്ധ്യയെത്തി

എത്ര മനോഹരമീ വർണ്ണങ്ങൾ

ചിത്രമൊരുക്കുന്നു ചുറ്റുമെന്നും


ജയേഷ് പണിക്കർ

അതിജീവിത

 

“സ്ത്രീ ശാക്തീകരണം അതിജീവിതകളിലൂടെ” സെമിനാർ, വനിതാ കൂട്ടായ്മ, റോയൽ റസിഡന്റസ് അസോസിയേഷൻ, ഫോർട്ട്‌ കൊച്ചി എന്ന് സുവർണ ലിപികളിലെഴുതിയ പ്രൗഢഗംഭീരമായ ആ സദസിന്റെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു ചെല്ലുമ്പോൾ എന്തുകൊണ്ടോ ഞാനാകെ ചൂളിയിരുന്നു. അർഹതയില്ലാത്തിടത്ത് കയറി ചെന്ന ഒരുവളെപ്പോലെ ഞാൻ വിളറി വെളുത്തു. സ്വതവേ അന്തർമുഖിയായ എനിക്ക് ഇത്തരമൊരു വേദിയും ഹൈക്ലാസ് അന്തരീക്ഷവും ആദ്യാനുഭവം ആയിരുന്നു.

ഫോർട്ട് കൊച്ചിയിലെ ആ റസിഡന്റഷ്യൽ ഏരിയയിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് ഏകദേശം രണ്ടു മാസമേ ആകുന്നുള്ളൂ. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ മകനും ഭാര്യയും കുഞ്ഞും. ഗ്രാമാന്തരീക്ഷത്തിൽ നിന്ന് പൊടുന്നനെ ഒരു വൻ നഗരത്തിലേക്കുള്ള പറിച്ചു നടൽ എന്നെയാകെ വിഷമിപ്പിച്ചുവെങ്കിലും, മോന്റെ അച്ഛന്റെ വിയോഗത്തിന് ശേഷം നാട്ടിൽ അമ്മ ഒറ്റയ്ക്ക് കഴിയേണ്ട എന്ന മകന്റെ തീരുമാനത്തിനു ഞാൻ എതിര് പറഞ്ഞില്ല. വെറുതെ അവർക്ക് കൂടി എന്തിനൊരു വിഷമം ഉണ്ടാക്കണം. വാശി പിടിച്ചു ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്നതിലും നല്ലത് നമുക്ക് വേണ്ടപ്പെട്ടവരുടെ കൂടെ കഴിയുന്നത് തന്നെയാണ്. നഗരത്തിലെ തിരക്കുള്ള ജോലി കഴിഞ്ഞ് ദിവസവും നാട്ടിലേക്ക് വന്നു പോകാൻ മകനോട് പറയുന്നത് സ്വാർത്ഥത തന്നെയാണ്.

ഇങ്ങോട്ട് താമസം മാറ്റി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവിടുത്തെ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി രമ ബേബി എന്നെ കാണാനെത്തി. ശ്രീമതി രമ ഒരു റിട്ടയെർഡ് പ്രൊഫസർ ആണ്. എന്റെ ചില എഴുത്തുകുത്തുകളൊക്കെ അവർ വായിച്ചിട്ടുണ്ടത്രേ. ഒരു എഴുത്തുകാരി ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ വന്നിട്ട് പരിചയപ്പെടാതെങ്ങനെ എന്ന ആമുഖവുമയാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. ചില എഴുത്തുകൾ ആനുകാലികങ്ങളിലൊക്കെ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായൊന്നുമില്ലന്ന് ഞാനവരോട് വിനീതയായി.

“അങ്ങനയല്ല മിസ്സിസ് രേഖ രാമചന്ദ്രൻ, നിങ്ങളുടെ എഴുത്തുകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നവയാണ്. കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും വായനശീലമുള്ളവർ നിങ്ങളെ അറിയുന്നു. ശ്രദ്ധിക്കുന്നു.”

“സന്തോഷം” ഞാനവരുടെ നേർക്ക് കൈകൂപ്പി.

“മിസ്സിസ് രേഖ രാമചന്ദ്രൻ ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം സംസാരിക്കാനാണ്. ഈ വരുന്ന വനിതാ ദിനത്തോടനബദ്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. അതിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്ക് ആദരവ് നൽകുന്നുണ്ട്. അതിലൊരാൾ നിങ്ങൾ ആണ്. അതിന് ക്ഷണിക്കാൻ കൂടിയാണ് ഞാൻ വന്നത്.”

“ആദരവോ, അയ്യോ എനിക്കിത്തരം പരിപാടികളിൽ ഒന്നും പങ്കെടുത്ത് ശീലമില്ല. നാട്ടിൽ ഒരു യു പി സ്ക്കൂൾ അദ്ധ്യാപികയായിരുന്ന ഞാൻ, സ്ക്കൂൾ വേദിയിൽ അല്ലാതെ മറ്റൊരു പൊതു പരിപാടികൾക്കും പങ്കെടുത്തിട്ടില്ല. ശ്രീമതി രമ ബേബി എന്നോട് ക്ഷമിക്കണം. പരിപാടിക്ക് ഞാൻ വരാം. ആദരവൊന്നും വേണ്ട.”

“താങ്കൾ ഭയപ്പെടാതെ മിസ്സിസ് രേഖ, ഈ ആദരവ് ഞങ്ങൾക്കൊരു അഭിമാനം കൂടിയാണ്. ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ നല്ലൊരു എഴുത്തുകാരി കൂടിയുണ്ടെന്ന് നാലാൾ അറിയുന്നത് ഞങ്ങൾക്കും അഭിമാനമാണ്. അതുകൊണ്ട് എതിർത്തൊന്നും പറയണ്ട, മാർച്ച്‌ 8 നു വൈകീട്ട് 7 മണിക്ക് നമ്മുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി. ഫാമിലിയായിട്ടു പോന്നോളൂ”

കൂടുതൽ ഒന്നും പറയാനാവാതെ അവരുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങിയതാണ് ഇന്നിപ്പോ ഇവിടെ വന്നിങ്ങനെ വിറങ്ങലിച്ചു നിൽക്കുന്നത്.

“അമ്മേ, നമ്മുക്കിവിടെ ഇരിക്കാം.”

മകൻ എന്നെ മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ടിരുത്തി. അടുത്ത സീറ്റുകളിൽ അവനും ഭാര്യയും കുഞ്ഞും.

വേദിയിൽ പരിപാടികൾ തുടങ്ങി കഴിഞ്ഞു. മുഖ്യ പ്രഭാഷക സമൂഹത്തിലെ അതിജീവിതകളായ സ്ത്രീകളെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. ഇന്ന് ഏറെ താരതിളക്കത്തോടെ വെള്ളിത്തിരയിലും മറ്റു മേഖലകളിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പ്രശസ്‌തയായ ഒരു വനിതയുടെ അതിജീവനത്തിന്റെ കഥ അവർ ഉദാഹരിച്ചു. അവരുടെ ഊർജസ്വലതയും ആത്മവിശ്വാസവും സ്ത്രീകൾ മാതൃകയാക്കേണ്ടതാണെന്ന് അവർ അടിവരയിട്ടു പ്രസ്താവിച്ചു. അടിച്ചമർത്തപ്പെട്ടു പോയിട്ടും ഒരു നാൾ ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ അവരുടെ ചിത്രങ്ങൾ ഹാളിൽ വച്ചിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു. പൊട്ടിച്ചിരിക്കുന്ന, മോഡേൺ വേഷങ്ങൾ ധരിച്ച, പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയുള്ള ആ ചിത്രങ്ങൾ ഏതൊരു സ്ത്രീയിലും ആത്മവിശ്വാസം നിറയ്ക്കുന്നവയായിരുന്നു.

അങ്ങനെ സമൂഹത്തിന്റെ പല മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പല വനിതകളെക്കുറിച്ചും അവർ  പ്രതിപാദിച്ചു. ചില പേരുകൾ സമൂഹത്തിനു മുമ്പിൽ തുറന്നു പറയാൻ പാടില്ലാത്തതാവയെങ്കിലും അതിജീവിത എന്ന പദത്തിലൂടെ അവരെയും പ്രഭാഷക ഉയർത്തിക്കാട്ടി.

