2022 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക, ഓഗസ്റ്റ് 2022, ലക്കം 23


 

മുഖമൊഴി

ഒരിക്കൽ ഒരു കൂട്ടം കോഴിമുട്ടകൾക്കിടയിൽ ഒരു പരുന്തിന്റെ മുട്ടയും അബദ്ധത്തിൽ പെട്ടുപോയി. അമ്മക്കോഴി അടയിരുന്നു മുട്ടകൾ എല്ലാം വിരിഞ്ഞു. പരുന്തിൻ കുഞ്ഞും കോഴികുഞ്ഞുക്കൾക്കിടയിൽ വളർന്നു. അവരെപ്പോലെ ആഹാരം കഴിച്ചു, ഉയരങ്ങളിൽ പറക്കുവാൻ ഭയന്ന് ചെറിയ പൊക്കത്തിൽ മാത്രം പറക്കുന്ന കോഴികളെപ്പോലെ മാത്രം ജീവിച്ചു. ഒരിക്കൽ ഉയരത്തിൽ പറക്കുന്ന ഒരു പരുന്ത് ഇതിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അതിനെ അനുകരിക്കുവാൻ ശ്രമിച്ചതുപോലുമില്ല. തനിക്ക് ഉയരത്തിൽ പറക്കുവാൻ കഴിയില്ല എന്ന തോന്നൽ ആയിരിക്കണം അതിനു കാരണം. പരുന്ത് കോഴിയായിത്തന്നെ ജീവിച്ചു മരിച്ചു.

നമ്മൾ പലരും ഇങ്ങനെത്തന്നെയാണ്. വെറുതെ അങ്ങ് ജീവിച്ചു മരിക്കും. തങ്ങളുടെ കഴിവുകൾ ഒരിക്കലും പുറത്തെടുക്കുകയില്ല. പലർക്കും അവരവരുടെ കഴിവുകളിൽ വലിയ വിശ്വാസം ഇല്ല എന്നതു തന്നെയാണ് സത്യം. ഒരു ഡോക്ടറുടെ മക്കൾ ഡോക്ടർ ആയും, വക്കീലിന്റെ മക്കൾ വക്കീലായും ജീവിച്ചു മരിക്കുന്ന ഒരു സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന് പറയാതെ വയ്യ.

ഇത്തരത്തിൽ പ്രൊഫഷനലുകളായുള്ളവരുടെ മക്കൾ സംഗീതക്ജ്ഞൻ ആകണമെന്നോ ചിത്രകാരൻ ആകണമെന്നോ പറയുമ്പോൾ നെറ്റി ചുളിക്കുന്നതിൽ മാതാപിതാക്കളും അധ്യാപകരും മാത്രമായിരിക്കില്ല ഉണ്ടാകുക. കാണുന്നവർക്കും കേൾക്കുന്നവർക്കും പോലും ഇതേ അഭിപ്രായമായിരിക്കും ഉണ്ടാകുക.

നമ്മുടെ മക്കൾക്കുണ്ടായേക്കാവുന്ന അനന്ത സാധ്യതകളെ അറിയാതിരിക്കുക എന്ന് മാത്രമല്ല, അവരിലെ ആ കഴിവുകളെ നിഷ്കരുണം തള്ളിക്കളയുക കൂടിയാണ്, മിക്ക മാതാപിതാക്കളും ചെയ്യുന്നത്. കോഴിക്കൂട്ടത്തിൽ പിറന്ന പരുന്തിൻ കുട്ടിയായി മാറുന്നു ഇവരെല്ലാം.

പറഞ്ഞു വന്നത് ഇതാണ്, പരീക്ഷകളുടെ ഫലം വന്നു കഴിഞ്ഞു. ഒരുവിധം പഠിക്കുന്ന കുട്ടികളെല്ലാം ഡോക്ടർമാരോ, മറ്റു പ്രൊഫഷനുകളോ ആകാനുള്ള തയ്യാറെടുപ്പിലാകും ഇപ്പോൾ. അതിൽ എത്ര പേർ ഇത് താൽപ്പര്യത്തോടെ പഠിക്കുന്നു എന്നത് വലിയ ചോദ്യമാണ്. ഒരു ചെറിയ ശതമാനമെങ്കിലും ബാഹ്യ പ്രേരണയിൽ കുടുങ്ങി നിവൃത്തിയില്ലാതെ പഠിക്കുന്നവർ ആയിരിക്കും എന്നതിൽ തർക്കമില്ല.

കുട്ടികൾ അവരവരുടെ അഭിരുചികൾ കണ്ടെത്തട്ടെ. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടട്ടെ. അതിൽ അവർ അവരുടെ കഴിവുകൾ വിനിയോഗിച്ച് പുതിയ പുതിയ മാനങ്ങൾ കണ്ടെത്തട്ടെ. പരുന്തായി വിഹായസ്സിലേക്കു പറന്നുയരട്ടെ. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു

ഒരുനാൾ വരും…

 


തൊഴിൽലഭിക്കാതിരിക്കുക അല്ലെങ്കിൽ ലഭിച്ചത് നഷപ്പെടുക എന്നത് ഏറ്റവും ദുഃഖകരമായ കാര്യമാണ്. തൊഴിൽ കിട്ടുന്നത് അതുപോലെതന്നെ സന്തോഷകരവും. ചെറുപ്പക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ രൂക്ഷമായ സാമ്പത്തികവും സാമൂഹികവുമായ ആഘാതമാണ് ഏത് രാജ്യത്തിനും ഉണ്ടാക്കുന്നത്.

കോവിഡ് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തേതുപോലില്ലെങ്കിലും തൊഴിലില്ലായ്മ ഇപ്പോഴും ലോകജനതയെ അലട്ടിക്കൊണ്ടിരുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാൾ കൂടുതലും.

കേരളത്തിൽ തൊഴിലില്ലായ്മപ്രശ്നം കുറേ പഴകിയതാണെന്നു മാത്രം. പ്രധാനമായും ഇക്കാരണംകൊണ്ടാണല്ലോ മലയാളികൾ ലോകത്തിൻ്റെ മുക്കിലും മൂലയിലും എത്തപ്പെട്ടത്. സിലോണിലേക്കും, മലയായിലേക്കും ഗൾഫിലേക്കുമൊക്കെ മലയാളികൾ കൂട്ടത്തോടെ പോയത് സ്ഥലംകാണാൻ ആയിരുന്നില്ലല്ലോ!

കോവിഡ് താണ്ഡവകാലത്തെ തൊഴിൽനഷ്ടങ്ങൾ ഇപ്പോഴും നീറുന്ന ഓർമ്മകളായ് മനസ്സിലുള്ളതുകൊണ്ട് തൊഴിലില്ലായ്മ പ്രശ്നങ്ങൾ കൂടുതൽ ചർച്ചചെയ്തു നിങ്ങളെ വിഷമിപ്പിക്കാൻ മുതിരുന്നില്ല. മാത്രവുമല്ല തെഴിലിനോടുള്ള മലയാളികളുടെ സമീപനത്തിൽ വലിയ മാറ്റങ്ങൾ അടുത്ത കാലത്തായി വന്നിട്ടുണ്ടാകാം എന്നാണ് തോന്നുന്നത്. ഈ മാറ്റങ്ങളെക്കുറിച്ചു  പറയാൻ ഞാൻ ആളല്ല, പുതിയ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ്.

ഒന്നറിയാം. തൊഴിൽതേടി നാടുവിട്ടുപോയാൽ തിരികെ വരാൻ പ്രയാസ്സമാണ്. മറ്റൊന്നും കൊണ്ടല്ല, നാട്ടിലെ മാറ്റങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. നല്ലതായാലും മോശമായാലും അതുതന്നെയാണ് സ്ഥിതി. വിലകയറ്റസൂചിക മാത്രം നോക്കിയാൽ മതി, എല്ലാ മാറ്റങ്ങളും അതേവേഗതയിലാണ്. ഔദ്യോഗികമായ കണക്കുകളല്ല. ഒരുസാധാരണക്കാരന്റെ അനുഭവം ആണ് പറഞ്ഞുവരുന്നത്. വീടുകളുടെയും ഫ്ളാറ്റുകളുടെയും വിലയിലും വാടകയിലും ഓരോ വർഷവും വരുന്ന വ്യത്യാസം മാത്രം നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ.  ഓരോവട്ടവും നാട്ടിലേക്കു വരുന്ന ഓരോമലയാളിക്കും മനസ്സിലാകും ഈ വലിയ മാറ്റങ്ങൾ.

കിട്ടിയജോലിനോക്കി നാട്ടിൽതന്നെ നിന്നാൽ നിന്നു. നാടുവിട്ടാൽ ഈ മാറ്റങ്ങൾ കണ്ട് അന്തം വിടാം എന്നല്ലാതെ തിരികെവരാൻ പ്രയാസം.

പണ്ടൊരു ജോലി എന്നെത്തേടിവന്നതും, പിന്നെ പുറത്തു ജോലികിട്ടി നാടുവിട്ടുപോയി തിരികെവരാൻ പ്രയാസ്സപ്പെട്ടതുമായ ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞു നിർത്താം. 

വളരെ ബുദ്ധിമുട്ടി ഒരു ഡോക്ടറേറ്റ് എടുത്തു നിൽക്കുന്ന കാലം. നാട്ടുനടപ്പുപോലെ പത്രത്തിൽ പടവും പരസ്യവും വന്നു. എന്നെപ്പോലുള്ളവർക്ക് പത്രത്തിൽ പടം വരണമെങ്കിൽ ഒന്നുകിൽ ഇതുപോലെന്തെങ്കിലും കനത്തത് എടുക്കേണ്ടിവരും. അല്ലെങ്കിൽ, അറിയാമല്ലോ.

സംഭവം കയ്യിൽ കിട്ടിയെങ്കിലും അധ്യാപനജോലിക്ക് അപേക്ഷ അയച്ച സ്ഥലങ്ങളിൽനിന്നൊന്നും അറിയിപ്പ് കിട്ടിയില്ല.  അവസാനം അറിയിപ്പ് കിട്ടിയത് ബാംഗൂരിലെ ഒരു വലിയ കോളേജിൽ നിന്നാണ്. അച്ഛൻമ്മാർ നടത്തുന്ന സ്ഥാപനം. പേര്കേട്ടത്. ഇന്റർവ്യൂവിന്‌ പതിവുപോലെ എന്തൊക്കയോ ചോദിച്ചു. പതിവ് തെറ്റിക്കാതെ എന്തൊക്കയോ പറഞ്ഞു. മലയാളികളും നല്ലവരുമായ അച്ഛൻമ്മാർക്ക് പറച്ചിൽ ഇഷ്ടപെട്ടുവെന്നു അന്നുതന്നെ മനസ്സിലായി. മലയാളം മീഡിയത്തിൽ പഠിച്ചിട്ടും നന്നായി ഇംഗ്ലീഷ് പറഞ്ഞതായി സൂചിപ്പിച്ചിരുന്നു. ഈ ഇംഗ്ളീഷൊക്കെ പഠിച്ചെടുക്കാൻപെട്ട പാട് അച്ഛൻമാരുണ്ടോ അറിയുന്നു!

ബാംഗൂരിൽ നിന്നും തിരികെ വീട്ടിൽ എത്തിയപ്പോൾ കേട്ടത് മറ്റൊരു സദ്‌വാർത്ത. കോച്ചിയിലെ പ്രശസ്തമായ ബിസിനസ് സ്കൂളിൽ നിന്നും വിളി. വിളിച്ചതോ ആ സ്ഥാപനത്തിന്റെ ചെയർമാൻ. പ്രതിഷ്‌ഠാപകന്‍ – ഫൗണ്ടർ! അവിടേക്ക് ഞാൻ ജോലിക്കപേക്ഷിച്ചിട്ടുപോലുമില്ല. വീട്ടിലെ ഫോൺനമ്പർ എങ്ങനെ കണ്ടുപിടിച്ചു എന്ന് കേട്ടപ്പോൾ ശരീരത്തിലെ അൻപതുലക്ഷം രോമങ്ങളും എഴുന്നേറ്റുനിന്ന് രോമാജ്ജകഞ്ചുകമുണ്ടാക്കി. അദ്ദേഹം (ചെയർമാൻ, ഫൗണ്ടർ) എനിക്ക് ഡോക്ടറേറ്റ് കിട്ടിയ വാർത്ത പരസ്യംചെയ്ത പത്രങ്ങളിലേക്ക്  വിളിച്ചു സംഘടിപ്പിച്ചു. ഇതിൽ കൂടുതൽ സന്തോഷിച്ചാൽ ഹൃദായാഘാതം വരുമെന്ന സന്ധിക്കു തൊട്ടുമുമ്പു അമിതമായ സന്തോഷം നിർത്തേണ്ടിവന്നു. അതിന് കാരണം അച്ഛൻ പറഞ്ഞു. മുറപോലെ കാരണവരുടെ പേരും എൻ്റെ Ph.D. പരസ്യത്തിൽ അച്ചടിച്ചു വന്നിരുന്നല്ലോ. അതിൻ്റെ വാലിൽ കേറിയാണ് ചെയർമാൻ്റെ പിടിത്തം. ഇതേവാലുള്ള നമ്മൊളൊക്കെ സഹകരിക്കണമത്രേ.ഈ ലോകത്തു മറ്റാരും ഡോക്ടറേറ്റ് എടുത്തിട്ടില്ലാത്തപോലെ. എന്റെയറിവിൽ  അക്കാലത്തുപോലും കേരളത്തിൽ നൂറുകണക്കിനാൾക്കാരാണ് വർഷാവർഷം Ph.D.യുമായിറങ്ങിയിരുന്നത്.

ആവാലിൽ അത്രക്ക് പിടുത്തം വന്നിട്ടില്ലാത്ത ഞാൻ ബാംഗൂരിലെ വിളിക്കു കാത്തു. ബാംഗ്ലൂർ വിളിച്ചു, പക്ഷെ തരാം എന്ന് പറഞ്ഞ കാശിനു ബാംഗ്ലൂരിൽ വീട് വാടകക്കെടുത്താൽ അഷ്ടിക്ക് സിറ്റിജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ തെണ്ടേണ്ട അവസ്ഥ സംജാതമാകും. നാറിയാലും നാട്ടിലല്ലേ എന്ന ചിന്തയിൽ കൊച്ചിക്കുവിട്ടു. ബിസിനസ് സ്കൂളിൽ പതുവു ഇന്റർവ്യൂ, ചെയർമാനും മറ്റുള്ളവരും ചോദ്യംചെയ്തു.  വീട്ടിലേക്കുവിളിച്ച കരയോഗത്തിൻറെകാര്യം അഭിമുഖത്തിനിടയിൽ ആരും മിണ്ടിയില്ല. വേതനവ്യവസ്ഥകളിലേക്ക് വന്നപ്പോൾ മാത്രം എല്ലാപേരും പെട്ടെന്ന്  മതനിരപേക്ഷരായി. കാശിന്റെ കാര്യം വന്നപ്പോൾ  മാത്രം വിമതരായവർക്ക് പക്ഷെ ഒരൊറ്റ നിബന്ധനമാത്രം. ആശാന്റെ ചണ്ടാലഭിക്ഷുകിയിലെ  ബുദ്ധഭിക്ഷുവിനെപോലെ കോളേജുസെക്രട്ടറി പറഞ്ഞു, ‘…ചോദിക്കുന്നു നിൻ ബുൾഗാൻ താടി വടിക്കഹോ.’ ജോലിവേണമെങ്കിൽ ബുൾഗാൻ താടി വടിക്കണം എന്ന്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തു പരിപാലിച്ചുകൊണ്ടിരുന്ന സാധനമാണ് നിസ്സാരമായി വടിക്കാൻ പറഞ്ഞുകളഞ്ഞത്.

ജോലി തന്നു. ജാതി ചോദിച്ചില്ല. താടിമാത്രം ചോദിച്ചു. കൊടുത്തു. താടിയും പഠിപ്പീരും തമ്മിലുള്ള അഭേദ്യമായ ബന്ധം അറിയാതിരുന്ന ഞാൻ ആ നിമിഷംവരെ ബുൾഗാൻ താടിവച്ചായിരുന്നു ഈ അഭ്യാസങ്ങളൊക്കെ. ‘ആഭാസി’ എന്ന് ഞാൻ സ്വയം ശാസിച്ചു. മീശകൂടി വടിക്കാൻ പറയുന്നതിനുമുൻപ് ഉടനെ ജോലിയിൽ പ്രവേശിച്ചു. ശമ്പളം ബാംഗ്ലൂരിൽ തരാം എന്നേറ്റതിലും കുറയും, പക്ഷെ കൊച്ചിയിൽ പഞ്ചനക്ഷത്രഹോട്ടലിൽ രണ്ടുദിവസം കഴിയാൻ തികയും. വീട് വാടകക്കെടുത്തു കഴിഞ്ഞാലും മുപ്പത് ദിവസം അരിവാങ്ങാനുംതികയും. പച്ചക്കറി, മൽസ്യം ആദിയായവ കൃഷിചെയ്യേണ്ടി വരും. എന്നാലും തെണ്ടേണ്ടിവരില്ല.

കിട്ടിയത് അർഹതയില്ലാത്ത ജോലിയാണെന്നതോന്നലോടെ ഈ സമയത്തും മറ്റുജോലികൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. പുതിയ ജോലികിട്ടിയത് വിദേശത്താണ്.

വീണ്ടും ചെയർമാന്റെ മുന്നിലെത്തി. രാജിവയ്ക്കുന്നതിലുള്ള ശോകം അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് അക്കിടി മനസ്സിലായത്. ശിവാജി ഗണേശനെപ്പോലെ അഭിനയം കസറിയതുകൊണ്ടാണോയെന്നറിയില്ല. രാജിവെക്കേണ്ട എന്ന ആജ്ഞവന്നു. ലീവ്എടുത്താൽ മതി. ആയിക്കോട്ടെയെന്നു ഞാനും. വല്ലനാട്ടിലും പോകുന്നതല്ലേ, സ്വന്തം നാട്ടിൽ ഉറപ്പുള്ളൊരു ജോലികിടക്കുന്നതു നല്ലതാണെന്നു ഉൾവിളിയുണ്ടായി. എന്തുറപ്പ്! കണക്കിൽ കാണിക്കാൻ ഒര് പേരുകിടക്കട്ടെയെന്ന് മാത്രമേ ചെയർമാനും വിചാരിച്ചിട്ടുള്ളൂ എന്ന് പിൽക്കാലത്തു മനസ്സിലായി. 

അന്ന് നാടുവിട്ടതാണ്. പിന്നെ നാട്ടിൽ ജോലിചെയ്തിട്ടില്ല. പതിനഞ്ചു വർഷമാകുന്നു. നാട്ടിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാതിരിക്കാനുള്ള കാരണങ്ങൾ പലതാണെങ്ങിലും ഒരുകാരണം ടിയാൻ ചെയർമാൻ തന്നെയാണ്.  വിദേശത്തെത്തി മൂന്നുനാലുവർഷം കഴിഞ്ഞു നാട്ടിൽ തിരിച്ചുവന്നാലോ എന്ന ചിന്തയിൽ ഇദ്ദേഹത്തെ വീണ്ടും ബന്ധപ്പെട്ടു. ലീവിൽ ആണെന്നാണല്ലോ വയ്പ്പ്. പ്രൈവറ്റ് കോളേജിൽ എന്ത് ലീവ്. ഒഴിവില്ലായെന്ന് ടിയാൻ. ഇനി ഒഴുവുണ്ടായാലും തരാമെന്നേറ്റ ശമ്പളത്തിന് പഞ്ചനക്ഷത്രം പോയിട്ട് സാദാഹോട്ടലിൽ പോലും രണ്ടുദിവസം തങ്ങാൻ കഷ്ടിയായിമാറിയിരുന്നു ഈസമയം നാട്ടിലെ വിലവിവരപട്ടിക നിലവാരം.  എന്നാൽ നാട്ടിലേക്കുള്ള തിരിച്ചുവരവ് പിന്നെയാകട്ടെയെന്ന് ഞാനും വിചാരിച്ചു.

അതുപിന്നെ വന്നില്ല. വരുമായിരിക്കും.


സുമേഷ് രാമചന്ദ്രൻ

വേദനയുടെ നിറം














ഹൃദയത്തിലാണ് വേദന ഉരുകൊണ്ടത്.

നാലറകളിലും അത് ഇരിപ്പിടം തേടി

ഒടുവിലൊരിടത്ത് മാത്രമായിടം തേടാതെ

ധമനികളിലൂടെ……

ജീവരക്തത്തിലൂടെ…….

അതിവേഗം പരന്നൊഴുകിയെല്ലായിടവും

വാസത്തിനായൊരുക്കിയെടുത്ത്

വിജയിയെപ്പോൽ ആർത്തട്ടഹസിച്ചു.