ഓരോ അതിജീവിതകളെക്കുറിച്ച് കേൾക്കുമ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖം മാത്രമായിരുന്നു. ഞാനോർത്തു. അവളെ ഒരിക്കലും ഈ സമൂഹം തിരിച്ചറിയില്ല. ഒരിക്കലും ഒരാദരവും അവൾക്ക് ലഭിക്കില്ല.

വേദിയിൽ പ്രഭാഷണം നീണ്ടു പോകുന്നു. എന്റെ ചിന്തകൾ അവളിലേക്കും.

ഞാനവളെ ആദ്യമായി കാണുന്നത് എന്റെ വിവാഹദിവസമാണ്. ആദ്യമായി വീട്ടിൽ നിന്ന് മാറി പുതിയൊരു വീട്ടിൽ പുതിയൊരന്തരീക്ഷത്തിൽ എത്തിയതിന്റെ വീർപ്പുമുട്ടലിൽ, ചുറ്റും കൂടിയവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ഇരിക്കുമ്പോഴാണ്, കൂടി നിന്നവർക്കിടയിലൂടെ തിക്കി തിരക്കി ഒരു പെൺകുട്ടി എന്റെ കൈയിൽ വന്നു തൊട്ടത്.

“ചേച്ചി, എന്നെ അറിയോ?”, അൽപ്പം കൊഞ്ഞയുള്ള സംസാരം. ഞാൻ സാകൂതം അവളെ നോക്കി. എട്ടൊ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി. അവളുടെ ശരീരത്തിനു പാകമാവാത്ത വിധത്തിലുള്ള അയഞ്ഞ പട്ടുപാവാടയും

ബ്ലൗസും, ആകെ അലങ്കോലമായ മുടിയിൽ വാടി തുടങ്ങിയ മുല്ലമാല. എങ്കോണിച്ച കണ്ണുകൾകൊണ്ട് അവൾ എന്നെയാണോ നോക്കുന്നതെന്നറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു.

“ഇതിപ്പോ എവിടുന്നാ വലിഞ്ഞു കേറി വന്നേ ഈ വെകിളി പെണ്ണ്, പോ അപ്രത്തെങ്ങാനും” കൂട്ടത്തിൽ ആരോ അവളെ പുറകോട്ട് പിടിച്ച് നീക്കി.

ചിരിച്ചു കൊണ്ടുതന്നെ ഓടി പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.

“ചേച്ചി നമ്മക്ക് നാളെ കാണാട്ടോ, ഞാൻ അപ്രത്തെ വീട്ടിലെയാ”

“അതൊരു തലേംവാലുമില്ലാത്ത പെണ്ണാ. അപ്രത്തെ സുകുമാരന്റെ മോളാ. തള്ള കുഞ്ഞിലേ അതിനെ ഉപേക്ഷിച്ചു പോയി. പിന്നെ കാശൊള്ള വീട്ടിലെയാ കേട്ടോ.” കൂട്ടത്തിലാരോ അവളെപ്പറ്റി പറഞ്ഞു.

അത് കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ല കൂട്ടായി. ശരിക്കും ഒരു പൊട്ടിപെണ്ണായിരുന്നു അവൾ. എല്ലായിടത്തും ഓടി പാഞ്ഞു നടക്കും. ആരെന്തു വഴക്കു പറഞ്ഞാലും ചിരിക്കുക മാത്രം ചെയ്യും. എല്ലാരും അവളെ പൊട്ടിക്കാളിയെന്നും, വെകിളിയെന്നും വിളിച്ചപ്പോ ഞാനവളുടെ പേര് വിളിച്ചു കാർത്തികയെന്നത് ചുരുക്കി കാർത്തൂ എന്ന്.

അവൾക്കത് ആഹ്ലാദമായിരുന്നു. അച്ഛൻ മാത്രേ അവളെ അങ്ങനെ വിളിക്കാറുള്ളുത്രേ.

സ്കൂളിൽ ജോലിക്കിട്ടിയെപ്പിന്നെ അവളെ കാണുന്നത് അവധി ദിവസങ്ങളിൽ മാത്രമായിരുന്നു. എന്നാലും ഒരവസരം കിട്ടിയാൽ അവളോടി എന്റയടുക്കൽ വരും. ഒരിക്കൽ മോന്റെ ഒന്നാം പിറന്നാളിന്റെയന്ന് കുറച്ച് പായസം അവൾക്ക് കൊടുക്കാനാണ് ഞാനവളുടെ വീട്ടിലേക്ക് ചെന്നത്.

“കാർത്തൂ” ന്ന് നീട്ടി വിളിച്ച് മുറ്റത്തേയ്ക്ക് കയറുമ്പോ കണ്ടു, വെപ്രാളപ്പെട്ടെന്നപ്പോലെ വീട്ടിനകത്തുന്ന് ഇറങ്ങി വരുന്ന രതീഷ്. അവനാകെ വിയർത്തുകുളിച്ചിരുന്നു. എന്റെ മുഖത്തു നോക്കാതെ മുറ്റത്തിരുന്ന സൈക്കിൾ എടുത്തു അവൻ വേഗത്തിൽ പോയി. എന്തോ പന്തികേട് തോന്നിയ ഞാൻ അകത്തേക്ക് നോക്കി. ചിരിച്ചു കൊണ്ട് ഇറങ്ങി വരികയാണ് കാർത്തൂ.

“ചേച്ചി, ഞാനും ചേട്ടായിം കൂടെ കളിക്കേരുന്നു “

“എന്ത് കളി”

“അതോ, വലുതാവുമ്പോ ചേട്ടായി ന്നെ കല്യാണം കഴിക്കാന്ന പറഞ്ഞേക്കുന്നെ, ചേട്ടായി എനിക്ക് കുറേ ഉമ്മ തരും, പിന്നെ….. “

എന്റെ ഹൃദയമിടിപ്പ് കൂടി.. വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

“പിന്നെ?”

“പിന്നെ കൈകൊണ്ടു എന്തൊക്കെയോ ചെയ്യും, ചിലപ്പോ ഒക്കെ എനിക്ക് വേദനിക്കും. ന്നാലും ചേട്ടായി അല്ലെ, എനിക്ക് കുറേ മിട്ടായി ഒക്കെ കൊണ്ടു തരും”

നെഞ്ചിടിപ്പോടെയാണ് ഞാനെല്ലാം കേട്ടത്. എട്ടുപൊട്ടും തിരിയാത്ത ഈ കുഞ്ഞിനോട് ഞാനെന്താണ് പറയേണ്ടത് എന്നറിയാതെ ഉഷറി. എന്നാലും ഞാൻ പറഞ്ഞ് കൊടുത്തു

“ഇനി ഇങ്ങനെയുള്ള കളിയൊന്നും പാടില്ല കാർത്തൂ. കാർത്തൂ വല്യ കുട്ടിയായില്ലേ. ” അവൾ തലയാട്ടി സമ്മതിച്ചു.

എന്നിട്ടും തൃപ്തിയാവാതെ ഞാനവളെകൊണ്ട് സത്യം ചെയ്യിച്ചു. ചെയ്തത് ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്തോ അവളെന്നോട് സത്യം ചെയ്ത് പറഞ്ഞു.

“ഇല്ല ചേച്ചി സത്യായിട്ടും കാർത്തൂ നി ങ്ങനെത്തെ കളി കളിക്കൂല്ല”

കാലം കടന്നു പോയി. കാർത്തൂ എന്റെ മുന്നിലൂടെ ആണ് വളർന്നത്. എന്തോ ഒരു നിമിത്തം പോലെ അവൾ വയസറിയിച്ചപ്പോ എന്റടുത്തായിരുന്നു. ഞാനണവൾക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തത്. പഠിത്തത്തിൽ തീരെ മോശമായിരുന്നു കാർത്തൂ. ഏഴാം തരത്തിൽ പഠിക്കുമ്പോഴാണ് അവൾ വയസ്സറിയിച്ചത്. പിന്നീട് അവൾ സ്കൂളിൽ പോയിട്ടില്ല. അവളുടെ അച്ഛനും അവളെ പഠിപ്പിക്കുന്നതിൽ വല്യ താല്പര്യം ഒന്നുമുണ്ടായില്ല.