ചായികകളോരാന്നായി തുറന്ന്

നിറങ്ങളോരോന്നായെടുത്തത്

സമർത്ഥനായ ചിത്രകാരനെപ്പോൽ

അത് പുത്തൻ നിറക്കൂട്ടുകളൊരുക്കി.

ഓരോ വേദനയ്ക്കുമോരോ നിറമാണത്രേ …….

അറിയുമോ നിങ്ങൾക്ക്?

ചില വേദനകൾക്ക് നനുത്ത ചിരി കൊണ്ട്

തിരശ്ശീലയൊരുക്കുമ്പോൾ

മഞ്ഞു പോലെ തണുത്തയാ നോവിന്

തൂമഞ്ഞിൻ്റെ വെൺമയോലും

നിറമാണ് ചേരുന്നതത്രേ!

ഇനിയുമുണ്ട് ചില വേദനകൾ….

വെയിലിനെ കടത്തിവിടാത്ത

കരിമേഘത്തിൻ്റെ കറുകറാ

കറുപ്പു നിറമാണവയ്ക്ക്!!!

കണ്ണീരുപ്പിൽ നിന്ന് വേർപിരിയുന്ന

നീർത്തുള്ളികൾ അവിടെയെത്തുമ്പോൾ

കാർമേഘങ്ങളാർത്തു പെയ്യും.

ഓരോരോയിടങ്ങളിലാ നൊമ്പരപ്പെയ്ത്ത്

ഒരായിരം നിറങ്ങളിൽ

ഒരായിരം മിഴികളിലൂടെ

ഒഴുകിയിറങ്ങുമ്പോൾ

വേദനയ്ക്ക് നിറങ്ങളേറെയാവും!


അജിത.വി. അമ്പലപ്പുഴ


 

കെണി


 









കെണിയിലാപ്പെട്ടയെലി, അന്തിച്ചു നിന്നു

വിശന്നിരതെണ്ടുമിന്നേര, മാരാണു മുന്നിൽ

രുചിയേറുമീ വിഭവങ്ങൾ കൊണ്ടുവെച്ചുപോയ് !

കെണിയെന്നറിഞ്ഞല്ല, ഭയന്നുമല്ല..

എന്നല്ലയെത്ര സുരക്ഷിതം, ശല്യങ്ങളെല്ലാ-

മൊഴിഞ്ഞിരുന്നു തിന്നാനൊരു കൊച്ചു കൂടും.

തിന്നുകയാണതു പാവ, മീലോക,മെല്ലാം-

മറന്നുറങ്ങുകയാകാമതിന്നുള്ളിൽ.

അകലെയിതു നോക്കിയിരിപ്പുണ്ടു ഞാൻ,

മൃതിവെച്ച കെണിയിലെന്നേ കുരുങ്ങിയോൻ!


ഇ എസ് സതീശൻ

അവസാനമില്ലാത്ത പ്രയാണം



ട്രെയിനിന്റെ ജനലിലൂടെ നേരിയ മഴയോട് കൂടിയുള്ള ആ കാറ്റ് മുഖത്തടിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരുപോലെ അവൾക്ക് കുളിർമ തോന്നി. അതുകൊണ്ട്  ഷട്ടർ അടയ്ക്കാതെ തന്നെ രേഷ്മ ദീർഘനേരം പുറത്തേക്ക് നോക്കിയിരുന്നു.

എന്നും വിങ്ങുന്ന മനസ്സും നനഞ്ഞ കണ്ണുകളോടെയുള്ള തന്റെ പഴയ യാത്രകൾ അവസാനിച്ചിരിക്കുന്നു.

രണ്ട് മൂന്ന് തവണയായി രമേഷേട്ടൻ ഇല്ലാതെ ഈ ഒറ്റയ്ക്കുള്ള യാത്ര…

ഒരു കുഞ്ഞികാല് കാണാനായി കയറി ഇറങ്ങാത്ത അമ്പലങ്ങൾ ഇല്ല.

പിന്നീട് രമേഷേട്ടന്റെ അമ്മ തന്നെയാണ് മണ്ണാറശ്ശാലയിലുള്ള ഈ കോവിലിനെ കുറിച്ചു പറഞ്ഞത്. ആറാറ് മാസം കൂടുമ്പോൾ അവിടെ പോയി ഉരുളി കമഴ്‍ത്തണം. ആദ്യമൊക്കെ ഇതൊരു സന്തോഷദിനങ്ങൾ കൂടിയായിരുന്നു.

രണ്ട് ദിവസം വീട്‌വിട്ട്  പുറത്തേക്ക് പോകാം. ആ ദിവസമൊക്കെ  രമേഷേട്ടനെ ഒറ്റയ്ക്ക് തന്നോടൊപ്പം കിട്ടും. കാഴ്ചകൾ കണ്ട് ഒത്തിരി ദൂരം യാത്ര ചെയ്യാം. അവിടെ ചെന്നാലോ മനസ്സിന് ശാന്തിയും സമാധാനവും കിട്ടുന്ന അമ്പലത്തിലെ ആ അന്തരീക്ഷം.. ഹോ..തനിക്ക് ഓരോ യാത്രയും എത്രയെത്ര അനുഭൂതികൾ പങ്ക്‌വച്ചു കടന്നുപോയി.

രമേഷേട്ടന് ആണെങ്കിൽ മടുപ്പും തോന്നി തുടങ്ങി..

വർഷങ്ങൾ കടന്നുപോയതല്ലാതെ പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടായില്ല. അമ്മയുടെ പിറുപിറുക്കലിന് ആക്കം കൂടി ഉച്ചപാടിലേക്ക് എത്തി. വയസായ ആളുകളല്ലെ. ക്ഷമിക്കാമെന്നു വയ്ക്കാം. പക്ഷേ.. രമേഷേട്ടന്റെ മാറ്റം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പോയി പോയി എല്ലാ കുറ്റങ്ങളും തനിക്കായി. അങ്ങനെ ചെറിയ ചെറിയ വഴക്കുകൾ പോലും നിത്യവും ദേഹോപദ്രവത്തിലേക്കുമെത്തി.

ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞാൽ കേൾക്കില്ല. കുഴപ്പം മുഴുവൻ തനിക്കാണെന്നു അമ്മയും മോനും വിലയിരുത്തി.

ഇത്രയും ദൂരം എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല രമേഷേട്ടാ..

ഒറ്റയ്ക്കങ്ങു പോയാ മതി..

കൊല്ലം കൊറേയായില്ലേ. എന്നെക്കൊണ്ട് പറ്റില്ല ഇനി തുള്ളിച്ചു കൊണ്ട് നടക്കാൻ.

അയാൾ ഒച്ച വച്ചു.

ഇനി പോകാൻ ആനയും അമ്പാരിയും വേണാവോ തബ്രാട്ടിയ്ക്ക്..

നീ എത്ര പോയിട്ടും കാര്യല്യടി..

മനസ് നന്നാവണം. എല്ലാം മുകളിലിരുന്നു ഭഗവാൻ കാണുന്നുണ്ട്.

അമ്മയുടെ വകയാണ് ബാക്കി ശകാരവും പ്രാകും..

അന്നേ ഞാൻ അവനോടു പറഞ്ഞതാ ആ മീനാക്ഷിയെ കെട്ടിയാൽ മതീന്ന്. അപ്പൊ അവന് പഠിച്ച പെണ്ണിനെ വേണം ത്രേ. ഇപ്പൊ എങ്ങനെയായി.. കുടുംബം വേരറ്റു മുടിഞ്ഞില്ലേ. തള്ള ചൊല്ലാ വാവൽ തല കീഴ്ക്കനം പാട്‌.

അമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

അമ്മ ചീത്ത പറഞ്ഞുതുടങ്ങിയാൽ നിൽക്കില്ല. അമ്മാവന്റെ മോളാണ് മീനാക്ഷി. അമ്മയ്ക്ക് ഇപ്പോഴും അവളെ രമേഷേട്ടന്റെ ഭാര്യയായി കൊണ്ട് വരണമെന്നുണ്ട്. പോയിപോയി രമേഷേട്ടനും അത് കുഴപ്പമില്ല എന്നൊരു തോന്നൽ ആയി.

തന്നെക്കൊണ്ട് ഇനി പ്രത്യേകിച്ചൊരു കാര്യമില്ലല്ലോ. എങ്ങനെയെങ്കിലും എന്നെ ഇവിടുന്ന്  ഓടിക്കാൻ നോക്കുകയാണ് ഏട്ടനും. രമേഷേട്ടന്റെ അച്ഛൻ ഉള്ളപ്പോൾ വീട്ടിൽ ആരുടെയും നാവ് പൊന്തില്ല. തനിക്കും നല്ല സപ്പോർട്ട് ആയിരുന്നു അച്ഛൻ. അച്ഛന്റെ മരണശേഷമാണ് അമ്മയും മോനും തനിക്ക് നേരെ തിരിഞ്ഞത്. തന്റെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ തനിക്കും പോകാൻ ഒരിടമില്ലാതെയായി. പിന്നെ ആകെ കൂടി ആശ്വാസം ഈ അമ്പലത്തിൽ പോക്ക് തന്നെയാണ്.

തന്റെ കൂടെ എങ്ങോട്ടും വന്നില്ലെങ്കിലും തയ്യൽ കഴിഞ്ഞു എന്നും മീനാക്ഷിയെ കൊണ്ട് വരുന്നതു രമേഷേട്ടനാണ്. ഇടയ്ക്കിടെയുള്ള വീട്ടിൽ വന്നുള്ള അവളുടെ താമസവും അവരുടെ പെരുമാറ്റവും അമ്മയ്ക്ക് അവളോടുള്ള അമിത സ്നേഹവും തന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

മഴ ശക്തിയായി പെയ്തു. ജനൽ ഷട്ടർ അടച്ചു ഉറങ്ങാൻ ശ്രമിച്ചു. എപ്പോഴോ കണ്ണിൽ നിന്ന് അടർന്ന് വീണ കണ്ണുനീർ ആരും കാണാതെ തുടച്ചു. ഉരുളി കമഴ്‍ത്തി കുഞ്ഞുണ്ടാവുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചിട്ടു മാസങ്ങളായി. തന്നോട് സംസാരിക്കാനോ മുഖത്ത് നോക്കാനോ ശ്രമിക്കാത്ത രമേഷേട്ടനിൽ നിന്ന് എങ്ങനെ ഇനി ഉണ്ടാകാണാണ്. ഒരു പ്രാന്തി പെണ്ണിനെ പോലെ ശാപമോക്ഷം കാത്ത് വീണ്ടും അമ്പലം കയറിയിറങ്ങി. രമേഷേട്ടന് മീനാക്ഷിയിലെങ്കിലും ഒരു കുഞ്ഞുണ്ടാവട്ടെ. അതിൽ പരം താനെന്ത് ആഗ്രഹിക്കാനാണ്.

ഏക ആശ്വാസം കഴിഞ്ഞ തവണ വന്നപ്പോൾ കൂടെ പഠിച്ച ബിന്ദുവിനെ കണ്ടതാണ്. അന്ന് അവളുടെ കൂടെയാണ് താമസിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ശിവൻ വിദേശത്താണ്. അവളും അമ്മയും സഹോദരനും അവിടെ അടുത്താണ് താമസിക്കുന്നത്. തന്റെ ദുഃഖങ്ങൾ കേൾക്കാനും ഇറക്കി വയ്ക്കാനും അങ്ങനെയൊരു അത്താണിയായി. ചിരിയും കളിയും കരച്ചിലുമായി അങ്ങനെ ഒരു ദിവസം കടന്നുപോയി.. ഈ യാത്രയിലും രേഷ്മ യുടെ ലക്ഷ്യം ബിന്ദുവിന്റെ വീട് തന്നെയായിരുന്നു.

പരസ്പരം സംസാരിക്കാൻ പോലും തയ്യാറാവാത്ത രമേഷേട്ടനിൽ നിന്ന് കുഞ്ഞു പ്രതീക്ഷിച്ചു ഉരുളി കമഴ്ത്താൻ വന്ന രേഷ്മയെ ഇത്തവണ കളിയാക്കാൻ ബിജുവേട്ടനും മറന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ടുപോരാൻ ഇത്തവണ ബിന്ദുവിന്റെ സഹോദരൻ ബിജുവേട്ടനും ഉണ്ടായിരുന്നു. ഒത്തിരി പ്രാവശ്യം തന്നെ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും സംസാരിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ പൊട്ടി പൊട്ടി ചിരിക്കുന്നകണ്ട് അവൾക്കും അത്ഭുതം തോന്നി. പ്രായം 35 കഴിഞ്ഞെങ്കിലും പെണ്ണ് കെട്ടിയിട്ടില്ല. ആദർശവും രാഷ്ട്രീയവും കൂട്ടികുഴച്ചു നാട് നന്നാക്കാനിറങ്ങി സ്വന്തം കാര്യം മറന്നുപോയെന്നാണ് അമ്മ പറഞ്ഞത്.

ഓരോ തവണ വരുമ്പോഴും ആ വീട് രേഷ്മ യ്ക്ക് ഒരു അത്ഭുതമായി തോന്നി. എത്ര സന്തോഷവും സമാധാനവുമാണ് താൻ ഇവിടെ വരുമ്പോൾ അനുഭവിക്കുന്നത്. തന്റെ സങ്കടങ്ങൾ പറയാനൊരിടമായി മാറി ഈ കൊച്ചുവീട്. ഇവിടുത്തെ ആളുകൾ തനിക്ക് വേണ്ടപ്പെട്ടവരായി. തന്റെ വിഷമങ്ങൾ കണ്ട് ആ അമ്മയും മനസിൽ ഒരു മകളുടെ സ്ഥാനം കൊടുത്തു. രമേഷേട്ടൻ തനിക്കായി കരുതി വച്ച ഡിവോഴ്സ് പേപ്പറിന്റെ കാര്യം പറഞ്ഞപ്പോൾ രേഷ്മ പൊട്ടി കരഞ്ഞു പോയി.  അന്ന് രാത്രി ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്ത് ഒരുപാട് വൈകിയാണ് അവർ ഉറങ്ങിയത്. അന്ന് ആ അമ്മ അവളോടൊപ്പമാണ് കിടന്നത്.. വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്നേഹം….

പിറ്റേന്ന് അവൾ തിരിച്ചു പോകുമ്പോൾ ബിജുവേട്ടൻ റെയിൽവേ സ്റ്റേഷൻ വരെയല്ലായിരുന്നു അവളോടൊപ്പം ഉണ്ടായത്. ആ ദീർഘനേര യാത്രയിൽ അവർക്ക് പങ്ക് വയ്ക്കാൻ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു തനിക്ക് വേണ്ടപ്പെട്ടവരുടെ കൂടെ അവൾ തിരിച്ചു പോരുമ്പോൾ വലിയൊരു ഭാരം ഇറക്കി വച്ചതായി തോന്നി. അന്ന് മുറുകെ പിടിച്ച ബിജുവേട്ടന്റെ കൈകൾ ഒരിക്കലും അയഞ്ഞുപോകാതെ എന്നും അവൾക്ക്  തുണയായി തീർന്നു. വൈകാതെ തന്നെ ഉരുളി കമഴ്ത്താതെ ഒരു കുഞ്ഞുമോനെയും അവൾക്ക് ലഭിച്ചു.


ഷൈജ എം. എസ്സ്

നൂറിൽ നൂറ്


 












അവസാനിച്ചിടത്തുനിന്നായിരുന്നു തുടക്കം.

അവൾ  പുതുവഴി തിരഞ്ഞെടുത്തപ്പോൾ

അവനകലം  ലക്ഷ്യമിട്ടു

പോകുന്നിടമെല്ലാം

സഞ്ചാരത്തിലാണെന്നും

കാണുന്ന കണ്ണുകളിലെല്ലാം

കഥ ഉറങ്ങുന്നുവെന്നും അവനുതോന്നി.

കഥകളെ  കണ്ണാടിയാക്കി പഠിച്ചുതുടങ്ങി.

വലിച്ചുനീട്ടിക്കെട്ടിയ ജീവിതം  പെട്ടികളിലാക്കി

ദൂരമളന്നളന്നു

അകന്നുപോകുന്ന കാലുകൾ.

ഭാഷയോ  വിശപ്പോ 

ഉറക്കമോ അലട്ടാതെ,

ഒന്നിനും തിടുക്കപ്പെടാതെ,

വഴിയോരത്തെ ബഞ്ചിലിരുന്നു.

വയറും മുലയുമൊട്ടി വാലാട്ടിയടുത്തുവന്ന

ഒരു കൊടിച്ചിപ്പട്ടിയെ അന്നാദ്യമായവൻ

സ്നേഹത്തോടെ തലോടി.

ബിസ്‌ക്കറ്റുകൊടുത്തു.

ഉറങ്ങിപ്പോയതറിഞ്ഞതേയില്ല.

പിറ്റേന്ന്,കൂട്ടുകാരിയുടെ

കൊച്ചു ഗ്രാമത്തിലെത്തി.

അവളെ  തല്ക്കാലം എൽസിയെന്ന് വിളിക്കാം.

കാറ്റ് കൊണ്ടുവന്ന എള്ളെണ്ണമണവും

ഇടവഴികളിലെ  ഓലക്കുടിലും

ശ്വാസത്തെ ലളിതമാക്കിക്കൊണ്ടിരുന്നു.

കാട്ടുതേൻ തേച്ച് ചുട്ടെടുത്ത കിഴങ്ങും, തെളിനീരും

താമരയിലയിൽ സന്ധ്യയെ നുണഞ്ഞിറക്കി.

ഇറമ്പിലെ മരത്തിലെ

പഴുക്കാൻ മടിച്ചൊരു ഞാറയ്ക്ക പൊട്ടിച്ച്

വിജനമായ  പൊന്തക്കാട്ടിൽ

വെളിയ്ക്കിരുന്നു.

കാലിയായ ബിയർകുപ്പികൾ ചിരിപ്പിച്ചു

പുലർന്നപ്പോൾ കെട്ടിപ്പിടിച്ചു

സ്നേഹം പറഞ്ഞു രണ്ടാളും പിരിഞ്ഞു.

ദേശങ്ങളിലേയ്ക്കും രുചികളിലേയ്ക്കും

പ്രിയപ്പെട്ടവരിലേക്കും സംഭവിച്ച യാത്രക്ക്

അന്നുമിന്നുമവൻ നൂറ് മാർക്കിട്ടു.


റാണി സുനിൽ

ദൈവങ്ങളുടെ ചിരി


നാളെയാണ് അജ്മലിന്റെ ഇളയ പെങ്ങളുടെ കല്യാണം. അജ്മലിന്റെ പെങ്ങളെന്നാൽ ജോവന്റെയും അരവിന്ദിന്റെയും കൂടി പെങ്ങളാണ്! കാരണം അവർ മൂന്നു പേരും സഹോദരങ്ങളെപ്പോലെയാണ്. പന്തലിടാനും തോരണങ്ങൾ തൂക്കാനും എന്തിനുമേതിനും ജോവനും അരവിന്ദും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവർ അജ്മലിനോടൊപ്പം വിശ്റമമില്ലാതെ നെട്ടോട്ടമോടുകയാണ്.

നാട്ടുകാർ അവരെ ത്രിമൂർത്തികളെന്നാണ് വിളിച്ചിരുന്നത്. ഒന്നാം ക്ളാസ് മുതൽ ഒരിക്കലും പിരിയാത്ത സൗഹൃദം സൂക്ഷിക്കുന്നവർ. ജാതിയും മതവും നോക്കാതെ ആരെയും സഹായിക്കുവാൻ എപ്പോഴും മുമ്പിലുണ്ടാവും അവർ. അജ്മലിന്റെ വാപ്പയുടെ നിർദ്ദേശാനുസരണം അവർ യന്ത്രങ്ങളെപ്പോലെ ചലിച്ചു കൊണ്ടിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ടാണ് അജ്മലിന്റെ വാപ്പ അവരുടെ അടുത്തേക്കോടിക്കിതച്ചെത്തിയത്.

“ചതിച്ചു മക്കളേ…ആ തമിഴൻ നമ്മളെ ചതിച്ചു. സ്ഥലത്തിന്റെ ആധാരത്തിനു പകരം പണം തരാമെന്നയാൾ സമ്മതിച്ചതാണ്. ഇപ്പോൾ പറയുന്നു, അത്രയും പണം ഈ സ്ഥലത്തിനു തരാൻ പറ്റില്ലെന്ന്. ഈ അവസാനനിമിഷം ഞാനെന്തു ചെയ്യുമെന്റെ പടച്ചോനേ” ഇത്രയും പറഞ്ഞ് അയാൾ നെഞ്ചിൽ കൈകൾ പിണച്ച് തളർന്നിരുന്നു.