“അല്ലെങ്കിൽ തന്നെ പഠിച്ചിട്ടിപ്പോ ന്തിനാ, പതിനെട്ടു വയസ്സ് തെകഞ്ഞ ആരുടേലും കൂടെ ഇറക്കി വിടണം, ദത്രേ ള്ളൂ “

ഇതായിരുന്നു അയാളുടെ വർത്തമാനം. തലമുറകൾ കൈമാറികിട്ടിയ കുടുംബസ്വത്ത്‌ നോക്കി നടത്തുക എന്ന ഉത്തരവാദിത്തം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ.

അയൽവീടുകളിൽ എന്താവശ്യം വന്നാലും കാർത്തൂ മുന്നിലുണ്ടാവും.  കലപില വർത്തമാനം പറഞ്ഞ് കൊണ്ട് എല്ലായിടത്തും ഓടിനടക്കും. എന്ത് ജോലിയും ചെയ്യും. ആൾക്കാർ ശരിക്കും അത് മുതലെടുത്തു. ഉള്ള പണിയൊക്കെ ഏൽപ്പിച്ചു കൊടുക്കും അവൾക്ക്, എന്തേലും തട്ടുകേടു വന്നാലോ, വെകിളി, കോങ്കണ്ണി എന്നൊക്കെയുള്ള വിളിയും. പക്ഷെ അതൊന്നും അവളെ ബാധിക്കുന്ന ഒരു പ്രശ്നമേ ആയിരുന്നില്ല. ചിരിച്ചു കൊണ്ട് അവൾ അടുത്ത പണിയിൽ വ്യാപ്രതയാകും.

പ്രായത്തിൽ കവിഞ്ഞ വളർച്ചയായിരുന്നു അവൾക്ക്. കണ്ണുകളുടെ എങ്കോണിപ്പും കൊഞ്ഞയുള്ള വർത്താനവും ഒഴിച്ചാൽ ഒരു ഒത്തപെണ്ണ്. പതിനേഴു വയസായപ്പോ മുതൽ അവളുടെ അച്ഛൻ കല്യാണാലോചന തുടങ്ങി. പക്ഷെ കാണാൻ വന്നവരൊക്കെ അവളുടെ കണ്ണും സംസാരവും കണ്ട് ഒഴിവായിപ്പോയി. അവസാനം കനത്ത സ്ത്രീധനം കൊടുത്തു ജോലിയും കൂലിയുമില്ലാത്ത ഒരുവന് അവളെ കെട്ടിച്ചു നൽകി. അവന്റെ നാട്ടിൽ തന്നെ ഒരു വീടും വച്ചുകൊടുത്തു. വീടിന്റെ മുമ്പിൽ തന്നെ ഒരു പലചരക്കു കടയും അവളുടെ അച്ഛൻ ഇട്ടുകൊടുത്തു.

തലനിറയെ മുല്ലപ്പൂ ചൂടി, പട്ടുടുത്ത്, സർവ്വാഭരണ വിഭൂഷിതയായി ചെക്കന്റെ വീട്ടിലേക്ക് പോയ കാർത്തുവിന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.

പിന്നെ ഞാനവളെ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം ഒരു ആശുപത്രി വരാന്തയിലാണ്. മുഷിഞ്ഞ ഒരു സാരി വാരിചുറ്റി ഒക്കത്ത് കൈക്കുഞ്ഞുമായി. ചിരി മാത്രം പഴയതുപോലെ തന്നെ.

എന്നെ കണ്ടതും ചേച്ചി എന്ന വിളിയുമായി അവളോടി വന്നു.

“എന്താ കോലം കാർത്തൂ ഇത്, എന്താ നീ വീട്ടിലേക്കൊന്നും വരാത്തത്”

“വീട്ടിലേക്കൊന്നും വിടൂല്ല ചേച്ചി. അവിടെ ചേട്ടൻ അമ്മ പറയുന്നത് മാത്രേ കേൾക്കൂ. പ്രസവത്തിനൊന്നും അതാ വരാഞ്ഞേ”

“ഉം, നിനക്ക് സുഖമാണോ, നീയെന്താ ഒറ്റയ്ക്ക് കുഞ്ഞിനേം കൊണ്ട്, അവനെന്ത്യേ?” ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

“ചേട്ടൻ ഭയങ്കര കുടിയാ ചേച്ചി,  ഇപ്പൊ ദാ കുടിച്ച് വെളിവിലാണ്ട് കെടക്കുവാണ്. മോന് ഒന്നേകാൽ വയസ്സിലെ കുത്തിവെയ്പ്പെടുക്കാൻ വന്നതാ ഞാൻ, ചെല്ലുമ്പോഴേക്കും ഒരു മെന ആക്കിട്ടുണ്ടാകും മുറിയൊക്കെ. ശർദ്ധിച്ചും മൂത്രോഴിച്ചും ചിലപ്പോ തൂറിമിടും. ഒക്കെ ഞാൻ തന്നെ മെനയാക്കണം. തള്ള തിരിഞ്ഞു കൂടി നോക്കൂല്ല. തിന്നാറാവുമ്പോ അടുക്കളേൽ കേറി വരും.”

“നിനക്ക് വീട്ടിലേക്ക് പോന്നൂടെ, എന്തിനാ ഇങ്ങനെ”

അവൾ പൊട്ടിപെണ്ണിനെ പോലെ ചിരിച്ചു. ന്നിട്ട് പറഞ്ഞു.

“എന്തിനാ ചേച്ചി, അച്ഛനെ നാണം കെടുത്തുന്നെ? അച്ഛൻ എല്ലാ ആഴ്ചെ വരും. അരിം സാധനങ്ങളും കാശും ഒക്കെ കൊണ്ട് തരും.”

പിന്നെ ഒരു സ്വകാര്യം പോലെ സ്വരം താഴ്ത്തി പറഞ്ഞു.

“കാശ് തരുന്ന കാര്യം അങ്ങേർക്കറിയില്ല. അതൊക്കെ ഞാൻ ബാങ്കിൽ കൊണ്ട് ഇടും. എന്റെ കൊച്ചിന് എന്തേലും വേണ്ടേ?, പിന്നെ ഞാൻ ചെന്നിട്ടു വേണം കട തുറക്കാൻ. കിട്ടണതിൽ പാതി കുടിക്കാൻ എടുത്തോണ്ട് പോവും, ന്നാലും ബാക്കി ഒള്ളത് ഞാൻ ബാങ്കിലിടും”

“പിന്നെ ചേച്ചി, സ്വർണം ഒക്കെ ഞാൻ ബാങ്കിൽ കൊണ്ടോയി വച്ചു. രണ്ടുമൂന്നു വളകളൊക്കെ എന്നെ പറ്റിച്ചു മേടിച്ചോണ്ട് പോയി അങ്ങേര്. പിന്നെ എനിക്ക് തോന്നി ശരിയാവത്തില്ലന്ന്.”

“നിന്നെ ഉപദ്രവിക്കോ അവൻ?”

“ഉവ്വ, അങ്ങേര് വെവരം അറിയും. ഒരു തവണ തല്ലാൻ വന്നിട്ടുണ്ട്. ഞാൻ തിരിച്ചും അങ്ങട്ട് കൊടുത്തു. നടുംപുറത്തിട്ട്. പിന്നെ അങ്ങേര പണിക്ക് വന്നിട്ടില്ല.”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

പൊട്ടിപെണ്ണ്!

കുഞ്ഞിനെ ഒന്നു തലോടി അവളെ യാത്രയാകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളപ്പോഴും ചിരിക്കുകയായിരുന്നു.

പൊട്ടച്ചിരി!

പിന്നീട് അവളെ കാണുന്നത് സുകുമാരൻ ചേട്ടൻ മരിച്ച അന്നാണ്. വർഷങ്ങൾ കഴിഞ്ഞ്. ചടങ്ങുകൾ ചെയ്തത് അവളുടെ മകനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കൻ കുട്ടി!

തിരക്കൊഴിഞ്ഞപ്പോൾ അവളെ കാണാൻ ചെന്നു. വിശേഷങ്ങൾ പറഞ്ഞു. മകൻ പ്ലസ് ടു കഴിഞ്ഞത്രേ. പഠിക്കാൻ മിടുക്കൻ. എല്ലാത്തിലും A+. ഉപരിപഠനത്തിന് ചേരാൻ പോകുന്നു.