“വാപ്പ ഒന്നു കൊണ്ടും പേടിക്കേണ്ട. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ സലീമയുടെ കല്യാണം നടക്കും. “

രണ്ട് തോളുകളിലും പിടിച്ചു കൊണ്ട് ജോവനും അരവിന്ദും പറഞ്ഞു. എന്നിട്ട് അജ്മലിനോട്,

“വാടാ അജ്മലേ”

ഒരു കുറവും വരാതെ സലീമയുടെ കല്യാണം കഴിഞ്ഞു. വാപ്പ മൂന്നു പേരെയും ചേർത്തു നിർത്തി

“എവിടെ നിന്നൊപ്പിച്ചു പഹയൻമാരേ പണം?”

“എല്ലാം പടച്ചോൻ നടത്തിത്തന്നതാ വാപ്പേ”

അജ്മൽ മറുപടി പറഞ്ഞു.

അടുത്ത മാസം ആ നാട്ടിലെ പള്ളിയിലും അമ്പലത്തിലും മസ്ജിദിലും നിരീക്ഷണ കാമറകൾ സ്ഥാപിപ്പിക്കപ്പെട്ടു. നേർച്ചപ്പെട്ടികൾക്ക് പുതിയ ചങ്ങലകളും താഴുകളും സംരക്ഷണമേകി. ദൈവങ്ങൾ അതു കണ്ട് പൊട്ടിച്ചിരിച്ചു. നിൽക്കാൻ മണ്ണും മുകളിലാകാശവും മാത്രം വേണ്ട തങ്ങൾക്കായി, പുതിയ ആഡംബരങ്ങൾക്കു വേണ്ടി ആ നേർച്ചപ്പെട്ടികളിൽ കിടന്നു ശ്വാസം മുട്ടുന്ന നാണയളെയോർത്ത് അവർ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.


അനിൽ കുമാർ എം ബി

വേനൽപക്ഷി









 ഇന്നു പെയ്തമഴയിൽ ,

നിൻറെ മർമരം ആർത്തലഞ്ഞു.

അവ എൻറെ കാതുകളിൽ,

ഉടക്കി വലിക്കുമ്പോൾ,

സമുദ്രത്തിൻറെ അനന്തതകളിൽ ,

നീ നിറഞ്ഞു പൂക്കുന്നു.

ഒരു നനുത്ത പുലരിയിൽ ,

നിൻറെ തളർന്ന കണ്ണുകൾ,

എൻറെ നേർത്ത ദലങ്ങളെ ,

പാതിയിൽ അറുത്തിട്ടു യാത്രയായി .

സ്വപ്നത്തിൻറെ കനലുകളിൽ ,

നഷ്ടങ്ങൾ സ്‌ഫുരിച്ചു .

ഇന്ന് ചീറിയടക്കുന്ന രാക്കാറ്റിൽ

നിൻറെ സമരണകൾ എന്നിലേ ക്കു വീശിടുന്നു .

നിൻറെ കുളിരിൽ എൻറെ ആത്മാവ് വിറക്കുന്നു .

പൊഴിയാനൊരുങ്ങി നിൽക്കുന്ന ആമ്പൽപ്പൂക്കൾ ,

എൻറെ പുതപ്പിൽ ഇടം തേടുന്നു ,

കെട്ടുപോയ തിരിയിൽ അഗ്നി ആളിയണയുന്നു .

മീനമാസത്തിലെ മാമ്പൂക്കളും ,

മേടമാസത്തിലെ കൊന്നപ്പൂക്കളും ,

എന്നെ മറന്നിരിക്കുന്നു.

അപരിചിതമായ ഭൂമിക്കുമീതെ ,

വേനൽപക്ഷിയായി പറന്നിടുമ്പോൾ,

അരുത്..!

നീ എൻറെ സ്‌മൃതികളിൽ

ജനിക്കാതിരിക്കുക.


വൃന്ദ എസ് കുമാർ 

മണമുള്ള മുല്ലകൾ


 

തിങ്കളാഴ്ച…

മുനിസിപ്പൽ പാർക്കിലെ വാക്കിങ് ട്രാക്ക് മിക്കവാറും ഒഴിഞ്ഞു കിടന്നു. അവിടെയും ഇവിടെയും ആയി വളരെ ചുരുക്കം ആൾക്കാർ നടക്കുന്നു. എന്നും ചിലക്കുന്ന പക്ഷികൾ പോലും ഇന്ന് മൗനം. എന്താണ് കാരണം എന്നന്വേഷിച്ചു നോക്കാം .

എന്നും ഇണക്കുരുവികളെ പോലെ കളർ കോർഡിനേറ്റഡ് ആയ ട്രാക്‌സ്യൂട്ടിട്ടു കൈ പിടിച്ചു നടക്കാറുള്ള ആ ദമ്പതികൾ. സന്ധ്യയും ബിജുവും. അവരെ ഇന്ന് കാണുന്നില്ല. പ്രഭാതസവാരിക്ക് വരുന്ന എല്ലാവർക്കും അറിയാം ആ ദമ്പതികളെ. അമ്പതു വയസ്സ് കഴിഞ്ഞിട്ടും കളിച്ചും ചിരിച്ചും പരസ്പരം നുള്ളിയും ചെവിക്കു പിടിച്ചും ഉള്ള ആ നടത്തം. പിന്നെ അടുത്ത മിൽക്ക് പാർലറിൽ നിന്നും ലസിയും കുടിച്ചിരുന്നു തമാശ പറയുന്ന ആ ഇണകൾ എല്ലാവരെയും ഒന്ന് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാറുണ്ട്.

ഇന്നാ സ്റ്റാർ കപ്പിൾസ് ആണ് വരാത്തത്. പാർക്ക് ആകെ മൂകമായ പോലെ. എല്ലാവരും അവരുടെ വക നടത്തം കഴിഞ്ഞു പോയി തുടങ്ങി. ബിജു ഓഫീസിൽ എത്തിയാൽ ഉടൻ സന്ധ്യയെ വിളിക്കും. എത്തി എന്ന് പറയാൻ. പതിനൊന്നു മണിയാകുമ്പോൾ സന്ധ്യ വിളിക്കും വീട്ടിൽ നിന്ന് കൊടുത്തു വിട്ട അലോവെര ജ്യൂസ് കുടിച്ചൊന്നറിയാൻ. ഉച്ചക്ക് ഒന്നരക്ക് ബിജു പിന്നെയും വിളിക്കും  നല്ല ലഞ്ച്. തന്നയച്ചതിനു നന്ദി പറയാൻ. പിന്നെ വൈകിട്ട് ഓഫീസിൽ വിട്ടിറങ്ങുന്നതു വരെ അവർ വളരെ കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു. മാതൃക ദമ്പതികൾ.

പിന്നെ എന്തിനാണ് ബിജു സെക്രട്ടറി മീരയ്ക്ക് മെസ്സേജ് അയക്കുന്നത്. എന്തിനു അവൾക്കു കോമ്പ്ലിമെൻറ് കൊടുക്കുന്നു. അവൾ ലേറ്റ് ആയി വന്നാലും അവളുടെ ലേറ്റ് പഞ്ച് മാത്രം മാർക്ക് ആവാത്തതിന് കാരണം എന്താണ്. എന്തിനു മീര അയാൾക്ക് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി കൊണ്ട് വരുന്നു. ഇത്ര മാതൃക ഭാര്യ വീട്ടിൽ ഉള്ളപ്പോൾ. എന്താണീ മിസ്കോമ്മ്യൂണിക്കേഷൻ.

ഫോണിൽ മീരയുടെയും അസിസ്റ്റന്റ് പൂജയുടെയും നമ്പർ മനോജ് എന്നും പ്രകാശ് എന്നും എന്തിനാണ് സേവ് ചെയ്തിരിക്കുന്നത്. ബിജുവിന്റെ സ്ക്രീൻ സേവ്യർ സന്ധ്യയുടെ ചിരിക്കുന്ന മുഖം. അയാളുടെ പഴ്സിൽ അവളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കി പറയാറുണ്ട് .. സന്ധ്യയുടെ കാൾ വന്നാൽ ബിജു എഴുന്നേൽക്കും എന്ന്.

ഓവർ റ്റു സന്ധ്യ

ഭർത്താവിനെ പറഞ്ഞു വിട്ടിട്ടു ഫോൺ എടുത്താൽ പിന്നെ കുറഞ്ഞത് 6-7 വീടുകളിൽ ഫോൺ ചെയ്താലേ സന്ധ്യക്ക്‌ സമാധാനമാകു. അവളുടെ ഒരു ദിവസ്സം ഫോണിലാണ് കൂടുതലും. വൈകിട്ട് ബിജു വന്നാൽ കുടിക്കാൻ  ചായയും സ്‌നാക്‌സും ഉണ്ടാക്കി അവൾ കാത്തിരിക്കും.

അങ്ങനെ ഒരു ദിവസമാണ് വൈകുന്നേരം ബിജു വരാതെ ഇരുന്നപ്പോൾ അവൾ വേവലാതിപ്പെട്ട് അയാളുടെ  സുഹൃത് സഞ്ജയനെയ് വിളിച്ചത്. സന്ധ്യയോടെന്താണ് പറയേണ്ടതെന്ന് അറിയാതെ സഞ്ജയ് വിഷമിച്ചിരിക്കുമ്പോഴാണ് അവളുടെ വീടിന്റെ മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നത്.

ഫോൺ വച്ച് സന്ധ്യ ഓടി ഇറങ്ങി ചെന്നപ്പോൾ കണ്ടത് കൈവിലങ്ങുകളോടെ ജീപ്പിൽ ഇരിക്കുന്ന ബിജുവിനെയാണ്. അലറി കരഞ്ഞ അവളെ അടുത്ത വീട്ടിലെ ‘ആന്റി പിടിച്ചിരുത്തി. അപ്പോഴേക്കും അയൽവക്കത്തെ ആൾക്കാർ ഗേറ്റ് വളഞ്ഞു.

പതിയെയുള്ള സംസാരം അങ്ങനെ സന്ധ്യയുടെ കാതിലും എത്തി. ബിജുവിനെതിരെ സെക്ഷ്വൽ ഹരാസ്സ്മെന്റ് കേസ് കൊടുത്തിരിക്കുന്നു പോലും. ഓഫീസിലെ ആറേഴു പെണ്ണുങ്ങൾ ചേർന്നാണ് കംപ്ലൈന്റ്റ് കൊടുത്ത്. മാനേജ്‌മന്റ് ബോർഡ് ഒരു തീരുമാനം എടുക്കാത്തത് കൊണ്ടാണവർ പോലീസിൽ പരാതി കൊടുത്ത്. പരാതിയിൽ ബിജു അവർക്കയക്കാറുള്ള അശ്ലീലം കലർന്ന മെസ്സേജുകളും ഫോട്ടോസും ചേർത്തിരുന്നതു കാരണം, പോലീസിന് കൂടുതൽ തെളിവിന്റെ ആവശ്യം വന്നില്ല. വീട്ടിലുള്ള ബിജുവിന്റെ കമ്പ്യൂട്ടർ പരിശോധിക്കാനാനവർ വീട്ടിൽ എത്തിയത്.

ബോധം കേട്ട് വീണ സന്ധ്യയെ അടുത്ത വീട്ടിലെ സ്ത്രീകൾ ചേർന്നെഴുനേൽപ്പിച്ചിരുത്തി.

കരഞ്ഞു തീർന്നപ്പോൾ സന്ധ്യ തന്നോട് തന്നെ ചോദിച്ചു.. എന്താന്നെനിക്കൊരു കുറവ്.. ഇത്രയും പെർഫെക്ഷൻ.. ഇത്രയും ഹൈജീൻ എത്രപേർക്കുണ്ട്. എന്നിട്ടും ബിജുവിനിങ്ങനെ ചെയ്യാനുള്ള മനസ്സുണ്ടായല്ലോ.


ഷീന പിള്ളൈ സിങ്ങ് 

തീവെട്ടി കാളി


 







കൂമൻ പാടത്ത്

പെണ്ണ് തിരണ്ടാൽ

തീവെട്ടി കാളിക്ക്

അവലും മലരും നേദിക്കും


അപ്പൻ ചത്തേന്റെ

പുലവീടും മുന്നേ

മടയിൽ തമരടിക്കാൻ ചെന്ന

ചങ്കിൽ തീയുള്ള കറുകറുത്ത

ചെറുമത്തി പെണ്ണൊരുത്തി.


നിന്റേൽ  ഉള്ളത്ര

വെടിമരുന്നെവിടാടി

ഉള്ളേന്നു

വഷള് ചിരിച്ചവന്റെ

നെഞ്ചത്ത് തമര് പൊട്ടിച്ച്

പൊള്ളി ചത്ത

ചെറുമത്തി കുറുമ്പ


ചേറിലോ, മരത്തിലോ

തീ വെട്ടം കണ്ടാൽ

പ്രേതമല്ല,

ദേവിയെന്നു

ഏതു പാതിരായ്ക്കും

പെണ്ണുങ്ങൾക്ക്‌

പിന്നെ ഉശിരാണ്…


ആരോ ഉണ്ടെന്നു,

കരുതൽ ഉണ്ടെന്ന് തോന്നലാണ്!

അത് കാണുമ്പോ

ചെകിടത്തു പൊള്ളുന്ന അടി വീണ പോലെ,

നെഞ്ചത്ത് തമര് വീണ പോലെ

ആണുങ്ങൾക്ക് കതിപ്പാണ്!


ഏതേലും പെണ്ണുങ

ചത്തു ചിതയെടുക്കുമ്പോ

കിഴക്കൂന്നു

കാറ്റൂതിയൂതിയൊരു വെട്ടം വന്നാൽ


ദണ്ടേ, വന്നേ,

വന്ന് കൊണ്ട് പോയെ

എന്നാർത്തു കൈകൊട്ടി

ചെതക്കു ചുറ്റും

കുരവയാണ് ആർപ്പാണ്…


അങ്ങനെ അങ്ങനെ

ഒരുനാട്

പെണ്ണൊരുത്തി കൊളുത്തിയ

തീയിൽ

ജ്വലിക്കുമ്പോ,


കാവലു നിക്കുമ്പോ

പെണ്ണായ പെണ്ണെല്ലാം

കൂനാതെ, വളയാതെ, കുമ്പിടാതെ

നിവർന്നു നടക്കുമ്പോൾ


ഇനി നിങ്ങള് പറ

നേരായാലും നുണയായാലും

ചില സങ്കല്പങ്ങൾ നല്ലതല്ലേ …


ലിഷ ജയൻ

മങ്കി പോക്സ് അഥവാ വാനര മസൂരി


 കേരളത്തിൽ മങ്കി പോക്സ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കകൾ പടരുകയാണല്ലോ? അത് കൊണ്ടു തന്നെ  ഈ രോഗത്തെകുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഓർത്തോ പോക്സ് വൈറസ് കുടുംബത്തിൽപ്പെടുന്ന “മങ്കി പോക്സ്  വൈറസ്” മൂലമുണ്ടാകുന്ന ഒരു തരം പനിയാണ് കുരങ്ങു പനി. വസൂരി വൈറസിന്റെ കുടുമ്പത്തിൽപ്പെട്ട ഒരു ഡി എന് എ  വൈറസ് ആണിത്.

1958ൽ ഡെൻമാർക്കിലെ കോപ്പെൻ ഹേഗൻ പരിക്ഷണ ശാലയിലെ കുരങ്ങുകളിൽ ഈ രോഗം പടർന്നു പിടിച്ചിരുന്നു. മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 1970 ൽ കോംഗോയിലെ (Democratic Republic of the Congo) ഒരു കുട്ടിയിലാണ്.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക്, അവയുടെ കടി, മാന്തലെന്നിവയിലുടെയോ മാംസത്തിലുടെയോ പകരാം. മനുഷ്യരിൽ  പരസ്പ്പര സ്പർശനത്തിലുടെയോ, ശരീര ശ്രവങ്ങളിലൂടെയോ പകരാം.

ലക്ഷണങ്ങൾ

ആദ്യലക്ഷണമായി തലവേദന, ശരിര വേദന, പനി, ക്ഷീണം എന്നിങ്ങനെ സാധാരണ ഇൻഫ്ലുവെൻസയുടെ ലക്ഷണങ്ങളാവും കാണുക. കടുത്ത തലവേദനയുള്ള വിറയൽ പനിയാണ് സാധാരണയായി ആദ്യം കാണുന്നത്.

പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് ചുവന്ന പാടുകൾ  ഉണ്ടാകും പിന്നിടാണ്  കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് വസൂരിയുടെയുടെ ലക്ഷണം. കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങൾ പനി, പേശി വേദന, ചെവിക്കു പിന്നിൽ , താടിയിൽ, കക്ഷത്തിലും, ഇടുപ്പിലും, കഴലകൾ  വീർക്കുന്നു.

എന്നാൽ ഈ  ലക്ഷണങ്ങൾ മറ്റ് പനികളിലുമുണ്ടാകും. മാത്രമല്ല കേരളത്തിൽ മിക്കരോഗികളും പാരസറ്റമോൾ  ഒന്നിലധികം ഡോസ് കഴിച്ചിട്ടാകും വരുന്നത്.  അതുകൊണ്ട് തന്നെ ഒരുലക്ഷണവും കാണിച്ചില്ലന്നും വരാം .  മറ്റു ചില പനികളുമായി ഇത് മാറി പോകാനും ഇടയുണ്ട്.

ചിക്കൻ പോക്സിന്റെ കുരുക്കൾ ആദ്യം വയറിലോ നെഞ്ചിലോ ആണ്  വരിക. പതിയെയാണ് ചിക്കൻ പോക്സിന്റെ കുരുക്കൾ വരുന്നതെങ്കിൽ ഇവിടെ മൂന്നാം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴലകള് വീർത്തുവരുന്നതും  കുരങ്ങ് പനിയുടെ പ്രധാന  ലക്ഷണമാണ്.

ഇപ്പോൾ തക്കാളി പനിയും വ്യാപകമാണ്, തക്കാളി  പനിയിൽ കൈകൾക്കുള്ളിലും, കാലിന്നടിയിലും, കാൽ മുട്ട്, ചന്തി, എന്നിവിടങ്ങളിലും വായുടെ അകത്തും കുരുക്കൾ ഉണ്ടാകും. പനി അത്ര കാര്യമായി ഉണ്ടാകുകയുമില്ല.

21 ദിവസമാണ് ഈ പനിയുടെ ഇൻകുബേഷൻ പിരിയഡ്,  ഇത് ഒരു വൈറൽ പനിയായതിനാൽ, മിക്ക ആളുകളിലും വലിയ സങ്കീർണ്ണതകളൊന്നുമില്ലാതെ ആഴ്ചകൾ നിലനിൽക്കുന്നു. സുഖം പ്രാപിക്കുന്ന കാലയളവ് നീളുകയും രോഗബാധിതനായ വ്യക്തിക്ക് ക്ഷീണം, കഠിനമായ പേശിവേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗത്തിന്റെ കോമ്പ്ലിക്കേഷന് ആയി ന്യുമോണിയ, തലച്ചോറിനു പഴുപ്പ്, രോഗാണു ബാധകൾ എന്നിവ വരാം. ഗർഭിണികളിൽ  ഗർഭം അലസുന്നതിനും ജനിക്കുന്ന കുഞ്ഞിനു വൈകല്യമുണ്ടാകുന്നതിനും സാധ്യതയുണ്ട്.

രോഗ നിർണ്ണയം :

പ്രാരംഭ ഘട്ടത്തിൽ  പി.സി.ആർ ടെസ്റ്റ് വഴിയും, അഞ്ചോ ഏഴോ ദിവസത്തിന് ശേഷമാണെങ്കിൽ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം. ഇപ്പോൾ കേരളത്തില് രോഗനിർണ്ണയ സൗകര്യം ലഭ്യമാണ്.

ചികിത്സ:

ഇത് 2-4 ആഴ്ചയ്ക്കുള്ളിൽ സ്വയം ശമിക്കുന്ന ഒരുരോഗമാണ്. വളരെ വിരളമായി മാത്രമേ മാരകമാകാറുള്ളു.

കുരങ്ങു പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. രോഗലക്ഷണമനുസരിച്ച് സാന്ത്വന ചികിത്സ നല്കുന്നു. നഷ്ടപ്പെട്ട ജലാംശം നൽകണം. പനി ബാധിച്ച രോഗിക്ക് പൂർണ്ണ വിശ്രമം, മതിയായ ജലാംശം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എന്നിവയും പ്രധാനം.

കുരങ്ങ് പനിയെ എങ്ങനെ തടയാം?

പോസിറ്റീവായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉമിനീർ, മൂത്രം, ചലം പോലുള്ള ശ്രവങ്ങൾ തൊടാതെ ശ്രദ്ധിക്കണം. കുരങ്ങുകളുടെ അസാധാരണമായ മരണം പതിവായി നിരീക്ഷിക്കേണ്ടതും പ്രധാനമാണ്. ചത്ത മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും മാംസാഹാരം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യണം. കാനന യാത്രകൾ തല്ക്കാലം ഒഴിവാകുക. രോഗികളുമായി സമ്പർക്കമുണ്ടായാൽ കൈകൾ സാനിറ്റൈസ് ചെയ്യുക.


ഡോ. ടി.ജി.മനോജ് കുമാർ 

ഇന്തോന്വേഷ്യൻ ദിനങ്ങൾ

 


അധ്യായം 17: കൂടുതൽ ബാണ്ടൂങ് വിശേഷങ്ങൾ


ബാലിപോലെ തന്നെയാണ് ബാണ്ടൂങ്ങും. അഗ്‌നിപർവ്വതങ്ങൾ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്ന ഇന്തോന്വേഷ്യയിലെ മറ്റൊരു പ്രദേശം. ഒരു പ്രദേശത്തിന് മൊത്തം ദുരിതം വിതയ്ക്കുന്ന ഒരു പ്രകൃതിസൃഷ്‌ടിയെ എങ്ങനെ അവരുടെ വരുമാന മാർഗ്ഗവുമാക്കാമെന്നതിന് ഉദാഹരണങ്ങളാണിവ.

തങ്കുബാൻ പെരാഹു ആണ് ഇവിടത്തെ പ്രധാന അഗ്‌നിപർവ്വതം. ബാണ്ടൂങ്ങിൽ നിന്നും മുപ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് (2019) ഇത് അവസാനമായി തീ തുപ്പിയത്. അഗ്‌നിപർവ്വത മുഖത്തുള്ള വിള്ളലിന് മുകളിലൂടെ നടക്കാം എന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്. എന്നാൽ സുരക്ഷയെക്കരുത്തി ഈ നടത്തം നിരോധിക്കുവാൻ തീരുമാനമുണ്ടന്നറിയുവാൻ കഴിഞ്ഞു. തിളച്ചു മറിയുന്ന ജലധാരയും ചൂടിൽ ഉരുകുന്ന മണ്ണും നമുക്കിവിടെ കാണുവാൻ കഴിയും. ഒരു മുട്ട വാങ്ങി ഈ മണ്ണിൽ വച്ചു പുഴുങ്ങിയെടുക്കാം. അതിനും ധാരാളം പേർ ഇവിടെയുണ്ടാകും. ഇതിനോടനുബന്ധിച്ച് മുട്ട വ്യാപാരവും തകൃതിയായി നടക്കുന്നു. ലാവാ മണ്ണിൽ മസ്സാജ് ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. ഈ ജലമണ്ണ്  മില്ലി കണക്കിൽ വിൽക്കുന്നവരുമുണ്ട്. അത് മറ്റൊരു വ്യാപാരം. ചൂടുജലധാരയിൽ കുളിക്കുന്നതിനും ഇവിടെ അവസരമുണ്ട്.

കവാ പുട്ടി തടാകമാണ് മറ്റൊരു പ്രധാന ആകർഷണം. വെളുത്ത അഗ്‌നിപർവ്വതമുഖം എന്നാണീ പേരിന്റെ അർഥം. ബാണ്ടൂങ്ങിൽ നിന്നും അമ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. മല കയറിത്തന്നെ അവിടെയെത്തണം. സമുദ്ര നിരപ്പിൽ നിന്നും 2400 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ല തണുപ്പുള്ള പ്രദേശവുമാണിത്. രണ്ടഗ്‌നിപർവ്വതങ്ങളുടെ ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരട്ട അഗ്‌നിപർവ്വതങ്ങൾ എന്നാണു  തദ്ദേശീയർ ഇവയെ വിളിക്കുന്നത്. AD 1600 നു ശേഷം ഇവ സ്‌ഫോടനം നടത്തിയിട്ടില്ല. ഈ തടാകത്തിലെ ജലത്തിന് വെളുത്ത നിറമാണ്. ഇതിലെ വലിയ അളവിലുള്ള സൾഫർ ആണ് ഈ നിറത്തിനു കാരണം. കഠിനമായ അമ്ലസ്വഭാവമുള്ളതാണ് ഇതിലെ വെള്ളം. വെള്ളത്തിൽ വിരൽ മുക്കുന്നതു പോലും ഇവിടെ നിരോധിച്ചിട്ടുണ്ട്. ജീവജാലങ്ങൾ ഒന്നുമില്ലാത്ത തടാകമാണിത്. ഇവിടെ ഗന്ധകത്തിന്റെ അതിരൂക്ഷമായ ഗന്ധമുണ്ടാകും. ഇതിനായി മാസ്‌ക് വിൽക്കുന്നവരും ഇവിടെ ധാരാളം. ഇത് മറ്റൊരു കച്ചവടം.


പട്ടെൻഗാങ് തടാകമാണ് ഇവിടത്തെ മറ്റൊരു പ്രധാന കേന്ദ്രം. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലാണ് ഈ തടാകവും. ഇതും രണ്ടഗ്‌നിപർവ്വതങ്ങൾക്കിടയിൽത്തന്നെ. സാൻഡ്‌വിച്ച് തടാകം എന്നും ഇതിന് പേരുണ്ട്. അതി മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയാണ് ഈ തടാകം സഞ്ചാരികളെ കാത്തിരിക്കുന്നത്. പുതുതായി വിവാഹിതരാകുന്നവരുടെ ഇഷ്‌ട പ്രദേശം കൂടിയാണിവിടം. മധുവിധുവിനും വിവാഹാനന്തര ഫോട്ടോഗ്രഫിക്കും ധാരാളം പേർ ഇവിടെയെത്തുന്നു. സുഖകരമായ കാലാവസ്ഥയും റിസോർട്ടുകളുടെ ആധിക്യവും ഇവിടം മധുവിധു ആഘോഷകരുടെ പറുദീസയാക്കുന്നു.

ദുസൂൺ ബാംബൂ പാർക്കാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ട വിനോദ കേന്ദ്രം. പതിനഞ്ചു ഹെക്റ്റർ സ്ഥലത്താണ് ഈ പാർക്കൊരുക്കിയിരിക്കുന്നത്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന ഒരു വിനോദ കേന്ദ്രമാണിത്. വിനോദത്തിനായി ധാരാളം ആക്റ്റിവിറ്റീസ് ഇവിടെയൊരുക്കിയിട്ടുണ്ട്. ഭീമാകാരങ്ങളായ ബാംബൂ രൂപങ്ങൾ സഞ്ചാരികളെ കവാടത്തിൽ വരവേൽക്കുന്നു. ഇവിടെ വലിയ പാലങ്ങളടക്കം മിക്കതും ബാംബൂ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവയായാണ്. മറ്റൊരു ലോകത്തു പ്രവേശിച്ചിരിക്കുന്ന അനുഭവമാണ് ഇവിടെയെങ്ങും. ഇതിനുള്ളിൽ രണ്ടു റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസമോ രണ്ടു ദിവസങ്ങളോ ചെലവഴിക്കുന്നതിനുള്ളത്ര ആക്റ്റിവിറ്റീസ് ഇതിനുള്ളിലുണ്ട്.

ഭക്ഷണപ്രിയരുടെ പറുദീസയാണ് ബാണ്ടൂങ്. രുചികരമായ വിവിധ തരം വിഭവങ്ങളാണ് ബാണ്ടൂങ്ങിൽ നിന്നും സഞ്ചാരികൾക്ക് അനുഭവഭേദ്യമാകുന്നത്. ഭക്ഷണത്തിനു മാത്രമായി ഇവിടം സന്ദർശിക്കുന്നവരുമുണ്ട്. ബുരാറാങ് തെരുവ് ഇത്തരത്തിലുള്ള ഭക്ഷണവൈവിധ്യങ്ങൾക്ക് പേര് കേട്ടതാണ്.

പൊരിച്ചതും പുഴുങ്ങിയതുമായ മൽസ്യ അപ്പങ്ങളാണ് (fish cakes) ഇന്തോന്വേഷ്യയിലെ ഒരു പ്രധാന വിഭവം. ദ്വീപുകൾക്കനുസരിച്ച് രുചി വ്യത്യാസമുണ്ടാകുമെന്നു മാത്രം. ഞാൻ ഇത് മുൻപ് സുമാത്രയിൽ നിന്നും കഴിച്ചിരുന്നു. വേവിച്ച മീനും, ധാന്യപ്പൊടിയും, മുട്ടയും, ഉപ്പും, വെള്ളവുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. ഇവയെല്ലാം കുഴച്ചു വേവിച്ചെടുക്കും. ചിലപ്പോഴെല്ലാം ഇത് പൊരിച്ചും തയ്യാറാക്കും. ഇത് രുചികരമായ സോസും വിനാഗിരിയും ചേർത്ത ഒരു ലായനിയിൽ മുക്കിയാണ് കഴിക്കേണ്ടത്. പെംപെക്ക്  എന്നാണിത് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. ഇത് ഇന്തോന്വേഷ്യയുടെ ഒരു പാരമ്പര്യ വിഭവമാണ്.

ബബൂർ ആയം ഗിബ്ബാസ് ആണ് മറ്റൊരു വിഭവം. ബബൂർ എന്നാൽ പോറിഡ്‌ജ്‌ എന്നും ആയം എന്നാൽ ചിക്കൻ എന്നുമാണർത്ഥം. ആവി കയറ്റിയുണ്ടാക്കുന്ന ചിക്കൻ ചെറു കഷണങ്ങളാക്കിയുണ്ടാക്കുന്ന ഒരു പോറിഡ്‌ജ്‌ ആണിത്. മറ്റു മാംസങ്ങൾ, കടൽ വിഭവങ്ങൾ, കൂണുകൾ, ഇലവർഗ്ഗങ്ങൾ തുടങ്ങിയവയും ചേർത്തുണ്ടാക്കുന്ന പോറിഡ്‌ജുകളും ഇവിടെ ലഭ്യമാണ്.

സെറാബിയെന്നു പേരുള്ള പാൻ കേക്കുകളാണ് മറ്റൊരു പ്രധാന വിഭവം. ഇത് ഒരു സ്‌ട്രീറ്റ് ഫുഡ് ആണ്. പ്രാതലിനാണ് കൂടുതലായും ഇതുപയോഗിക്കുന്നത്. ഇതിനു സുറാബിയെന്നും ഇന്തോന്വേഷ്യയുടെ മറ്റു ചില ഭാഗങ്ങളിൽ പറയുന്നതും കേട്ടിട്ടുണ്ട്. ബാറ്റഗോർ, ലോട്ടക്, പിസാങ് മൊളാൺ, സോട്ടോ ബാണ്ടൂങ്, സിലോക്ക് ബാണ്ടൂങ്, മീ കൊക്കോങ്, കരേഡോക്ക്, ഗെപ്പുക്ക് തുടങ്ങിയവയാണ് ബാണ്ടൂങ്ങിലെ മറ്റു ചില ഭക്ഷണാകർഷണങ്ങൾ. ഇവിടത്തെ തെരുവോര ഭക്ഷണത്തിന്റെ പ്രശസ്‌തി ഇന്തോന്വേഷ്യയുടെ കടലും കടന്നു പോയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം.


ഡോ. സുനീത് മാത്യു

അത് ഞാനായിരുന്നു – അഷിത (അഭിമുഖസംഭാഷണം – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്)


 ” ജീവിതം ചെന്നിനായകം നല്കിലും

നീയതും മധുരിപ്പിച്ചോരദ്ഭുതം “

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  ” അഷിതോർമ്മ ” എന്നുള്ള പുസ്തകത്തിൽ കവയത്രി  വിജയലക്ഷ്മി ടീച്ചർ എഴുതിയിട്ടുള്ള ആദ്യത്തെ വരികൾ ആണിത്. വെള്ളിനൂലുകൾ കെട്ടിയ തലപ്പാവുമായി മലയാളസാഹിത്യത്തെ കടന്നു പോയ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതത്തെ കുറിച്ച് പറയുവാൻ ഇത്രയും ഭംഗിയുള്ള വാക്കുകൾ ഇല്ലതന്നെ. അനന്യസാധാരണമായ സൂഷ്മദർശനത്തിന്റെയും, ഉള്ളുലയ്ക്കുന്ന രചനാവൈഭവങ്ങളുടേയും കഥാകാരിയായിരുന്നു അഷിത. നിശബ്ദയായി എഴുതിയിരുന്ന എഴുത്തുകാരിയുടെ അവസാനകാലത്തെ തുറന്നു പറച്ചിലുകളാണ്, ” അത് ഞാനായിരുന്നു അഷിത ” തുറന്നു വെയ്ക്കുന്നത്.

 സാഹിത്യകാരന്മാരുടെ ആത്മകഥകൾ!! എന്നും ഒരുപക്ഷെ വായനക്കാർ ഇഷ്ടപ്പെടുന്ന ഒരു ഴോണർ ആകാം . അതൊരു എഴുത്തുകാരിയുടേത് ആകുമ്പോൾ സ്വാഭാവികമായും കൂടുതൽ താല്പര്യം ഉണ്ടായേക്കാം. മലയാളസാഹിത്യത്തിൽ ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ച

” എന്റെ കഥ – മാധവിക്കുട്ടി ” തന്നെ ഉദാഹരണം. കാലങ്ങൾ കടന്നു പോയിട്ടും ഇന്നും അതിന്റെ പതിപ്പുകൾ യഥേഷ്ടം വായിക്കപ്പെടുന്നത് തന്നെ ഉദാഹരണം.

മാധവികുട്ടിയുടെ ” എന്റെ കഥ ” പോലെ സ്വമേധയാൽ എഴുതിയ കഥയല്ല,  ആഷിതയുടേത്. അതിനവർ മറ്റൊരാളെ നിയോഗിക്കുകയായിരുന്നു. ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ നൽകുക. അതായിരുന്നു അഷിത കണ്ടുപിടിച്ച രീതി. ഒരുപക്ഷെ ആത്മകഥ എഴുതുന്നതിൽ ഉപരി, ഈ സംഭാഷണം ഞാൻ ഉൾപ്പെടുന്ന വായനക്കാരെ ഞെട്ടിച്ചിരുന്നിരിക്കണം. തീർച്ചയാണ്.

 ” നീ എന്തിനാണ് എഴുതുന്നത്? മാധവികുട്ടിയാകുവാനാണോ? ” യാഥാസ്ഥിതിക പലകയുടെ മുകളിൽ ഇരുന്ന് ഈ ചോദ്യം നേരിട്ടുകൊണ്ടാണ് അഷിത എഴുതാൻ തുടങ്ങിയത്. എഴുത്തിൽ ആത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ശരീരം ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ പഴി കേട്ടത്, മാധവിക്കുട്ടിയുടെ പേരിലാണ്. വീടിനുള്ളിൽ നാല് ചുവരുകൾക്കുള്ളിൽ ദശാബ്ദങ്ങളോളം ക്രൂശിക്കപ്പെടുമ്പോഴും ഒന്നും മിണ്ടാതെ സഹിക്കുവാൻ അവർക്ക് കരുത്ത് നൽകിയതെന്താകും? ഒരുപക്ഷെ എഴുതുക എന്നുള്ള അവരുടെ അതിതീവ്രമായ ആഗ്രഹം ആയിരുന്നിരിക്കാം.

അച്ഛന്റേയും അമ്മയുടെയും വാത്സല്യം അനുഭവിച്ച് വളരേണ്ടിയിരുന്ന പ്രായത്തിലേ, തന്നെ  അഷിതയെ എവിടെയെങ്കിലും ഉപേക്ഷിക്കുവാൻ ശ്രമം നടത്തിയിരുന്ന, മാതാപിതാക്കളുടെ മുഖമാണ് അഷിത കണ്ടത്.

” അമ്മയ്ക്ക് കുട്ടിയോട് സ്നേഹം ഉണ്ടാവില്ലേ? “

എന്നുള്ള ചോദ്യത്തിന്,

” എന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലായിരുന്നു “

എന്ന് ലളിതമായി മറുപടി പറയുമ്പോൾ, ആ ലാളിത്യം അവരിൽ ഉണ്ടാക്കിയിരുന്ന മുറിവ് എത്ര ഭീകരമായിരുന്നുവെന്ന് വായനക്കാരന്റെ മനസ്സിൽ തെളിയുന്നു. അവരുടെ biological father ഏതോ പ്രസിദ്ധനായിരുന്ന സാഹിത്യകാരനായിരുന്നു എന്നുള്ള ചിന്തയാണ് അവരുടെ അച്ഛനിൽ അവരോട് വെറുപ്പ് ഉളവാകുവാനുള്ള കാരണം. അദ്ദേഹത്തിന്റെ മരണം വരേയും അദ്ദേഹം അത് വിശ്വസിച്ചു പോന്നിരുന്നുവെന്ന് അഷിത പറയുന്നു.

മെഡിസിന് പഠിക്കുവാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുടെ മനസ്സിലേയ്ക്ക്, ഒരു സായാഹ്നപോക്കുവെയിൽ കടന്നുപോയത്,  തന്റെ നിയോഗം ഒരിക്കലും അതല്ല, എന്നുള്ള ചിന്തയോട് കൂടിയാണ്. അവർ , തിരികേ തറവാട്ടിലേയ്ക്ക് എത്തുന്നത്, ” എനിക്ക് ഡോക്ടർ ആവണ്ട ” എന്നുള്ള തീരുമാനവും ആയിട്ടാണ്. ഒന്നും എഴുതാൻ പാടില്ല ന്ന് പറഞ്ഞു കൊണ്ട്, അവരെ മുറിയിൽ ആറുമാസത്തോളം പൂട്ടിയിട്ടു. മരുന്നുകൾ നൽകി, ഷോക്ക് ട്രീറ്റ്മെന്റുകൾ നൽകി.

” എഴുതിയാൽ ഭ്രാന്ത് വരുമെന്ന് പറഞ്ഞു എന്നെ പൂട്ടിയിട്ടു. ഞാൻ ചുവരിൽ നഖം കൊണ്ട് കവിതകൾ കോറിയിട്ടു. “ എന്നവർ പറഞ്ഞു വെയ്ക്കുന്നു.

ആദ്യത്തെ നോവൽ എഴുതിയ ശേഷം, അവരുടെ അച്ഛൻ അവരെ അടിച്ചതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ, ആ അടിയേൽക്കുന്നത് വായനക്കാരന്റെ മനസ്സിന്റെ ആഴത്തിലും കൂടിയാണ്. മുറിവേൽക്കുന്നത് അവന്റെ മനസ്സിലും കൂടിയാണ്. പിന്നീട് റേഷൻ പോലെ അവർക്ക് പേപ്പറുകൾ എഴുതാൻ അനുവദിച്ചു. അതുകൊണ്ടാണ് തന്റെ കഥകൾ എല്ലാം ചെറുതായി പോയതെന്ന് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവർ പറയുന്നു.

” വ്യക്തി, കുറേ ഏകാന്തതയിലും, അതിന്റെ മുറിവിലും ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ് കഥകളിൽ ഉടനീളം കാണുന്നത് “

എന്നുള്ള ചോദ്യത്തിനും,

” ഒരു പെൺകുട്ടി അങ്ങനെ ആയിരുന്നു അന്ന്. ഇന്നത്തെ കുട്ടികൾക്ക്, അത് പറഞ്ഞാൽ മനസ്സിലാവില്യ. “

എന്നവർ പറഞ്ഞു വെയ്ക്കുമ്പോൾ അതിലുണ്ട് ഒരുപക്ഷെ അവരുടെ മറയ്ക്കപ്പെട്ട ഒരുപാട് ദുഃഖസത്യങ്ങളെന്ന് വായനക്കാരന് തിരിച്ചറിയാൻ കഴിയുന്നു.

പ്രണയം എഴുതുക എന്നുള്ള ഭാവം കഷ്ടിയാണെന്ന് പറഞ്ഞു വെയ്ക്കുന്നതിനൊപ്പം, സ്നേഹം ന്ന് എഴുതുമ്പോഴും അതിലെ സത്യമാണ് ഞാൻ തിരയുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ ആ സത്യം തന്നെയാവണം, ഗുരു നിത്യചൈതന്യയതിയിലേയ്ക്ക് അവരെ അടുപ്പിച്ചത്. അങ്ങനെയൊരു ഗുരുവിനെ സിദ്ധിച്ചതായിരിക്കണം അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തവും.

” ഗുരു വന്നശേഷം, ജീവിതത്തിൽ വന്ന മാറ്റങ്ങൾ? “ എന്ന് ചോദിക്കുമ്പോൾ,

” ഗുരു വന്നു കഴിഞ്ഞപ്പോൾ ലോകം എന്നെപ്പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ലാതായി. എന്തും അവിടെ ചോദിക്കാം. ഉത്തരം കിട്ടും. ചിലപ്പോൾ മൗനമായിരിക്കും മറുപടി. അങ്ങനെയാണ് ഞാൻ ഗുരുവിന്റെ മൗനത്തെ വായിക്കാൻ പഠിച്ചത്. ഞാൻ ജനാലകൾ തുറന്നിട്ട ഒരു വീട് പോലെയായി. കഥയുടെ ഇതിവൃത്തങ്ങൾ മാറിപ്പോയി. “

എന്ന് അവർ പറഞ്ഞു വെയ്ക്കുന്നു.  അതിൽ നിന്ന് വന്നിരുന്ന സ്നേഹം തന്നെയാകണം, ഒരുപാട് ദ്രോഹിച്ചിട്ടും അച്ഛന്റെ അവസാനകാലത്ത് അച്ഛനോട് സ്നേഹം മാത്രം പ്രകടിപ്പിക്കുവാൻ കഴിഞ്ഞതിലേക്ക് അവരെ നയിച്ചിട്ടുണ്ടാകുക.