“അമ്മ പറഞ്ഞിട്ടുണ്ട്, ആന്റിയെപ്പറ്റി” അവൻ ചിരിച്ചുകൊണ്ട് പരിചിതനായ ഒരാളെപ്പോലെ സംസാരിച്ചു.

എനിക്കപ്പോൾ അവളെക്കുറിച്ച് എന്തിനോ അഭിമാനം തോന്നി.

“അടുത്തത് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരവാണ്. ആദ്യമായി പ്രശസ്ത എഴുത്തുകാരിയും നമ്മുടെ റസിഡൻസിലെ പുതിയ അംഗവുമായ ശ്രീമതി രേഖ രാമചന്ദ്രനെ ക്ഷണിക്കുന്നു.”

“അമ്മേ, വേദിയിലേക്ക് ചെല്ല്” മകൻ തോളത്തു തട്ടി കൊണ്ട് പറഞ്ഞു.

മെല്ലെ എഴുന്നേറ്റ് വേദിയിലേക്ക് നടന്നു. പൊന്നാട അണിയിക്കലും മൊമെന്റോ തരലുമൊക്കെ കഴിഞ്ഞു.

“ഇനി ശ്രീമതി രേഖ രാമചന്ദ്രൻ നമ്മോട് രണ്ടു വാക്ക് സംസാരിക്കുന്നതാണ്.” അവതാരക എന്റെ നേരെ തിരിഞ്ഞു പറഞ്ഞു.

“മാഡം, അതിജീവിതകളായ വനിതകൾക്ക് വേണ്ടി രണ്ടു വാക്ക് ” അവർ മൈക്ക് എന്റെ നേർക്ക് നീട്ടി

വിറയലോടെ മൈക്ക് കയ്യിലെടുത്തു.

“എല്ലാവർക്കും നമസ്കാരം. ഇങ്ങനെയൊരു വേദിയിൽ നില്ക്കാനും ആദരവ് സ്വീകരിക്കാനുമായതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിന്റെ സംഘടകർക്ക് എല്ലാം എന്റെ അകമഴിഞ്ഞ നന്ദി, സ്നേഹം”

ഒന്നു നിർത്തി വീണ്ടും തുടർന്നു.

“ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ അതിജീവിതകളായ വനിതാ രത്നങ്ങൾക്കും ഭാവുകങ്ങൾ. അവരെയോർത്ത് അഭിമാനിക്കുന്നു. അവർ നമുക്കൊരോരുത്തർക്കും പ്രചോദനമാകുന്നു. എന്നാൽ നമ്മൾ അറിയാത്ത, കാണാത്ത, കണ്ടാലും തിരിച്ചറിയാനാവാത്ത അനേകമനേകം സ്ത്രീകൾ ഗ്രാമങ്ങളിൽ, നഗരങ്ങളിൽ, തെരുവുകളിൽ ഒക്കെ ജീവിക്കുന്നുണ്ട്. ജീവിതത്തോട് പടവെട്ടി. ചിലപ്പോൾ തോറ്റ്, ചിലപ്പോൾ ജയിച്ച്. അവരെക്കൂടി നമുക്കീ വനിതാ ദിനത്തിൽ ഓർമ്മിക്കാം”

“നന്ദി നമസ്കാരം”

കൈകൾ കൂപ്പി വേദിയിൽ നിന്നിറങ്ങുമ്പോൾ മനസ്സിന്റെ സ്‌ക്രീനിൽ കാർത്തുവിന്റെ ചിരിക്കുന്ന മുഖം നിറഞ്ഞു.


ജിസ പ്രമോദ്

ദുരിതപർവ്വം

 

ദുരിതവഴികൾ താണ്ടി

ഇനിയും എത്താത്തവർ

മാറാലപ്പടർപ്പുകളുടെ

ഇരുണ്ട മേൽക്കൂരയിൽ

തളർന്നിരിപ്പായിരിക്കും.

വാതിലുകൾ

കൊട്ടിയടക്കുന്നതിന്റെ

രൂക്ഷഗന്ധം

കരിന്തിരികത്തുന്ന

നിലവിളക്കിനെ

ചുറ്റിവരിയുന്നു

ഉമ്മറപ്പടിയിൽ

ചടഞ്ഞിരിക്കുന്ന

നോട്ടം തെറ്റിയ

കൃഷ്ണമണികൾ

കണ്ണീരുപ്പിന്റെ

ചവർപ്പിൽ

നിലാമഴയോട്

കിന്നാരം പറയുന്നുണ്ട്.

അടിവേരിളകിയ

പത്തായപ്പുരകൾ

അനാഥമോഹങ്ങളുടെ

അസ്ഥിപഞ്ജരമായി

നെടുവീർപ്പിടുന്നു..

ഇനിയും മടങ്ങി വരാത്തവർ

മലിനമാക്കപ്പെട്ട

തെരുവോരങ്ങളുടെ

ദുരന്തഗീതം പാടാൻ

തിക്കും തിരക്കും

ക്കൂട്ടുകയാണ്…


ശിവൻ തലപ്പുലത്ത്

മഴക്കാല രോഗങ്ങൾ ശ്രദ്ധിക്കുക


 അങ്ങനെ കോവിഡിനു കൂട്ടായി മഴക്കാലം കൂടി വന്നിരിക്കുന്നു. രോഗാണുക്കൾക്കെല്ലാം കുശാലുകാലം. അവർക്കു അനുകൂല കാലാവസ്ഥ, നമുക്കാണെങ്കിൽ പ്രതികൂല കാലവും.

അതുകൊണ്ടുതന്നെ മഴ കെടുതിയുടെ ഭീകരാന്തരീക്ഷം നാം അനുഭവിക്കാൻ പോകുന്നതേയുള്ളു. ആരോഗ്യ രംഗത്തുള്ളവർ (അതോ അനാരോഗ്യ രംഗത്തുള്ളവരോ?) ചിന്തിക്കേണ്ട കാര്യങ്ങൾ പലതാണ്.

വെള്ളപൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള ശ്രോതസ്സുകളും ഒരേ തറനിലവാരത്തിലായിരിക്കും. കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മലിനപൂരിതമായിട്ടുണ്ടാവും. (അതേ സമയം എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം റോഡിലൂടെ ഒഴുകി ഓവുചാൽ ക്ലീൻ ആയിട്ടുണ്ടാവും.)

വീണ്ടും കേരളം ഒരു രോഗകാലത്തേക്ക്‌ മാറാൻ തിയറിറ്റിക്കലായി എല്ലാ സാധ്യതയും ഉണ്ട്‌. കോവിഡിനു കൂട്ടായി പലവിധ രോഗങ്ങളും ഉടൻ വരുന്നു കാത്തിരിപ്പിൻ.

1) മഞ്ഞപ്പിത്തം: ഇതിൽ ഹെപ്പാറ്റൈറ്റിസ്‌ എ എന്ന ഇനത്തിലുള്ള വൈറസ്‌ ജന്യമായ മഞ്ഞപിത്തമാണ് പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലങ്കിൽ വീണ്ടും വീണ്ടും രോഗം ബാധിച്ചുകൊണ്ടിരിക്കും. എല്ലാവരിലേക്കും രോഗം പകർത്തികൊണ്ടുമിരിക്കുവാൻ ശേഷിയുള്ള ഒരു നിത്യ ഹരിതനായകനാണ്. മഞ്ഞപ്പിത്തം.

2) ടൈഫോയിഡ്‌: സാൽമനെല്ല കുടുമ്പത്തിൽ പെട്ട ബക്റ്റീരിയകളാണു രോഗകാരികൾ. രോഗിയുടെ അല്ലങ്കിൽ രോഗവാഹകരുടെ വിസർജ്ജ്യത്തിലൂടെ, വെള്ളത്തിലൂടെ, ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം.

3) വയറിളക്ക രോഗങ്ങൾ( Acute diarhoeal diseases -ADD): മലിന ജലത്തിലൂടെ ഇത് കുട്ടികളിലും വൃദ്ധരിലും പെട്ടെന്ന് ബാധിക്കുന്നു. കുടിവെള്ളം മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ല.