ആത്മീയതയിൽ സ്നേഹമെന്ന ഭാവം കണ്ടെത്തിയ എഴുത്തുകാരിയെ ക്യാൻസർ അതിഭീകരമായി പിടികൂടുമ്പോഴും

” മതി. ഇത്രയും മതി ” യെന്ന് അവർ പൂർണ്ണമായും മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അടുത്ത ജന്മത്തിൽ ആരാകണം എന്നുള്ള ചോദ്യത്തിന്, എഴുത്തുകാരിയാവരുത്. അലക്കുകാരിയായാലും വിരോധമില്ലെന്ന് പറയുമ്പോൾ, എഴുത്തുകാരി ആയി പോയതാകുമോ തന്റെ ബാല്യകാലമധുരങ്ങൾ ചവർപ്പ് ആയതെന്ന തോന്നൽ അവരെ അപ്പോഴും അലട്ടുന്നുവെന്ന് തിരിച്ചറിയാം. ആത്മസംഘർഷങ്ങളിൽ കനൽ പോലെ നീറിയെരിഞ്ഞും വേദനിച്ചും ഒരു എഴുത്തുകാരി സർഗ്ഗത്മകത കൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ഈ ആത്മകഥസംഭാഷണം തീർച്ചയായും വായനക്കാർ വായിച്ചിരിക്കേണ്ടതാണ്..!!

ജീവിതത്തിന്റെ റെക്കോർഡർ ഓഫ് ചെയ്തു വെച്ചുകൊണ്ട് അവർ ശാന്തമായി വായനക്കാരുടെ മനസ്സിൽ ഉറങ്ങുന്നു. ഏറ്റവും സ്വസ്ഥമായി.. മയിൽപീലി സ്പർശം പോലെ.. ഒന്ന് ഉറപ്പാണ്. ഒരു നുള്ളു കണ്ണുനീർ പൊഴിയാതെ, നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് അടച്ചു വെയ്ക്കാൻ കഴിയുകയില്ല.


ഹരിത. ആർ. മേനോൻ

പ്രതികരണങ്ങൾ


കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതിവൃത്തം മാസികയെ പരിചയപ്പെട്ടിട്ട്. ആദ്യ വായന തന്നെ നല്ലൊരു അനുഭവമായിരുന്നു. ഒരു പെർഫെക്റ്റ് മാസിക എന്ന് നിസ്സംശയം പറയാം. പഴയ ലക്കങ്ങൾ ബ്ലോഗ്ഗിൽ ബാക്ക് അപ്പ് ചെയ്തിരിക്കുന്നത് വളരെ നന്നായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇഷ്ടപ്പെടുന്ന മെഡിറ്റേഷൻ ഗാനം കേട്ടുകൊണ്ട് മാസിക വായിക്കാം എന്നത് എനിക്ക് നൽകുന്നത് പറഞ്ഞറിയിക്കുവാൻ കഴിയുന്നതിൽ അധികം ആനന്ദമാണ്. കഥകളും കവിതകളും ലേഖനങ്ങളും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ

ആൻ മേരി വർഗീസ്, ടൊറന്റോ, കാനഡ

നല്ല വായനാനുഭവം നൽകുന്ന ഒരു മാസിക. ഓൺലൈൻ മാസികയായതുകൊണ്ടു തന്നെ ഞങ്ങൾക്കെല്ലാം വായിക്കുവാൻ കഴിയുന്നു. ഒന്നും സൗജന്യമായി നൽകാത്ത ഇക്കാലത്ത് രണ്ടു വർഷത്തോളമായി ഒരു മാസിക സൗജന്യ വായന നൽകുന്നു എന്നത് അഭിനന്ദനാർഹം തന്നെയാണ്. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും.

സ്നേഹ പ്രതീപ്, മസ്കറ്റ്

സരസമായി കൈകാര്യം ചെയ്യുന്ന പ്രതിപാദ്യമാണ് ആദ്യം വായിക്കുക. പിന്നീട് ഒന്ന് രണ്ടു ദിവസം അത് തന്നെയാകും ചിന്ത. പലതും നേരിൽ കാണുന്നപോലെയാണ് പ്രതിപാദിക്കുന്നത്. കഥകളും കവിതകളും മനോഹരം. ചിന്തനീയം. ആരോഗ്യ ലേഖനങ്ങൾ വളരെ നന്നാവുന്നുണ്ട്. പലതും പുതിയ അറിവുകൾ നൽകുന്നവയും.

പ്രതിഭ മേനോൻ, അഹമ്മദാബാദ്

മൂന്നു കഥകൾ ആയിരുന്നു ജൂൺ ലക്കത്തിൽ ഉണ്ടായിരുന്നത്. മൂന്നും കഥാകാരികളുടെ ആയിരുന്നു എന്നത് കൗതുകകരമായി. കഥകൾ മൂന്നും നന്നായിരുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വയലറ്റ് മറുക് എന്ന കഥയായിരുന്നു. “അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി”. ഒരു കവിതപോലെ മനോഹരമായ തുടക്കം. നിയമപരമല്ലാത്ത സ്നേഹം നൽകുന്ന വ്യഥകളും, ആധിയുമെല്ലാം എത്ര മനോഹരമായിട്ടാണ് പറഞ്ഞു പോകുന്നത്. കുറേ നാളുകളെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന നൊമ്പരമായി നിധി. അഭിനന്ദനങ്ങൾ ഹരിത. ജിസ പ്രമോദിന്റെ അതിജീവിത എന്ന കഥയും ഈ കാലഘട്ടത്തിന് അനുയോജ്യമെന്ന് നിസ്സംശയം പറയാം. പേരും പ്രശസ്തിയുമില്ലാത്ത, ഒരിക്കൽപ്പോലും സംസാരവിഷയമാക്കാത്ത എത്രയെത്ര കാർത്തുമാർ നമ്മുടെ ഇടയിൽ ഉണ്ടാകും. ആരുടേയും സഹായമില്ലാതെ അവരിൽ മിക്കവരും അതിജീവിക്കുകയും ചെയ്യുന്നു. ലോകം ഇങ്ങനെയൊക്കെയാണ്. അതിജീവിച്ചേ മതിയാകൂ. അത് കോലാഹലങ്ങളില്ലാതെയും ആകാം. കുറച്ചുകൂടി വൈകാരികവും മനോഹരവും ആക്കാമായിരുന്നു ഒരു കഥയാണ് ഷൈജയുടെ പാവ എന്ന് തോന്നി. എഴുത്തു ശൈലി നന്നായിരുന്നു. കവിതകളിൽ റാണി സുനിൽ എഴുതിയ പൂ(ത്ത)പ്പാത്രം മനോഹരമായിത്തോന്നി. മറ്റു കവിതകളും മോശമായിരുന്നില്ല. മാസികയ്ക്കും അണിയറപ്രവർത്തകർക്കും എഴുത്തുകാർക്കും അഭിനന്ദനങ്ങൾ.

ജി. ഇന്ദുലേഖ, കോട്ടയം.

നല്ല കഥകളും കവിതകളും, ലേഖനങ്ങളും കോർത്തിണക്കി മനോഹരമായിരുന്നു ജൂൺ ലക്കം. ആരോഗ്യവും, സഞ്ചാരവും, പ്രദിപാദ്യവുമെല്ലാം ആസ്വാദ്യകരം. വയലറ്റ് മറുക് എന്ന കഥ വല്ലാതെ സ്പർശിച്ചു. ഗർഭ പാത്രത്തെക്കുറിച്ചുള്ള കവിതയും നല്ല നിലവാരം പുലർത്തി. പ്രതിപാദ്യം പതിവു ശൈലിയിൽ നിന്നും വ്യതിചലിക്കപ്പെട്ടോ എന്ന് മാത്രം ഒരു സംശയം. ബാലി യാത്ര ഏതാണ്ടുറപ്പിച്ചു. അത്ര ഗംഭീരമാണ് ഇന്തോന്വേഷ്യൻ ദിനങ്ങൾ.

രേണുക ശിവദാസൻ, കുഴൽമന്ദം

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. ഓരോ ലക്കങ്ങളും ഒന്നിനൊന്നു മെച്ചം. വായിക്കാനേ അറിയൂ, എഴുതാനറിയില്ല. എന്നെപ്പറ്റി ഇങ്ങനെ പറയുന്നതാകും കൂടുതൽ ശരി. അക്കാരണം കൊണ്ടുതന്നെ ഇതിവൃത്തം ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ

മേരിക്കുട്ടി ജോസഫ്, തിരുവല്ല.

ഇതിവൃത്തം മാസികയുടെ മുഖച്ചിത്രങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഉള്ളിലെ വിഭവങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ലക്കങ്ങളിലെയും മുഖ ചിത്രങ്ങൾ. ഉള്ളടക്കങ്ങളും അങ്ങനെ തന്നെ.

സി പി ചന്ദ്രൻ, കോയമ്പത്തൂർ

മാസികയിലേയ്ക്ക് അഭിപ്രായമറിയിക്കുന്നവർക്കും വായനക്കാർക്കും ഞങ്ങളുടെ സ്നേഹാദരങ്ങൾ.

എഡിറ്റർ

2022 ജൂലൈ 28, വ്യാഴാഴ്‌ച

ഇതിവൃത്തം മലയാള സാംസ്‌കാരിക മാസിക ജൂലൈ 2022, ലക്കം22


 

മുഖമൊഴി


 


സ്നേഹിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. സ്നേഹിക്കണം എന്നും കരുതുന്നവർ. എന്നാൽ സ്നേഹം ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയാണെന്ന വിധമാണ് ഇന്ന് നമ്മുടെ പ്രവൃത്തികൾ. പ്രണയ നൈരാശ്യം കൂടി കാമുകിയെ കൊല്ലുകയോ അമ്ല ആക്രമണങ്ങൾ നടത്തുന്നതോ ആയ വാർത്തകൾ നാം മിക്ക ദിവസങ്ങളിലും കേൾക്കുകയോ, വായിക്കുകയോ ചെയ്യുന്നുണ്ട്. പ്രണയിനിയെ ഈ വിധം ഉപദ്രവിക്കുവാൻ യഥാർത്ഥ സ്നേഹമുള്ള ഒരാൾക്ക് കഴിയുമോ?

എന്താണ് സ്നേഹം? കൃത്യമായി ഒരു നിർവചനത്തിനുപരി, എന്തൊക്കെയാണ് അതിന്റെ ചേരുവകൾ എന്ന് നോക്കാം. ദൃഡമൈത്രി, അഭിനിവേശം, പ്രതിബദ്ധത, കരുതൽ, സംരക്ഷണം, അടുപ്പം, ആകർഷണം, വാത്സല്യം, വിശ്വാസം എന്നിവയെല്ലാം ഒന്നാകുന്ന ഒരു വികാരമാണ് സ്നേഹം.

1973 ൽ പുറത്തിറക്കിയ ദി കളേർസ് ഓഫ് ലവ് എന്ന പുസ്തകത്തിലൂടെ മനഃശാസ്ത്രജ്ഞായ ജോൺ ലീ പറയുന്നത് സ്നേഹത്തിനു മൂന്നു രീതികളുണ്ടെന്നാണ്. സ്റ്റോർജ് (storge) ആണ് അതിലൊന്ന്. സ്റ്റോർജ് എന്ന ഗ്രീക്ക് വാക്കിനർത്ഥം പ്രകൃതിദത്തമായ വാത്സല്യം എന്നാണ്. മാതാപിതാക്കളോട്, കുട്ടികളോട്, സഹോദരങ്ങളോട്, കുടുംബാംഗങ്ങളോട് എല്ലാമുള്ള സ്നേഹം ഇത്തരത്തിലുള്ളതാണ്. മറ്റുള്ളവരോട് സൗഹൃദവും സ്നേഹവും ഉണ്ടാക്കുവാൻ സഹായിക്കുന്നത് ഈ സ്നേഹമാണ്.

ലൂഡസ് (ludus) ആണ് രണ്ടാമൻ. ഈ ഗ്രീക്ക് വാക്കിന്റെ അർഥം ഗെയിം അഥവാ കളി എന്നാണ്. ഇന്ന് കാണുന്ന കൂടുതൽ പ്രണയങ്ങളും ഇത്തരത്തിൽ പെട്ടവയാണ്. പ്രതിബദ്ധതയോ, ദൃഢതയോ ഇല്ലാത്ത സ്നേഹം. ചില ലക്ഷ്യങ്ങൾ മാത്രം മുൻനിറുത്തിയുള്ള സ്നേഹം.

ഇറോസ് (eros) ആണ് മൂന്നാമൻ. രതിജന്യമായ അഭിനിവേശം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർഥം. ശാരീരികവും, മാനസികവും, വൈകാരികവുമായ തലങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്നേഹമാണ് നമ്മൾ മാതൃകയാക്കേണ്ടതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

1977 ൽ അദ്ദേഹം സ്നേഹത്തിന്റെ മൂന്നു സംയുക്തങ്ങൾ കൂടി കൂട്ടിച്ചേർക്കുകയുണ്ടായി. മാനിയ (mania) പ്രാഗ്‌മ (pragma), അഗാപ്പേ (agape) എന്നവയാണവ. ലൂഡസും സ്റ്റോർജും ചേർന്നുണ്ടാകുന്ന പ്രാഗ്‌മ പ്രായോഗികമായ സ്നേഹമാണ്. ഇറോസും സ്റ്റോർജും ചേർന്നുണ്ടാകുന്ന അഗാപ്പെ നിസ്വാർത്ഥ സ്നേഹവുമാണ്.

ഇറോസും ലൂഡസും ചേർന്നുണ്ടാകുന്ന ഒരു പീഡിതമായ സ്നേഹമാണ് മാനിയ. അസൂയയും, സ്വാർത്ഥതയും സംശയവും നിറഞ്ഞ സ്നേഹം. ഒബ്‌സെസ്സിവ് ലവ് ഡിസോർഡർ ഇന്ന് നാം ഒരു രോഗമായിത്തന്നെയാണ് കാണുന്നത്. ഇത്തരക്കാരാണ് നമുക്ക് വാർത്തകളാകുന്നത്.

നമ്മുടെ കുട്ടികളെ ചെറുപ്പം മുതൽ കുടുംബ ബന്ധങ്ങളിലും, നല്ല സൗഹൃദങ്ങളിലും ഏർപ്പെടുന്നതിനു പ്രോത്സാഹിപ്പിക്കുകയും, അതിനു മാതൃകകളായി വർത്തിക്കുകയും ചെയ്യുക എന്നൊരു വലിയ ദൗത്യം നമ്മുടെ മുൻപിലുണ്ട്‌. അവർ നിസ്വാർത്ഥമായി സ്നേഹിക്കട്ടെ. സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല എന്നവർ തിരിച്ചറിയട്ടെ. അതാകട്ടെ ഈ മാസത്തെ ചിന്ത.

ഡോ. സുനീത് മാത്യു

മാലുള്ളതാണീ മഹിയെന്നുവെച്ചു….?


 

“അപി സ്വര്‍ണ്ണമയീ ലങ്കാ

 ന മേ ലക്ഷ്മണ രോചതേ

 ജനനീ ജന്മഭൂമിശ്ച

 സ്വര്‍ഗ്ഗാദപി ഗരീയസീ ”

യുദ്ധം ജയിച്ചു. ശിഷ്ടകാലം തങ്കപ്പെട്ട ലങ്കയിൽ തങ്ങിയാൽ പോരെ ജേഷ്ഠാ എന്ന് ഉവാചിച്ച ലക്ഷ്മണനോട് രാമൻ പറഞ്ഞുവച്ചതാണ്.  പലനാട്ടിൽ ജീവിച്ചു പോരുന്ന (യുദ്ധം ജയിച്ചല്ലെങ്കിലും), ജോലിചെയ്തുന്ന ഓരോ കേരളീയനും നൊസ്റ്റാൾജിയ അടിക്കുമ്പോഴെങ്കിലും കാലാകാലങ്ങളിൽ പറഞ്ഞുപോരുന്നതും ഇതുതന്നെയല്ലേ? …’ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ.’

പക്ഷെ ഇവിടെനിന്നും ജോലിതേടിപ്പോകുന്ന പലരും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കഴിവതും തിരികെ വരാറില്ല, വല്ലപ്പോഴും നാടുകാണാനല്ലാതെ. വേണ്ടാഞ്ഞിട്ടല്ല, വേണം എന്നുവച്ചിട്ടുതന്നെയായിരിക്കണ. ഇവിടുന്നു പോയതിന് പലകാരണങ്ങളുണ്ടെങ്കിലും തിരികെവരാതിരിക്കാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന്, ദൈവത്തിന്റെ നാട്ടിൽ വന്നു ജനിച്ചുവളർന്നതുകൊണ്ട് മാത്രം കേറിവന്ന ഒരു വൃത്തികെട്ട സ്വഭാവമാണ്. ഓൺലൈൻ പത്രവായനയും, യുട്യൂബ് ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവ് കാണലും.

എൻ്റെ കാര്യമാണ് പറഞ്ഞത്. അറിയുന്ന പലരുടെയും സ്ഥിതി ഇതുതന്നെയാണ്. തിരികെവരാൻ പേടിച്ചാൽ കുറ്റം പറയാനാകുമോ? അങ്ങനെയുള്ള വാർത്തകളാണല്ലോ ദിനംപ്രതി വെളിച്ചം കാണുന്നത്.

അടി. പിടി. ആഴിമതി. കൊല. കൊള്ള. സ്വർണ്ണം. ചെമ്പ്. സ്വപ്ന. സരിത. തെറി. കടം.  ക്വട്ടേഷൻ. ബലാൽക്കാരം. ഇര. അതിജീവനം.

ബാക്കിവല്ലതുമുണ്ടോ?

മതി. കൂടുതലൊന്നും പറയാനില്ല. ഇതെല്ലാം ലോകത്തെല്ലായിടത്തും ഇല്ലേ എന്നാകും? ഉണ്ട്. മനുഷ്യരുള്ള എല്ലാ ലോകത്തിലുമുണ്ട്. പക്ഷെ മറ്റിടങ്ങളിലെല്ലാം ചെറിയൊരു വ്യത്യാസമുണ്ട്. ആരും ഇതൊന്നും കേട്ടും കണ്ടും പനിക്കാറില്ല. നാട്ടുനടപ്പുപോലെ ഉപ്പുതിന്നവൻ വെള്ളം കുടിക്കും അവിടെയൊക്കെ (ഞാൻ കണ്ട നാടുകളിലെങ്കിലും). നമ്മുടെ നാട്ടിൽ  വെള്ളം കുടിക്കുന്നതും, പനിക്കുന്നതും, ഉറക്കം കളയുന്നതും ഇതൊക്കെ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്നവർ മാത്രം. ബാക്കിയുള്ളവരൊക്കെ സേഫ് സോണിലാണ്. തല്ലുന്നവനും, കൊല്ലുന്നവനും, ബലാൽസംഘം  ചെയ്യുന്നവനും പരിരക്ഷ, സുരക്ഷ, ആദരം, കരുതൽ, ബഹുമതി.

ഇതൊക്കെ കാണേണ്ടിവരുന്ന സാദാ നാട്ടുകാർക്ക് മാത്രം ആകാശദൂതു പടം കണ്ട അമ്മച്ചിയുടെ സ്ഥിതിയാണ്- കരച്ചിലും, പിഴിച്ചിലും, പഴിക്കലും, ഭയക്കലും മാത്രം. പടത്തിൽ അഭിനയിച്ചവർക്കും സംവിധായകനും മറ്റും കാശ്, പേര്, സന്തോഷം. കാശുകൊടുത്തു പടം കണ്ടവർക്ക് കണ്ണുനീര്, ധനനഷ്ടം, യാതന, വേദന.

ഇത്രയും വേദനയാണെങ്കിൽ പിന്നെ ഇതൊക്കെ കാണാനും കേൾക്കാനും പോകുന്നത് എന്നാണെങ്കിൽ ക്ഷമിക്കണം, കണ്ടുപോകുന്നതാണ്, കേട്ടും. കാണാതിരിക്കാൻ ശ്രമിക്കാം. മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ?

ഒന്നോർത്താൽ നാട്ടിൽ വാർത്തക്ക് പഞ്ഞമായ കാലമില്ലായിരുന്നു. പത്തും ഇരുപതും ഇരുനൂറും വർഷങ്ങൾക്കുമുമ്പും ഉണ്ടായിരുന്നു വാർത്തകളും, വാദങ്ങളും, താരങ്ങളും, അവതാരങ്ങളും. അന്നും കേട്ടും, കണ്ടും, പനിച്ചും, വെറുത്തും, പഴിച്ചും കാലം കഴിച്ചിട്ടുണ്ടാകണം, ജനം. ആ കാലങ്ങൾ കടന്നുപോയി!

ഓരോ വാർത്തകളും പാഠങ്ങളാണ്; ഇതിലും വലുതെന്തോ വരാനിരിക്കുന്നുവെന്ന ബോധനം.  ഓരോ വാദങ്ങളും ഓർമ്മപ്പെടുത്തലാണ്; ഇതിലുംവലുതായ തന്ത്രവാദങ്ങളും മന്ത്രവാദങ്ങളും വരുമെന്ന ഘോഷണം. ഓരോ താരങ്ങളും പ്രതീകങ്ങളാണ്; ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥസൂചകം. ഓരോ അവതാരങ്ങളും മായയാണ്; അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള  മിഥ്യാസ്വപ്നം.

ഓരോ താരങ്ങളും പ്രതീകങ്ങളാണ് ഇതിലും വലുതും പൊലിയുമെന്ന പരമാര്‍ത്ഥം. ഓരോ അവതാരങ്ങളും മായയാണ് അങ്ങനെയൊന്നേ ഇല്ലായിരുന്നെന്നുള്ള മിഥ്യ.

കാര്യങ്ങൾ അങ്ങനെയൊക്കെ ആയിരിക്കെ വാർത്തകളെ പഴിച്ചിട്ടെന്തിനാണ്. വാർത്തകൾ വരും, പോകും. വാർത്താമാധ്യമങ്ങൾ അവരുടെ ജോലിചെയ്യുന്നു. വായിക്കപ്പെടുന്നതും, കേൾക്കപ്പെടുന്നതും, കാണപ്പെടുന്നതും മാത്രം നമ്മുടെ മുന്നിലെത്തിക്കുന്നു. വായിക്കപ്പെടേണ്ടതും, കേൾക്കപ്പെടേണ്ടതും, കാണപ്പെടേണ്ടതും ആർക്കു വേണം? ചുരുക്കത്തിൽ നമുക്ക് വേണ്ട വാർത്തകൾ നമുക്ക് കിട്ടുന്നു. അപ്പോൾപ്പിന്നെ വർത്തയെകുറ്റം പറഞ്ഞിട്ടെന്തിനാണ്. യൂട്യൂബ്  ന്യൂസ് ചാനലുകൾ കുത്തിയിരുന്ന് ലൈവായിക്കാണുന്ന എനിക്കണോ അതോ അത് കാണിച്ചുതരുന്നവർക്കാണോ കുഴപ്പം. ഒരു സംശയവും വേണ്ട. എനിക്ക് തന്നെ! കാശുകൊടുത്തു സിനിമ കണ്ടു കരയുന്നതിലും ഭേദം കാണാതിരിക്കലാണല്ലോ!

നൊസ്റ്റാൾജിയ തീർക്കാൻ നാട്ടിലോട്ടുവരണം. വാർത്തകൾ കണ്ട് തുലക്കാറുള്ള സമയംകൊണ്ട് നല്ലതെന്തെങ്കിലുംകൂടി വായിക്കണം. ചിലരെ മഹാ കവികൾ എന്നുവിളിക്കുന്നത് വെറുതെയല്ല. അവർ എഴുതിവച്ചതൊക്കെ വല്ലപ്പോഴെങ്കിലുമെടുത്തു വായിച്ചു ആശ്വസിക്കണം.

“മാലുള്ളതാണീ മഹിയെന്നുവെച്ചു

മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം?

തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ

സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ?

കൈവിട്ടുപൊയ്‌പ്പോയ്  പകലെന്നുവെച്ചു

കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ?

വരേണ്ടതല്ലേ നിശയും നമുക്കു 

വപുസ്സിനുതഥാനമുഷസ്സിലേകാൻ?”

(വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ)


സുമേഷ് രാമചന്ദ്രൻ

വേലിക്കെട്ട്


 വേലിക്കെട്ടിൽ കുരുങ്ങി

ശംഖുപുഷ്പത്തിന്റെ നീലക്കണ്ണുകൾ നനഞ്ഞു.


വേലിപ്പൊത്തിൽ പതുങ്ങി

ചെമ്പോത്തിൻ കണ്ണു ചുവന്നു.


തലപൊക്കാനാകാതെ കള്ളിമുള്ളുകൾ പ്രാകി.

ഒരാലിന്തൈ വേലി പൊളിച്ച്

വെളിച്ചത്തിലേക്ക് വളർന്നു.


വലിയ നൂട്ടകൾ തുരന്ന്

നായ്ക്കൾ പരിഹസിച്ചു,

മാടുകൾ വേലി ചാടി.


ഓരോ കമ്പും കാർന്നുതിന്ന്

ചിതൽ പുറ്റുകൾ കെട്ടി


വെയിലുണക്കിയും മഴയൊഴുക്കിയും

ബലം പരീക്ഷിച്ചു.


സ്ഥലമുടമകൾ അപ്പുറമിപ്പുറം

വേലിയുടെ അടി മാന്തി.


കാലം പിഴുതെറിയാൻ തരം പാർത്തിട്ടും

ആരോ കെട്ടിയുറപ്പിക്കും പോലെ

മായ്ചാലും മായാത്ത വരപോലെ

അതവിടെത്തന്നെ ഉറച്ചുനിന്നു.


ഇ എസ് സതീശൻ

തവളക്കണ്ണൻ


” തവളക്കണ്ണോ “

സ്കൂൾ വരാന്തയിൽ നിന്നുള്ള നീണ്ട വിളികൾ , വിരൽമുറിയുന്ന മഴയിലും കണ്ണന്റെ  ചെവിയിൽ എത്തി.

” തവളക്കണ്ണൻ നിന്റെയൊക്കെ.. “

എന്തോ തെറി കൂടി ചേർത്ത് അവൻ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും വിളിച്ചു കൂവിയ കുട്ടികളെ ഹെഡ്മാസ്റ്റർ ചന്ദ്രൻ മാഷ് ചൂരൽ കാണിച്ചു പേടിപ്പിച്ചു അകത്ത് കയറ്റിയിരുന്നു.

” എടാ, മാഷ് കേക്കാഞ്ഞത് അന്റെ ഭാഗ്യം ആണുട്ടാ. “

ഞാൻ അവന്റെ തോളിൽ കൈയ്യിട്ട് കുടയിൽ ചേർന്ന് നടന്നു.

നന്നായി ഉരുണ്ട പൊക്കം കുറഞ്ഞ, ശരീരപ്രകൃതമാണ് കണ്ണന്റെ. തടിച്ച ചുണ്ടുകളും അല്പം വീർത്ത കൺപോളകളും ഉള്ളത് കൊണ്ടാവണം രണ്ടാംക്ലാസ്സ്‌ മുതൽക്ക് തന്നെ, അവനെ എല്ലാവരും തവളക്കണ്ണൻ എന്നാണ് വിളിക്കുന്നത്. ഞാൻ അവനെ അങ്ങനെ വിളിക്കാറില്ല. സ്കൂളിൽ പല കുട്ടികൾക്കും ഇരട്ടപ്പേരുണ്ട്. മാക്രി ഗോപാലൻ, ഗണ്ട ഭാസി, കോമ്പസ് നാരായണൻ, സെന്റ് മീനാക്ഷി അങ്ങനെ പലർക്കും പേരുണ്ട്. സെന്റ് മീനാക്ഷിയുടെ അച്ഛൻ സിലോണിൽ ആണ്. അവിടന്ന് വരുമ്പോഴൊക്കെ വില കൂടിയ സെന്റുകൾ കൊണ്ടുവരാറുണ്ടത്രേ.  അച്ഛൻ വന്നു കഴിഞ്ഞു സ്കൂളിൽ വരുമ്പോൾ പെണ്ണിന്റെ പവറൊന്ന് കാണണം. ഹും എന്താ ഗമ. എനിക്കും സെന്റ് വേണംന്ന് അമ്മയോട് പറഞ്ഞപ്പോ,

” ഹോ, ഇനി അയിന്റെ കുറവുള്ളൂ. സെന്റ് അല്ല, അനക്ക് ഒരു ഏക്കർ ആണ് തരാൻ പോണേ. പാതേംപൊറത്തൂന്ന് എണീറ്റ് പോയി പഠിക്കട ചെറുക്കാ. “

നല്ല, വഴക്കും തലയ്ക്കു ഒരു കിഴുക്കും കിട്ടി. അതോടെ സെന്റ് മോഹം തീർന്നു.

മഴ വീണ്ടും നിർത്താതെ പെയ്യുകയാണ്. ഞാനും കണ്ണനും അയൽക്കാർ ആണ്. അവന്റെ അമ്മ ഞങ്ങളുടെ വീട്ടിൽ നെല്ല് ചിക്കാനും പാത്രം കഴുകാനും ഒക്കെ വരാറുണ്ട്. അവന്റെ അമ്മയും അവനെ പോലെ തടിച്ചിട്ടാണ്. ഞാൻ കണ്ണന്റെ കൂടെ കളിക്കണതും അവന്റെ തോളിൽ കൈയ്യിട്ട് നടക്കുന്നതും ഒന്നും മുത്തശ്ശിയ്ക്ക് കണ്ടൂടാ.

” ഈ ചെക്കന് എപ്പളും ആ ആശാരിച്ചെക്കന്റെ ചൂരാണ്. ഇതിനെ ഒന്ന് കുളിപ്പിക്ക് ലക്ഷ്മി.”

ഞാൻ അവിടെ നിന്നു എഴുന്നേറ്റ് പോകും. അതെന്തു ചൂരാണപ്പാ. ആവോ എനിയ്ക്ക് അറിയില്ല. എനിക്ക് അവനെ ഇഷ്ടാ. ഞാൻ ഇനിം അവന്റെ കൂടെ കളിക്കും. അവനെ കെട്ടിപ്പിടിച്ചു നടക്കും. ഇരട്ടവരി എഴുതുമ്പോൾ ഞാൻ എന്നോട് തന്നെ ആവർത്തിച്ചു പറഞ്ഞു.

പിറ്റേന്ന്, ഗീത ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എല്ലാ കുട്ടികളും പേടിച്ചു ഇരിക്കുവായിരുന്നു. ടീച്ചർ തലേദിവസം പഠിപ്പിച്ച ഭാഗം എല്ലാരോടും ചോദിക്കും. ഉത്തരം പറയാത്ത കുട്ടികൾക്ക് നല്ല ചൂരൽകഷായം കിട്ടും. ഞാൻ, വടക്കേതിലെ ഉണ്ണി, മീനാക്ഷി, ഗോപൻ, ഇത്രയും പേര് ഉത്തരം പറഞ്ഞില്ലെങ്കിലും ടീച്ചർ തല്ലാറില്ല.

” പഠിച്ചിട്ട് വന്നൂടെ “

എന്ന് കർശനമായി ഒന്ന് ചോദിച്ചാലായി. അന്നും ടീച്ചർ നീണ്ട ചൂരലും കൊണ്ട് വന്നു. ഹാജർ എടുത്ത ശേഷം, പാഠപുസ്തകത്തിലെ ചോദ്യം നീട്ടി വായിച്ചു.

” എങ്ങനെയാണ് സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത്..? “

എല്ലാവരും തന്നോട് ചോദിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു, ജാനകി, മനയ്ക്കലെ തേവർക്ക് ഒരു രൂപ വഴിപാടായി നേരുക പോലും ചെയ്തു. എനിക്ക് ചിരി വന്നുവെങ്കിലും ടീച്ചർ കാണുമെന്ന് കരുതി ഞാൻ ചിരിച്ചില്ല.

” കണ്ണൻ പറയൂ. “

കുപ്പായത്തിന്റെ മേൽകുടുക്ക് വിട്ടു പോയത് കൊണ്ട് ആ ഭാഗം കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ നിന്നു പരുങ്ങി. അവനൊന്നും പഠിച്ചിട്ടില്ലെന്നു എനിക്ക് അറിയാമായിരുന്നു. ഇന്നലേം കൂടി അവൻ പറഞ്ഞതാണ്.

” എന്റെ മണ്ടേല് പഠിപ്പ് ഒന്നും പിടിക്കൂല. ഞാൻ വലുതാകുമ്പോ സിലോണിൽ പോകും. വല്യ പത്രാസുകാരനായി തിരിച്ചു വരും . ഇയ്യ് നോക്കിക്കോ. “

” എന്താ പഠിച്ചില്ലേ..? “

ടീച്ചറിന്റെ ശബ്ദം ഉയർന്നു. അവൻ ഇല്ലെന്ന് തലയാട്ടി.

” രാവിലെ തന്നെ ഇങ്ങോട്ട് പോരും. ആഹാരം കഴിക്കുന്നത് മാത്രമല്ല മനുഷ്യന്റെ ജോലി. ഹാ നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഓരോ ജാതിക്കാരെ കൂടി പഠിപ്പിക്കണം ന്ന് പറഞ്ഞ സർക്കാരിനെ പറഞ്ഞാൽ മതി. ജനാധിപത്യമല്ലേ.. ജനാധിപത്യം. നീട്ടെടാ കൈയ്യ്. “

ടീച്ചർ, അവന്റെ കൈയ്യിൽ പപ്പടം പൊള്ളും പോലെ രണ്ടടി കൊടുത്തു.

” ബുദ്ധീല്ലാ, ബോധോം ഇല്ല. വെറുതെയല്ല നിന്നെ തവളക്കണ്ണാന്ന് വിളിക്കണെ. “

കുട്ടികൾ എല്ലാവരും ആർത്തു ചിരിച്ചു. അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു. ഞാൻ അവനെ ദയനീയമായി നോക്കി. എന്റെ സങ്കടം കണ്ടിട്ടാവണം, അവൻ പുറംകൈയ്യാൽ കണ്ണുനീർ തുടച്ചു വിളറിയ ഒരു ചിരി സമ്മാനിച്ചു.

” നെനക്ക് പഠിക്കായിരുന്നു. “

വൈകുന്നേരം പോകുന്ന വഴി ഞാൻ അവനോട് പറഞ്ഞു.

” പഠിച്ചിരുന്നേൽ ടീച്ചർക്ക് ദേഷ്യം വരില്ലായിരുന്നു. “

” ഇല്ലെങ്കിലും ഓര് തല്ലും. “

അവൻ പാടത്തെ അതിരാണിപൂക്കൾ പൊട്ടിച്ചു കൊണ്ട് പറഞ്ഞു.

” അതെന്താ.? “

” ഞാൻ കറുത്തവൻ ആയോണ്ട്. “

എനിക്ക് അവൻ പറഞ്ഞത് തിരിഞ്ഞില്ല. ഞാൻ സംശയത്തോടെ അവനെ നോക്കി.

” നിയ്യ് മേനോൻ കുട്ടി അല്ലെ? ഞാൻ ആശാരിച്ചെക്കനും. അതൊക്കെ വല്യ പ്രശ്നം ആടോ. “

” അന്നോട് ഇതൊക്കെ ആരാ പറഞ്ഞെ..?”

” കണാരേട്ടൻ. “

കണാരേട്ടനെ എനിക്ക് അറിയാം. ചുവന്ന കുപ്പായോം, ഇട്ട് തോൾ സഞ്ചിയും തൂക്കി, ഇടയ്ക്ക് കവലയിൽ പ്രസംഗം നടത്തുന്നത് കേൾക്കാം. ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും കേട്ടു നിൽക്കാറുണ്ട്.

” കമ്മ്യൂണിസ്റ്റ് ആണ്. “

എനിക്കതും മനസ്സിലായില്ല. ഞാൻ അവന് വീണ്ടും സസ്യങ്ങൾ ആഹാരം പാചകം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു കൊടുത്തു.

” എനക്ക് ഇതൊന്നും വേണ്ടാ. ഞാൻ വലുതായാൽ കണാരേട്ടന്റെ പാർട്ടിയിൽ ചേരും. പ്രസംഗം നടത്തും. ചോന്ന കുപ്പായം ഇടും. എന്നിട്ട് കൈ ചുരുട്ടി ഉറക്കെ വിളിക്കും. ഇൻക്വിലാബ് സിന്ദാബാദ് “.

എനിക്ക് ആ വാക്ക് ഇഷ്ടപ്പെട്ടു. ഞാനും മനസ്സിൽ ആവർത്തിച്ചു പറഞ്ഞു.

” നേരത്തോട് നേരം ആയില്ലേ..? ഇനീപ്പോ എടുക്കരുതോ.? “

നീലടർപ്പായ വിരിച്ച മുറ്റത്ത് വാഴയിലയിൽ പൊതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവൻ. മുഖം മാത്രം കാണാം. അവിടെയും ചോര ഉണങ്ങാത്ത മുറിപ്പാടുകൾ. ഞാൻ കണ്ണട ഊരി വെച്ച് അവനെ തന്നെ നോക്കി. അവന്റെ ചുണ്ടുകൾ കുറച്ച് കൂടി തടിച്ചിട്ടുണ്ട്. കണ്ണുകൾ അടഞ്ഞു കിടക്കുന്നു. അവൻ ഞാൻ വന്നത് അറിഞ്ഞു കാണുമോ..? ഇന്ദുവിനെയും മോളെയും അവൻ കണ്ടിട്ടില്ല. അതുകൊണ്ട് അവരെ മനസ്സിലായിക്കാണില്ല.

” ആള് മാറി വെട്ടിയത് ആണത്രേ. ന്താ ചെയ്യണേ? ഓന്റെ യോഗം. പാർട്ടി, പട്ടണം എന്നൊക്കെ പറഞ്ഞു നടന്നാൽ ഇതാ ഒടുവിലെ സമ്മാനം. “

ആരോ അടക്കം പറഞ്ഞു കൊണ്ടിരുന്നു. ഞാൻ വീണ്ടും അവിടെ പതിച്ച വലിയ ബാനർ ഉറ്റുനോക്കി.

‘ സഖാവ്.കണ്ണന് ആദരാഞ്ജലികൾ. ‘

അവന്റെ ചിത ഒടുങ്ങുമ്പോഴും ആരൊക്കെയോ ഉറക്കെ വിളിച്ചു.

“ഇൻക്വിലാബ് സിന്ദാബാദ്”

ഇല്ല അവൻ കത്തിത്തീരുകയാണ്. ഉണർന്നു വരില്ല. എനിക്ക് ഉറക്കെ അന്ന് ആദ്യമായി അവനെ തവളക്കണ്ണാ എന്ന് വിളിക്കാൻ തോന്നി. മുഴുത്തൊരു തെറിയുമായി അവൻ എഴുന്നേറ്റ് വന്നാലോ എന്ന് തോന്നി.എല്ലാം തോന്നൽ. വെറും തോന്നൽ.


ഹരിത. ആർ. മേനോൻ

 

നോട്ടം


നേരിൽ കാണുകയെന്നത്

ദുഷ്ക്കരമായ ഒന്നായി മാറിയിരിക്കുന്നു

തീക്ഷ്‌ണമായ നിന്റെ നോട്ടങ്ങളെ

എതിരിടാനാവാതെ ഞാൻ

പലയിടങ്ങളിലേക്ക് മിഴി പായിക്കും.

എന്റെ നോട്ടങ്ങളെ പിന്തുടർന്നു

പിടികൂടുന്നത് നിന്റെ വിനോദവും.

പ്രണയിക്കുന്നവളുടെ കണ്ണുകളിലെ

തീക്ഷ്‌ണതയ്ക്ക് ഇണയെ

കൊരുത്തിടാൻ കഴിയുമത്രേ

ചൂണ്ടയുടെ കൊളുത്തിലെന്നപോലെ.

ആ നോട്ട കൊളുത്തുകളിലുടക്കി

പിടയുന്ന മീനെന്നപോലെയാണ് ഞാനും.

ചൂണ്ട നൂലിൽ കോർത്തു നീയെന്നെ

ഇടയ്ക്കിടെ കരയിലേക്ക് വലിച്ചിടും.

ശ്വാസം കിട്ടാതെ പിടയുമ്പോൾ

ചുണ്ടോടു ചുണ്ടു ചേർത്ത്

ജീവശ്വാസം പകരും.

ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു

പ്രാണൻ പോകാതെ കാക്കും.

പിന്നെ വീണ്ടും ജലത്തിലേക്ക്,

ആഴങ്ങളിലേക്ക്, നിന്റെ പ്രണയത്തിലേക്ക്,

അതിനുള്ളിലെ കുളിരിലേക്ക് ഇറക്കും

അവിടെ ഞാനും, നീയും

പ്രണയ മത്സ്യങ്ങളെന്നപോലെ

നീന്തിത്തുടിക്കും

നീലിച്ച ജലപ്പരപ്പിനടിയിൽ

നിന്റെ നോട്ടത്തിന്റെ ചൂണ്ടക്കൊളുത്തു

വീണ്ടും ഉടക്കാതെയിരിക്കുവാൻ

ഞാൻ മുൻപേ നീന്തും.