എലിപ്പനി: ഓവുചാലുകൾ എലിവർഗ്ഗങ്ങളുടെ കോളനികളാണല്ലോ. പാവങ്ങൾ ഭൂരിഭാഗവും മഴകൊണ്ട് ചത്തിട്ടുണ്ടാവും പ്രത്യേകിച്ച് പെരുച്ചാഴികൾ. ആ നാട്ടിലെ എലികൾക്ക് എലിപ്പനിയുണ്ടെങ്കിൽ അവയുടെ വിസർജ്ജ്യങ്ങളിലൂടെയും ശവങ്ങളിലൂടെയും ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന എലിപ്പനി പടരാം. ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മലിന ജലത്തിൽ കുളിക്കുന്നതു വഴിയും രോഗാണു ശരീരത്തിലെത്തും.

നമ്മുടെ കൊതുകുകൾ: പെരും മഴയത്ത് കൊതുകു മക്കൾ ചത്തുപോകുന്നതിനാൽ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. മഴഒന്നു കുറയുമ്പോൾ കഥ മാറുന്നു. ചുറ്റും മുട്ടയിടാൻ ഇഷ്ടം പോലെ വെള്ളം. മലിനജലം വേണ്ടവരായ ക്യൂലക്സ് (മന്ത് പരത്തുന്നവൻ), അനോഫിലസ്( മലേറിയ പരത്തുന്നവൻ) എന്നിവർക്കു ബഹുത്ത് ഖുശി. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈഡിസ്സിനാണേൽ (ചിക്കുൻ ഗുനിയ, ഡെങ്കി ഫയിം) അതിലും സുഖം, അവർ പെറ്റു പെരുകും നമുക്കാണേൽ ആരോഗ്യക്കുറവും. പനി കൊണ്ട്ജീവിക്കാൻ രക്ഷയില്ല എന്ന സ്ഥിതിവരും.കോവിഡ് കാർന്നോരായി എല്ലാം നോക്കി കണ്ട് എല്ലാ രോഗികളിലുമങ്ങ് കൂടും. മരണ നിരക്കുകളും കൂടാം.

എന്തു ചെയ്യും?

അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഹോട്ടലിൽ കാണുന്ന രീതിയിൽ ചൂടുവെള്ളവും തണുത്തവെള്ളവും മിക്സ് ചെയ്യുന്ന പരിപാടി വേണ്ട.

പച്ചവെള്ളത്തിൽ അടിക്കുന്ന ജ്യൂസുകൾ വേണ്ടന്നു വയ്ക്കുക. പച്ചവെള്ളത്തിലരയ്ക്കുന്ന ചമ്മന്തി പോലും വേണ്ടാന്നു വച്ചേക്കു. സോഡയും, ഫ്രിഡ്ജിൽ വച്ച് പച്ചവെള്ളവും, ഐസും, എല്ലാത്തിലും  ഒരു ശ്രദ്ധവേണം.

മലിനജലത്തിൽ ഇറങ്ങുമ്പോൾ കാലുകളിൽ മുറിവുള്ളവർ ശ്രദ്ധിക്കുക.

കൊതുകുകൾ വ്യാപിക്കാതെ ശ്രദ്ധിക്കുക.

അയൽ പക്കത്തുള്ള രോഗികൾക്ക് എന്തുരോഗമാണെന്നറിഞ്ഞ്, അവരിൽ നിന്നുരോഗം മറ്റുള്ളവരിലേക്ക് പടരാതെ നോക്കാൻ അയൽക്കൂട്ടങ്ങളും റെസിഡൻസ് അസോസിയേഷനുകളും ജാഗരൂകമായിരിക്കുക.

ഡങ്കിപ്പനി,  മങ്കിപ്പനി, ചിക്കൻ ഗുനിയ, പക്ഷിപ്പനി,പന്നിപ്പനി, എലിപ്പനി, കോവിഡ്  എന്നിങ്ങനെ വിവിധ പേരിലുള്ള ഒരോ രോഗത്തിനേയും പേടിച്ച് വെവ്വേറെ വാക്സിനും പ്രധിരോധമരുന്നുകളും കഴിച്ച് പേടിച്ചു ജീവിക്കുകയല്ല, സ്വന്തം  ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷികൂട്ടുക, എന്നതാണു ശാശ്വത പരിഹാരം.

ഈ സമയം മനുഷ്യന്റെ ആരോഗ്യം കുറവാണെന്നും രോഗാണുക്കൾക്കും രോഗവാഹകർക്കും അനുകൂലമാണെന്നുമുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.

രോഗത്തെ പുറത്തിറങ്ങി വീട്ടിലേക്ക് കൂടെ വിലിച്ച് കൊണ്ടുവരാതിരിക്കുക.

നല്ല ഭക്ഷണം, ഉറക്കം,യോഗ പോലെയുള്ള വ്യായാമങ്ങൾ എന്നിവ ശിലിക്കുക

ഡോ. ടി.ജി.മനോജ് കുമാർ

ഇന്തോന്വേഷ്യൻ ദിനങ്ങൾ


 അധ്യായം 15: ബാലിയിലെ ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളുടെ ദ്വീപാണല്ലോ ബാലി. മിക്ക വീടുകൾക്കും സ്വന്തമായി ഒരു ക്ഷേത്രമുള്ള സ്ഥലം. ഇതല്ലാതെ തന്നെ ഇരുപത്തഞ്ചിലേറെ ക്ഷേത്രങ്ങൾ സഞ്ചാരികൾക്കായി ബാലിയിലുണ്ട്. അതിമനോഹരങ്ങളായ ക്ഷേത്രങ്ങൾ. അതിൽ ചിലതിനെക്കുറിച്ചെങ്കിലും ഇവിടെ പ്രതിപാദിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. ബാലിയുടെ സംസ്‌കാരം ഈ ക്ഷേത്രങ്ങളിലൂടെയാണല്ലോ പ്രതിഫലിക്കുന്നത്.

തന ലോട്ട് ക്ഷേത്രത്തിൽ നിന്നാകാം തുടക്കം. ബാലി സന്ദർശിക്കുന്ന മിക്ക സഞ്ചാരികളും ഈ ക്ഷേത്രവും സന്ദർശിക്കാതെ മടങ്ങാറില്ല. ‘തന’ എന്നാൽ ‘കര’ എന്നാണ് ഇന്തോന്വേഷ്യൻ ഭാഷയിൽ അർഥം. എന്നാൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കരയിലല്ല, കടലിലാണ്. ചില സമയങ്ങളിൽ വെള്ളം മൂടാറുമുണ്ടിവിടെ. വൈകുന്നേരങ്ങളിലാണ് മിക്കവരും ഇവിടെ ദർശനത്തിനെത്തുക. അസ്‌തമയ സമയത്ത് ഈ ക്ഷേത്രം നൽകുന്നത് അനിർവചനീയമായ ഒരു നയനാന്ദമാണ്. ഛായാഗ്രാഹകരുടെ ഒരു പറുദീസയും കൂടിയാണ് ഈ ക്ഷേത്രം. ബാലിയുടെ പ്രധാന കേന്ദ്രമായ കുട്ടയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരമുണ്ടാകും ഈ ക്ഷേത്രത്തിലേക്ക്.

പതിനാറാം നൂറ്റാണ്ടിൽ ഒരു പാറക്കെട്ടിൽ പണിതുയർത്തിയതാണീ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ആ നൂറ്റാണ്ടിലെ സഞ്ചാരിയും ശിവഭക്‌തനുമായിരുന്ന ദങ്‌യാങ് നിരർത്ഥ ആയിരിക്കണം ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുക. കടലിലൂടെ നടന്നുവേണം ഈ ക്ഷേത്രത്തിലെത്തുവാൻ. വേലിയിറക്ക സമയമാണ് ഏറ്റവും അനുയോജ്യം. കടലിലൂടെ ചെറിയ പാത കെട്ടിയൊരുക്കിയിട്ടുമുണ്ട്. അവിടെയും സുവനീർ കടകളും ഭോജനശാലകളും ധാരാളം. ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തായി മറ്റു എട്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്. ഈ ക്ഷേത്രം ഒരു വിശുദ്ധ സർപ്പത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് ബാലിക്കാരുടെ വിശ്വാസം. നല്ല ഉദ്ദേശത്തോടെയല്ലാതെ ക്ഷേത്രത്തിലെത്തുന്നവരെ ഈ സർപ്പം ദംശിക്കും എന്നും അവർ വിശ്വസിക്കുന്നു.

മുൻ ലക്കത്തിൽ ഞാൻ ബാലിയിലെ 210 ദിവസങ്ങൾ മാത്രമുള്ള കലണ്ടറിനെക്കുറിച്ച് എഴുതിയിരുന്നല്ലോ. അതുപോലെതന്നെ ഇവിടെ 210 ദിവസത്തിലൊരിക്കൽ നടത്തുന്ന ഒരു അനുഷ്ഠാന പൂജയുണ്ട്. ബാലിക്കാരോടൊപ്പം ഇന്തോന്വേഷ്യയിലെ മിക്ക ഹിന്ദുക്കളും ഈ പൂജയിൽ പങ്കെടുക്കാറുണ്ട്.

ഈ ക്ഷേത്രം കടലിനുള്ളിലാണെങ്കിലും ഇവിടെയൊരു ശുദ്ധ ജലധാരയുണ്ട്. അത് എങ്ങനെയാണ് ലഭിക്കുന്നതെന്ന്‌ ഇന്നും ആശ്ചര്യമാണ്. ഇതിനെ വിശുദ്ധ ജലമായും, ഇതിന്റെ ഉറവിടമായ ഒരു കൽഗുഹയെ വിശുദ്ധ ഗുഹയായും ഇവർ ആരാധിക്കുന്നു. ഈ ജലത്തിന് രോഗശാന്തിയുണ്ടാക്കുവാനുള്ള കഴിവുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. അതുപോലെ രസകരമായ മറ്റൊരു വിശ്വാസവും ഇവിടെയുണ്ട്. ഇണകളായി ഈ ക്ഷേത്രത്തിലെത്തിയാൽ അവരുടെ ബന്ധം അതോടെ ഇല്ലാതാകും എന്നതാണ്. ബാലിക്കാർ പൊതുവെ അന്ധവിശ്വാസികളാണ്.

ദാനു ബ്രത്താൻ ക്ഷേത്രമാണ് മറ്റൊരു മനോഹരമായ ക്ഷേത്രം. ബ്രത്താൻ തടാകക്കരയിലാണ് ഈ ജലക്ഷേത്രമുള്ളത്. ഇതും പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം തന്നെ. ജലദേവതയ്ക്കുള്ള പൂജാകർമ്മങ്ങളായിരുന്നു ഇവിടെ കൂടുതലായും നടന്നിരുന്നത്. ദാനു എന്ന ദേവതയാണ്  ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ. കാർഷികാവശ്യങ്ങൾക്കായി പുരാതന കാലം മുതൽ ഇവിടത്തെ കർഷകർ ആശ്രയിച്ചിരുന്നത് ബ്രത്താൻ തടാകത്തെയായിരുന്നു. അതായിരിക്കണം ഈ ക്ഷേത്രം ഇവിടെ നിർമ്മിക്കുവാനുണ്ടായ കാരണം.

അതിമനോഹരമാണ് ഈ ക്ഷേത്രത്തിന്റെ ദൃശ്യം. ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെടുന്ന സ്ഥലം എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്. ഇവിടത്തെ 50,000 റുപ്യാ നോട്ടിൽ ഈ ക്ഷേത്രത്തിന്റെ പടമാണുള്ളത്. അതുകൊണ്ടാണോ ഇതിന്റെ ഫോട്ടോ എടുക്കുവാൻ ഇത്ര തിരക്ക് അതോ നോട്ടിൽ വരാനുള്ള കാരണം അതായിരിക്കുമോ?

ഉലുവാത്തു ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരാകർഷണം. കടലിലേക്കുന്തിനിൽക്കുന്ന ഒരു മലയുടെ ചരുവിലാണ് ഈ ക്ഷേത്രം എന്നത് ഇതിന്റെ ഭംഗി കൂട്ടുന്നു. കടലിൽ നിന്നും എഴുപതു മീറ്റർ ഉയരത്തിലാണ് നിർമ്മിതി. അതും കടലിലേക്ക് തള്ളി നിൽക്കുന്നത് പോലെ. ഉലുവാത്തു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുമൊരു കടൽ ക്ഷേത്രമാണ്. രുദ്ര എന്ന മൂർത്തിയാണ് ഇവിടെ പ്രതിഷ്‌ഠ. കുരങ്ങുകളുടെ ആവാസകേന്ദ്രമാണിവിടം. ചിലപ്പോഴെല്ലാം സഞ്ചാരികൾക്കു നേരെയും ഇവ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കാറുമുണ്ട്. ഇവിടെയെത്തുന്നവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

കുട്ട കഴിഞ്ഞാൽ ബാലിയിലെ മറ്റൊരു പ്രധാന സ്ഥലമായ ഉബൂദിൽ ഒരു ക്ഷേത്രമുണ്ട്. പുരാ തമാൻ സരസ്വതി എന്നാണിതറിയപ്പെടുന്നത്. തമാൻ എന്നാൽ പൂന്തോട്ടമെന്നും, പുര എന്നാൽ ക്ഷേത്രമെന്നുമാണർഥം. ഈ ക്ഷേത്രത്തിലേക്ക് പോകുന്നത് ഒരു പാലത്തിലൂടെയാണ്. ഇതിന്റെ ഇരുവശങ്ങളും താമരപ്പൊയ്‌കകളാണ്. അതിമനോഹരമായ ദൃശ്യമാണിത്. ഇവിടെ സരസ്വതി അറിവിന്റെയും സംഗീതത്തിന്റെയും മാത്രമല്ല, ജലത്തിന്റെകൂടി ദേവിയാണ്. പോരാത്തതിന് ബാലിയുടെ സംരക്ഷകയും.

ബസാക്കി ക്ഷേത്രത്തിനെക്കുറിച്ച് ഞാൻ കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. മൌണ്ട് ആഗൂങ് എന്ന അഗ്നിപർവ്വതത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ബാലിയിലെ മാതൃക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. ആയിരം വർഷങ്ങൾ എങ്കിലും പഴക്കമുണ്ടാകും. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഈ പ്രധാന ക്ഷേത്രം കൂടാതെ മറ്റു 86 ക്ഷേത്രങ്ങൾ കൂടിയുണ്ട്. ബാലിയിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന ക്ഷേത്രം കൂടിയാണിത്. ഈ ക്ഷേത്രം ത്രിമൂർത്തികൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്‌ണു, ശിവൻ എന്നിവർക്ക് തുല്യപ്രാധാന്യമാണിവിടെ. പലപല അഗ്നിപർവ്വതസ്‌ഫോടനങ്ങളെ അതിജീവിച്ച ഒരു ക്ഷേത്രം കൂടിയാണിത്. ചിലപ്പോഴെല്ലാം ഭാഗീകമായി തകർക്കപ്പെട്ടിരുന്നതൊഴിച്ചാൽ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു എന്നത് തന്നെ ഒരത്‌ഭുതമാണ്. ഇനിയും എഴുതപ്പെടേണ്ടതായ ക്ഷേത്രങ്ങൾ ഇവിടെ ധാരാളം. മധ്യ ബാലിയിലെ പുരാ തീർത്ഥ എംപൂൾ, കിഴക്കൻ ബാലിയിലെ പുരാ എംപുയാങ്, പുരാ ഗോവ ലാവ, തെക്കൻ ബാലിയിലെ പുരാ തമാൻ ആയുർ തുടങ്ങിയവയും സഞ്ചാരികൾക്കു സമ്മാനിക്കുന്നത് വിസ്‌മയകരമായ ദൃശ്യവിരുന്ന് തന്നെയാണ്. എത്ര കണ്ടാലും മതിവരാത്ത ദൃശ്യങ്ങൾ തന്നെയാണ് ബാലിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബാലിയിലെത്തുന്ന സഞ്ചാരികൾ ബാലി വിട്ടുപോകുവാൻ മടിക്കുന്നതും ഇതുകൊണ്ടു തന്നെയാകണം.