എങ്കിലും പ്രണയം ഭ്രാന്തമാകുമ്പോൾ

വീണ്ടും ഞാൻ നിന്നിൽ കൊരുക്കും.

ഞാൻ പിന്നോട്ട് വലിക്കപ്പെടും.

നീ എന്നെയും കൊളുത്തി വലിച്ചു 

ആഴങ്ങളിലേക്ക് നീന്തും

നിന്റെ നോട്ട കൊളുത്തിൽ നിന്നും

മോചനമില്ലാതെ ഞാൻ നിന്നിലലിയും.

അപ്പോഴും പിടയുന്നുണ്ടാവും ഞാൻ

വെള്ളത്തിനടിയിലെങ്കിലും

കരയിൽ പിടിച്ചിട്ട മീനെന്നപോലെ.

ജീവശ്വാസം പകർന്നു,

ചേമ്പില കുമ്പിളിൽ വെള്ളം നിറച്ചു

നീയെന്നെ അപ്പോഴും കാക്കും.

നമ്മൾ വീണ്ടും പ്രണയിക്കും

ഞാൻ പിന്നോട്ട് വലിക്കപ്പെടും

മിഴികൾ പലയിടങ്ങളിലേക്ക് പായും

ആ നോട്ടങ്ങളെ നീ പിന്തുടരും.

ഞാൻ പിടിക്കപ്പെടും,

പ്രണയം നമ്മിൽ ഉറവ പൊട്ടിയൊഴുകും

നമ്മൾ ഇതാവർത്തിച്ചു കൊണ്ടേയിരിക്കും..


ശ്രീലാൽ ശ്രീലയം

ആകാശം നഷ്ടപ്പെട്ട പറവകൾ

 

“ദേ! ആ ചെക്കന്റെ ഉമ്മയാണ് കഴിഞ്ഞ ദിവസം ആരുടെയോ കൂടെ ഒളിച്ചോടി പോയത്…”

ഉച്ചക്ക് ഊണു കഴിഞ്ഞ് പാത്രം കഴുകുമ്പോഴാണ് അടക്കി പിടിച്ചതെങ്കിലും മൂർച്ചയേറിയ ശബ്ദത്തിൽ  ഏഴാം ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ഏതോ ഒരു പെൺകുട്ടി കൂട്ടുകാരികളോട് പറയുന്നത് ഞാൻ കേട്ടത്.

നോവിന്റെ വലിയൊരു പേമാരിയിൽ എനിക്ക് നില തെറ്റുന്നത് പോലെ തോന്നി. കുനിഞ്ഞ ശിരസ്സോടെ ഞാൻ എന്റെ കുഞ്ഞു പെങ്ങളുടെ ക്ലാസ്സ്‌ മുറിക്കു മുന്നിലേക്ക് നടന്നു.

ഉമ്മയില്ലാത്ത വീട്!

അതെ… ഇനി മുതൽ ഞങ്ങൾക്ക് ഉമ്മയില്ല.

കഴിഞ്ഞ ഒരാഴ്ച്ച കാലം കൊണ്ട് എത്ര വട്ടം ഞാനിത്   എന്നോട് തന്നെ പറഞ്ഞിരിക്കുന്നു?

വീടിന്റെ ഉമ്മറ വാതിൽക്കലും അടുക്കളപ്പുറത്തും അലക്കു കല്ലിനരികിലും ഇനിയൊരു വൈകുന്നേരങ്ങളിലും ഉമ്മയെ തിരയേണ്ടതില്ല.

അവർ പോയിരിക്കുന്നു

മരിച്ചു പോയതല്ല…

മറ്റൊരു ജീവിതം തേടി, മറ്റാരുടെയോ വിളിക്കുത്തരമായി ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു.

എന്ത് ജീവിതമാണിത്?

ഞാൻ അമർഷത്തോടെ കൈകൾ തിരുമ്മി.

അവർ മരിച്ചു പോയിരുന്നെങ്കിലും ഞാൻ സഹിക്കുമായിരുന്നു. ഇത് പക്ഷേ  ഒരു വാപ്പയേയും രണ്ടു കുഞ്ഞുങ്ങളേയും ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും മുന്നിൽ തുണിയുരിച്ചു നിർത്തിയിട്ടല്ലേ അവർ പോയിരിക്കുന്നത്?

നൊമ്പരം കൊണ്ട് എനിക്ക് കണ്ണു കാണാതായി.

എവിടെ ചെന്നാലും അടക്കി പിടിച്ച സംസാരങ്ങൾ, അല്ലെങ്കിൽ സഹതാപം നിറയുന്ന കണ്ണുകൾ.

അവർ പോയതിൽ പിന്നെ വാപ്പ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ല. അദ്ദേഹം ആകെ തകർന്നു പോയിരിക്കുന്നു.

എത്ര കഷ്ടത നിറഞ്ഞതെങ്കിലും സ്വന്തം ജീവിതത്തിൽ നിന്നും ഒരാൾ ഒരു വാക്കു പോലും മിണ്ടാതെ പുറം കാൽ കൊണ്ട് തട്ടി തെറിപ്പിച്ച് കടന്നു പോകുമ്പോൾ ആരാണ് തളർന്നു പോകാത്തത്?

“അവനേം കൊണ്ട് കൊള്ളില്ലാഞ്ഞിട്ട്, അല്ലെങ്കിൽ അവള് പോയെന്നും പറഞ്ഞ് അവനിങ്ങനെ കുന്തിച്ചിരിക്കുമോ? അല്ലാ… അവനെ കൊള്ളാമായിരുന്നെങ്കിൽ അവള് കളഞ്ഞിട്ട് പോകുമായിരുന്നോ? ഏത്…”

തന്റെ സ്വതസിദ്ധമായ ശൈലിയിൽ രണ്ടു കൈകളും കൂട്ടിയടിച്ച്  കോയാനിക്കയുടെ പീടികയിലിരുന്ന് ഇന്നലെ സന്ധ്യക്ക്‌ കണാരേട്ടൻ പറയുന്നതും ചുറ്റുമിരുന്നവർ ചിരിക്കുന്നതും ഞാനെന്റെ ചെവിയാലെ കേട്ടതും കണ്ണാലെ കണ്ടതുമാണ്. ആരും കാണാതെ ഞാൻ അപ്പോൾ തന്നെ അവിടുന്ന് വീട്ടിലേക്ക് തിരികെ ഓടി.

“എന്തേ നീ പഞ്ചാര വാങ്ങാൻ പോയിട്ട്…”

വെല്ലുമ്മാടെ ചോദ്യം  കെട്ടില്ലാന്ന് നടിച്ച്  പോയാലി മലയിൽ ഇരുട്ട് പരക്കുന്നതും നോക്കി ഞാൻ ഉമ്മറത്തിണ്ണയിൽ വെറുതെ കാലും നീട്ടിയിരുന്നു.

“ഓ… അവന്റ വായീന്ന് ഒന്നും വീഴില്ല. അവൻ അവന്റെ ഉമ്മാനേം പുതു മണവാളനേം കാത്തിരിക്കുവല്ലേ… സൽക്കാരം കൊടുക്കാനായിട്ട്!”

ഉമ്മ പോയേൽ പിന്നെ ഞങ്ങൾക്ക് വച്ചുണ്ടാക്കി തരുന്നതിന്റെ അമർഷം ശരിക്കുമുണ്ട് വെല്ലുമ്മാക്ക്.

കുഞ്ഞോളുടെ കാര്യം ഓർക്കുമ്പോഴാണ് ഏറ്റവും വിഷമം, പാവം ഇന്നലെ അവള് അവളുടെ പെറ്റിക്കോട്ട് തനിയെ കഴുകുന്നത് കണ്ട് എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. എന്തു കുഞ്ഞി കൈകളാണ്  അവളുടെ…

എന്നിട്ടും അപ്പുറത്തെ നബീസുത്ത അവളെ നോക്കി വെല്ലുമ്മനോട് പറയുവാണ്… “പെണ്ണിനെ ശ്രദ്ധിച്ചോട്ടോ… തള്ള വേലി ചാടിയാൽ പുള്ള മതില് ചാടും” ന്ന്.

അതും വാപ്പാന്റെ മുന്നിൽ വച്ച് . സ്വതവേ പ്രാപ്തി കുറഞ്ഞ ആ മനുഷ്യന്റെ മുന്നിൽ വച്ച് എങ്ങനെയാണ്‌ അവർക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്?

ഉമ്മാടെ അയൽകൂട്ടത്തിലെ രമണി ചേച്ചി മാത്രമാണ് ഇതുവരെ അലിവോടെ ഞങ്ങളെയൊന്നു നോക്കിയത്. കപ്പ പുഴുങ്ങിയതും മുളകു ചാറുമായി ഉമ്മ പോയതിന്റെ പിറ്റേന്നിന്റെ പിറ്റേന്ന് അവർ ഞങ്ങളെ കാണാൻ വന്നു. കത്തികാളുന്ന വിശപ്പുണ്ടായിട്ടും എന്തോ എന്റെ തൊണ്ടയിൽ നിന്നും ഒരിറ്റു പോലും താഴെക്കിറങ്ങിയില്ല. ആ നേരം സങ്കടത്തിന്റെ  വലിയോരു മുഴ എന്റെ തൊണ്ടയിൽ ഉരുണ്ടു മറിയുകയായിരുന്നു.

“ഒരു മിസ്സ്ഡ് കോളിൽ നിന്നാണ് മോനെ എല്ലാത്തിന്റെയും തുടക്കം. പിന്നെ നാൾക്കു നാൾ ആ ബന്ധം വളർന്നു.ഞാൻ പലവട്ടം അവളോട്‌ പറഞ്ഞതാ വേണ്ടാന്ന്!എങ്കിലും…”

ചേച്ചി എന്റെ മുന്നിൽ പടിഞ്ഞിരുന്നുകൊണ്ട് പിന്നെ പറയുന്നതൊന്നും കേൾക്കാൻ  ഞാൻ നിന്നില്ല. അല്ലെങ്കിലും സ്വന്തം തള്ളേടെ പുത്തൻ പ്രേമ കഥ കേൾക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ?

കമിഴ്ന്നടിച്ച് കട്ടിലിൽ കിടന്ന് കുറേ കരഞ്ഞു.

അത്ഭുതം!

കരച്ചിലിനൊടുവിൽ എന്റെ തൊണ്ടയിൽ ആ മുഴയുണ്ടായിരുന്നില്ല.

ഞാൻ കുഞ്ഞോളുടെ ക്ലാസ്സ്‌ മുറിക്കു മുന്നിൽ നിന്നും അവളുടെ ഇരിപ്പിടത്തിലേക്കു നോക്കി. ഡെസ്കിനു മുകളിൽ കൈകൾ പിണച്ച് അതിനു മേലെ തലയും വച്ച് അവൾ കിടക്കുകയാണ്.

എന്റെ തൊണ്ടയിൽ വീണ്ടും  നോവിന്റെ മുഴ കല്ലിച്ചു തുടങ്ങുന്നത്  ഞാൻ അറിഞ്ഞു.

ഞാൻ  അവളെ പതിയെ തൊട്ടു.

“ഇക്കാക്കാ… അവരാരും എന്നെ കളിക്കാൻ കൂട്ടുന്നില്ല. എല്ലാരും ന്നെ കളിയാക്കി,ഉമ്മാന്റെ പേരും പറഞ്ഞ്…”

ഞാൻ പുറത്തേക്കു നോക്കി.

എല്ലാരും കളിക്കുകയാണ്, മാനത്തു പറക്കുന്ന പൂത്തുമ്പികളെ പോലെ…

ഞങ്ങൾ മാത്രം!

ഞങ്ങൾ മാത്രം ആകാശമില്ലാത്തവർ!

ഞാൻ അവളുടെ കൈ പിടിച്ച്  വീട്ടിലേക്ക് നടന്നു.

“എന്താടാ ഇന്ന് നേരത്തെ രണ്ടാളും. നിന്റെ വാപ്പാന്റെ നിക്കാഹാണോ? അതോ ഉമ്മായും പുതിയ മാരനും വിരുന്നിനു വരുന്നുണ്ടോ?”

കവലയിലെ  കൽ ബഞ്ചിലിരുന്ന് പോക്കരു ഹാജി ഉറക്കെ വിളിച്ചു ചോദിച്ചു. ചുറ്റിനും ചിരിയുടെ തുപ്പല് ചിതറി.

കയ്യിൽ കിട്ടിയത് ഒരു ഉരുളൻ  കല്ലാണ്.

“ഹമുക്ക്… എന്റെ തല പൊട്ടിച്ചൂലോ!”

തിരിഞ്ഞു നോക്കാതെ കുഞ്ഞോളുടെ കൈ പിടിച്ച് ഓടി.

“എങ്ങനെ ഗൊണം പിടിക്കും, പെഴച്ചവൾക്കുണ്ടായതല്ലേ?”

പിന്നിൽ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാൻ വ്യക്തമായി കേട്ടു. അപ്പോഴും ഞങ്ങൾ ദിക്കറിയാതെ  ഓടുകയായിരുന്നു… ആകാശം നഷ്ടപ്പെട്ട പറവകളെ പോലെ…


സൗമ്യ മുഹമ്മദ്‌

ഉമിത്തീ


പച്ചവിറക് നീറി പുകയുന്ന

കരിപിടിച്ചൊരടുക്കളയിൽ

ഉമിത്തീയിൽ നീറുമ്പോലൊരുവൾ

കനലൂതിയൂതി തീയാക്കുന്നു.

വക്ക് ചളുങ്ങിയ

അലുമിനിയം കലത്തിന്റെ

മൂട്ടിൽ തിളച്ചു മറിയുന്ന

റേഷനരിചോറ്.

കാലിയായ ബിസ്ക്കറ്റ് പാത്രത്തിൽ

തപ്പി കിട്ടിയ കുഞ്ഞു കഷ്ണം

കൊതിയോടെ വായിലേക്കിടുന്ന

കുഞ്ഞു കൈകൾ.

പഞ്ചാര പാത്രത്തിൽ പറ്റിയിരുന്ന

തരികൾ ചുരണ്ടിയെടുത്തവൾ

കളറു വെള്ളം കലക്കിയെനിക്ക് നീട്ടി.

കഞ്ഞിയടുപ്പിലെ പുകയടിച്ചെന്റെ കണ്ണ് നീറി.

യാത്രപറഞ്ഞിറങ്ങുമ്പോൾ

പണി കഴിഞ്ഞൊരുത്തൻ

നാലുകാലേൽ കേറിവന്ന്

ഇറയത്ത് മലർന്നടിച്ചു വീണു.

കുഞ്ഞുങ്ങൾ പേടിച്ചരണ്ട്

വാതിൽമറയിലൊളിച്ചു.

“വല്ലപ്പോഴ്ള്ളൂ ഇങ്ങനെ”

എന്നവൾ തലകുമ്പിട്ടു.

പഴങ്കഥയെന്ന് നിനച്ചത്

ഇന്നിന്റെ കാഴ്ചയെന്നു-

കണ്ടുള്ളുലഞ്ഞ്

തിരിഞ്ഞു നോക്കാതെ

ഞാനിറങ്ങി നടന്നു.

പുറകിലെന്തോ

പൊട്ടിത്തകരുന്നൊരൊച്ച

എനിക്കറിയാം

അതവളുടെ ഹൃദയമാണ്!


ജിസ പ്രമോദ്

ജമന്തിപ്പൂക്കൾ

 


രണ്ടു ദിവസത്തെ ലീവ് എടുത്താണ് ദീപുശങ്കർ  ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്.

എല്ലാ വർഷവും മാർച്ച് 23ന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടിയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ് ഇരുവരും.

ഒറ്റപ്പാലത്ത് ട്രെയിനിറങ്ങിയ ഉടൻ തന്നെ ദീപു പോയത് അവിടെയുള്ള വിനായക ഫ്ലവർ ഷോപ്പിലേയ്ക്കാണ്.

പൂവുകളുടെ വർണ്ണ പ്രപഞ്ചം.

ദീപു  രണ്ടു കെട്ട് ജമന്തി പൂക്കൾ വാങ്ങി. അവിടെ നിന്നും  ഒരു ഓട്ടോ കൂട്ടി  ഇൻഫൻ്റ് ജീസസ് ചർച്ചിൻ്റെ മുറ്റത്ത് ഇറങ്ങി. ആകാംക്ഷയോടെ ശ്യാംദേവും.

വിശാലമായ മുറ്റം കടന്ന്  പള്ളിയുടെ പിൻഭാഗത്തായി  ഒരു കൊച്ചു ഗേറ്റ് കടന്നവർ മുന്നോട്ടു പോയി. ദൂരെയൊരു മതിൽക്കെട്ടും ഗേറ്റും. ഗേറ്റിനുമുകളിലായി ‘സ്വർഗ്ഗീയപൂങ്കാവനം’ എന്നെഴുതിയ ബോർഡ്.

ബോർഡു വായിച്ചതേ  ശ്യാം ചോദിച്ചു.

“ഡാ.. ദീപൂ, ഇത് മരിച്ചവരെ അടക്കുന്ന സ്ഥലമല്ലേ?”

“അതെ.”

“ഇത് ക്രിസ്ത്യാനികളുടെ സിമിത്തേരിയല്ലേ? ഇവിടെ നീയെന്തിനാ വന്നത്?”

“നീ  വാ..ഞാനെല്ലാം പറയാം.”

ദീപു മുന്നോട്ട് നടന്നു. പിന്നാലെ അടക്കാനാവാത്ത ആകാംക്ഷയോടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ട് ശ്യാംദേവും.

 “നമ്മൾ ഇവിടെ കയറിയാൽ കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ.. ല്ലേ?”

ശ്യാം ചോദിച്ചു.

“ഏയ്‌ എന്ത് കുഴപ്പം? ഞാൻ പന്ത്രണ്ട് വർഷമായി ഇവിടെ വരുന്നു.”

ആ മതിൽക്കെട്ടിനുള്ളിൽ നിറയെ   കല്ലറകൾ ആണ്.  ചിലതൊക്കെ പല കളറിലുള്ള മാർബിൾപതിപ്പിച്ചതായിരുന്നു. അവയിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരുകൾ.  മൺകൂനയ്ക്കു മുകളിലായി കുരിശു നാട്ടിയതും, പൂക്കളാൽ അലങ്കരിച്ചതുമായ കുഴിമാടങ്ങൾ.

സിമിത്തേരിയുടെ ഒത്ത നടുക്കുള്ള വെളുത്ത മാർബിൾ ഫലകം പതിച്ച കല്ലറയ്ക്ക് മുൻപിലായ് ദീപു നിന്നു.

ആ കല്ലറയിൽ ഇന്നു വച്ചതെന്നു തോന്നുന്ന കുറേ പൂവുകൾ. നാട്ടി നിർത്തിയ മെഴുകുതിരിയും ചന്ദനത്തിരിയും. കത്തിതീരും മുൻപ്

കാറ്റത്തണഞ്ഞു പോയതാവാം.

ആ കല്ലറയുടെ മുകളിൽ എഴുതിയ പേര് ശ്യാം വായിച്ചു.

“ജെസീന്ത ഡോമിനിക്ക് “

ജനനം 11-2 -1990 മരണം 23-3 -2005

കവറിൽ നിന്നും എടുത്ത ജമന്തിപ്പൂക്കൾ ദീപു ആ കല്ലറയ്ക്കു മുകളില്ലായി വിതറി.  ആ മെഴുകുതിരികളും ചന്ദന തിരികളും അവൻ കത്തിച്ചു. കാറ്റിനെതിരെ പിടിച്ചു നിൽക്കാനാവാതെ ഉലഞ്ഞ നാളങ്ങൾ കെട്ടുപോയെങ്കിലും അവൻ വീണ്ടും ഒരു മെഴുകുതിരി  കൈയ്യിൽ പിടിച്ചു കത്തിച്ചു കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. കൈയ്യിലുള്ള മെഴുകുതിരി ഉരുകിയൊലിക്കുന്നതു പോലെ അവൻ്റെ മിഴികളും നിറഞ്ഞൊഴുകുന്നത് ശ്യാം കണ്ടു.

സിമിത്തേരിയിൽ നിന്നും ഇറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.

“ശ്യാം..  ജസീന്തയ്ക്ക് ഏറ്റവുമിഷ്ടം ജമന്തിപ്പൂക്കളായിരുന്നു.”

 ” ജെസീന്ത ? ”

ശ്യാം അർദ്ധോക്തിയിൽ നിർത്തി.