ഡോ. സുനീത് മാത്യു 

ജാരൻ : ബുദ്ധദേവ് ഗുഹ - ലിബേഷ് കാരിയിൽ


 കാട്ടുതാറാവിൻ്റെ കരച്ചിൽ കേൾക്കുന്ന പാടത്തെപറ്റി നീ കേട്ടിട്ടുണ്ടോ ? ആ പാടം വേറെയെവിടേയുമല്ല നിൻ്റെ നെഞ്ചിൽ തന്നെയാണ് .

അവിടെ കേൾക്കുന്ന താറാവിൻ്റെ കരച്ചിലിനെ നീ ഭയപ്പെടുന്നു. കേൾക്കാനിഷ്ട്ടപ്പെടുന്നില്ല . ഓരോ വിവാഹിതയുടെ നെഞ്ചിലും അങ്ങനെയൊരു പാടവും കാട്ടുതാറാവിൻ്റെ കരച്ചിലുമുണ്ട്.

പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രി ജന്മംതൊട്ടേ സംസ്ക്കാരബോധമുള്ളവളായിരിക്കണമെന്നും അതവളെ  ഭാര്യയായും അമ്മയായും രൂപപ്പെടുത്തണമെന്നും അതിനുപ്പുറം ഒരു ലോകമവൾക്കില്ലെന്നും ശഠിക്കുന്ന  അപരിഷ്കൃതമായ  വ്യവസ്ഥയെയാണ് ഈ നോവൽ  കടന്നാക്രമിക്കുന്നത്…

കാലങ്ങൾക്കു മുമ്പ്  ആരേയും ആർക്കുവേണമെങ്കിലും പ്രാപിക്കാം എന്നതായിരുന്നത്രേ അവസ്ഥ. ആ കാലത്ത് തൻ്റെ അമ്മയെ ഒരു ബ്രാഹ്മണൻ കൂട്ടികൊണ്ടുപോകുന്നത് പിതാവായ ഉദ്ദാലകനോടൊപ്പം നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വന്ന മകനാണ് ശ്വേതകേതു.പില്ക്കാലത്ത് ശ്വേതകേതു വിവാഹിതർക്കായ് കടുത്ത നിയമം സൃഷ്ടിച്ചു.ആ നിയമമാണ് ഇന്നും വിഹിതരായവർ  തുടർന്നു പോകുന്നത്.

ഈ ഐതീഹ്യ കഥയിൽ നിന്നും വർത്തമാനകാലത്തിലെ ഒരു കുടുംബത്തിലേക്ക് നേരിട്ടുള്ളൊരു  കടന്നുവരവാണ് ജാരൻ…

ഭർത്താവിലെ കാട്ടുമൃഗത്തിന് മൃതുശരീരം പോലെ വഴങ്ങാൻ  നിർബന്ധിതയാകുന്നൊരു ഭാര്യ

മനസ്സിലെ സ്നേഹത്തെ നെെമിഷികാനന്ദത്തിനായ് ബലികഴിക്കാൻ തയ്യാറല്ലാത്ത  അവിവാഹിതനായ നായകൻ …

ആധുനിക ബംഗാളി സാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനായ ബുദ്ധദേവ് ഗുഹ ജാരനിലൂടെ പറയുന്നത് പ്രധാനമായും  സ്ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളാണ്….

 കിഷ അതീവ സുന്ദരിയാണ് പാട്ടുപാടാൻ അറിയുന്നവൾ സാഹിത്യവാസനയുള്ളവൾ നല്ല സൗന്ദര്യബോധമുള്ളവൾ   എല്ലാമാണ് .പക്ഷേ ഭർത്താവായ പിക്കു നേരെ തിരിച്ചാണ്  ഇതിലൊന്നും ഒരുതാൽപ്പര്യവുമില്ലാതെ കേവലമൊരു ശരീരം മാത്രമായ് ഭാര്യയെ കാണുന്നയാൾ.

അവൾ നന്നായ് വീട് അലങ്കരിക്കും ജനൽ കർട്ടനുകളും  മേശവിരിപ്പകളും എന്നും പുത്തൻ പോലെയുണ്ടാവും നന്നായ് പൊട്ടുതൊടും നന്നായ് ഒരുങ്ങും   പക്ഷേ കണ്ണുള്ളവർക്ക് എപ്പോഴും എല്ലാം കാണാൻ കഴിഞ്ഞോളണമെന്നില്ലല്ലോ,

മനസ്സുള്ളതുകൊണ്ട് മാത്രം  മനസ്സിലാക്കാൻ എല്ലാവർക്കും കഴിയുന്നില്ലല്ലോ.ഇതാണ് പിക്കുവിനെ കുറിച്ചുള്ള കിഷയുടെ   പരാധി  … ഇവരുടെ മകനാണ് ടുബുൽ

അരിപ്രസാദ് പിക്കുവിൻറെ കൂട്ടുകാരൻ വയസ്സ് നാൽപ്പത് കഴിഞ്ഞെങ്കിലും വിവാഹം കഴിച്ചിട്ടില്ല …

അരി നല്ല വായനക്കാരനാണ് പുസ്തകങ്ങളാണ് അരിയുടെ പ്രധാന കൂട്ടുകാർ .

കിഷയും അരിയും  തമ്മിൽ പല വിഷയങ്ങളും സംസാരിക്കാറുണ്ട്.

നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്. പുസ്തകം ശരിയായ അനുഭൂതി നൽകുന്നു. ആരേയും ഉപദ്രവിക്കുന്നില്ല.സ്വയം നികൃഷ്ടനാണെന്ന് കാണിക്കുകയുമില്ല അസൂയയോ വിദ്വേഷമോ ഇല്ല.ജീവിത്തിൽ അപമാനിതരായവർക്കും ദുഃഖം സഹിക്കേണ്ടി വന്നവർക്കു പുസ്തകങ്ങളുടെ ലോകമാണ് സ്വർഗ്ഗം . ഇത്തരം വിഷയങ്ങളൊക്കെയാണ്  ഇവർ ചർച്ചചെയ്യാറുള്ളത്.പല കാര്യത്തിലും അവരുടെഅഭിപ്രായങ്ങൾ ഒന്നാണെന്ന കാരണത്താൽ  അവർ അടുക്കാൻ തുടങ്ങി….

അവർ ഒരു യാത്രപോവുകയാണ് അരിയുടെ കാറിൽ പിക്കുവും കിഷയും ടുബുലും. യാത്രയിലുടനീളം അവർ പലതും സംസാരിക്കുന്നു…

കിഷയുടെ ഒരഭിരുചിയും പിക്കുവുമായ് ചേർന്നു പോകുന്നതല്ലെന്നും ഒരിക്കലും കിഷയ്ക്ക് പറ്റിയ ഭർത്താവല്ല പിക്കുവെന്നും  അരി പതിയെ മനസ്സിലാക്കുന്നു

എന്നാലും അവൾ സന്തോഷം അഭിനയിക്കുന്നു… എന്തിന് ?

ഓരോ വിവാഹിതയ്ക്കും  ഒരു തുറന്ന വരാന്തയുടെ ആവിശ്യമുണ്ട് നിത്യജീവിതത്തിൻ്റെയും ഭർത്താവിൻ്റേയും പിടിയിൽ നിന്ന് പുറത്ത് വന്ന്  കുറച്ചൊന്നാശ്വസിക്കാൻ പറ്റിയ വാരാന്ത അവർക്കുവേണം. അവിടെ നിന്നുകൊണ്ട് പുറത്തുനിന്നുവരുന്ന കാറ്റ് കുറച്ച് നേരം ഏറ്റാൽ അവർക്ക് അവരെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. വീർപ്പുമുട്ടിക്കുന്ന മുറിയിലേക്ക് തിരിച്ചു പോകാനുള്ള  കഴിവ് അവർക്ക് കിട്ടുന്നു.

അവളുടെ മുറി എത്രത്തോളം സത്യമാണോ അത്രതന്നെ വാസ്തവമാണ് അവളുടെ വരാന്തയും.ഒരുവൾ അവളുടെ മുറിയിൽ തൃപ്തയാണെന്ന് പറയുമ്പോൾ ഒന്നുകിൽ അവൾ സത്യമല്ല പറയുന്നത് അല്ലെങ്കിൽ ആത്മാവിനെ വഞ്ചിക്കുന്നതിൽ അവൾ വിശ്വസിക്കുന്നുണ്ടാവണം…

കിഷയുടെ മനസ്സും പ്രക്ഷുപ്തമാണ്..ആരാണ് തന്നെ ഇത്രയതികം വഞ്ചിക്കുന്നത് മറ്റാരുമല്ല അത് ഞാൻ തന്നെയാണ് .