“അതെ ജെസീന്തയ്ക്ക്… അവൾക്കു വേണ്ടി വർഷത്തിൽ ഒരു ദിവസം ഞാനിവിടെ വരും. അവൾക്കുള്ള ജമന്തിപ്പൂക്കളുമായി. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാനാ കഥ പറയാം.”

“നീ പറയ് ഡാ .. “

“പറയാനുള്ള എൻ്റെ ഇഷ്ടം തുറന്നു പറയാനാവാതെയും … അവളതു കേൾക്കാതെയും പോയ കഥ.”

അവർ നടന്ന് പള്ളിയുടെ മുറ്റത്തെത്തിയിരുന്നു. പള്ളിമുറ്റത്തെ വാകമരത്തണലിലുള്ള സിമിൻ്റു ബെഞ്ചിൽ വീണു കിടന്ന പൂവി തളുകൾ തട്ടിക്കളഞ്ഞ് അവർ ഇരുന്നു. വാകമരമാകെ  ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളും മൊട്ടുകളുമായി ചുവപ്പിന്‍റെ   ശോണിമയിൽ പ്രശോഭിക്കുന്നു. താഴെ നിലത്തു വിതറിയ പൂക്കള്‍.

വിദൂരതയിൽ നോക്കി ദീപു എന്തോ ആലോചിച്ചിരുന്നു.  ഓർമ്മകൾ അവനെ  ഏറെ പിന്നിലേക്ക് കൊണ്ടുപോയി.

“എൻ്റെ പ്ലെസ് വൺ  ക്ലാസ് മേറ്റായിരുന്നു ജെസീന്ത. ക്ലാസ് തുടങ്ങി ഒരു മാസത്തിനു ശേഷമാണവൾ വന്നത്. അവളുടെ ഡാഡി പട്ടാളത്തിലായിരുന്നതിനാൽ പത്തുവരെ പഞ്ചാബിലാണവൾ പഠിച്ചത്.” ദീപു പറഞ്ഞു തുടങ്ങി.

“ഏറ്റവും ഇഷ്ടപ്പെട്ട ഹോബികൾ ചിത്രം വരക്കുന്നതും, നീന്തലും, സൈക്കിളിംഗുമാണ്.  പൂക്കളും, പൂമ്പാറ്റകളും എനിക്ക് ഏറെ ഇഷ്ടമാണ്.  പുലർകാലത്ത് ഉണർന്ന് കിളികളുടെ പാട്ടുകേൾക്കുന്നതും  ഇഷ്ടമാണ് “

ടീച്ചറിൻ്റെ ചോദ്യത്തിന് മറുപടിയായി ജെസീന്ത അവളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം തുറന്നു  പറഞ്ഞു. അവളുടെ അഭിരുചികൾ എല്ലാം വ്യത്യസ്തമായിരുന്നു. മറ്റു കുട്ടികൾക്ക് ഇല്ലാത്ത ചില പ്രത്യേകതകളിൽ ഞാൻ അവളിൽ കണ്ടു.

ആദ്യ കാഴ്ചയിൽ തന്നെ അവൾ എൻ്റെ ഹൃദയത്തിൽ കയറിക്കൂടി.

മുട്ടോളമെത്തുന്ന ചുരുളൻ മുടി.

നേർത്ത ഫ്രെയിമുളള  കണ്ണട അവളുടെ മുഖത്തിൻ്റെ അഴക് കൂട്ടിയിരുന്നു.

ചുവന്നു തുടുത്ത ചുണ്ടുകൾ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ. ഇടതു കവിളിൽ ഒരു കൊച്ച് മറുക്. നെറ്റിയിൽ വീണു കിടക്കുന്ന കുറുനിരകൾ. കടഞ്ഞെടുത്ത മെയ്യഴക്.

ഒന്നു നോക്കിയാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന  സുന്ദര   രൂപം.

ആൺപെൺ വ്യത്യാസമില്ലാതെ ഏവരോടുമുള്ള  തുറന്ന സൗഹൃദം  ജെസീന്തയുടെ  മാത്രം പ്രത്യേകതയായിരുന്നു.

അതുകൊണ്ടാവാം ആൺകുട്ടികളുടെയെല്ലാം മനസ്സിൽ അവളൊരു പ്രണയിനിയായി സ്ഥാനം പിടിച്ചത്. പൂക്കൾ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടോ എന്തോ,

അടുത്തദിവസം മുതൽ ബോയ്സ് എല്ലാവരും പലയിനം പൂക്കൾ ക്ലാസിൽ കൊണ്ടുവന്നു തുടങ്ങി.

ചിലർ താമരപൂവുമായാണ് വന്നത്.    മുല്ലപ്പൂക്കൾ,  സുഗന്ധരാജൻ, ചെണ്ടുമല്ലി, ഗുൽമോഹർ.

ക്ലാസിലെ വികൃതിക്കാരനായ ജോയ് മോൻ ചെമ്പരത്തിപ്പൂവുമായാണ് വന്നത്. അഖിൽ മാധവ് റോസപ്പൂക്കളാണ് കൊണ്ടുവന്നത്. റോയ് മാത്യു ബോഗയിൽവില്ല പൂക്കൾ ഒരു കുല തന്നെ ഒടിച്ചു കൊണ്ടുവന്നിരുന്നു. പലയിനം പൂക്കളുടെ സുഗന്ധത്താൽ ക്ലാസുമുറി  നിറഞ്ഞു.

ആരുമറിയാതെ ഞാനും  കരുതിയിരുന്നു,  പോക്കറ്റിൽ ഒരു കൊച്ചു ജമന്തിപ്പൂവ്. വയനാട്ടിൽ നിന്നും കുഞ്ഞാൻ്റി വന്നപ്പോൾ കൊണ്ടെ ത്തന്നതായിരുന്നു ജമന്തിയുടെയും ഡാലിയയുടെയും തൈകൾ. പിന്നെ കുറേ ചെണ്ടുമല്ലിയുടെ വിത്തും. ജമന്തിപ്പൂക്കൾ അക്കാലത്ത് നാട്ടിൽ വിരളമായിരുന്നു. അതു മുറ്റത്ത് നട്ടതും, പരിപാലിച്ചതുമൊക്കെ ഞാനും അനുജത്തിയും കൂടിയായിരുന്നു. ജമന്തിയും, ചെണ്ടുമല്ലിയും, ഡാലിയയും തഴച്ചുവളർന്നു. ധാരാളം പൂക്കളുമായി.

പൂവ് ജെസീന്തയുടെ കയ്യിൽ കൊടുക്കണം എന്നൊരു ചിന്തയിൽ  ആ പൂവും പോക്കറ്റിൽ വച്ച്

കുറേനേരം ഞാൻ കാത്തിരുന്നു. പക്ഷേ പറ്റിയ അവസരം കിട്ടാത്തതിനാൽ  ഞാനാകെ ധർമ്മസങ്കടത്തിലായി. പോക്കറ്റിൽ കിടന്ന പൂവ്  വാടാൻ തുടങ്ങി.

അടുത്ത ദിവസങ്ങളിലെല്ലാം ഞാൻ പോക്കറ്റിൽ പൂവ് കരുതിയിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം ഞാൻ

നോക്കുമ്പോൾ അവൾ  സൈക്കിൾ

മൈതാനത്ത് വച്ചിട്ട്  തൊട്ടടുത്തുള്ള മാതാവിൻ്റെ ഗ്രോട്ടോയുടെ മുൻപിൽ പോയി പ്രാർത്ഥിക്കുന്നു. ആ സമയത്ത് ഞാൻ ആ പൂവ് ആരും കാണാതെ അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റിൽ ഇട്ടു. കുറേ ദൂരെ മാറി നിന്നുകൊണ്ട് അവളെ നിരീക്ഷിച്ചു.

കുറച്ചു കഴിഞ്ഞ് അവൾ  തിരിച്ചെത്തി. സൈക്കിളിൽ നിന്ന് ബാഗെടുത്തപ്പോൾ ആ ജമന്തിപ്പൂവ് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ അതെടുത്ത് വാസനിച്ചു ചുറ്റും നോക്കി.  പിന്നീടാപ്പൂവ് മുടിയിൽ തിരുകി ക്ലാസിലേയ്ക്ക് നടക്കാൻ തുടങ്ങി. ആ കറുത്ത മുടിക്കെട്ടിൽ വെൺമയുള്ള ആ പുഷ്പം  മാനത്തുദിച്ച പൗർണ്ണമി പോലെ ശോഭിച്ചു.

എൻ്റെ മനസ് ആഹ്ളാദത്താൽ തുടിച്ചു.

ദിവസങ്ങൾ കടന്നു പോകവെ  അവളുടെ സൈക്കിളിൻ്റെ ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കളാൽ നിറഞ്ഞു തുടങ്ങി. ഞാൻ മാത്രമല്ല, കൂട്ടുകാർ എല്ലാവരും അവരുടെ പൂക്കൾ  ബാസ്ക്കറ്റിൽ നിക്ഷേപിച്ചു. എന്തുകൊണ്ടോ അവൾ എന്നും  എൻ്റെ ജമന്തിപ്പൂക്കൾ മാത്രമാണ് മുടിയിൽ ചൂടിയത്. മറ്റു പൂക്കൾ അവൾ തന്നെ മാതാവിൻ്റെ ഗ്രോട്ടോയിൽ കൊണ്ടു വെച്ചു.

 “നിനക്ക് വേണ്ടി എത്ര പൂക്കളാ ബാേയ്സ് കൊണ്ടുവരുന്നത്, എന്നിട്ട് നീയെന്താ മുല്ലപ്പൂക്കൾ മുടിയിൽ ചൂടാത്തത്?”

കൂട്ടുകാരി അപർണ്ണയുടെ ചോദ്യത്തിന് മറുപടിയായി ജെസീന്ത പറഞ്ഞു.

“ജമന്തിപ്പൂക്കളാണ് എനിക്കേറ്റവും ഇഷ്ടം.”

 “ജമന്തിപ്പൂക്കളോടുള്ള ഇഷ്ടം  ആ പൂക്കാരനോടും ഉണ്ടാവും ഇല്ലേ?”

“ഒന്നു പോടീ..ജമന്തിപ്പൂക്കൾ കൊണ്ടുവരുന്നത് ആരാണന്ന് എനിക്കറിയില്ല.”

“ഏയ്.. അതുനുണ.”

“അല്ലെടീ.. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ മാതാവിൻ്റെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ട് വരുമ്പോഴേയ്ക്കും ബാസ്ക്കറ്റ് നിറയെ പലയിനം പൂക്കൾ കാണും.”

” ആരാണ് ആ പൂക്കൾ വയ്ക്കുന്നത് എന്ന് നിനക്ക് അറിയേണ്ടേ ?”

“അറിയണം..പക്ഷേ എങ്ങനെ?”

“അതിനൊരു വഴിയുണ്ട്.”

“എന്തു വഴി ?”

അപർണ്ണ എന്തോ സ്വകാര്യം ജെസീന്തയുടെ കാതിൽ പറഞ്ഞു.

“ശരി.. നമുക്ക് നാളെത്തന്നെ ആളെ കണ്ടു പിടിക്കാം.”

അവർ ക്ലാസിലേയ്ക്ക് പോയി. അവരുടെ സംഭാഷണം എൻ്റെ കാതിൽ പതിഞ്ഞതിനാൽ ഞാനും വളരെ ജാഗ്രതയോടെ മുന്നോട്ടു പോവാൻ തീരുമാനിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ അവരിരുവരും പൂക്കാരനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. കുറച്ചകലെ മാറി അവർ എല്ലാം നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നതും മറ്റും ഞാൻ കണ്ടു. പക്ഷേ പലരും പൂക്കൾ കൊണ്ടുവന്നു വയ്ക്കുന്നതു കാണാം എന്നല്ലാതെ ഏതു പൂക്കൾ എന്നു മാത്രം അവർക്കു മനസിലായില്ല.

“ഇത്രയും ദൂരെ നിൽക്കുന്നതാണ് പ്രശ്നം. കുറച്ചു കൂടെ അടുത്തുചെന്നു നിന്നാൽ അവർ നമ്മെ കാണും. പക്ഷേ ആ പൂക്കാരനെ കാണാൻ ഇനിയെന്താണൊരു വഴി?”

ജെസീന്ത ചോദിച്ചു.

“ഇനിയൊരു വഴിമാത്രം. പൂക്കൾ കൈയ്യിൽ തരണമെന്ന് നീ പറയുക. അപ്പോൾ ആളെ മനസിലാക്കാമല്ലോ ?”

 കൂട്ടുകാരികളുടെ സംസാരം കേട്ടതോടെ എനിക്കും ശുഭപ്രതീക്ഷയായി. പൂ കൈയ്യിൽ കൊടുക്കുമ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറയണമെന്ന് ഞാനും തീരുമാനിച്ചു.

പക്ഷേ അവൾ ആരോടും ഒന്നും പറഞ്ഞില്ല.

ഒരു ദിവസം അഖിൽ മാധവ് ഒരു റോസപ്പൂവുമായി അവളുടെ മുന്നിൽ ചെന്നു.

“ജെസീന്താ.. നിനക്കായി ഞാൻ കൊണ്ടുവന്ന ഈപനിനീർ പുഷ്പം സ്വീകരിക്കൂ..”

ഒരൽപ്പം കാവ്യാത്മകമായി പറഞ്ഞു കൊണ്ട് അവനാ പുഷ്പം അവൾക്കു നേരെ നീട്ടി.

“താങ്ക് യൂ ..മൈ ഡിയർ ബ്രോ..”

 പൂ സ്വീകരിച്ചു കൊണ്ട് അവൾ പറഞ്ഞു.

അതിനു ശേഷം ഒരിക്കൽ പോലും അഖിൽ പൂ കൊണ്ടുവന്നിട്ടില്ല.

അന്ന് ലാസ്റ്റ് പരീക്ഷയായിരുന്നു.

പൂവ് നേരിട്ട് കയ്യിൽ കൊടുത്തു എൻ്റെ ഇഷ്ടം അവളോട് തുറന്നു പറയണം എന്നു ഞാൻ തീരുമാനിച്ചു. അന്ന് ഞാൻ അല്പം വൈകിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

സ്ക്കൂളിലേയ്ക്ക് വന്ന  ഏതോ  കുട്ടിയെ  ടിപ്പർ  ഇടിച്ചുതെറിപ്പിച്ചു എന്നും, ഗുരുതര പരുക്കുള്ളതിനാൽ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്നും ആരോ പറഞ്ഞറിഞ്ഞു.  ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എന്നിൽ നിറഞ്ഞുനിന്നു. ജെസീന്ത

റ്റൊരു കെട്ടിടത്തിലാണ് പരീക്ഷ എഴുതുന്നത്.  അതുകൊണ്ട് പരീക്ഷയ്ക്കു ശേഷം മാത്രമേ അവളെ കാണാൻ സാധിക്കൂ. പരീക്ഷ ഏങ്ങനേയും എഴുതി തീർത്ത് അവളെ കണ്ട് പൂവ് നേരിട്ട് കൊടുക്കണമെന്ന ചിന്തയായിരുന്നു എന്നിൽ. ഇന്ന് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഇനി രണ്ടു മാസം കാത്തിരിക്കേണ്ടി വരും.

പോക്കറ്റിൽ അന്ന് മൂന്ന് ജമന്തിപ്പൂക്കളായിരുന്നു ഞാൻ കരുതിയിരുന്നത്.

ഒരു വിധത്തിൽ എഴുതി തീർത്ത പരീക്ഷ പേപ്പർ കൊടുത്ത് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു.

“ആരും പോകരുത്. അറിയിപ്പുണ്ട് എന്ന്. “

ഞാൻ സീറ്റിൽ തന്നെ ഇരുന്നു.

ബാക്കി കുട്ടികൾ കൂടി എഴുതി തീർത്ത് പേപ്പർ കൊടുക്കണം. പഠിപ്പിസ്റ്റുകളൊക്കെ ടൈം മുഴുവൻ എടുത്ത് എഴുതും. അതു കഴിഞ്ഞേ അറിയിപ്പ് എന്തെന്ന് അറിയാൻ പറ്റൂ.

നിമിഷങ്ങളെണ്ണി ഞാൻ കാത്തിരുന്നു. ടൈമായി എന്നറിയിച്ച  ടീച്ചർ എല്ലാവരോടും പേപ്പർ വാങ്ങി.

അതിനു ശേഷം ആ അറിയിപ്പ് ടീച്ചർ    വായിച്ചു.

” ഒരു ദുഃഖ വാർത്തയുണ്ട്. നമ്മുടെ സ്കൂളിലെ ജെസീന്ത ഡോമിനിക്ക് എന്ന കുട്ടി വാഹനാപകടത്തിൽ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു. ജെസീന്തയുടെ ബോഡി ഉച്ചയ്ക്കുശേഷം സ്ക്കൂളിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്.”

ടീച്ചറുടെ അറിയിപ്പ് കേട്ടതുമാത്രം ഓർമ്മയുണ്ട്.   തലയിലാരോ കൂടം കൊണ്ട് അടിച്ചതു പോലെ തോന്നി.  മനസാകെ  മരവിച്ച അവസ്ഥ. എനിക്കു പിന്നെ ശരിക്കുള്ള ഓർമ്മ കിട്ടിയത് ദിവസങ്ങൾക്കു ശേഷമാണ്.

പക്ഷേ അവളുടെ കണ്ണും കരളും ഹൃദയവുമൊക്കെ പലരുടേയും ശരീരത്ത് ഇന്നും ജീവിക്കുന്നു.

“എവിടാണെങ്കിലും എല്ലാ വർഷവും മാർച്ച് 23 ന്ഞാനിവിടെ വരുമെടാ.. എൻ്റെ ജെസീന്തയെ കാണാൻ.. അവൾക്കുള്ള   ജമന്തിപ്പൂക്കളുമായി.”

കളങ്കമില്ലാത്ത സ്നേഹത്തോടെ വർഷങ്ങൾക്കു ശേഷവും   തൻ്റെ കൗമാര പ്രണയിനിയ്ക്കായി ജമന്തിപൂക്കളുമായി വന്ന ദീപുവിനെ ആലിംഗനം ചെയ്തു കൊണ്ട് ശ്യാം പറഞ്ഞു.

“സ്വന്തം സുഖത്തിനു വേണ്ടി രക്ത ബന്ധങ്ങളെ ഇല്ലാതാക്കുകയും,  ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണ് നീ. നിൻ്റെ സ്‌നേഹം അറിയും മുൻപേ പറന്നകന്ന ജെസീന്തയെ  ഇന്നും ഓർമ്മിക്കുന്ന നീ   ഈ ലോകത്തിനു മുൻപിൽ നല്ലൊരു മാതൃകയാണ്.”


മോളി ജോർജ്

എങ്ങനെയാണ്…


 എങ്ങനെയാണ്

ഒന്നുതൊട്ടാൽ കൂമ്പിപ്പോവുന്നവളോട് 

തൊട്ടാവാടിയുടെ മുള്ളുതട്ടാതെ,

അതിന്റെയിലകളെത്തൊടാതെ 

പൂക്കളെയിറുക്കാൻ പറയുക?

അതിനപ്പുറം,

എങ്ങനെയാണ്

തൊട്ടാവാടിയുടെ പൂവുതന്നെ വേണമെന്ന് 

കണ്ണീരൊഴുക്കുന്ന,

ഞങ്ങളുടെ പിറക്കാനിരിക്കുന്ന കുട്ടിയെ 

ആശ്വസിപ്പിക്കുക?

എങ്ങനെയാണ്

നോവുരുളകൾ കനലൂതി 

പൊലിപ്പിച്ചെടുത്തവളുടെ വായിലേക്ക്

എന്റെ വേദനയുടെ ചുവന്ന

കറികളിറ്റിക്കുക?

എങ്ങനെയാണ്

കുട്ടിയുടെ ജീവനിൽ

അമ്മ കഴിക്കാതെ

പോഷകങ്ങൾ പൊക്കിൾക്കൊടിവഴിയെത്തുക?

എങ്ങനെയാണ്

ശിരസ്സിൽ വെള്ളിനൂലുകളുടെ പഴക്കംപേറുന്ന

വൃദ്ധരുടെ കുത്തുവാക്കുകളിൽനിന്നും

അവളെ സംരക്ഷിക്കുക?

എങ്ങനെയാണ്

നിലാത്തുണ്ട് കടംകൊടുത്ത്

രാത്രികളിലവളെ ഒറ്റയ്ക്കാക്കാതെ കാക്കുന്ന

ആകാശത്തോട് നന്ദിപറയുക?

എങ്ങനെയാണ്

സമൂഹത്തിന്റെ അടക്കംപറച്ചിലുകളിൽനിന്ന്,

കണ്ണുവെയ്ക്കലുകളിൽനിന്ന്,

അവളെ അമ്മയാക്കുക,

രണ്ടിലകൾക്കിടയിലൊരു

പൂവുണ്ടാക്കുക?


അശ്വിൻ ആനന്ദ്