ദാമ്പത്യം ഒരു ജയിലാവുകയാണ്  ഇതിലെ തടവുകാർക്ക് നമ്പറോ പ്രത്യേക വേഷമോ ഇല്ല. മുഖത്ത് ചിരി തുന്നിപിടിപ്പിക്കണം.വേണ്ടത്ര ആഘോഷങ്ങളോടെയാണ് താനി ജയിലിലേക്ക് ആനയിക്കപ്പെട്ടത് .അഗ്നിയെ സാക്ഷിനിർത്തി അർത്ഥമറിയാത്ത സംസ്കൃതപദങ്ങളിൽക്കൂടി നടത്തിയ പ്രതിഞ്ജകളെവിടെ ? എല്ലാം വെറുതെ .ഈ വിവാഹമെന്ന ബന്ധനത്തിൽ നിന്നും തനിക്കിനി മോചനമില്ലെന്നോ.

അരിച്ചേട്ടൻ എത്ര നന്നായ് എന്നെ മനസ്സിലാക്കിയിരിക്കുന്നു. അരിച്ചേട്ടൻ എന്നും തൻറെ സ്വപ്നത്തിൽ  ജീവിക്കണം തൻ്റെ മനസ്സിൽ വിരാചിക്കണം.

ശാരീരികാനന്ദം  നിമിഷങ്ങളോളം മാത്രം നീണ്ടു നിൽക്കുന്നു.സ്വപ്നസുഖം ഓർക്കുന്തോറും ജീവിക്കുന്നു.എന്നും ഒഴുകുന്ന ആനന്ദ സാഗരത്തിൽ അവർക്കിരുവർക്കും ഒന്നിച്ചൊഴുകണം.ഒരിക്കലും ആ ഒഴുക്ക് നിലയ്ക്കരുത്.എന്നൊക്കെയുള്ള ചിന്തകൾ അവളുടെ മനസ്സിനെ ഉലയ്ക്കുന്നു.

യാത്രയ്ക്കിടയിൽ അവർ ഒരു ബംഗ്ലാവിൽ താമസിക്കുന്നു.പിക്കുവിന് പുറം കാഴ്ച്ചകളോടൊന്നും താൽപ്പര്യമില്ല .മദ്യം അതുമാത്രം മതി.അരിയേയും നിർബന്ധിക്കും അരി മദ്യം വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളു.. കിഷയ്ക്ക് പുറം കാഴ്ച്ചകൾ കാണണം കാടിൻ്റെ ഭംഗി ആസ്വദിക്കണം രാത്രിയിൽ നിലാവ് പൂത്ത്നിൽക്കുന്ന വേളയിൽ  നക്ഷത്രങ്ങളുടെ ഭംഗി കണ്ടറിയണം.പക്ഷെ പിക്കുവിന് ഒന്നിലും താൽപ്പര്യമില്ല എന്നത് അവളെ വിഷമിപ്പിക്കുന്നു…പ്രകൃതി സൗന്ദര്യം ഒരാൾക്കു തനിയെ ആസ്വദിക്കാൻ പറ്റും പക്ഷെ തുല്ല്യം അനുഭവിച്ചറിയാൻ ഒരാൾ കൂടെയുണ്ടെങ്കിൽ  പങ്കിട്ടാസ്വദിക്കുന്നതിൽ ഇരട്ടി മധുരമുണ്ട് അരിയോടൊപ്പം  കെെകൾ ചേർത്ത് പിടിച്ചങ്ങനെ നടക്കാൻഅവളുടെ മനസ്സ് കൊതിക്കുന്നു…

മേഘമെല്ലാം നീങ്ങി ചന്ദ്രനുദിച്ചുയർന്നു നിൽക്കുന്നൊരു രാത്രി .മഴയുടെ തണുപ്പും നനവും വിടാതെ വനത്തിൻ്റേയും പർവ്വതനിരകളുടേയും പശ്ചാത്തലത്തിൽ ആരോ തളിച്ചുമെഴുകിയ ആകാശത്തിൽ തേച്ചുമിനുക്കി കമഴ്ത്തിവച്ച ഓട്ടുപാത്രംപോലെ ചന്ദ്രൻ പ്രകാശിക്കുന്നു,സുഗന്ധവുമേറ്റി അനിർവ്വചനീയമായ അനുഭൂതിയും പകർന്നുകൊണ്ട് കുളിർക്കാറ്റ് തഴുകി തലോടി കടന്നു പോകുന്നു. ആ രാത്രിയിൽ…അവൾ  മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പിക്കുവിനടുത്തു നിന്നും അരിച്ചേട്ടൻ്റെ അടുത്തെത്താൻ കൊതിച്ചു…വാതിൽ തുറന്ന് അരിയുടെ അടുത്തെത്തിയ അവളെ അരി നിരാശപ്പെടുത്തി.നെെമിഷികാനന്ദത്തിനായ് തൻ്റെ പ്രണയത്തെ ബലികഴിക്കാൻ തയ്യാറെല്ലെന്ന അരിയുടെ വാദം അവളെ സങ്കടപ്പെടുത്തി.

ശ്വേതകേതുവിൻ്റെ നീചമായ നിയമവ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ അരിയവളെ നിർബന്ധിക്കുന്നു.

ഞാൻ കൂട്ടിലകപ്പെട്ട കിളിയാണ്  കൂടിന് വെളിയിലേക്ക് ഏറിയാൽ കൊക്കുകൾ കൊണ്ടുവരാൻ പറ്റും.മറ്റുപക്ഷികൾ കൊണ്ടുവരുന്ന വന്യഫലങ്ങൾ അനുഭവിക്കാനായാലായി. അല്ലാതെ അതിന് മറ്റൊരു കൂട്ടിലേക്ക് പോകാൻ കഴിയുന്നതെങ്ങനെ അവൾ വിലപിക്കുന്നു.

നിനക്കതിനു കഴിയില്ല കീഷേ… അവഹേളനവും അശ്രദ്ധയും കൊണ്ട്  നീ ഓരോ നിമിഷവും നിന്നെത്തന്നെ വഞ്ചിക്കുകയാണ്. വെെവാഹിക ജീവിതം എന്നുവച്ചാൽ അണ്ടർവെയറും ധരിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന  പിക്കുവിൻ്റെയടുത്ത് കിടക്കലല്ല  .ഭർത്താവിൻ്റെഓഫീസ് സമയവും മകൻ്റെ സ്ക്കൂളും മാത്രമല്ല ജീവിതം.  നീ നിന്നെ എനിക്കു താ എൻ്റെ സർവ്വസ്വവും നൽകി ഞാൻ നിന്നെ വിളിക്കുന്നു നീ വരുമോ.

അവൾക്കതിന് കഴിയില്ല  ഉദ്ദാലകനെപ്പേലെ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന പിക്കുവല്ല സങ്കടപ്പെട്ട്   നിൽക്കേണ്ടിവരുന്ന ശ്വേതകേതുവാണ് അവൾക്കുമുന്നില്ലെ പ്രതിസന്ധി .അതെ ടുബുൽ തന്നെ..!!

ജനാലയിലൂട  നിലാവിൽ കുളിച്ച് നിൽക്കുന്ന പ്രകൃതിയിലേക്ക് കണ്ണുകൾ പായിച്ച് അവൾ പാടുകയാണ്  പുറത്തെ പ്രകൃതി സൗന്ദര്യവും വേദനയുടെ കാർമേഘവുമാണ് അവളെ പാടാൻ പ്രേരിപ്പിക്കുന്നത് .അതുകൊണ്ട് തന്നെ ആ ഗാനം മനോഹരമാണ്……..

അരി വരാന്തയിലിരുന്ന് അതേ നിലാവിലേക്ക് നോക്കി ആ ഗാനം ആസ്വദിക്കുകയാണ്……


ലിബേഷ് കാരിയിൽ